എൽ സി വി ട്രക്ക് ശ്രേണിയിലെ പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച് മഹീന്ദ്ര; വില 14.79 ലക്ഷം രൂപ
September 18, 2021
ഇനി എയർ ടാക്‌സികളുടെ കാലം!
September 22, 2021

ഹൃദയാകാശത്തിലൂടെ ഹെയ്‌ലിയുടെ യാത്ര!

ഹെയ്‌ലി ആഴ്‌സനോ ലോഞ്ച് പാഡിനു മുന്നിൽ

സെപ്തംബർ 19-ന് ഫ്ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക്‌ ദൗത്യം പൂർത്തീകരിച്ച് ക്രൂ ഡ്രാഗൺ റസിലിയൻസ്‌ പതിക്കുമ്പോഴും, ലോകം മുഴുവനും ഇൻസ്പിരേഷൻ 4-ന്റെ ചരിത്രനേട്ടത്തെ വാഴ്ത്തുമ്പോഴും, പേടകത്തിന്റെ കവാടം തുറന്ന് ഹെയ്‌ലി പുറത്തുവരുന്നത് കാക്കുകയായിരുന്നു ഞാൻ.

എഴുത്ത്: ജെ ബിന്ദുരാജ്

ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഇരുപത്തിയൊമ്പതുകാരി ഹെയ്‌ലി ആഴ്‌സനോ ക്രൂ ഡ്രാഗൺ റസിലിയൻസ്‌ എന്ന ബഹിരാകാശപേടകത്തിലേക്ക് സെപ്തംബർ 16-ന് പ്രവേശിക്കുമ്പോൾ സ്പേസ് എക്സിന്റെ വെബ്കാസ്റ്റ് കണ്ടുകൊണ്ടിരുന്ന എന്റെ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു. ഇലോൺ മസ്‌ക്കിന്റെ സ്പേസ് എക്സ് ലോകത്ത് ആദ്യമായി നടത്തുന്ന ബഹിരാകാശ വിനോദസഞ്ചാര ദൗത്യമായ ഇൻസ്പിരേഷൻ 4-ലെ നാല് സഞ്ചാരികളിൽ അസാധാരണയായ ഒരുവളായിരുന്നു ഹെയ്‌ലി. പത്താം വയസ്സിൽ ഇടതു മുട്ടിൽ തുടങ്ങിയ വേദന, അസ്ഥി കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഡസൺ കണക്കിന് കീമോതെറാപ്പികൾക്ക് വിധേയയാകുകയും മുട്ടുചിരട്ട മാറ്റിവയ്ക്കുകയും തുടയെല്ലിനു പകരം ലോഹദണ്ഡ് ഘടിപ്പിക്കുകയും ചെയ്തവളാണ് ഹെയ്‌ലി. കളിചിരിയുമായി നടക്കേണ്ട കുട്ടിക്കാലം മുഴുവനും തീവ്രമായ മനോവേദനയിൽ, കാൻസറിനെ പൊരുതി തോൽപിക്കാൻ വിനിയോഗിക്കേണ്ടി വന്നവൾ. അമേരിക്കയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിലായിരുന്നു ഹെയ്‌ലിയുടെ ചികിത്സ മുഴുവനും. കാലങ്ങൾ നീണ്ട ഈ ചികിത്സയെത്തുടർന്ന്, അതിജീവനം സാധ്യമായ ഹെയ്‌ലി ഒരു തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ജീവിതം സെന്റ് ജൂഡ് ചിൽഡ്രൻസ് ആശുപത്രിയിലെ കാൻസർ രോഗികളായ കുട്ടികളുടെ പരിചരണത്തിനായിട്ടായിരിക്കും. 2016-ൽ ഫീസിഷ്യൻ അസിസ്റ്റന്റ് ബിരുദം നേടിയ അവർ ആ ആശുപത്രിയിലെ അർബുദരോഗികളായ കുട്ടികളുടെ ദൈനംദിന പരിചരണത്തിനായി മെഡിക്കൽ ഓഫീസറായി നിയമിതയാകുകയും ചെയ്തു.

