What makes Hyundai service & Maintenance so special?
February 20, 2019
ജടായുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കൂ, സ്മാർട്ട് ഫോൺ സമ്മാനം നേടൂ 
March 4, 2019

Buddies Dayout!: Mahindra Marazzo enters Malabar…

യുവാക്കാളുടെ സംഘം മഹീന്ദ്ര മരാസോയെ അടുത്തറിഞ്ഞപ്പോൾ

മഹീന്ദ്ര മരാസോയുടെ യാത്ര ഇടുക്കിയും തിരുവനന്തപുരവും കൊച്ചിയും പാലക്കാടും പിന്നിട്ട് മലബാറിന്റെ കവാടമായ കോഴിക്കോട്ടേയ്ക്കാണ് ജനുവരിയിൽ നീങ്ങിയത്. റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ടെ കക്കയത്തെത്തിയ മരാസോയ്ക്ക് മലബാറുകാർ ഗംഭീര വരവേൽപാണ് നൽകിയത്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ പി അപ്പുക്കുട്ടൻ

വിളഞ്ഞുനിൽക്കുന്ന സ്വർണവർണമുള്ള പാടങ്ങളിലേക്ക് പ്രകാശം പരന്നു തുടങ്ങുമ്പോഴുള്ള കാഴ്ചയ്ക്ക് ഒരു കാൻവാസിന്റെ സൗന്ദര്യമുണ്ട്. വാൻഗോഗ് ചിത്രങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടതും വിളഞ്ഞ ഗോതമ്പിന്റെ ആ സുന്ദരമായ ആ നിറം തന്നെയാണ്. പതിനാല് സൂര്യകാന്തികളുള്ള പൂപ്പാത്രത്തിലും വിതക്കാരനിലും നിശാകഫേയിലും ഏരീസിലെ കിടപ്പറയിലുമെല്ലാം ഈ നിറത്തിന്റെ ഉപയോഗം വാൻഗോഗ് സമർത്ഥമായി നടത്തിയിട്ടുണ്ട്. എന്തിന്, മരണത്തിലേക്ക് സ്വയം തന്നെ തള്ളിവിടുമ്പോൾ പോലും ആ ഗോതമ്പുപാടങ്ങളിലെ സ്വർണവർണപശ്ചാത്തലത്തിലാണ് വാൻഗോഗ് തന്റെ നെറ്റിയിലേക്ക് നിറയൊഴിച്ചതുപോലും. മരണം പോലും ആ നിറസമൃദ്ധിയിലായിരിക്കണമെന്ന് വാൻഗോഗ് തീരുമാനിച്ചുറപ്പിച്ചതു പോലെ! മഹീന്ദ്ര മരാസോയിൽ നാലു മാസങ്ങൾക്കു മുമ്പ് സ്മാർട്ട് ഡ്രൈവ് ആരംഭിച്ച കേരള പര്യടനം മലബാറിന്റെ കവാടമായ മലപ്പുറത്തെ ചങ്ങരംകുളത്തെത്തിയപ്പോൾ വാൻഗോഗ് ചിത്രങ്ങളിലെന്നപോലുള്ള സ്വർണവർണ പാടങ്ങളാണ് ഞങ്ങളെ എതിരേറ്റത്. നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. കാർഷികസമൃദ്ധിയുടേയും ഗ്രാമ്യവിശുദ്ധിയുടേയും കാർഷിക സംസ്‌കാരത്തിന്റേയും അതിസുന്ദരമായ ഒരു അടയാളപ്പെടുത്തലാണത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ സുന്ദരൻ എം പി വി ആ സുന്ദരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വിശ്രമിച്ചപ്പോൾ സുന്ദരമായ ഒരു പശ്ചാത്തലത്തോട് മഹീന്ദ്രയുടെ സുന്ദരമായ ഒരു സൃഷ്ടി ഇണങ്ങിച്ചേരുന്നത് സുന്ദരമായ ഒരു അനുഭവമായിരുന്നുവെന്ന് പറയാതെ വയ്യ. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിലേക്കും കക്കയത്തേക്കുമുള്ള യാത്രയിലായിരുന്നു ഞങ്ങൾ.

കരുത്തും സൗന്ദര്യവും ഒന്നിക്കുന്ന യവനദേവന്മാരെപ്പോലുള്ള സൃഷ്ടിയാണ് മരാസോ. സ്രാവ് എന്നാണ് ഈ ഇറ്റാലിയൻ പദത്തിന്റെ അർത്ഥം. സുന്ദരമായ ഒഴുക്കൻ ശരീരവും നിശ്ശബ്ദമായി കരുത്തോടെ അതിവേഗ ചലനങ്ങൾ സാധ്യമാക്കുന്ന പ്രകൃതവുമാകാം മരാസോ എന്ന് ഈ മഹീന്ദ്ര സൃഷ്ടി നാമകരണം ചെയ്യപ്പെടുമ്പോൾ പേരു നൽകിയവരുടെ മനസ്സിലുണ്ടായിരുന്നത്. അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള പ്രമുഖ വാഹന ഡിസൈനിങ് സ്റ്റുഡിയോകളിലാണ് മരാസോ ഡിസൈൻ ചെയ്‌തെന്നതിനാൽ സൗന്ദര്യത്തിന്റെ കാര്യത്തിലും ഒതുക്കമുള്ള ലുക്കിന്റെ കാര്യത്തിലും മരാസോയ്ക്ക് മറ്റൊരു എതിരാളിയുമില്ലല്ലോ. താങ്ങാനാകുന്ന നിരക്കിൽ നിരവധി ഫീച്ചറുകളോടെ ലഭിക്കുന്ന ഈ എം പി വി പുറത്തിറങ്ങി മാസങ്ങൾ പിന്നിടും മുമ്പു തന്നെ ഇന്ത്യയിൽ തരംഗമാകാനുള്ള കാരണവും മറ്റൊന്നല്ല തന്നെ.

1497 സിസിയും 3500 ആർ പി എമ്മിൽ 121 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 300 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള മരാസോ റിപ്പബ്ലിക് ദിനത്തിൽ കൊച്ചിയിലെ മഹീന്ദ്രയുടെ റിജിയണൽ ഓഫീസിൽ ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. 4585 എം എം നീളവും 1866 എം എം വീതിയും 1774 എം എം ഉയരവുമുള്ള വാഹനമാണ് മരാസോ. ഏഴു പേർക്ക് സുഖമായി സഞ്ചരിക്കാവുന്ന എം 8ലാണ് ഞങ്ങളുടെ യാത്രയ്ക്കായി കാത്തു നിൽക്കുന്നത്. എട്ടു പേർക്കിരിക്കാവുന്ന രീതിയിലും മറ്റു വേരിയന്റുകളിൽ മഹീന്ദ്ര മരാസോയിൽ സീറ്റിങ് നടത്തിയിട്ടുണ്ട്. രണ്ടാമത്തെ നിരയിൽ രണ്ടു സീറ്റിനു പുറമേ ബെഞ്ചു സീറ്റ് നൽകിയാണത് സാധ്യമാക്കുന്നത്.

കൊച്ചിയിൽ നിന്നും ഞങ്ങൾ ആലുവ, അങ്കമാലി, പട്ടാമ്പി വഴിയാണ് മലപ്പുറത്തേക്ക് പ്രവേശിച്ചത്. അവധിദിനമായതിനാൽ നിരത്തിലെങ്ങും നിറയെ വാഹനങ്ങളാണ്. ആലുവ-അങ്കമാലി പാതയിൽ തന്നെ പത്തിലധികം മരാസോകളേയും ഞങ്ങൾ കണ്ടുമുട്ടി. ഏതു ട്രാഫിക്കിലും അനായാസേന കൈകാര്യം ചെയ്യാനാകുന്ന വാഹനമാണ് മരാസോയെന്ന് മുൻ യാത്രകളിൽ നിന്നു തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നതാണ്. നല്ല ഹൈവേയാണെങ്കിൽ നൂറു കിലോമീറ്ററിലധികം വേഗതയിൽ പോകാൻ മരാസോയിൽ മടിക്കേണ്ടതില്ല. നല്ല സ്‌റ്റെബിലിറ്റിയും സുരക്ഷിതത്വവുമൊക്കെ വാഗ്ദാനം ചെയ്യുന്നതിനാൽ ആക്‌സിലറേറ്ററിൽ കാലമർത്താൻ മടിക്കേണ്ടതുമില്ല. അധികം ട്രാഫിക്കില്ലാത്ത നീളൻ ഹൈവേകളാണെങ്കിൽ മരാസോയുടെ ക്രൂസ് കൺട്രോൾ ഓണാക്കിയാൽപ്പിന്നെ ആക്‌സിലറേറ്ററിൽ നിന്നും കാലൊഴിവാക്കി സ്റ്റീയറിങ്ങിൽ മാത്രം ശ്രദ്ധ പതിപ്പിച്ച് സഞ്ചരിക്കാനുമാകും.

മലബാറിന് ഇത് ഉത്സവകാലമാണ്. ഉത്തര മലബാറിൽ തെയ്യത്തിന്റെ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെങ്കിൽ, മലപ്പുറത്തും പാലക്കാട്ടും കോഴിക്കോടുമൊക്കെ ആരാധാനാലയങ്ങളിലെ ഉത്സവകാലമാണിത്. പണ്ടുകാലങ്ങളിൽ വിനോദത്തിനുള്ള ഏക ഉപാധികളായിരുന്നു കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനതയ്ക്ക് ഇത്തരം ആഘോഷങ്ങൾ. ഇന്നിപ്പോൾ പാരമ്പര്യത്തനിമയുള്ള ഉത്സവങ്ങളുടെയെല്ലാം പകിട്ടു തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടന്നിരുന്ന ഓട്ടൻ തുള്ളലുകൾ കാണാൻ പോലുമില്ല ആർക്കും താൽപര്യം. കഥാപ്രസംഗമൊക്കെ പണ്ടേ അരങ്ങൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. നാടകത്തെ സിനിമ പൂർണമായും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. മൊബൈൽ ഫോണിലെ ടിക് ടോക്ക് ആപ്പിൽ വീട്ടമ്മമാരും യുവതികളും കുമാരന്മാരുമൊക്കെ നടത്തുന്ന സെക്കൻഡുകൾ നീളുന്ന മിമിക്കുകളായി മാറിയിരിക്കുന്നു പുതിയ കാലത്തിന്റെ ഓട്ടൻ തുള്ളലുകൾ. എങ്ങനെയാണ് പ്രൗഢഗംഭീരമായ നമ്മുടെ സാംസ്‌കാരിക ഉത്സവങ്ങൾ ഒരു മൊബൈൽ ഫോണിലെ കോമാളിക്കളികളിലേക്ക് വഴിമാറിയതെന്ന് ചിന്തിക്കുന്നതു പോലും നമ്മെ വേദനിപ്പിക്കുന്നു. ഞങ്ങൾക്കൊപ്പമുള്ള യുവ ഫോട്ടോഗ്രാഫർ അഖിൽ ഒരു ടിക് ടോക് അഡിക്ട് ആണ്. മൊബൈലിൽ ടിക് ടോക്ക് മണിക്കൂറുകളോളം കണ്ടുകൊണ്ടിരിക്കാൻ ഒരു മടിയുമില്ല അഖിലിന്. പക്ഷേ മലബാറിന്റെ സൗന്ദര്യദേശങ്ങൾ ഒപ്പിയെടുക്കാനുള്ള യാത്രയാണിതെന്നു കേട്ടപാടെ അഖിൽ ടിക് ടോക്കിനോട് വിട പറഞ്ഞു.

ചങ്ങരംകുളത്തെ സ്വർണനിറമുള്ള വയലുകളുടെ കാഴ്ച തന്നെ നഗരവാസിയായ ആ യുവാവിന്റെ മനം അപ്പാടെ കവർന്നുകളഞ്ഞു. എത്ര വേഗമാണ് പ്രകൃതിയിലേക്കുള്ള മടക്കം നമ്മൾ ചില കാഴ്ചകളിലൂടെ തന്നെ സാധ്യമാക്കുന്നതെന്നു നോക്കൂ. കഴിഞ്ഞ മാസം പാലക്കാട്ടെ നെല്ലിയാമ്പതിയിലേക്ക് മരാസോയിൽ യാത്ര ചെയ്യുമ്പോൾ പ്രളയം തകർത്ത മലഞ്ചെരിവുകളായിരുന്നു ഞങ്ങളുടെ കാത്തിരുന്നതെങ്കിൽ ഇപ്രാവശ്യം സമൃദ്ധിയുടേയും സമാധാനത്തിന്റേയും ഗ്രാമ്യചിത്രങ്ങളാണ് ഞങ്ങളുടെ മുന്നിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്.

മഹീന്ദ്രയുടെ മരാസോ അല്ലെങ്കിലും അങ്ങനെയാണ്. ഓരോ യാത്രകളിലും പുതിയ പുതിയ കാഴ്ചകളും അനുഭവങ്ങളും ഞങ്ങൾക്ക് ഒരുക്കിക്കൊണ്ടേയിരിക്കുന്നു. ദേശീയപാതയിലൂടെ അതിവേഗം കുതിച്ചുപാഞ്ഞിരുന്ന മരാസോ എന്ന വലിയ വാഹനം ഇപ്പോൾ എത്ര അനായാസമായാണ് ചെറുവഴികളിലൂടെ പോലും നീങ്ങുന്നത്. ചെറു ഗർത്തങ്ങളിൽ പോലും വലിയ ഉലച്ചിലൊന്നും മരാസോയുടെ അകത്ത് അനുഭവപ്പെടുന്ന തേയില്ല. മരാസോയുടെ സസ്‌പെൻഷൻ മികവും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുള്ളതിന്റെ സൗകര്യവുമൊക്കെ മുമ്പുള്ള യാത്രകളിലെന്നപോലെ ഈ ഗ്രാമ്യപാതയിലും ഞങ്ങൾ നന്നായി അറിയുന്നുണ്ട്. കക്കയത്തേക്ക് ഒന്നര മണിക്കൂർ ഇനിയും സഞ്ചരിക്കണം. ഈ യാത്രകളിലെല്ലാം തന്നെ മരാസോയാണ് ഞങ്ങൾക്കൊപ്പമുള്ളതെങ്കിലും മരാസോയുടെ അഴക് ഇടയ്ക്കിടെ ഞങ്ങളെ പ്രണയാതുരരാക്കാറുണ്ട്. മരാസോയുടെ ഇന്റീരിയറിന്റെ അഴക് ആരെയാണ് വശീകരിക്കാത്തത്? കൂൾ നിറങ്ങളുടെ സമന്വയമാണ് ഡാഷ് ബോർഡിൽ. ബ്ലാക്കും പിയാനോ ബ്ലാക്കും ഗ്ലോസി വൈറ്റും ബീജുമൊക്കെ ചേർന്ന സുന്ദരമായ രൂപം. എസി വെന്റുകൾ എക്‌സ് യു വി 500ലേതുപോലെയാണ്. സീറ്റ് അപ്‌ഹോൾസ്റ്ററിയും സുന്ദരമാണ്. തനി യൂറോപ്യനാണ് സീറ്റുകളുടെ ഫിറ്റ് ആന്റ് ഫിനിഷ്. വലിയ വിൻഡോ ഗ്ലാസുകളും ഉയർന്ന സീറ്റിങ് പൊസിഷനും മാത്രം മതി, മരാസോയെ സ്‌നേഹിച്ചു തുടങ്ങാൻ.

