കേരളത്തിന്റെ നാണക്കേടുകളാണ് പാലാരിവട്ടം ഫ്ളൈഓവറും കുതിരാൻ തുരങ്കപാതയും. എന്ത് തോന്ന്യാസം കാട്ടിക്കൂട്ടിയാലും ജനാധിപത്യ സംവിധാനത്തിൽ, ഉത്തരവാദപ്പെട്ടവർക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ഈ നിർമിതികൾ
എറണാകുളത്ത് വെണ്ണലയിലാണ് ഞാൻ താമസിക്കുന്നത്; സ്മാർട്ട് ഡ്രൈവിന്റെ ഓഫീസാകട്ടെ, വൈറ്റിലയിലും. രാവിലെയും വൈകിട്ടും പാലാരിവട്ടം കടന്നു വേണം യാത്ര ചെയ്യാൻ. പാലാരിവട്ടം സിഗ്നൽ ജങ്ഷനിൽ വാഹനങ്ങളുടെ നീണ്ട നിരയിൽ കിടന്നു തളർന്നാണ് ഞാനും എന്റെ കാറും വൈകിട്ട് വീട്ടിലെത്തുക.
അങ്ങനെയിരിക്കെ പാലാരിവട്ടത്ത് ഫ്ളൈഓവർ വരുന്നതായി വാർത്ത വന്നു. ഞാനുൾപ്പെടെയുള്ളവർ കണക്കറ്റ് സന്തോഷിച്ചു.ദുരിതയാത്രയ്ക്ക് ഒരു അറുതി വരികയാണല്ലോ എന്നാശ്വസിച്ചു ഫ്ളൈഓവർ പണി തുടങ്ങി. ജീവിതം കൂടുതൽ ദുരിതമയമായി. രണ്ടുവർഷത്തോളം എറണാകുളം നിവാസികളുടെയും എൻ എച്ച് യാത്രക്കാരുടെയും ജീവിതം തകിടം മറിച്ചുകൊണ്ട് ഫ്ളൈഓവറിന്റെ പണി തുടർന്നു. എങ്കിലും നമ്മൾ ആരോടും പരാതിപ്പെട്ടില്ല. എത്ര ദുരിതം സഹിച്ചാലും ഒടുവിൽ പാലം വരുമല്ലോ എന്ന് നമ്മൾ ഉൾപ്പുളകം കൊണ്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ ജീവിതം പാലത്തിൽ കയറാൻ പോവുകയാണല്ലോ എന്ന് സന്തോഷിച്ചു.
ഒടുവിൽ ആ സുദിനം പിറന്നു. ഫ്ളൈഓവർ തുറന്നു. ആദ്യ ദിവസം തന്നെ ഫ്ളൈഓവറിലൂടെ കാർ ഓടിച്ച് സുഖ യാത്രയുടെ ആനന്ദം നുകരാനെത്തിയവരിൽ ഞാനുമുണ്ടായിരുന്നു. പക്ഷെ, സത്യം പറയാമല്ലോ, ആദ്യ യാത്രയിൽ തന്നെ പാലത്തിന്റെ ഘടനയിൽ ഒരു അപാകത തോന്നി.
പാലാരിവട്ടം മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്നു
നിരപ്പല്ലാത്ത ടാറിങ്ങും ഓരോ സ്പാനും കൂടിച്ചേരുന്നിടത്ത് വാഹനം ചാടിക്കടക്കുന്ന പ്രതീതിയുമെല്ലാം ചേർന്ന് സുഖകരമല്ലാത്ത യാത്രയാണ് ഫ്ളൈഓവർ തുടക്കം മുതലേ സമ്മാനിച്ചത്. എങ്കിലും ഇന്ത്യയിലെ ജീവിതം എല്ലാം സഹിക്കാൻ നമ്മളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
അതുകൊണ്ട്, ദുർവിധിയെ പഴിച്ചു കൊണ്ട് പാലത്തിലൂടെയുള്ള സഞ്ചാരം തുടർന്നു. ഓരോ യാത്രയിലും പാലം കൂടുതൽ ദുരിതങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. വലിയ ഭാരമുള്ള ലോറികൾ കയറുമ്പോൾ, തകർന്നു വീഴുകയാണ് എന്ന തോന്നൽ ജനിപ്പിച്ചു കൊണ്ട് പാലത്തിൽ നിന്നും ചെവിപൊട്ടുന്ന ശബ്ദം പ്രകമ്പനം കൊണ്ടു.
ഏറെക്കഴിയും മുൻപേ, എല്ലാ ദുരിതങ്ങളും തിരികെ സമ്മാനിച്ചു കൊണ്ട്, പാലം ഗതാഗത യോഗ്യമല്ല എന്ന വാർത്ത വന്നു.ഞാനും നിങ്ങളും ഉൾപ്പെടെയുള്ള നികുതിദായകർ വാർത്ത കേട്ട് വാ പൊളിച്ചു. നമ്മുടെ കാശുകൊണ്ട് നമ്മൾക്കുവേണ്ടി ഏതോ അലവലാതികൾ നിർമിച്ച പാലം ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണത്രേ!
സുധാകരൻ മന്ത്രി വന്നു, ഇ ശ്രീധരൻ വന്നു, ക്രൈം ബ്രാഞ്ച് വന്നു, ഒടുവിൽ തീരുമാനവും വന്നു- ഒരു വർഷമെങ്കിലും വേണം അറ്റകുറ്റപ്പണി നടത്തി പാലം വീണ്ടും ഗതാഗതയോഗ്യമാക്കാൻ! ഞാനും നിങ്ങളും വീണ്ടും പാലാരിവട്ടം സിഗ്നലിൽ കുടുങ്ങിക്കിടന്ന്, ജീവിതം പാഴാക്കുന്ന സ്ഥിതി തുടരുന്നു. സിമന്റോ ഉരുക്കോ വേണ്ടത്ര ഉപയോഗിക്കാതെ പാലം പണിത കോൺട്രാക്ടറും അയാളുടെ ഉച്ഛിഷ്ടം നക്കിത്തിന്ന്, ‘പാലം തകർപ്പ’ നാണ് എന്ന് സർട്ടിഫിക്കറ്റെഴുതിക്കൊടുത്ത ഉദ്യോഗസ്ഥവൃന്ദവും എവിടെയോ സുഖമായി കഴിയുന്നു.അന്ന് ഉച്ഛിഷ്ടത്തിന്റെ വീതം പറ്റി ഏമ്പക്കം വിട്ട മന്ത്രി നേരത്തെ തന്നെ ജാമ്യമെടുത്തു കഴിഞ്ഞു: ‘പാലത്തിന്റെ ഉത്തരവാദിത്തം എനിക്കല്ല, ഉദ്യോഗസ്ഥർക്കാണ്..’
ജനാധിപത്യമേ, വാഴ്ക!
കുതിരാൻ ടണലിലേക്ക് മണ്ണിടിഞ്ഞപ്പോൾ
ഇത് വേളൂർ കൃഷ്ണൻകുട്ടി എന്ന ഹാസ്യ സാഹിത്യകാരൻ മുൻകൂട്ടി കണ്ട പഞ്ചവടിപ്പാലത്തിന്റെ കഥയാണെങ്കിൽ, കുതിരാനിൽ കാണുന്നത് പഞ്ചവടിത്തുരങ്കമാണ്. മലയാളികളിൽ ഒരാൾ പോലും ഒരിക്കലെങ്കിലും കുതിരാൻ എന്ന ദുരിതത്തിൽ പെടാതിരുന്നിട്ടുണ്ടാവില്ല. കുതിരാനേക്കാൾ വലിയ മലയും കയറ്റവുമൊക്കെ കേരളത്തിലുണ്ടെങ്കിലും എന്താണെന്നറിയില്ല, അവിടെ മാത്രം എപ്പോഴും മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ്. ദേശീയപാത 47 ന്റെ നാണക്കേടാണ് കുതിരാൻ. അങ്ങനെയിരിക്കെ തുരങ്കപാതയുടെ പണി തുടങ്ങി.
വരാൻ പോകുന്ന തമാശകളെക്കുറിച്ചറിയാതെ നമ്മൾ പതിവുപോലെ സന്തോഷിച്ചു. എന്റെ കൂടി നികുതിപ്പണം എന്റെ നാടിന്റെ വികസനത്തിനായി തുരങ്കരൂപത്തിൽ പണിതുവരുന്നതു കണ്ട് കോയമ്പത്തൂരിൽ എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകും വഴി ഞാൻ സന്തോഷക്കണ്ണീർ തൂകി. ഒരു മഴക്കാലം കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു തുരങ്കം, താഴെ! സ്വിറ്റ്സർലണ്ടിലെ 21 കിലോമീറ്റർ നീളമുള്ള ഗോദർദ് തുരങ്കമൊക്കെ നിർമിച്ചവർ കേരളത്തിന്റെ സാങ്കേതികവിദ്യയെ നമിച്ചു പോയ നിമിഷം!.
കുതിരാനിലെ തുടരുന്ന ട്രാഫിക് ബ്ലോക്ക്
ഫോട്ടോ കടപ്പാട്: മാതൃഭൂമി
അടുത്ത മഴക്കാലം വന്നിട്ടും തുരങ്കപാത പഴയ പടി തന്നെ തുടരുന്നു. കുതിരാനിലെ ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നവരെ നോക്കി തുരങ്കം കൊഞ്ഞനം കുത്തുന്നു. ഇതൊക്കെ പണിതവനും സാങ്കേതികവിദ്യ നൽകിയവനും ഇതിനൊക്കെ കൈയടിച്ച് ബിൽ ഒപ്പിട്ടവനുമൊക്കെ ഇപ്പോൾ എവിടെയാണാവോ!
കേരളത്തിന്റെ നാണക്കേടുകളാണ് പാലാരിവട്ടം ഫ്ളൈഓവറും കുതിരാൻ തുരങ്കപാതയും. എന്ത് തോന്ന്യാസം കാട്ടിക്കൂട്ടിയാലും ജനാധിപത്യ സംവിധാനത്തിൽ, ഉത്തരവാദപ്പെട്ടവർക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ഈ നിർമിതികൾ. മാധ്യമങ്ങൾ കണ്ണും തുറന്നിരിക്കുന്നതുകൊണ്ടു മാത്രം (ബുദ്ധിജീവികളുടെ ഇപ്പോഴത്തെ ‘ഫാഷൻ ‘മാധ്യമങ്ങളെ ചീത്തവിളിക്കലും ഇകഴ്ത്തിക്കാണിക്കലുമാണല്ലോ. ഫോർത്ത് എസ്റ്റേറ്റിന്റെ കണ്ണടപ്പിക്കാൻ തിടുക്കമാണ് കമ്മികൾക്കും സംഘികൾക്കും കൊങ്ങികൾക്കും. ആ കണ്ണു കൂടി അടഞ്ഞാൽ പിന്നെ എങ്ങനെയും അഴിഞ്ഞാടാമല്ലോ!) ഏതെങ്കിലും ചെറുകുറുനരി ശിക്ഷിക്കപ്പെട്ടാലായി. വൻസ്രാവുകൾ അപ്പോഴും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇവിടെ സസുഖം വാഴും.
എന്തായാലും കുറേക്കാലം പാലാരിവട്ടം ഫ്ളൈഓവറിനു മുകളിലൂടെ വാഹനമോടിച്ചതോർക്കുമ്പോൾ ഭയം തോന്നുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദത്തിനും കോൺട്രാക്ടർമാർക്കും മീതെ ഈശ്വരൻ എന്നൊരു ശക്തിയുള്ളതുകൊണ്ടു മാത്രമാണ് ഞാനും നിങ്ങളും കേരളം എന്ന നരകത്തിൽ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്!$