Test ride: TVS iQube
August 24, 2021
Test Ride: Royal Enfield Continental GT 650
August 24, 2021

പൊതുജനം കഴുത!

എന്തിനും ഏതിനും ജനങ്ങൾ നികുതിയും പിഴയും നൽകുക എന്ന രീതിയാണ് സർക്കാർ അവലംബിക്കുന്നത്. കോവിഡിന്റെ, ആക്രമണം തകർത്ത ജീവിതം കൂടുതൽ ദുഃസ്സഹമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. നമ്മൾ കഴുതകളെപ്പോലെ എല്ലാം സഹിക്കുന്നു, ചുമക്കുന്നു.

ബൈജു എൻ നായർ

കോവിഡ് കാരണം ഗതിമുട്ടിയ അവസ്ഥയിലാണ് ജനം. വീടിനു പുറത്തിറങ്ങാൻ പറ്റാതായിട്ട് ഒന്നര വർഷം പിന്നിടുന്നു. ജോലി നഷ്ടപ്പെടുകയോ ജോലി ഓൺലൈനായി മാറുകയോ ചെയ്തവർ നിരവധി. ഗൾഫിൽ നിന്നും ലീവിനു വന്നവർ തിരിച്ചു പോകാനാവാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. ജോലി തന്നെ നഷ്ടപ്പെട്ടവരും നിരവധി. ഇതിനിടെയാണ് രൂക്ഷമായ വിലക്കയറ്റം. തൊട്ടതിനും പിടിച്ചതിനുമെല്ലാം വില കത്തിക്കയറി നിൽക്കുന്നു. പട്ടിണിമരണങ്ങളും നിരാശ മൂത്തുള്ള മരണങ്ങളും ദിവസേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നു.


ഈ വിഷമാവസ്ഥയിലും ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുകയാണ് നമ്മൾ തന്നെ ജയിപ്പിച്ചു വിട്ട സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ മിക്കവയും കോവിഡ് നിയന്ത്രിച്ച്, വാതിലുകൾ തുറന്നിട്ടു കഴിഞ്ഞു. കേരളത്തിലാകട്ടെ, പുറത്തിറങ്ങിയാൽ പോലീസ് പിഴയിടുന്ന അവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കുന്നില്ല. എറണാകുളം പോലെയുള്ള സ്ഥലങ്ങളിൽ വാഹന ഡീലർഷോപ്പുകൾ തുറക്കാൻ ആഴ്ചയിൽ ഒരിക്കലാണ് അനുമതി.

എല്ലാം നമ്മുടെ വിധി എന്നു കരുതി സമാധാനിക്കുന്നതിനു മുമ്പ് വാഹന ഉടമകൾ, അവരുടെ തലയിൽ പതിക്കുന്ന മറ്റൊരു ഇടിത്തീയെക്കുറിച്ചു കൂടി അറിയുന്നത് നന്നായിരിക്കും. അത് വാഹനങ്ങൾക്കു മേൽ സംസ്ഥാന സർക്കാർ ചുമത്തിയ 2 ശതമാനം അധിക നികുതിയാണ്. പ്രളയം, സാമ്പത്തിക പ്രതിസന്ധി എന്നൊക്കെയുള്ള കാരണങ്ങളാൽ റോഡ് ടാക്സ്, ജിഎസ്ടി എന്നിവയിൽ 2 ശതമാനം അധികനികുതി ചുമത്തിയിട്ട് കാലമേറെയായി. ഇതിൽ ജിഎസ്ടിയുടെ മേൽ ചുമത്തിയ ഒരു ശതമാനം അധികനികുതി ഈ മാസം അവസാനിച്ചു. എന്നാൽ റോഡ് നികുതിയിൽ ചുമത്തിയ ഒരു ശതമാനം അധിക നികുതി പിൻവലിക്കാതെ, അത് സ്ഥിരപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. ഉദാഹരണമായി 20 ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള വാഹനങ്ങളിൽ ചുമത്തിയിരുന്ന 20 ശതമാനം നികുതി 21 ശതമാനമായി തുടരും. പഴയ 20 ശതമാനത്തിലേക്ക് തിരിച്ചു പോകില്ല എന്നർത്ഥം.