ഡ്രൈവിങ്ങിന്റെ സുഖവും പറയാതെ വയ്യ. ടോപ്പ്എൻഡ് വേരിയന്റായ എം8 ആണ് ഞങ്ങളുടെ മരാസോയെന്നതിനാൽ സ്റ്റിയറിങ് വീലിൽ ഒട്ടുമിക്ക കൺട്രോളുകളും നൽകിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ തന്നെ പല സംവിധാനങ്ങളും ടച്ച് സ്‌ക്രീനിലേക്ക് പോകാതെ നിയന്ത്രിക്കാനാകും. അതിസുന്ദരമായി ഡിസൈൻ ചെയ്ത ഡാഷ്‌ബോർഡിൽ ഒരു വലിയ, 7ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനാണുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുണ്ട്. ബ്ലൂടൂത്ത് ഓഡിയോ, ജി പി എസ്, യു എസ് ബി (ഓഡിയോ, വീഡിയോ), ഐപോഡ് കണക്ടിവിറ്റി, പിക്ചർ വ്യൂവർ എല്ലാം ഇതിലുണ്ട്. ഓഡിയോ സിസ്റ്റത്തിന് എ എം /എഫ് എം റേഡിയോയും യു എസ് ബിയും ഐ പോഡ്, എം പി 3 സംവിധാനവുമുണ്ട്. മീറ്റർ കൺസോളിൽ വലിയ മൾട്ടിമീഡിയ ഇൻഫർമേഷൻ ഡിസ്‌പ്ലേയുണ്ട്. നാല് സ്പീക്കറുകളാണ് മരാസോയിൽ ഉള്ളതെന്നതിനാൽ അതിസുന്ദരമായി മൂന്നു റോകളിൽ ഇരിക്കുന്നവർക്കും ഗാനങ്ങൾ കേൾക്കാനാകും. കഷ്ടി രണ്ടു വാഹനങ്ങൾക്ക് പരസ്പരം ഇരുദിശയിൽ നിന്നും പോകാവുന്ന മട്ടിലുള്ള നിരത്തുകളാണ് കക്കയത്തേക്കുള്ളത്. വീതിയുള്ള വലിയ നിരത്തുകളൊന്നും തന്നെ അവിടേയ്ക്കില്ല. കഷ്ടി പത്തു മീറ്ററോളം വരും പാത. അപകടം ഈ വഴിയിലെല്ലാം തന്നെ പതിയിരിപ്പുണ്ടെങ്കിലും മഹീന്ദ്ര മരാസോയിൽ സുരക്ഷിതത്വത്തിന് പ്രത്യേക പ്രാധാന്യം തന്നെ നൽകിയിട്ടുണ്ട്. മുന്നിൽ രണ്ട് എയർ ബാഗുകൾ എല്ലാ വേരിയന്റുകളിലുമുണ്ട്. ഇതിനു പുറമേ, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവും സീറ്റ് ബെൽട്ട് വാണിങ്ങും എ ബി എസും ഇ ബി ഡിയുമൊക്കെ വാഹനത്തിലുള്ളതിനാൽ എത്ര വേഗത്തിൽ സഞ്ചരിച്ചാലും വാഹനം അതിവേഗം സുരക്ഷിതമായി നിർത്താനാകും. ഇതിനു പുറമേയാണ് റിയർ പാർക്കിങ് സെൻസറുകളും പാർക്കിങ് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ ക്യാമറയും.

ലിറ്ററിന് 17.6 കിലോമീറ്റർ മൈലേജ് ആണ് മരാസോ വാഗ്ദാനം ചെയ്യുന്നത്. 45 ലിറ്ററിന്റെ ടാങ്ക് പകുതിയോളം യാത്ര പുറപ്പെടുമ്പോൾ തന്നെ ഞങ്ങൾ നിറച്ചിരുന്നു. ഡിസ്റ്റൻസ് ടു എംപ്ടി എന്ന സംവിധാനം മീറ്ററുകൾക്കിടയിൽ തന്നെയുള്ളതിനാലും ഇന്ധനം കുറവായാൽ താക്കീത് ചെയ്യുകയും ചെയ്യുമെന്നതിനാൽ യാത്ര പോകുമ്പോൾ അത് മറന്നുപോകുമെന്ന് വ്യാകുലപ്പെടേണ്ട കാര്യമില്ല. ഇന്ധനം തീരാൻ ഇനിയും ഇരുനൂറിലേറെ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന് സംവിധാനത്തിൽ കണ്ടതോടെ ഞങ്ങൾ പിന്നെ എല്ലാം മറന്ന് വാഹനം മലമ്പാതയിലേക്ക് ഓടിച്ചു തുടങ്ങി. പതിനൊന്നുമണി കഴിയുമ്പോൾ കാപ്പി കുടിക്കുന്ന ശീലമുള്ളതിനാൽ ബൈജു വാഹനം ഒരു ചെറിയ തട്ടുകടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തു. ചില്ലലമാരയിൽ വലിയ ബോണ്ടയും തേങ്ങാബണ്ണും റവ ലഡുവും സവാള ബജിയുമെല്ലാം എന്നെ കഴിക്കൂ എന്ന ഭാവത്തിൽ, വായിൽ വെള്ളം നിറയ്ക്കുന്ന മെഴുക്കുഗന്ധവുമായി കിടക്കുന്നു.

വെയിലിൽ വെട്ടിത്തിളങ്ങുന്ന മലകൾ കയറിത്തുടങ്ങിയിരിക്കുകയാണ് മരാസോ. അവധിദിവസമായതി നാൽ കരിയാത്തുംപാറയിലേക്ക് പോകുന്ന നിരവധി സഞ്ചാരികൾ ബസ്സിലും ടാക്‌സികളും സ്വകാര്യവാഹനങ്ങളിലുമായി ഞങ്ങൾക്കു മുന്നിലും പിന്നിലുമൊക്കെയുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. കക്കയം വനമേഖലയിൽ നിന്നും ജനുവരി ആദ്യവാരം കരിയാത്തുംപാറയിൽ കടുവയിറങ്ങിയതായി വാർത്തകളുണ്ടായിരുന്നു. മീമുട്ടി പ്രദേശത്താണ് ജനവാസപ്രദേശങ്ങളിൽ കടുവയുടെ കാലടികൾ കണ്ടെത്തിയത്. കാട് കൈയേറ്റവും വനനശീകരണവുമൊക്കെ വലിയൊരു തോതിൽ ഇതിന് വഴിവയ്ക്കുന്നുമുണ്ടാകാം. ഉച്ചവെയിൽ കനത്തു തുടങ്ങിയെങ്കിലും മരാസോയിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണുള്ളതിനാൽ ഉള്ളിൽ തെല്ലും ചൂടനുഭവപ്പെടുന്നതേ യില്ല. പിൻനിര സീറ്റിൽ വരെ നന്നായി എയർകണ്ടീഷനിങ് സാധ്യമാക്കിയിരിക്കുന്നു മരാസോയിൽ മഹീന്ദ്ര. വിമാനത്തിലെന്നപോലെ പിൻസീറ്റുകളിൽ എ സി വെന്റുകൾ മുകളിലാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. രണ്ടാം നിരയിലെ സീറ്റിലിരുന്നും പിന്നിലേക്കുള്ള എ സിയുടെ പ്രവാഹം അഡ്ജസ്റ്റ് ചെയ്യാനാകുമെന്നതാണ് മറ്റൊരു സവിശേഷത.

കരിയാത്തുംപാറയിലേക്ക് മരാസോ പ്രവേശിച്ചു. പ്രധാനമന്ത്രി ഗ്രാമീൺ സഠക് യോജനയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിനോദസഞ്ചാര പ്രദേശത്തേക്കുള്ള പാത പണിതിട്ടുള്ളത്. മരാസോ കണ്ടതോടെ മഹീന്ദ്ര സൈലോയിലെത്തിയ ആറംഗ യുവാക്കളുടെ സംഘം മരാസോ കാണാനും അറിയാനുമായി ഞങ്ങൾക്കടുത്തേക്ക് എത്തി. എല്ലാവരും മഹീന്ദ്രയുടെ ആരാധകരാണ്. മഹീന്ദ്ര വാഹനങ്ങളുടെ ഓഫ് റോഡിങ് കഴിവുകളെക്കുറിച്ചും വാഹനത്തിലെ ഇരുമ്പിന്റെ ദൃഢതയെപ്പറ്റിയുമൊക്കെയാണ് സംസാരം. ഗ്യാങ് ലീഡർ സുധീഷാണ്. കൂട്ടത്തിലൊരാൾ ഓട്ടോമൊബൈൽ എഞ്ചിനീയർ കൂടിയായതിനാൽ വാഹനത്തിലെ സർവകാര്യങ്ങളും അറിഞ്ഞേ തീരുകയുള്ളു എന്നു പറഞ്ഞ് നിൽപാണ്. യുവാക്കളായതിനാൽ യാത്രകളിൽ നിരവധി സാധനങ്ങൾ ഒപ്പം കൊണ്ടുപോകാറുണ്ട്. മരാസോയുടെ സ്റ്റോറേജ് സ്‌പേസ് എത്രത്തോളമുണ്ടെന്ന് കണ്ടെത്തായി കൂട്ടത്തിൽ മറ്റൊരു യുവാവിന്റെ ശ്രമം. ഒരു ദീർഘദൂര യാത്രയ്ക്കു വേണ്ട സാമഗ്രികളെല്ലാം തന്നെ സൂക്ഷിക്കാൻ മരാസോയിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. 190 എം എം ബൂട്ട് സ്‌പേസുമുണ്ട് മരാസോയ്ക്ക്. ഫോട്ടോഗ്രാഫർ അഖിൽ അപ്പുക്കുട്ടന്റെ ക്യാമറയും അനുബന്ധ സാമഗ്രികളുമൊക്കെയും സൂക്ഷിച്ചിരിക്കുന്നത് പിൻനിരയിലാണ്. എത്രയോ സ്ഥലം എന്നിട്ടും വെറുതെ കിടക്കുന്നു. യുവാക്കൾക്ക് സ്റ്റോറേജ് സ്‌പേസ് കണ്ട് തൃപ്തിപ്പെട്ടു. ഇന്റീരിയറിൽ ഡാഷ് ബോർഡിനു നൽകിയിട്ടുള്ള നിറങ്ങളും ഡിസൈനും പ്രീമിയം ഫീലുമെല്ലാം അവർ വിശദമായി തന്നെ പരിശോധിച്ചു. അവർ എല്ലാവരും ബാല്യകാല സുഹൃത്തുക്കളാണ്. കൂട്ടത്തിൽ മൂന്നു പേർ വിവാഹിതരും മൂന്നു പേർ അവിവാഹിതരുമാണ്. മരാസോയ്‌ക്കൊപ്പം അവർ അഖിലിന്റെ ഫോട്ടോകൾക്ക് പോസ് ചെയ്തു.

കരിയാത്തുംപാറ അതിസുന്ദരമായ പ്രദേശമാണ്. പെരുവണ്ണാമൂഴി റിസോർവയർ പ്രദേശത്തു നിന്നു നോക്കിയാൽ ചുറ്റിലും മലനിരകൾ കാണാം. റിസോർവയറിൽ നിറയെ വെളുത്ത നിറമുള്ള പാറകളാണുള്ളത്. അവയ്ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ജലം. ജലമില്ലാത്തയിടങ്ങളിൽ നിറയെ പച്ചപ്പിന്റെ ഉത്സവം. ഞങ്ങൾ വാഹനം കരിയാത്തുംപാറയുടെ എതിർവശത്തുളള കക്കയം ഡാമിന്റെ റിസോർവയറിലേക്ക് ഇറക്കാനുള്ള ശ്രമത്തിലാണ്. വാഹനം ഒരു പ്രത്യേക സ്ഥലത്തിനപ്പുറം നീങ്ങാൻ പാടില്ലെന്ന് നാട്ടുകാർ ബോർഡ് വച്ചിരുന്നെങ്കിലും ഞങ്ങൾ അത് മറികടന്ന് ജലാശയത്തിനടുത്തേക്ക് നീങ്ങി. മരാസോ പുൽത്തകിടിയിലൂടെ ഒരു കുന്നു കയറി ജലാശയത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന ഭാവത്തിൽ നിർത്തി ഒരു ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണ്. വിമാനങ്ങളുടെ ത്രോട്ടിൽ സ്‌റ്റൈലാണ് ഹാൻഡ്‌ബ്രേക്കിനുള്ളത്. മരാസോയുടെ എല്ലാ മോഡലുകളിലും പവർ വിൻഡോസ് ആണുള്ളത്.

അഖിൽ ചിത്രങ്ങളെടുത്തുകൊണ്ട് നിൽക്കവേയാണ് പിറകിൽ നിന്നും ഒരു ചുവന്ന ഷർട്ടിട്ട മധ്യവയ്‌സ്‌ക്കൻ പാഞ്ഞുവരുന്നത് കണ്ണാടിയിൽ കണ്ടത്. ഞങ്ങളെ അവിടെ നിന്നും തുരത്താനുള്ള വരവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ‘വാഹനം ഇവിടേയ്ക്ക് കൊണ്ടുവരാൻ പാടില്ലെന്ന ബോർഡ് കണ്ടില്ലേ? നിങ്ങൾ ഇവിടേയ്ക്ക് കൊണ്ടുവന്നാൽ മറ്റുള്ളവരും കൊണ്ടുവരുമെന്നും പിന്നെ തങ്ങൾക്ക് അത് നിയന്ത്രിക്കാനാവില്ലെന്നു’ മൊക്കെ പറഞ്ഞ് അയാൾ ഒച്ചവച്ചു. കക്കയം ഡാമിന്റെ റിസോർവയർ പ്രദേശത്ത് അവധിദിവസങ്ങളിൽ കാമുകികാമുകന്മാർ എത്തുന്നതിലൊക്കെ രോഷമുള്ള ഒരു സാധാരണ സദാചാര സംരക്ഷണ നാട്ടുകാരൻ!
വലിയ വാഹനമായിട്ടും ബോഡി റോൾ തെല്ലുമുണ്ടായില്ലെന്നതാണ് മരാസോയിലെ യാത്ര തീർത്തും സുന്ദരമാക്കി മാറ്റുന്നത്. പട്ടാമ്പിയിലേക്ക് പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ നീങ്ങുമ്പോഴും അകത്ത് വലിയ ഉലച്ചിലുകളൊന്നും തന്നെ നേരിടുന്നുണ്ടായിരുന്നില്ലെന്നതിന്റെ തെളിവായിരുന്നു രണ്ടാം നിര സീറ്റിൽ നിന്നുമുള്ള അഖിലിന്റെ കൂർക്കംവലി. പട്ടാമ്പി പിന്നിട്ട് കൂട്ടുപാത വഴി തിരുമിറ്റക്കോടും കടന്ന് ആറങ്ങോട്ടുകരയിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. വാഹനത്തിന്റെ പ്രൊജക്ടർ ലാമ്പുകൾ തെളിഞ്ഞു. പക്ഷേ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് വാഹനത്തിന്റെ വഴിമുടക്കിക്കൊണ്ട് ഒരു പടുകൂറ്റൻ ആഘോഷറാലി പ്രത്യക്ഷപ്പെട്ടു. പാതയുടെ ഇരുവശവും പൂർണമായും ബ്ലോക്കാക്കപ്പെട്ടിരിക്കുന്നു. മറ്റെങ്ങും ഒരിക്കലും പകച്ചുനിന്നിട്ടില്ലാത്ത മരാസോ ഇതാദ്യമായി ഒരു യാത്രയിൽ പോകാനുള്ള വഴിയില്ലാതെ പെരുവഴിയിൽ പകച്ചു നിന്നു. പിന്നെ എങ്ങനെയോ ഒരു ഊടുവഴിയിലൂടെ ആറങ്ങോട്ടുകര കടന്നു. ദേശീയപാതയിലെത്തും വരെ റോഡ് തടസ്സമുണ്ടാക്കുന്ന റാലികൾ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു പിന്നെ ഞങ്ങൾ$

Copyright: Smartdrive- February 2019

Leave a Reply

Your email address will not be published. Required fields are marked *