Sports Star: Skoda Octavia vRS 230
October 23, 2018
The Design Empire: Success story of Concord Design Studio & its CEO Prem Kishan
November 10, 2018

Clouds Valley: Travel to Munnar in a Mahindra Marazzo

പ്രളയം തകർത്തെറിഞ്ഞ മൂന്നാർ ജീവിതത്തിലേക്ക് തിരികെ വന്നുകഴിഞ്ഞു. പ്രളയാനന്തര മൂന്നാർ കൂടുതൽ സുന്ദരിയായതുപോലെ തോന്നുന്നു. പച്ചപ്പണിഞ്ഞ മലനിരകളും ഒളിച്ചുകളിക്കുന്ന മഞ്ഞും ചേർന്ന് രചിക്കുന്ന മൂന്നാറിന്റെ സുന്ദരദൃശ്യത്തിലേക്ക് മഹീന്ദ്ര മരാസോയിൽ നടത്തിയ യാത്ര…

എഴുത്ത്: ബൈജു എൻ നായർ, ചിത്രങ്ങൾ: ലാലു തിരുമിറ്റക്കോട്

കേരളത്തെ താറുമാറാക്കിയ പ്രളയദിനങ്ങളിൽ ഏറ്റവുമധികം ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലൊന്നാണ് മൂന്നാർ. ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് മൂന്നാറെന്ന ഹിൽസ്റ്റേഷൻ. ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്ന്. പ്രളയകാലത്ത് മൂന്നാറിനുണ്ടായ ദുരന്തത്തിൽ അതുകൊണ്ടു തന്നെ, ഓരോ മലയാളിയും ദുഃഖിച്ചു കാണണം. മൂന്നാറിലേക്കുള്ള പ്രധാനപ്പെട്ട പാതയായ നേര്യമംഗലം റോഡിൽ മണ്ണിടിഞ്ഞും റോഡ് ഒലിച്ചുപോയും ഗതാഗതം തടസ്സപ്പെട്ടതോടെ മൂന്നാർ ഒറ്റപ്പെടുകയായിരുന്നു. മൂന്നാറിലും ഇടുക്കി ജില്ലയിൽ പൊതുവേയും പ്രധാനപ്പെട്ട പരിസ്ഥിതി ചിന്തകൾക്കും ഈ പ്രളയം വഴിതുറന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ മലതുരന്നും വഴിവെട്ടിയും മൂന്നാറിന്റെ പരിസ്ഥിതി നശിപ്പിച്ചവർ പ്രകൃതിയുടെ ക്ഷോഭത്തിൽ അന്തംവിട്ടുനിന്നു. തൂക്കണാം കുരുവി കൂടുപോലെ മലയിൽ ഞാന്നു കിടക്കുന്ന രീതിയിൽ പണിത റിസോർട്ടുകൾ മണ്ണൊലിച്ച് ചുവടുതെറ്റി നിന്നു. ചില റിസോർട്ടുകളെ ഭൂമി അതേപടി വിഴുങ്ങി.
ഒരു മാസത്തോളം നീണ്ട ദുരിത കാലത്തിനു ശേഷം മൂന്നാർ വീണ്ടും സഞ്ചാരികൾക്കു മുന്നിൽ വാതിലുകൾ തുറന്നു. ഇതേ സമയത്താണ് മഹീന്ദ്രയുടെ കേരള മേധാവി സുരേഷ്‌കുമാർ യാത്ര പോകാനായി ഒരു മരാസോ സമ്മാനിച്ചത്. യാത്ര മൂന്നാറിലേക്കു തന്നെയാകട്ടെ എന്ന് ഞൊടിയിടയിൽ തീരുമാനിച്ചു.