ഇന്ത്യയിലേറ്റവുമധികം റോഡ് നികുതിയുള്ള സംസ്ഥാനം കേരളം ആണെന്നോർക്കണം. ആ ചീത്തപ്പേര് നിലനിൽക്കെത്തന്നെയാണ് അധികനികുതി ക്രമപ്പെടുത്തുക എന്ന അധികഭാരം കൂടി ജനങ്ങളുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. മിക്ക സ്ഥാപനങ്ങളിലും 10-12 ശതമാനമാണ് റോഡ് നികുതി. ഇവിടെയാകട്ടെ, 2 ലക്ഷം രൂപയിലധികം വിലയുള്ള ഇരുചക്രവാഹനങ്ങൾക്കു പോലും 21 ശതമാനമാണ് നികുതി. സാധാരണക്കാർ എങ്ങനെയെങ്കിലും ദിവസ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ചു വാങ്ങിക്കുന്ന ഇരുചക്രവാഹനങ്ങളുടെ നികുതി പോലും അത്രയും ഉയർന്നതാണ് എന്നറിയുക. പലവിലയുള്ള വാഹനങ്ങൾക്ക് പല സ്ലാബിൽ നികുതി ഈടാക്കുക എന്ന രീതിയാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് 2 ലക്ഷം രൂപ മാത്രം വിലവരുന്ന ബൈക്കുകളും ‘ആഢംബര’ ബൈക്കുകളുടെ ശ്രേണിയിലെത്തിപ്പെടുന്നത്. അതുപോലെ, 15 വർഷത്തെ നികുതി ഒരുമിച്ച് വാങ്ങുന്നതും ആശ്വാസകരമായ സംഗതിയല്ലെന്ന് വാഹനവിദഗ്ദ്ധർ പറയുന്നു. ആദ്യത്തെ 2-5 വർഷത്തെ നികുതി മാത്രം ഒരുമിച്ചു വാങ്ങുന്ന രീതി നിലവിൽ വന്നാൽ ജനങ്ങളുടെ മേലുള്ള ഭാരം കുറയും. ഇത്തരത്തിലുള്ള നിയമങ്ങൾ മൂലം പലരും വാഹനം വാങ്ങുന്നതിൽ നിന്നും പിൻമാറുകയാണ്.

ഉദാഹരണമായി നാലോ അഞ്ചോ വർഷം മാത്രം ഉപയോഗിക്കാനായി വാഹനം വാങ്ങുന്ന ഒരാൾ, താനെന്തിനാണ് 15 വർഷത്തെ ടാക്സ് അടയ്ക്കുന്നതെന്ന് ചിന്തിച്ചാൽ കുറ്റംപറയാൻ പറ്റുമോ? അതുപോലെ ഇന്നോവ പോലെയുള്ള ഒരു വാഹനം കേരളത്തിൽ വാങ്ങുന്നതിനെക്കാൾ വലിയ
വിലക്കുറവ് കിട്ടും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങിയാൽ. കേരളത്തിൽ ജീവിക്കുന്ന ഒരാൾ അന്യസംസ്ഥാനത്തെ ഒരു അഡ്രസ് സംഘടിപ്പിച്ച്, അവിടെ വാഹനം വാങ്ങിയാൽ കുറ്റം പറയാൻ പറ്റുമോ?

ഇനി റീസെയിൽ വാല്യൂ നോക്കുക. കേരളത്തിൽ വൻവില കൊടുത്തു വാങ്ങുന്ന ഒരു വാഹനത്തിന് റിസെയ്ൽ വാല്യുവും സ്വാഭാവികമായും കൂടുതലാണ്. അതുകൊണ്ട് യൂസ്ഡ് കാറുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്നവരുടെ എണ്ണവും കൂടി വരുന്നു. ഇത് സംസ്ഥാനത്തിന് വലിയ വരുമാനനഷ്ടം ഉണ്ടാക്കുന്നുണ്ട്. കൂടാതെ, യൂസ്ഡ് കാർ വാങ്ങാനുള്ള മലയാളികളുടെ ആഗ്രഹത്തിന് തടയിടുകയും
ചെയ്യുന്നു.

ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന്മേൽ നികുതി ഭാരം കയറ്റിവെച്ച് സിംഗപ്പൂരിലെ അവസ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. ഇതിനെല്ലാം പുറമെ പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റും മറ്റും ചേർന്നു നടത്തുന്ന പരിശോധനകളുടെ ഭാരം വേറെയുമുണ്ട്. തൊട്ടതിനും പിടിച്ചതിനും പിഴ ഈടാക്കി, വാഹനം റോഡിലിറക്കാൻ പറ്റാത്ത അവസ്ഥ കൂടി സംജാതമായിരിക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്ന് നമുക്കെല്ലാം അറിയാം. വരുമാനമില്ല, അതുതന്നെ. എന്നാൽ അതിനായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കുക, വ്യവസായങ്ങൾ തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ചെയ്യേണ്ടത്.

അതൊന്നും ചെയ്യാതെ, ഇവിടെ നിലവിലുള്ള വ്യവസായികളെത്തന്നെ കെട്ടുകെട്ടിക്കുന്ന പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ട്, എന്തിനും ഏതിനും ജനങ്ങൾ നികുതിയും പിഴയും നൽകുക എന്ന രീതിയാണ് സർക്കാർ അവലംബിക്കുന്നത്. കോവിഡിന്റെ, ആക്രമണം തകർത്ത ജീവിതം കൂടുതൽ ദുഃസ്സഹമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. നമ്മൾ കഴുതകളെപ്പോലെ എല്ലാം സഹിക്കുന്നു, ചുമക്കുന്നു. പൊതുജനം കഴുത എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ എല്ലുമുറിയെ പണിത് നികുതിയും പിഴയും ഏമാന്മാർക്ക് നൽകി അകാലത്തിൽ അന്ത്യശ്വാസം വലിക്കുന്നു.
ഭരണപക്ഷം, പ്രതിപക്ഷം- എല്ലാവരും ജയിക്കട്ടെ, പൊതുജനം മാത്രം നടുവൊടിഞ്ഞ് മരിക്കട്ടെ…!$

സ്മാർട്ട് മാഗസീന്റെ ചീഫ് എഡിറ്ററാണ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *