താരയുടെ സ്വന്തം താർ…
May 4, 2021
സൂപ്പർബിലെ സൂപ്പർബ് സഞ്ചാരക്കഥകൾ
May 4, 2021

ഫോക്‌സ് വാഗൺ ടിറോക്കിൽ ഒരു ഡോക്ടറുടെ യാത്രകൾ

ഡോ. ടോണി കവലക്കാട്ട് തന്റെ ഫോക്‌സ്‌വാഗൺ ടിറോക്കിനൊപ്പം

കോഴിക്കോട്ടെ പ്രമുഖ ഓർത്തോപീഡിയാക് സർജനായ ഡോക്ടർ ടോണി കവലക്കാട്ട് തന്റെ യാത്രകൾ സുരക്ഷിതമായിരിക്കണമെന്ന കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. ഫോക്‌സ് വാഗൺ ടിറോക്കിന്റെ സുരക്ഷിതത്വത്തേയും കംഫർട്ടിനേയും പറ്റി പറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: വി പി പ്രവീൺകുമാർ

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ ഓർത്തോപീഡിയാക് സർജനാണ് ഡോക്ടർ ടോണി കവലക്കാട്ട്. അസ്ഥിചികിത്സാരംഗത്ത് മുപ്പതു വർഷത്തിലധികം പാരമ്പര്യമുള്ള അദ്ദേഹം ഇക്കാലയളവിൽ വാഹനാപകടങ്ങളിൽപ്പെട്ട നിരവധി പേരെയാണ് ചികിത്സിച്ചിട്ടുള്ളത്. സുരക്ഷിതമല്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റി നേരിട്ടറിവുള്ളതിനാൽ തനിക്ക് സഞ്ചരിക്കാ നായി അദ്ദേഹം എപ്പോഴും തെരഞ്ഞെടുക്കാറുള്ളത് ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ തന്നെയാണ്. ഏതൊരു വാഹനമെടുക്കുമ്പോഴും ആ വാഹനത്തിന്റെ സുരക്ഷാഫീച്ചറുകൾ എല്ലാം തന്നെ നന്നായി പഠിക്കുക ഡോക്ടറുടെ പതിവാണ്. ഡോക്ടറുടെ മകൻ കെവിൻ കവലക്കാട്ട് ആകട്ടെ ഒരു തികഞ്ഞ വാഹനപ്രേമി കൂടിയായതിനാൽ പലപ്പോഴും ഒട്ടുമിക്ക വാഹനങ്ങളുടെ സുരക്ഷാ ഫീച്ചറുകളും കംഫർട്ടുമൊക്കെ തീൻമേശയിലടക്കം ചർച്ചകൾക്ക് വഴിവയ്ക്കാറുമുണ്ട്.

ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഇത്രത്തോളം ശ്രദ്ധ പതിപ്പിക്കുന്ന ഡോക്ടർ ടോണി കവലക്കാട്ടിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് ഈയിടെ അതീവ സുരക്ഷിതവും മികച്ച ഡ്രൈവിങ് കംഫർട്ടുമൊക്കെയുള്ള ഒരു വാഹനം എത്തി. ഫോക്‌സ് വാഗൺ ടിറോക്ക്. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനിയെന്ന് പേരെടുത്ത ഫോക്‌സ് വാഗൺ കുടുംബത്തിൽ നിന്നുള്ള ടിറോക്കിന്റെ വരവ് തന്റെ ജീവിതം കൂടുതൽ സുരക്ഷിതമാക്കിയെന്ന് പറയുന്നതിൽ ഡോക്ടർക്ക് തെല്ലും മടിയില്ല.

