ഡിഫൻഡറിൽ ഒരു നിശ്ശബ്ദ പ്രതിഷേധം
May 6, 2021
Test Ride: Ather 450X
May 6, 2021

നാളെയുടേത് ഹൈഡ്രജൻ കാറുകൾ !

ഇലക്ട്രിക് കാർ ഓടുമ്പോൾ യാതൊരു മലിനീകരണവുമില്ലെങ്കിലും അവ ഓടിത്തുടങ്ങുന്നതിനു മുമ്പേ, പെട്രോൾ/ഡീസൽ കാറുകളെക്കാൾ മാലിന്യം പുറന്തള്ളുന്നുണ്ട് എന്നതാണ് പച്ചപ്പരമാർത്ഥം. ഈയൊരു സാഹചര്യത്തിലാണ് ഹൈഡ്രജൻ കാറുകളുടെ പ്രസക്തി വർദ്ധിക്കുന്നത്.

ബൈജു എൻ നായർ

ഞാനൊരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. ഇനി പെട്രോൾ/ഡീസൽ എഞ്ചിൻ കാർ വാങ്ങുന്നത് ബുദ്ധിയാണോ? ഇലക്ട്രിക് യുഗമല്ലേ വരാൻ പോകുന്നത്? ഈയിടെയായി പലരും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് പിൻബലം നൽകുന്ന രീതിയിൽ ടാറ്റ നെക്‌സോൺ പോലെയുള്ള മോഡലുകളുടെ വില്പന വർദ്ധിക്കുന്നുമുണ്ട്. എന്നാൽ അവശ്യം വേണ്ട ഇലക്ട്രിക് ചാർജ്ജിങ് സൗകര്യങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലില്ല എന്നതാണ് മിക്കവരെയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് തടയുന്നത്. കോവിഡ് വ്യാപനം ഉണ്ടായിരുന്നില്ലെങ്കിൽ വൈദ്യുത വാഹനങ്ങൾ കുറേക്കൂടി വിറ്റഴിഞ്ഞേനെ. കാരണം, ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഇലക്ട്രിസിറ്റി ബോർഡുമൊക്കെ ആയിരക്കണക്കിന് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതൊക്കെ ഇപ്പോൾ മരവിപ്പിച്ച അവസ്ഥയിലാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ 200-300 കി.മീ. വരെ ഒറ്റച്ചാർജ്ജിങിൽ ഓടുന്ന കാറുകളാണ് വിപണിയിലുള്ളത്. എന്നാൽ 85-100 കി.മീ. വരെ ഒറ്റച്ചാർജ്ജിങ്ങിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ നിരവധിയെണ്ണം ദിവസേനയെന്നോണം രംഗത്തു വരുന്നുണ്ട്. അവയിൽ പലതും തരക്കേടില്ലാത്ത വില്പന നേടുന്നുമുണ്ട്. ഈയൊരു സാഹചര്യത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വാഹനരംഗത്ത് സംഭവിക്കാൻ പോകുന്നതെന്ന് ഒന്നന്വേഷിക്കാമെന്നു വെച്ചു. അങ്ങനെയുള്ള അന്വേഷണം എത്തി നിന്നത് ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്‌നോളജിയി ലാണ്. ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ വൈദ്യുത വാഹനങ്ങളോടൊപ്പമോ, അതിനപ്പുറമോ വില്പന ഭാവിയിൽ നേടുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടൊയോട്ട ഈ രംഗത്ത് വളരെ മുന്നോട്ടു പോയി കഴിഞ്ഞു എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ടൊയോട്ട മാത്രമല്ല, ലോകത്തിലെ മിക്ക വാഹന നിർമ്മാതാക്കളും ഹൈഡ്രജൻ വാഹനങ്ങളുടെ വികസന പ്രക്രിയയിലാണെന്ന് ടൊയോട്ടയുടെ ഹൈഡ്രജൻ കാർ വില്പന വിഭാഗം തലവനായ ജോൺഹണ്ട് പറയുന്നു.

ഇലക്ട്രിക് കാറുകൾക്കു പകരം ഹൈഡ്രജൻ കാറുകൾ വരേണ്ടതിന്റെ പ്രധാന ആവശ്യകതയായി വാഹന നിർമ്മാതാക്കൾ പറയുന്നത്, ഇലക്ട്രിക് കാർ ബാറ്ററിയുടെ നിർമ്മാണ സമയത്ത് കാർബൺ ഡയോക്‌സൈഡ് വലിയ തോതിൽ അന്തരീക്ഷത്തിൽ കലരുന്നുണ്ട് എന്ന സത്യമാണ്. ഇലക്ട്രിക് കാറുകൾ മലിനീകരണമുണ്ടാക്കുന്നില്ല എന്നത് ശരി തന്നെ. പക്ഷേ, അവയിൽ ഘടിപ്പിക്കുന്ന ലിതിയം അയോൺ ബാറ്ററികളുടെ നിർമ്മാണ സമയത്ത് അന്തരീക്ഷത്തിലേക്കെത്തുന്ന കാർബൺ ഡയോക്‌സൈഡ് എന്ന വിഷവാതകം, ഒരു പെട്രോൾ/ഡീസൽ കാർ അതിന്റെ ആയുഷ്‌ക്കാലത്ത് പുറത്തുവിടുന്ന കാർബൺ ഡൈയോക്‌സൈഡിനേക്കാൾ കൂടുതലാണത്രേ! ഇതിന് ഉദാഹരണമായി, യുഎസിലെ ‘എനർജി ഇൻ ഡെപ്ത്ത്’ എന്ന വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നത് നിസാൻ ലീഫ് എന്ന പ്രശസ്തമായ ഇലക്ട്രിക് കാറിന്റെ ഉത്പാദനമാണ്. ലീഫിന്റെ 100 കിലോവാട്ട് ബാറ്ററി നിർമ്മിക്കാൻ പുറത്തുവിടുന്ന കാർബർ ഡൈഓക്‌സൈഡിന്റെ അളവ് 1520 ടണ്ണാണത്രേ.

ഒരു ലിഥിയം അയൺ ബാറ്ററി നിർമ്മിക്കാൻ നിക്കൽ, ഗ്രാഫൈറ്റ് തുടങ്ങി 20 പദാർത്ഥങ്ങൾ വേണം. ഇവ കുഴിച്ചെടുക്കുന്നതു മുതൽ സംസ്‌കരിക്കുന്നതു വരെയുള്ള പ്രക്രിയകളിലും ഫാക്ടറികൾ വിഷപ്പുക തള്ളുന്നുണ്ട് എന്നാണ് പഠനങ്ങൾ. ചുരുക്കം പറഞ്ഞാൽ, ഇലക്ട്രിക് കാർ ഓടുമ്പോൾ യാതൊരു മലിനീകരണവുമില്ലെങ്കിലും അവ ഓടിത്തുടങ്ങുന്നതിനു മുമ്പേ, പെട്രോൾ/ഡീസൽ കാറുകളെക്കാൾ മാലിന്യം പുറന്തള്ളുന്നുണ്ട് എന്നതാണ് പച്ചപ്പരമാർത്ഥം.


ഈയൊരു സാഹചര്യത്തിലാണ് ഹൈഡ്രജൻ കാറുകളുടെ പ്രസക്തി വർദ്ധിക്കുന്നത്. ഇപ്പോൾത്തന്നെ ടൊയോട്ടയുടെ മിറായ് എന്ന മോഡൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ചാണ് ഓടുന്നത്. ഈ മോഡൽ വൻ ജനപ്രീതി നേടുകയും ചെയ്യുന്നുണ്ട്. നാച്വറൽ ഗ്യാസിൽ നിന്ന് ഹൈഡ്രജൻ വേർതിരിക്കാമെന്നതും പ്രാദേശികമായി പ്ലാന്റുകൾ സ്ഥാപിച്ച് ഹൈഡ്രജൻ ഉല്പാദിപ്പിക്കാമെന്നതും ഹൈഡ്രജൻ കാർ വ്യാപിക്കാനിടയാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പെട്രോൾ/ഡീസൽ പോലെ ടാങ്കറിലും മറ്റും ഫ്യൂവൽ സ്റ്റേഷനുകളിൽ ഹൈഡ്രജൻ എത്തിക്കേണ്ടതില്ല. വൈദ്യുതി പോലെ, ഗ്രിഡിലൂടെ സപ്ലൈ ചെയ്യേണ്ട കാര്യവുമില്ല. ഹൈഡ്രജൻ ഉല്പാദന സമയത്ത് വിഷവാതകങ്ങളൊന്നും പുറത്തു പോകുന്നില്ല, ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന കാറുകൾ ഒട്ടും തന്നെ മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നീ കാര്യങ്ങളും ശ്രദ്ധേയമാണ്.