Mahindra Marazzo in Munnar

അക്വാമറൈൻ നിറത്തിലുള്ള മരാസോയുടെ ഫുൾഓപ്ഷൻ വാഹനത്തിലേറി ഞങ്ങൾ യാത്ര തുടങ്ങി. നേര്യമംഗലം – മൂന്നാർ പാത തുറന്നെന്നും ഇല്ലെന്നും കേട്ടിരുന്നു. എന്തായാലും പോവുക തന്നെ. നേര്യമംഗലത്തെത്തിയപ്പോൾ ചിലയിടങ്ങളിൽ സിംഗിൾ ലൈനാണെങ്കിലും, പാത തുറന്നിട്ടുണ്ടെന്ന് അറിഞ്ഞു.
നേര്യമംഗലം പാലത്തിൽ നിന്ന് താഴേക്കു നോക്കുമ്പോൾ തന്നെ പ്രളയം വിതച്ച ഭീകരദൃശ്യം കാണാം. പുഴയ്ക്ക് വീതി കൂടിയിരിക്കുന്നു. ഇരുവശവും പ്രളയജലം തകർത്തെറിഞ്ഞ കൃഷിയിടങ്ങൾ. ചെളിയും മണലും അടിഞ്ഞു കൂടിയ തീരപ്രദേശം. ഇനി മൂന്നാർ വരെയുള്ള ദൂരമാണ് ഒരു വാഹനത്തിന്റെ ക്ഷമത പരിശോധിക്കാൻ ഏറ്റവും ഉത്തമം. ആദ്യഹെയർപിന്നിൽത്തന്നെ മരാസോ തന്റെ കരുത്തു തെളിയിച്ചു. 1.5 ലിറ്റർ, 121 ബിഎച്ച്പി ഡീസൽ എഞ്ചിൻ യാതൊരു ആയാസവുമില്ലാതെ തേർഡ് ഗിയറിൽ വളവ് വീശിയെടുത്തു. 1750 ആർപിഎമ്മിൽതന്നെ 330 ന്യൂട്ടൺ മീറ്റർ ടോർക്ക് ലഭിക്കുന്നതു കൊണ്ട്, എഞ്ചിന്റെ ഇനിഷ്യൽ ലാഗ് കാത്തിരിക്കുന്നവർ നിരാശരാവുകയേ ഉള്ളൂ. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഗംഭീരമാണ്. ഓരോ തവണ ഗിയർ മാറുമ്പോഴും ഞാൻ അത്ഭുതപ്പെട്ടു. ഇത് ഒരു മൾട്ടി പർപ്പസ് വാഹനം തന്നെയാണ്.


സാധാരണ ഗതിയിൽ എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഗിയർലിവറാണല്ലോ എംപിവികളുടേത്. ഓരോ ഗിയർഷിഫ്റ്റും ഡ്രൈവറുടെ ആരോഗ്യം പരീക്ഷിക്കാറുമുണ്ട്. ഹെവിക്ലച്ചും വിറയ്ക്കുന്ന ഗിയറും ചേർന്ന് യാത്രകൾ ആയാസകരമാക്കുന്ന എംപിസികളുടെ പതിവെന്നും മരാസോയ്ക്കില്ല. ക്ലച്ചും ഗിയർഷിഫ്റ്റുമെല്ലാം വളരെ ലളിതം. ഉയർന്ന സീറ്റിംഗ് പൊസിഷനും ബോഡിറോളില്ലാത്ത സസ്‌പെൻഷൻ സെറ്റപ്പും ചേർന്ന് യാത്ര ഗംഭീരമാക്കുന്നു. സെക്കന്റ്‌റോയിലെ ക്യാപ്റ്റൻ സീറ്റുകൾ ക്ഷണിക്കുന്നു -വരൂ, രാജാവാകൂ..
നേര്യമംഗലത്തു നിന്ന് പത്തുകിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ കൊടുംമഴയുടെയും പ്രളയത്തിന്റെയും ശേഷിപ്പുകൾ കണ്ടുതുടങ്ങി. വൻമരങ്ങൾ റോഡിലേക്ക് വീണത് വെട്ടി ഒതുക്കി മാറ്റിയിട്ടിരിക്കുന്നു. റോഡിൽ പലയിടത്തും മണ്ണിടിച്ച് കിടന്നതും പൂർണ്ണമായും മാറ്റിയിട്ടില്ല. അതിലുമൊക്കെ ഭീകരം പലയിടത്തും ടാർ റോഡ് ഇടിഞ്ഞ് അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതാണ്. റോഡിന്റെ പകുതിയും കൊക്കയിലേക്ക് ഇടിഞ്ഞു വിണ്ടിരിക്കുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം ട്രാഫിക് പോലീസ് നിന്ന് ഗതാഗതം നിയന്ത്രിച്ച് സിംഗിൾ ലൈൻ ട്രാഫിക്കാക്കി മാറ്റിയിരിക്കുന്നു.