“ഏതാനും മാസങ്ങൾക്കു മുമ്പാണ് ഞാൻ ഫോക്‌സ്‌വാഗൺ ടിറോക്ക് വാങ്ങിയത്. നിലവിൽ സ്‌കോഡ ലോറ, ഫോക്‌സ് വാഗൺ പോളോ ജിടി, ബി എം ഡബ്ല്യു 5 സീരിസ് എന്നിങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന എനിക്ക് സുരക്ഷിതമായ മറ്റൊരു എസ് യു വി കൂടി വേണമെന്ന് തോന്നിയതിനാലാണ് ടിറോക്ക് വാങ്ങിയത്. നല്ല ബിൽഡ് ക്വാളിറ്റിയും മികച്ച പെർഫോമൻസും സൗകര്യപ്രദമായ യാത്രയും സാധ്യമാക്കുന്ന വാഹനമെന്ന നിലയ്ക്ക് വിലയ്‌ക്കൊത്ത മൂല്യം തന്നെയാണ് ഫോക്‌സ് വാഗൺ ടിറോക്ക് എനിക്ക് സമ്മാനിക്കുന്നത്,” ഡോക്ടർ ടോണി കവലക്കാട്ട് സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ ചാലക്കുടി സ്വദേശിയായ ഡോക്ടർ കഴിഞ്ഞ 30 വർഷത്തിലേറെയായി വിവിധ വാഹനങ്ങൾ ഉപയോഗിച്ചുപോരുന്നതിനാൽ എല്ലാ വാഹനങ്ങളുടേയും പ്ലസ് പോയിന്റുകളും ദൗർബല്യങ്ങളുമൊക്കെ നന്നായി അറിയുകയും ചെയ്യാം.

1.5 ലിറ്റർ ടിഎസ്‌ഐ ഇവോ പെട്രോൾ എഞ്ചിനാണ് ടിറോക്കിനെ ചലിപ്പിക്കുന്നത്. ഇന്റലിജന്റ് ആക്ടീവ് സിലിണ്ടർ ടെക്‌നോളജിയുള്ളതിനാൽ വാഹനത്തിന്റെ ഡ്രൈവിങ് പാറ്റേൺ മനസ്സിലാക്കി നാലു സിലിണ്ടറുകളിൽ രണ്ടെണ്ണം ആക്ടിവേറ്റ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുന്നതിനാൽ ഇന്ധനക്ഷമത വാഹനത്തിന് വർധിക്കുന്നുമുണ്ട്. 5000 ആർ പി എമ്മിൽ 148 ബി എച്ച് പി കരുത്തും 1500 ആർ പി എമ്മിൽ 250 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന ടിറോക്കിന് 18 കിലോമീറ്ററാണ് എആർഎഐ പറയുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് വാഹനത്തിന് മാനുവൽ ഓവർറൈഡും പാഡിൽ ഷിഫ്റ്റും സ്‌പോർട്‌സ് മോഡുമുണ്ട്.

”വാഹനം പൊതുവേ സ്വയം ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ ടിറോക്കിൽ ഞാൻ നൂറു ശതമാനവും തൃപ്തനാണ്. ദീർഘദൂരയാത്രകളിൽ പോലും യാതൊരു അലോസരതയും എനിക്ക് അനുഭവപ്പെടാറുമില്ല. മികച്ച എയർ കണ്ടീഷനിങ് സംവിധാനമുണ്ടെന്നതിനു പുറമേ, പനോരമിക് സൺറൂഫും യാത്രയെ ജീവസുറ്റതാക്കുന്നുണ്ട്,’ ഡോക്ടർ ടോണി കവലക്കാട്ടിന് ടിറോക്കിനെപ്പറ്റി പറയാൻ നല്ലതേയുള്ളു. ടു സോൺ ക്ലൈമട്രോണിക്‌സ് എസിയാണ് വാഹനത്തിനുള്ളതെന്നതിനാൽ വാഹനത്തിനുള്ളിൽ രണ്ട് വ്യക്തിഗത താപനില സെറ്റ് ചെയ്യാനായി സാധിക്കുകയും ചെയ്യും. ‘നിശ്ശബ്ദനായ ഒരു പോരാളിയാണ് ടി റോക്കിന്റെ എഞ്ചിൻ. കാർ പോർച്ചിലേക്ക് വാഹനം എത്തുന്നത് വീട്ടിലുള്ളവരാരും അറിയാറില്ലെന്നതാണ് വാസ്തവം. അത്രയ്ക്ക് സൈലന്റ് ആണത്.’