ഹൈഡ്രജൻ കാറിൽ ഒരു ഹൈഡ്രജൻ ടാങ്കുണ്ടാകും. ഫ്യൂവൽ സെല്ലിലേക്ക് ഉയർന്ന മർദ്ദത്തിൽ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ, ഓക്‌സിജനുമായി കലർത്തി, കടത്തി വിടുന്നു. ഈ മിശ്രിതം ഒരു ഇലക്‌ട്രോമെക്കാനിക്കൽ റിയാക്ഷൻ ഉണ്ടാക്കി, അതിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച്, ആ വൈദ്യുതി ഇലക്ട്രിക് മോട്ടോറിലേക്ക് കൈമാറുന്നു. അതായത്, ടാങ്കിൽ ഹൈഡ്രജൻ എന്ന ഇന്ധനം സൂക്ഷിക്കുന്നതു കൊണ്ട് ഒരു പെട്രോൾ/ഡീസൽ കാറിന്റെ ഘടകങ്ങളും, വൈദ്യുതി മോട്ടോർ ഉള്ളതിനാൽ ഇലക്ട്രിക് കാറിന്റെ ഘടകങ്ങളും ഹൈഡ്രജൻ കാറിൽ ഒന്നിക്കുന്നു എന്നു പറയാം. എല്ലാ പ്രവർത്തനങ്ങളും കഴിയുമ്പോൾ ഹൈഡ്രജൻ കാറിൽ വെള്ളവും ചൂടും മാത്രമാണ് പുറന്തള്ളപ്പെടുന്നത്.
ഇലക്ട്രിക് കാറുകൾ ഫുൾ ചാർജ്ജാകാൻ 56 മണിക്കൂർ വരെ എടുക്കുമ്പോൾ ഹൈഡ്രജൻ ടാങ്ക് നിറയ്ക്കാൻ 5-10 മിനിറ്റു മതി. ഇതാണ് ഹൈഡ്രജൻ കാറുകളെ ഏറ്റവും ജനപ്രിയമാക്കുന്നത്.

നാച്വറൽ ഗ്യാസിൽ നിന്ന് ഹൈഡ്രജൻ വേർതിരിക്കുമ്പോൾ ചില വിഷവാതകങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടന്നും, അതു കൊണ്ട് വെള്ളത്തിൽ നിന്നോ സൂര്യൻ, കാറ്റ് എന്നിവയിൽ നിന്നോ ഹൈഡ്രജൻ ഉല്പാദിപ്പിച്ചാൽ മാത്രമേ യഥാർത്ഥ അർത്ഥത്തിൽ ഹൈഡ്രജൻ കാറുകൾ മലിനീകരണ വിമുക്തമാവുകയുള്ളു എന്നും ഒരു വാദമുണ്ട്. അതിനുള്ള ശ്രമത്തിലാണിപ്പോൾ ഈ രംഗത്തെ വിദഗ്ദ്ധർ.

എന്തായാലും ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ വമ്പന്മാർ ഇപ്പോൾ ഹൈഡ്രജൻ ഫ്യൂവൽ കാറുകളുടെ പിന്നാലെയാണ്. നമ്മൾ ഇലക്ട്രിക് കാറുകളിലേക്ക് നോക്കി, അവയിലാണ് വാഹനങ്ങളുടെ ഭാവി എന്നു പറയുമ്പോൾ, ഒരു പക്ഷേ നമ്മളെ അമ്പരപ്പിച്ചുകൊണ്ട് ഹൈഡ്രജൻ കാറുകൾ ലോകം കീഴടക്കിയേക്കും…
‘അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു’
എന്ന് കവി പാടിയത് കോവിഡിന്റെയും കാറുകളുടെയും കാര്യത്തിൽ അന്വർത്ഥമാണ്$

സ്മാർട്ട് ഡ്രൈവ് മാഗസീന്റെ ചീഫ് എഡിറ്ററാണ് ബൈജു എൻ നായർ

Leave a Reply

Your email address will not be published. Required fields are marked *

shares