സൂപ്പർകാറുകളുടെ ദേവത!
May 6, 2021
നാളെയുടേത് ഹൈഡ്രജൻ കാറുകൾ !
May 6, 2021

ഡിഫൻഡറിൽ ഒരു നിശ്ശബ്ദ പ്രതിഷേധം

ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും വഹിച്ചുകൊണ്ട് അദ്ദേഹം രൂപകൽപന ചെയ്ത ലാൻഡ് റോവർ ഡിഫൻഡർ 2021 ഏപ്രിൽ 17-ന് അന്ത്യയാത്രയിൽ

രാജകുമാരന്റെ നിറവേറാതെ പോയ മോഹങ്ങളുടെ ശവമഞ്ചമായിരുന്നു മിലിട്ടറി ഗ്രീൻ നിറമുള്ള ആ ലാൻഡ് റോവർ ഡിഫൻഡർ. രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായ ബെന്റ്‌ലിക്കു മുന്നേ അത് ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവുമായി നീങ്ങിയപ്പോൾ രാജകീയതയ്‌ക്കെതിരെ ഒരു സൈനികന്റെ ഒരു നിശ്ശബ്ദ പ്രതിഷേധമായി അത് മാറി.

ജെ ബിന്ദുരാജ്

രാജാക്കന്മാരോടും രാജകീയതയോടും ഒട്ടും തന്നെ പ്രതിപത്തിയില്ലാത്ത ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ ഈ ജനാധിപത്യ കാലത്തും തങ്ങളുടെ പഴയ രാജകീയത ആഘോഷിച്ചും രാജകുടുംബത്തോടുള്ള വിധേയത്വം പ്രകടമാക്കിയും നിലകൊള്ളുന്ന ബ്രിട്ടനോട് എനിക്ക് തെല്ലും താൽപര്യവുമില്ല. എന്നിരുന്നാലും 2021 ഏപ്രിൽ 17ന് ഫിലിപ്പ് രാജകുമാരന്റെ മൃതദേഹവും വഹിച്ചുകൊണ്ട്, അദ്ദേഹം തന്നെ പ്രത്യേകം ആവശ്യപ്പെട്ട് കസ്റ്റമൈസ് ചെയ്ത ലാൻഡ്‌റോവർ ഡിഫൻഡർ ടിഡി5 130 ബക്കിങ്ഹാം പാലസിൽ നിന്നും വിൻഡ്‌സോർ കാസിലിലെ സെന്റ് ജോർജ് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ ബിബിസി ചാനൽ കാണാതിരിക്കാൻ എനിക്കായില്ല. 99-ാം വയസ്സിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭർതൃപദം 74 വർഷമായി വഹിച്ചിരുന്ന ഫിലിപ്പ് രാജകുമാരൻ മരണപ്പെട്ടത്. തന്റെ 82-ാം വയസ്സിലാണ് തന്റെ അന്ത്യയാത്രയ്ക്കായി ലാൻഡ് റോവറിനോട് താൻ ആവശ്യപ്പെട്ട പ്രകാരമുള്ള ഒരു ശവമഞ്ചം നിർമ്മിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നത്. പതിനാറു വർഷം മുമ്പ്. എന്തുകൊണ്ട് ലാൻഡ് റോവർ എന്നു ചോദിച്ചേക്കാം നിങ്ങൾ. സംശയിക്കേണ്ട, ലാൻഡ് റോവർ വാഹനങ്ങളോടുള്ള ഫിലിപ്പ് രാജകുമാരന്റെ അകമഴിഞ്ഞ പ്രണയം തന്നെയായിരുന്നു ശവമഞ്ചം പോലും ലാൻഡ് റോവർ ആക്കി മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഫിലിപ്പ് രാജകുമാരൻ രൂപകൽപന ചെയ്ത ഡിഫൻഡർ ശവമഞ്ചം

കഴിഞ്ഞ 74 വർഷമായി തന്റെ ജീവിതാഭിലാഷങ്ങളെല്ലാം ഒരു പ്രണയ വിവാഹത്തിന്റെ പേരിൽ ഒരു രാജകുടുംബത്തിനായി പണയം വച്ചെങ്കിലും മരണം വരെ ലാൻഡ് റോവറിനോടുള്ള പ്രണയത്തിൽ ഫിലിപ്പ് രാജകുമാരൻ അടിയുറച്ചു തന്നെ നിന്നു. ഒരു വാഹനബ്രാൻഡിനോടുള്ള വാഹനപ്രേമിയുടെ പ്രണയം എത്രത്തോളം വരെ പോകുമെന്നതിന്റെ കാഴ്ചകളാണ് ഞാൻ ചാനലിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ലാൻഡ്‌റോവർ ശവമഞ്ചത്തെ രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായ ബെന്റ്‌ലിയും അതിൽ എലിസബത്ത് രാജ്ഞിയും അനുഗമിക്കുന്നുണ്ടായിരുന്നുവെങ്കിലും എന്റെ മനസ്സ് ഫിലിപ്പ് രാജകുമാരനും ലാൻഡ് റോവർ ഡിഫൻഡറിനുമൊപ്പം തന്നെയായിരുന്നു.

ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും ലാൻഡ്‌റോവർ ഡിഫൻഡറിൽ വെയിൽസ് സന്ദർശനത്തിൽ

2003ലാണ് ഫിലിപ്പ് രാജകുമാരൻ ലാൻഡ് റോവറിനോട് തന്റെ അന്ത്യയാത്രയ്ക്കായുള്ള ശവമഞ്ചം ലാൻഡ് റോവർ ഡിഫൻഡർ ടിഡി5 130 കസ്റ്റമൈസ് ചെയ്ത് നിർമ്മിക്കാൻ ആവശ്യപ്പെടുന്നത്. ഡിഫൻഡറിന്റെ പിൻഭാഗം തുറന്ന രീതിയിൽ സജ്ജീകരിക്കാനും അവിടെ തന്റെ ശവപ്പെട്ടി അനക്കമില്ലാതെ ഘടിപ്പിക്കാൻ റബ്ബർ ഹുക്കുകൾ ഘടിപ്പിക്കാനുമായിരുന്നു ഫിലിപ്പിന്റെ ഒരു നിർദ്ദേശം. രണ്ടാമത്തെ നിർദ്ദേശം വിവാഹത്തിലൂടെ തനിക്ക് നഷ്ടപ്പെട്ട തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. റോയൽ നേവിയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് മികച്ച ഒരു സൈനികനായി പേരെടുത്ത ഫിലിപ്പിന് വിവാഹശേഷവും സൈനികനായി തന്നെ തുടരാനായിരുന്നു താൽപര്യമെങ്കിലും എലിസബത്തിന്റെ പിതാവും ബ്രിട്ടീഷ് രാജാവുമായിരുന്ന എഡ്വേർഡ് ആറാമൻ 56-ാം വയസ്സിൽ മരണപ്പെട്ടതോടെ, ബ്രിട്ടീഷ് രാജ്ഞിയായി മാറ്റപ്പെട്ട തന്റെ ഭാര്യ എലിസബത്തിന്റെ ഭർത്താവ് എന്ന നിലയിൽ രാജകുടുംബത്തിലെ കാര്യങ്ങൾ നോക്കി നടത്താൻ ഫിലിപ്പ് നിയോഗിക്കപ്പെടുകയായിരുന്നു. സൈനികജീവിതമെന്ന അഭിലാഷത്തോട് അതോടെ ഫിലിപ്പിന് വിട പറയേണ്ടതായി വന്നു. അതുകൊണ്ടു തന്നെ, തന്റെ അന്ത്യയാത്രയെങ്കിലും പല സൈനിക ലാൻഡ് റോവറുകൾക്കുമുള്ള, ഡാർക്ക് ബ്രൗൺ ഗ്രീൻ മിലിട്ടറി നിറമുള്ള വാഹനത്തിലായിരിക്കണമെന്ന് ഫിലിപ്പ് ആഗ്രഹിച്ചു. രാജ്ഞിയുടെ ഭർതൃപദം അലങ്കരിച്ചിരുന്ന ഒരാൾ തന്റെ അവസാന നാളുകളിലും സൈനികനായാണ് ജീവിക്കാൻ ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തം. മിലിട്ടറി ഗ്രീൻ നിറമുള്ള ആ വാഹനം ഫിലിപ്പിനേയും വഹിച്ചുകൊണ്ട് നീങ്ങിയപ്പോൾ ബ്രിട്ടീഷ് രാജവംശത്തോടുള്ള, ഒരു രാജകുടുംബാംഗത്തിന്റെ നിശ്ശബ്ദവും എന്നാൽ ശക്തവുമായ ഒരു പ്രതിഷേധവുമായി അത് മാറിയെന്നതാണ് സത്യം.

ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും 1963-ൽ ഫിജി സന്ദർശിച്ചപ്പോൾ ലാൻഡ് റോവർ ഡിഫൻഡറിൽ സഞ്ചരിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ലാൻഡ്‌റോവറിന്റെ സോളിഹള്ളിലുള്ള ഫാക്ടറിയിലാണ് കഴിഞ്ഞ പതിനാറു വർഷമായി ഈ ശവമഞ്ചം നിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നത്. 2019ൽ ഫിലിപ്പിന് 98 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഈ വാഹനത്തിലെ അവസാനഘട്ട മാറ്റങ്ങൾ നിർദ്ദേശിച്ചത്. ഡിഫൻഡറിന്റെ വീലുകൾക്കും മിലിട്ടറി ഗ്രീൻ നിറം തന്നെ നൽകാനായി രുന്നു അത്. കഴിഞ്ഞ നാൽപതു വർഷത്തോളമായി ലാൻഡ്‌റോവർ വാഹനങ്ങളോടുള്ള ഫിലിപ്പിന്റെ പ്രണയം തുടങ്ങിയിട്ട്. രാജകുടുംബത്തിന്റെ ചില ഔദ്യോഗിക പരിപാടികളിൽ പോലും രാജ്ഞിയ്‌ക്കൊപ്പം സഞ്ചരിക്കാൻ ഫിലിപ്പ് ഒരുക്കിയത് മോഡിഫൈ ചെയ്ത റേഞ്ച് റോവറുകളും ലാൻഡ് റോവറുകളുമായിരുന്നുവെന്നത് ആ പ്രണയത്തിന്റെ ബാക്കിപത്രം മാത്രം.

ഫിലിപ്പും എലിസബത്തും വിവാഹത്തിന് തൊട്ടുമുമ്പ് 1947-ൽ

ബ്രിട്ടീഷ് നേവൽ അക്കാദമിയിലെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്ന ഫിലിപ്പിനെ, 1937ൽ അവിടം സന്ദർശിക്കവേ, തന്റെ മക്കളായ എലിസബത്തിന്റേയും മാർഗറെറ്റിന്റേയും കളിക്കൂട്ടുകാരനാകാൻ രാജാവ് എഡ്വേർഡ് ആറാമൻ നേരിട്ട് ക്ഷണിക്കുകയായിരുന്നു. അന്ന് പതിമൂന്നുകാരിയായിരുന്ന എലിസബത്തുമായി ഫിലിപ്പ് അടുത്തു. എലിസബത്തിന്റെ കിടപ്പുമുറിയിലെ ഡ്രസ്സിങ് ടേബിളിൽ ഫിലിപ്പിന്റെ ഫോട്ടോ കണ്ടെത്തപ്പെട്ടതോടെയാണ് പ്രണയം പപ്പരാസികൾ പരസ്യപ്പെടുത്തുന്നതും രാജാവ് വിവാഹത്തിന് സമ്മതം മൂളുന്നതും.

ഒരു രാജകുമാരന്റെ അന്ത്യയാത്ര എന്നതിലുപരിയായി ഒരു സൈനികനായ വാഹനപ്രേമിയുടെ നിറവേറാതെ പോയ മോഹങ്ങളുടെ ശവമഞ്ചമായി വെറുതെയല്ല, ആ ലാൻഡ് റോവർ ഡിഫൻഡറിനെ ഞാൻ കാണുന്നത്. ബെന്റ്‌ലി, ലാൻഡ് റോവറിനെ പിന്തുടരുന്ന ആ കാഴ്ചയുണ്ടല്ലോ, അതിൽ കാവ്യനീതി കണ്ടെത്തുന്ന ഒരു സിനിക്കായി ഞാൻ മാറിയിരിക്കുന്നുവെന്നു തോന്നുന്നു$

സ്മാർട്ട് ഡ്രൈവ് മാഗസീന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്‌

Leave a Reply

Your email address will not be published. Required fields are marked *

shares