പക്ഷേ എന്തിനേക്കാളുമുപരിയായി സുരക്ഷിതത്വത്തിനു തന്നെയാണ് ഫോക്‌സ് വാഗൺ ടിറോക്കിൽ ഡോക്ടർ നൂറു മാർക്ക് നൽകുന്നത്. ‘ബ്രേക്കിങ്ങിന്റെ കാര്യത്തിൽ ടിറോക്ക് ശരിക്കുമൊരു അത്ഭുതം തന്നെയാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ടിറോക്കിലുള്ളത്. ഇതിനു പുറമേ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷ്ൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ടയർ പ്രഷർ മോണിട്ടറിങ് സംവിധാനവും പ്രധാനം തന്നെ. ഇതിനെല്ലാം പുറമേ ആറ് എയർ ബാഗുകളുടെ സുരക്ഷയും ടിറോക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്,’ ഡോക്ടർ ടോണി കവലക്കാട്ട് പറയുന്നു. “ഓട്ടോഗിയർഷിഫ്റ്റ് ഗംഭീരമാണ്. ഷിഫ്റ്റിനിടയിൽ ചെറിയൊരു ലാഗ് പോലും അനുഭവപ്പെടുന്നില്ല. സ്മൂത്ത് സ്റ്റീയറിങ്ങാണെന്നതും വാഹനത്തിന് നല്ല സ്‌റ്റൈബിറ്റിയുണ്ടെന്നതും പറയാതിരിക്കാനാകില്ല. ഡ്രൈവിങ് അനായാസകരമാക്കി മാറ്റാൻ അത് സഹായിക്കുന്നുണ്ട്.”

കോഴിക്കോട്ടു നിന്നും എറണാകുളത്തേക്കാണ് ഡോക്ടറുടെ പ്രധാന ദീർഘദൂര സഞ്ചാരങ്ങളിലൊന്ന്. ഡ്രൈവേഴ്‌സ് സീറ്റും ഫ്രണ്ട് പാസഞ്ചർ സീറ്റും പത്തുതരത്തിൽ മാനുവലായി അഡ്ജസ്റ്റ് ചെയ്യാനാകും ടിറോക്കിലെന്നതിനാൽ ശരിയായ പൊസിഷനിലിരുന്ന് വാഹനം ഓടിക്കാനും സാധിക്കും. ഓർത്തോപീഡിയാക് സർജനായതിനാൽ സ്വാഭാവികമായും ശരീരത്തിന് ദോഷകരമല്ലാത്ത ഡ്രൈവിങ് പൊസിഷനുകളെപ്പറ്റിയെല്ലാം ഡോക്ടർക്ക് നന്നായി അറിയുകയും ചെയ്യും. മുന്നിലുള്ള സീറ്റുകൾ വെന്റിലേറ്റഡ് ആയതിനാൽ ചൂട് അനുഭവപ്പെടുകയുമില്ല.

4234 എംഎം നീളവും 1819 എംഎം വീതിയും 1573 എംഎം ഉയരവുമുള്ള ടിറോക്കിന് 2590 എംഎം വീൽബേയ്‌സുള്ളതിനാൽ ധാരാളം സ്‌പേസും യാത്രികർക്ക് ലഭിക്കും. കേരളത്തിലെ നിരത്തുകൾ പലതും അത്ര നല്ല നിലവാരത്തിലുള്ളതല്ലെങ്കിലും ടിറോക്കിലുള്ള സഞ്ചാരത്തിൽ സസ്‌പെൻഷന്റെ മികവു മൂലം അകത്തേക്ക് ചാട്ടങ്ങളൊന്നും അറിയാറില്ലെന്ന് ഡോക്ടർ പറയുന്നു. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ഇൻഡിപെൻഡന്റ് സസ്‌പെൻഷനും പിന്നിൽ പ്രത്യേകം സ്പ്രിങ്ങും ഷോക്ക് അബ്‌സോർബറുമുള്ള ട്വിസ്റ്റ് ബീം ആക്‌സിലുമാണ് ടിറോക്കിലുള്ളത്. 445 ലിറ്റർ ബൂട്ട് സ്‌പേസുള്ളതിനാൽ ദീർഘയാത്രകളിൽ ധാരാളം ലഗേജുകൾ ടിറോക്കിൽ വയ്ക്കാനുമാകും. ഇതിനു പുറമേ, മുന്നിലും പിന്നിലും കപ് ഹോള്ഡറുകളും ഡ്രൈവർ ആംറെസ്റ്റ് സ്റ്റോറേജും കൂൾഡ് ഗ്ലോബോക്‌സും സൺ ഗ്ലാസ് ഹോൾഡറുമൊക്കെ വേറെ നൽകിയിട്ടുമുണ്ട്. പുതിയകാലത്ത് ആവശ്യമായതൊക്കെയും ടിറോക്കിലുണ്ടെന്ന കാര്യത്തിൽ ഡോക്ടർക്ക് സംശയമില്ല.

പല വിലകൂടിയ ജർമ്മൻ ആഡംബര വാഹനങ്ങളും നൽകുന്ന ഫീച്ചറുകളൊക്കെ തന്നെയും ടിറോക്കും നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കറുകൾ, ജി പിഎസ് നാവിഗേഷൻ, യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റബിലിറ്റി, എന്നിവയ്ക്കു പുറമേ, എംപി 3 പ്ലേബാക്കും സിഡി പ്ലേയറും ഡിവിഡി പ്ലേബാക്കും റേഡിയോയുമൊക്കെയുണ്ട്. സ്റ്റീയറിങ് മൗണ്ടഡഡ് കൺട്രോളുകൾ ഉള്ളതിനാൽ ഡ്രൈവിങ്ങിനിടയിൽ തന്നെ അനായാസേന മറ്റു പല കാര്യങ്ങളും ചെയ്യാനുമാകും. ‘ടിറോക്കിൽ മാനുവൽ സീറ്റ് അഡ്ജസ്റ്റ്‌മെന്റിനു പകരം ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്‌മെന്റ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാണ് എന്റെ ഏക പരാതി,’ ഡോക്ടർ ടോണി കവലക്കാട്ട് തുറന്നുപറയുന്നു.

ഫ്‌ളാഷ് റെഡ്, കുർക്കുമ യെല്ലോ, പ്യുവർ വൈറ്റ്, ഇൻഡിയം ഗ്രേ, രവീണ ബ്ലൂ എന്നിങ്ങനെയുള്ള നിറങ്ങളിൽ ടിറോക്ക് വിപണിയിലുണ്ട്. കുർക്കുമ യെല്ലോ ആണ് ഡോക്ടറുടെ ടിറോക്കിന്റെ നിറം. സ്‌റ്റൈലിങ്ങിന്റെ കാര്യത്തിൽ മറ്റെല്ലാ ഫോക്‌സ് വാഗൺ കാറുകളുമെന്നപോലെ തന്നെ ടിറോക്കും മുന്നിൽ തന്നെയാണെന്നാണ് ഡോക്ടറുടെ പക്ഷം. ജർമ്മൻ കാറുകളോട് പ്രത്യേക താൽപര്യം തന്നെയുള്ള ഡോക്ടർ ടോണി ഇപ്പോൾ തന്റെ എല്ലാ സഞ്ചാരങ്ങളും ടിറോക്കിലേക്ക് മാറ്റിയെന്നത് തന്നെ ഫോക്‌സ് വാഗണ് ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണെന്ന് വ്യക്തം$

Leave a Reply

Your email address will not be published. Required fields are marked *

shares