മൂന്നാറിൽ വ്യാഴവട്ടക്കാലത്തിനു ശേഷം നീലക്കുറിഞ്ഞി പൂത്ത സമയമാണ്. രാജമലയിലും കൊളുക്കുമലയിലും മാത്രമാണ് ഇക്കൊല്ലം നീലക്കുറിഞ്ഞിയുള്ളത്. പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൂക്കുന്ന ഈ നീലസുന്ദരിയെ കാണാൻ സഞ്ചാരികൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ അജണ്ടയിൽ നീലക്കുറിഞ്ഞി ഇല്ല. കാരണം, രാജമലയിലും, കൊളുക്കു മലയിലും സ്വകാര്യവാഹനങ്ങൾ അനുവദിക്കുന്നില്ല. മരാസോയിലല്ലാതെ മറ്റൊരു വാഹനത്തിലും കയറില്ലെന്ന വാശിയിലാണ് ഞങ്ങളും!
ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലേറെയും ഉത്തരേന്ത്യൻ വിനോദസഞ്ചാരികളുടേയും തകർന്നടിഞ്ഞു പോയ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് സമ്മാനിച്ചുകൊണ്ട് ഇന്ത്യയിലെ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
6.30ന് എറണാകുളത്തു നിന്നു പുറപ്പെട്ട ഞങ്ങൾ പത്തുമണിയോടെ ചിത്തിരപുരത്തേക്ക് തിരിയുന്ന ജങ്ഷനായ രണ്ടാം മൈലിലെത്തി. ഇവിടെ ഇടതുവശത്ത് മണ്ണൊലിച്ച്, ഏതുനിമിഷവും സഞ്ചാരികളുടെ തലയിലേക്ക് മറിഞ്ഞുവീഴാൻ പാകത്തിൽ ഒരു റിസോർട്ട് ബിൽഡിങ് നിൽപ്പുണ്ട്. ഈശ്വരോ രക്ഷതു!


രണ്ടാം മൈൽ മുതൽ മൂന്നാറിന്റെ തേയിലത്തോട്ടങ്ങളുടെ അഭൗമലോകം തുടങ്ങുകയാണ്. മാസങ്ങളോളം നീണ്ട മഴക്കാലത്തിനു ശേഷം അങ്ങേയറ്റം പച്ചപ്പോടെയാണ് പ്രകൃതി നിൽക്കുന്നത്. ഓരോ ഇഞ്ചിലും പച്ചപ്പിന്റെ സൗന്ദര്യം. ഹരിതാഭയ്ക്ക് തിരശീലയിടും പോലെ ഇടയ്ക്ക് കോടമഞ്ഞ് മലയിറങ്ങി വരുന്നുമുണ്ട്.
മൂന്നാർ കെ എസ് ആർ ടി സി ബസ്‌സ്‌റ്റേഷനു മുന്നിലെ ഗ്രൗണ്ടിൽ നൂറു കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. അതെന്തിനായിരിക്കും എന്നറിയാൻ കൗതുകം തോന്നി. റോഡരികിൽ കണ്ടയാളോട് തിരക്കിയപ്പോൾ, അതെല്ലാം നീലക്കുറിഞ്ഞി കാണാൻ രാജമലയിലേക്ക് പോയവരുടെ വാഹനങ്ങളാണെന്ന് മറുപടി കിട്ടി. ഇവിടെ നിന്ന് വനംവകുപ്പിന്റെ സ്‌പെഷ്യൽ ബസ്സുകളിലാണ് സഞ്ചാരികളെ രാജമലയിലേക്ക് കൊണ്ടുപോകുന്നത്. അപൂർവയിനത്തിൽപ്പെടുന്ന വരയാടുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനുള്ള വനംവകുപ്പിന്റെ പരിപാടിയാണിത്. എല്ലാ വാഹനങ്ങളും രാജമല കയറിയാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് വരയാടുകൾ പണ്ടേ അന്യം നിന്നു പോയേനെ.
മൂന്നാർ ടൗണിൽ പഴയ തിരക്കില്ല. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇപ്പോഴും വന്നുതുടങ്ങിയിട്ടില്ല. പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും മൂന്നാറിലെ പ്രളയക്കെടുതികളുമൊക്കയാവാം, കേരളത്തിലെ സഞ്ചാരികളുടെ വരവിന് തടസം.


