Ola Announces Hypercharger Network, World’s Largest Electric Two-Wheeler Charging Network
April 28, 2021
താരയുടെ സ്വന്തം താർ…
May 4, 2021

കോവിഡ് മുടക്കിയ കാർ അവതരണങ്ങൾ

Audi e-tron

ഓഡിയുടെ ഇലക്ട്രിക് കാറായ ഇ-ട്രോൺ തൊട്ട് സ്‌കോഡ ഒക്ടേവിയ വരെയും മെർസിഡസ് ബെൻസ് ജിഎൽഎ, ഹ്യുണ്ടായ് അൽകാസർ, ഇസുസു വി ക്രോസ്, എം യു എക്‌സ്, മാരുതി സുസുക്കി സെലേറിയോ തുടങ്ങിയ കാറുകളുടേയും അവതരണം കോവിഡ് വ്യാപനം മൂലം മാറ്റിവച്ചിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന പല കാർ ലോഞ്ചുകളും അൽപം മുന്നോട്ട് നീക്കിവച്ചിരിക്കുകയാണ് ഒട്ടുമിക്ക കാർ നിർമ്മാതാക്കളും. പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഈ പിന്മാറ്റം. പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം തദ്ദേശീയമായ ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഡീലർഷിപ്പുകളുടെ പ്രവർത്തനവും പൊതുവേ മന്ദീഭവിച്ചിരിക്കുന്ന ഘട്ടമാണിത്. ലോക്ക് ഡൗണിനു സമാനമായ രീതിയിലാണ് ഇന്ത്യയൊട്ടുക്കുള്ള സംസ്ഥാനങ്ങളിലെ അവസ്ഥയെന്നതിനാലാണ് സ്‌കോഡയും ഹ്യുണ്ടായും മെർസിഡസ് ബെൻസും മാരുതി സുസുക്കിയും ഇസുസുവും ഓഡിയും തങ്ങൾ നേരത്തെ നിശ്ചയിച്ച ലോഞ്ചുകൾ മാറ്റിയിരിക്കുന്നത്.

ഏപ്രിൽ അവസാനവാരമാണ് പരിഷ്‌കരിച്ച സ്‌കോഡ ഒക്ടേവിയയുടെ അവതരണം പദ്ധതിയിട്ടിരുന്നതെങ്കിൽ ഇപ്പോഴത് മേയ് അവസാന വാരത്തിലേക്കോ ജൂൺ ആദ്യവാരത്തിലേക്കോ ആക്കി മാറ്റിയിരിക്കുന്നു. പുതിയ തകർപ്പൻ ഇന്റീരിയറും സ്റ്റൈലിഷ് ആയ എക്സ്റ്റീരിയറുമുള്ള ഒക്ടേവിയയ്ക്ക് 190 ബി എച്ച് പി കരുത്ത് പകരുന്ന 2.0 ലിറ്റർ എഞ്ചിനാണുള്ളത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്.

2021 Skoda Octavia

ഏപ്രിൽ 29-ന് നടക്കേണ്ടിയിരുന്ന ഹ്യുണ്ടായ് അൽകാസർ എസ് യു വി മേയ് അവസാന വാരത്തിലേക്ക് മാറ്റിയിരിക്കുന്നു. ക്രെറ്റയേക്കാൾ 150 എംഎം കൂടൂതൽ വീൽബേയ്‌സുള്ള അൽകാസറിന് മൂന്ന് നിര സീറ്റുകളുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിനുകളിലും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും വാഹനം ലഭ്യമാകും.

Hyundai Alcazer

രണ്ടാം തലമുറയിൽപ്പെട്ട മെർസിഡസ് ബെൻസ് ജിഎൽഎയുടെ അവതരണം മേയ് ആദ്യവാരത്തിലാണ് നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോഴത് മേയ് അവസാന വാരത്തിലേക്ക് മാറ്റിയിരിക്കുന്നു. 190 ബി എച്ച് പി കരുത്തുള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ആൾവീൽ ഡ്രൈവ് ആണ്. 163 ബിഎച്ച് പിയുടെ 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ വേരിയന്റും ഉണ്ടാകും. അതിനു പുറമേ, 306 ബിഎച്ച് പി കരുത്തുറ്റ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള എഎംജി ജിഎൽഎ 35 4മാറ്റിക്കും ഉണ്ടാകും.

Mercedes Benz GLA

ബി എസ് 6 ചട്ടങ്ങൾ മൂലം വിപണിയിൽ നിന്നും പിന്മാറിയിരുന്ന ഇസുസു വി ക്രോസ് പിക്അപ്പ് ട്രക്കും എംയുഎക്‌സും ഏപ്രിലിൽ വരാനിരുന്നതാണെങ്കിലും അനിശ്ചിതമായി അവയുടെ അവതരണം മാറ്റിവച്ചു. 1.9 ലിറ്റർ ഫോർ സിലിണ്ടർ ടർബോ സീഡസൽ എഞ്ചിൻ മാനുവലിലും ഓട്ടോമാറ്റിക്കിലും ലഭ്യമാകും.

2021 Isuzu MUX

മേയിൽ അവതരണം തീരുമാനിച്ചിരുന്ന മാരുതി സുസുക്കി സെലേറിയോ ജൂൺ അവസാന വാരത്തിലേ ഇനി അവതരിപ്പിക്കുകയുള്ളു. വാഗൺ ആറിലും സ്വിഫ്റ്റിലും ബലേനോയിലുമുള്ള ഹാർട്ടെക് പ്ലാറ്റ്‌ഫോമിലേക്ക് സെലേറിയോയും മാറിയേക്കും. 68 ബിഎച്ച് പി കരുത്തുള്ള 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനും 83 ബി എച്ച് പി കരുത്തുള്ള 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനും സെലേറിയോയ്ക്കുണ്ടാകും.

ഓഡി ഇ-ട്രോൺ എന്ന പൂർണമായും ഇലക്ട്രിക് ആയ ഓഡി എസ് യു വി മേയിൽ വരാനിരുന്നതാണെങ്കിലും ഇപ്പോൾ ജൂണിലേക്ക് അവതരണം മാറ്റിയിരിക്കുന്നു. 95 കിലോവാട്ട്അവറിന്റെ ബാറ്ററിയുള്ള ഇ-ട്രോണിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടാകും. 408 ബിഎച്ച്പി കരുത്തുള്ള വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റെടുക്കാൻ 5.7 സെക്കൻഡ് സമയം മാത്രമേയെടുക്കൂ.

Audi e-tron

കോവിഡ് ആഘാതം തുടരുന്നപക്ഷം ഈ അവതരണങ്ങൾ ഇനിയും മുന്നോട്ടു നീങ്ങാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

shares