മാട്ടുപ്പെട്ടി വരെ വരാമെന്നു കരുതി ടൗണിൽ നിന്ന് തിരിഞ്ഞു. ആദ്യകയറ്റം കയറിപ്പോൾ തന്നെ വലതുവശത്ത് ചിന്നക്കനാൽ റോഡ് കണ്ടു. അന്തംവിട്ടുപോയി. പച്ചപ്പിന്റെ മഹാസാഗരത്തിൽ കീറിയെടുത്തതുപോലെ ചുവപ്പ് മണ്ണിന്റെ നാടകൾ. മണ്ണിടിഞ്ഞതാണ്. എത്ര ഭീകരമായിരുന്നു പ്രളയകാലത്തെ അവസ്ഥ എന്ന് ചിന്നക്കനാൽ റോഡ് കാണുമ്പോൾ മനസ്സിലാകും. മൂന്നാർ എഞ്ചിനീയറിങ് കോളേജ് കുന്നിനു മുകളിൽ തലയുയർത്തി നിൽപ്പുണ്ട്. പക്ഷെ, അതിനു ചുറ്റും മണ്ണിടിഞ്ഞ് ഭീകരാവസ്ഥയാണ്.

മാട്ടുപ്പെട്ടി റോഡിൽ അത്രയധികം പ്രളയക്കെടുതികൾ കണ്ടില്ല. തേയിലത്തോട്ടങ്ങളുടെ വശ്യത അതേപടിയുണ്ട്. കൂടുതൽ പച്ചപ്പണിഞ്ഞ് സുന്ദരിയായിട്ടുണ്ടെന്നു മാത്രം. ഫോട്ടോഗ്രാഫർ ലാലുവിന്റെ ഓരോ ഫ്രെയിമിലും ഹരിതാഭ കൂടുകൂട്ടിയിരിക്കുന്നു. ‘ഓരോ ഇഞ്ചും ഓരോ ഫ്രെയിമാണ്’- ലാലു പറഞ്ഞു. സത്യമാണ് ലോകത്തിലൊരിടത്തും തേയിലത്തോട്ടങ്ങൾക്ക് ഈ ചാരുതയില്ല എന്ന് എനിക്ക് അനുഭവമുണ്ട്. ഹൈറേഞ്ചുകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഞാൻ ഏതു രാജ്യത്തുപോയാലും മല കയറാൻ പോകാറുണ്ട്. അവിടങ്ങളിലൊക്കെ തേയിലത്തോട്ടങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ, അവയ്‌ക്കൊന്നും മൂന്നാറിന്റെ ഭംഗിയില്ല എന്നു പറയാതിരിക്കാനാവില്ല.


മാട്ടുപ്പെട്ടി ഡാമിനോടടുത്തപ്പോൾ ഒരു ഹുങ്കാരശബ്ദം കേട്ടു. ഡാം തുറന്നിരിക്കുകയാണ്. പ്രളയകാലത്ത് ഡാം നിറഞ്ഞു കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നത്രേ. മാട്ടുപ്പെട്ടി – ടോപ് സ്റ്റേഷൻ റോഡെല്ലാം ദിവസങ്ങളോളം മുങ്ങിക്കിടന്നു. ഇപ്പോൾ ഷട്ടറുകളെല്ലാം തുറന്ന് വെള്ളം ഒഴുക്കി വിടുകയാണ്.
മഹീന്ദ്ര മരാസോയുടെ രജിസ്‌ട്രേഷൻ നമ്പർ എം എച്ച് ആയതുകൊണ്ട് മുംബൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഞങ്ങളെന്നു കരുതി എല്ലാവരും ഹിന്ദിയിലാണ് സംസാരം. മാട്ടുപ്പെട്ടി ഡാമിനരികിൽ മാങ്ങ ഉപ്പ് പുരുട്ടി വിൽക്കുന്ന വൃദ്ധ പറഞ്ഞു. ‘ബഹുത് അച്ഛാ ഹേ…’ ഞാൻ പറഞ്ഞു. ‘നഹീ.. മാങ്ങാ നഹീ ചാഹിയേ…” അമ്മച്ചി ഒന്നു ഞെട്ടി.. ഈ ഹിന്ദിക്കാരന് എങ്ങനെ ‘മാങ്ങ’ എന്ന വാക്ക് പഠിച്ചു!
മാട്ടുപ്പെട്ടി റിസർവോയറിന്റെ ഓരത്തു കൂടി മരാസോ നീങ്ങി. നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ജലാശയത്തിൽ ബോട്ടു സവാരിക്കാരായ വിനോദസഞ്ചാരികളുണ്ട്. റിസർവോയറിനപ്പുറം അകാശം മുട്ടെ പച്ചച്ചിരി ചിരിച്ച് സഹ്യപർവ്വതം ഉയർന്നു നിൽക്കുന്നു.
ഇക്കോ പോയിന്റിനു മുമ്പ് വലിയൊരു മലയിടിച്ചിൽ കണ്ടു, മല, റോഡും കടന്ന് തടാകത്തിലേക്ക് പതിച്ചിരിക്കുന്നു.


ഇക്കോപോയിന്റിൽ മരങ്ങൾക്കിടയിലൂടെ റിസർവോയറിന്റെ കരയിലേക്ക് വാഹനം ഇറക്കിയാലോ എന്ന് ചിന്തിച്ചു. ചെളി നിറഞ്ഞ ഒരു ചെരിവിലൂടെ വേണം താഴേയ്ക്കിറക്കാൻ. 200 മി.മീറ്ററിലധികം ഗ്രൗണ്ട് ക്ലിയറൻസുള്ള മരാസോയ്ക്ക് ഇതൊക്കെ ‘കല്ലിവല്ലി’ ഏർപ്പാടാണ് എന്നറിയാവുന്നതു കൊണ്ട് ഞാൻ ചെളിയിലൂടെ വാഹനം താഴെ എത്തിച്ചു. വിവാഹ വീഡിയോ ഷൂട്ടിങിനായി ഉത്തരേന്ത്യയിൽ നിന്നെത്തിയ വരനും വധുവും ഫോട്ടോഗ്രാഫർമാരും മലയിറങ്ങിയുള്ള മരാസോയുടെ വരവ് അത്ഭുതത്തോടെ നോക്കി നിന്നു.
പൈൻമരങ്ങളും നീലജലാശയവും സഹ്യപർവതവും ചേർന്നു സൃഷ്ടിക്കുന്ന പ്രകൃതിയുടെ ജുഗൽബന്ദി കണ്ട് കുറെ നേരം അവിടെ ചെലവഴിച്ചു. ഫോട്ടോകളെടുത്ത് ലാലുവിന് തൃപ്തിയായപ്പോൾ അവിടെ നിന്ന് കുണ്ടള ഡാം പരിസരത്തേക്ക് മരാസോ പാഞ്ഞു.


കുണ്ടള എത്തുന്നതിനു മുമ്പ്, എസ്റ്റേറ്റ് പാടിയ്ക്കിടയിലൂടെ അന്തംവിട്ട് കുത്തനെയിറങ്ങുന്ന ഒരു റോഡുണ്ട്. മുമ്പൊരിക്കൽ ഒരു വാഹനവുമായി ഞാൻ അതിലെ പോയിട്ടുണ്ട്. ആ വഴിയിലൂടെ സാധാരണ ഗതിയിൽ ഫോർവീൽ ഡ്രൈവ് ഓഫ് റോഡ് വാഹനങ്ങളേ പോകാറുള്ളൂ. എന്നാൽ മരാസോയുടെ സ്വഭാവ വിശേഷതകൾ മൂലം ഞാൻ ധൈര്യമായി ഇറക്കം ഇറങ്ങാൻ തുടങ്ങി.
‘കൂളായി’ മരാസോ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് പാതയിലൂടെ കുത്തിറക്കം താണ്ടി. കാട്ടുവഴികളിലൂടെ കുറേ ഓടിയപ്പോൾ മാട്ടുപ്പെട്ടി റിസർവോയറിന്റെ മറുകരയിലെത്തി. ഇവിടെ മരങ്ങൾക്കിടയിലൂടെ താഴേക്ക് ഇറങ്ങിയാൽ തടാകക്കരയിലെ വലിയ പുൽമൈതാനത്തിലെത്താം.
മരാസോയെ തടാകക്കരയിലെ പുൽമൈതാനത്തു കിട്ടിയപ്പോൾ ലാലുവിലെ ഫോട്ടോഗ്രാഫർ തുള്ളിച്ചാടി. പിന്നെ രണ്ടുമണിക്കൂറോളം ഫോട്ടോസെഷൻ. മരാസോ മടിയേതുമില്ലാതെ പല തരത്തിൽ പോസു ചെയ്തു.


സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിയായി, വിശപ്പ് ആളിക്കത്തി. കുണ്ടള ഡാമിനരികിലെ ഹോട്ടലിൽ നിന്ന് നല്ല ഊണു കഴിച്ചു. അയല ഫ്രൈയും ഓർഡർ ചെയ്‌തെങ്കിലും എന്നാണ് മരിച്ചത് എന്ന് ചോദിച്ചിട്ട് അയലയ്ക്കു പോലും ഓർമ്മയില്ലാത്ത സ്ഥിതിക്ക് അത് കഴിക്കേണ്ടെന്നു വെച്ചു. അല്ലെങ്കിലും ഈ മലമുകളിൽ ഫിഷ്‌ഫ്രൈ ഓർഡർ ചെയ്ത ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ!
തിരികെ ചിന്നക്കനാൽ വഴി, ഏലപ്പാറ, കട്ടപ്പന, കുട്ടിക്കാനം താണ്ടി കോട്ടയത്തുകൂടി എറണാകുളത്തെത്താനാണ് പദ്ധതിയിട്ടതെങ്കിലും മൂന്നുമണിയോടെ മഴ തുടങ്ങി. അതിനിടെ ഓഫീസിൽ നിന്ന് ബിന്ദുരാജിന്റെ ഫോൺ: ‘നാലഞ്ചു ദിവസത്തേക്ക് കൊടും മഴയായിരിക്കുമെന്നും മൂന്നാർ യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറയുന്നു:’
കേട്ടപാതി, കേൾക്കാത്ത പാതി മരാസോയുമായി ജീവനും കൊണ്ട് ഞങ്ങൾ വന്നവഴി തന്നെ എറണാകുളത്തേക്ക് പാഞ്ഞു…$

COPYRIGHT: Smartdrive October 2018

 

1 Comment

 1. Frank says:

  It’s appropriate time to make some plans for the future
  and it is time to be happy. I have read this post
  and if I could I want to suggest you few interesting things or tips.
  Maybe you can write next articles referring to this article.
  I wish to read even more things about it! Thank you for the good
  writeup. It in fact was a amusement account it.
  Look advanced to more added agreeable from you!
  By the way, how could we communicate? It is the
  best time to make some plans for the future and it is time to be happy.

  I have read this post and if I could I desire to suggest you few interesting
  things or suggestions. Perhaps you can write next articles referring to this article.
  I wish to read even more things about it! http://cspan.org

Leave a Reply

Your email address will not be published. Required fields are marked *