ഹെയ്‌ലി ആഴ്‌സനോ (ഇടതു നിന്നും രണ്ടാമത്) ബഹിരാകാശ യാത്രയ്ക്കായുള്ള പരിശീലനത്തിൽ

കാൻസർ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളിൽ നിന്നും ഒരു പൈസ പോലും ഈടാക്കാതെയാണ് ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ ഒരു ദിവസത്തെ പ്രവർത്തനത്തിന് 28 ലക്ഷം ഡോളറാണ് ചെലവാകുന്നത്. കാൻസർ ഗവേഷണത്തിനും ചികിത്സയ്ക്കുമായി 20 കോടി ഡോളർ സമാഹരിക്കാൻ 2019-ൽ ആശുപത്രി തീരുമാനിച്ചപ്പോഴാണ് ഇലോൺ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്സിന്റെ ലോകത്തെ ആദ്യത്തെ ബഹിരാകാശ ടൂറിസ പദ്ധതിയായ ഇൻസ്പിരേഷൻ 4 എന്തുകൊണ്ട് അതിനുപയോഗിച്ചു കൂടാ എന്നവർ ചിന്തിച്ചത്. ഇലോൺ മസ്‌ക്ക് അതിന് സമ്മതം മൂളുകയും ചെയ്തു. അമേരിക്കയിലെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റിന്റെ സ്ഥാപകനായ ജെരേഡ് ഐസാക്മാൻ ഈ ദൗത്യത്തിനായി സെന്റ് ജൂഡ് ആശുപത്രിയ്ക്ക് 10 കോടി അമേരിക്കൻ ഡോളർ സംഭാവന ചെയ്യാൻ തയാറായി. ജെരേഡ് ആ ദൗത്യത്തിലേക്ക് ആശുപത്രിയിൽ നിന്നും ഒരാളെക്കൂടി പങ്കാളി ആക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി തങ്ങളുടെ ജീവനക്കാരെ ഈ വിവരം അറിയിച്ചു.

ഹെയ്‌ലി ആഴ്‌സനോ കാൻസർ ചികിത്സാസമയത്ത്‌

ഈ വാർത്ത കേട്ടപാടെ ഹെയ്‌ലി ആ ദൗത്യത്തിന് തയാറാകുകയായിരുന്നു. കാരണം മറ്റൊന്നുമല്ല. അസ്ഥി കാൻസറിൽ നിന്നും തന്നെ രക്ഷിച്ച ആശുപത്രിയിൽ പിന്നീട് കാൻസർ രോഗികളുടെ പരിചാരകയായി മാറിയ അവരെ സംബന്ധിച്ചിടത്തോളം സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന് കാൻസർ ഗവേഷണത്തിന് കൂടുതൽ പണം ലഭിക്കുന്ന എന്തിലും പങ്കാളിയാകാനുള്ള നന്മനിറഞ്ഞ ഒരു മനസ്സുണ്ടായിരുന്നു. ആശുപത്രി അധികൃതരെ ഹെയ്‌ലി തന്റെ സമ്മതം അറിയിച്ചെങ്കിലും പ്രോസ്തെറ്റിക് ലിമ്പുള്ള അവരെ യാത്രയ്ക്ക് സ്പേസ് എക്സ് തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ തീരുമാനം ഹെയ്‌ലിക്ക് അനുകൂലമായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ സഞ്ചാരിയായി മാറി ഹെയ്‌ലി. ഒപ്പം പ്രോസ്തെറ്റിക് ലിമ്പോടു കൂടിയ, കാൻസറിനെ അതിജീവിച്ച, ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയും.

ഹെയ്‌ലി ആഴ്‌സനോ (വലതുവശത്ത്) ക്രൂ ഡ്രാഗൺ റസിലിയൻസിൽ യാത്ര പുറപ്പെടുന്ന സമയത്ത് സഹയാത്രികർക്കൊപ്പം

സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ റസിലിയൻസ്‌ സ്പേസ് ക്രാഫ്റ്റിലേക്ക് ആദ്യം പ്രവേശിച്ചത് ഹെയ്‌ലിയായിരുന്നു. രണ്ട് ടെസ് ല കാറുകളിലായി നാലംഗ സംഘത്തെ സ്‌പേസ് എക്‌സിന്റെ സ്യൂട്ട് റൂമിൽ നിന്നും കെന്നഡി സ്പേസ് സെന്ററിന്റെ ലോഞ്ച് കോംപ്ലക്സിലേക്ക് എത്തിച്ചപ്പോൾ ആദ്യം വാഹനത്തിൽ നിന്നു പുറത്തിറങ്ങിയതും, ലിഫ്റ്റിലേറി ആദ്യം ലോഞ്ച് പാഡിലെത്തിയതും, ആദ്യം സ്പേസ് എക്സിന്റെ ചിഹ്നത്തിനു മുകളിൽ തന്റെ ഒപ്പു പതിപ്പിച്ചതും ഹെയ്‌ലി തന്നെയായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ്, നിറഞ്ഞ മനസ്സോടെ ഞാൻ ആ കാഴ്ച സ്‌പേസ് എക്‌സിന്റെ വെബ്കാസ്റ്റിൽ കണ്ടുകൊണ്ടിരുന്നത്. ഹെയ്‌ലി എന്റെ മനസ്സിൽ അപ്പോഴേയ്ക്കും ഒരു മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന, അവരെ സാന്ത്വനിപ്പിക്കുന്ന, അവരുടെ പരിചരണത്തിനായി തന്റെ ജീവൻ പോലും പണയം വയ്ക്കുന്ന ഒരു മാലാഖ. ഈശ്വരവിശ്വാസിയല്ലാത്ത ഞാൻ ആദ്യമായി ഹെയ്‌ലിയുടെ സുരക്ഷിതമായ ബഹിരാകാശ യാത്രയ്ക്കായും സന്തോഷത്തോടെയുള്ള തിരിച്ചുവരവിനായും വേണ്ടി ജീവൽശക്തിയോട് പ്രാർത്ഥിച്ചു…..

സ്‌പേസ് സ്യൂട്ട് അണിഞ്ഞ് ലോഞ്ച് പാഡിലേക്ക് ടെസ് ല കാറിലേറാൻ നിൽക്കുന്ന ഹെയ്‌ലി

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ രണ്ടാം സ്റ്റേജിലെ എഞ്ചിൻ പേടകത്തിൽ നിന്നും വേർപെട്ട സമയത്ത് ഹേലി തന്റെ സ്യൂട്ടിലുള്ള പൗച്ചിൽ നിന്നും ഒരു നായക്കുട്ടിപ്പാവയെ പുറത്തെടുത്തു. സീറോഗ്രാവിറ്റിയിൽ അത് ഒരു ചരടിൽ ഹേലിയുടെ തലയ്ക്കു മേലെ ഉയർന്നു നിന്നു. സെന്റ് ജൂഡ് ആശുപത്രിയിലെ തെറാപ്പി നായകളെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നു അത്. 585 കിലോമീറ്റർ ഉയരത്തിൽ നിന്നും ഹെയ്‌ലി ഭൂമിയെ നോക്കിക്കണ്ടു. ആ ഭൂമിയിലെ സമാധാനത്തിനും ശാന്തിക്കുമായിട്ടായിരുന്നിരിക്കണം അപ്പോഴും അവർ ചിന്തിച്ചിട്ടുണ്ടാകുക..

ക്രൂ ഡ്രാഗൺ റസിലിയൻസ്‌

പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ ദിവസവും പതിനഞ്ചു വട്ടം ക്രൂ ഡ്രാഗൺ റസിലിയൻസ്‌ ഭൂമിയെ മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗത്തിൽ വലംവയ്ക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ നിറഞ്ഞുനിന്നത് ഹെയ്‌ലിയാണ്; ഹെയ്‌ലിയ്ക്കൊപ്പം മറ്റൊരാൾ കൂടി മനസ്സിൽ ഇടയ്ക്കിടെ കടന്നുവന്നു. അത് ഇലോൺ മസ്‌ക്കാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തെവിടെയുമുള്ള ഏതൊരു ആശുപത്രിയ്ക്കും സൗജന്യമായി വെന്റിലേറ്ററുകൾ നിർമ്മിച്ച് അയച്ചു നൽകാൻ സന്നദ്ധനായ ആളാണ് അദ്ദേഹം. സെന്റ് ജൂഡ് ചിൽഡ്രൻസ് ആശുപത്രിയ്ക്കായും 5 കോടി ഡോളർ ദൗത്യത്തിനു മുന്നേ സംഭാവന ചെയ്തു മസ്‌ക്ക്. ടെസ് ലയും സ്‌പേസ് എക്‌സും ചൊവ്വാദൗത്യവുമെല്ലാം ഇലോൺ മസ്‌ക്കിനെ ലോകത്തിന്റെ ശ്രദ്ധാകന്ദ്രമാക്കിയിട്ടുണ്ടാകാം. പക്ഷേ ആ മാന്ത്രികന്റെ മനസ്സിലെ സഹജീവികളോടുള്ള കരുതലാണ് മസ്‌ക്കിനെ എന്റെ മനസ്സിനോടടുപ്പിക്കുന്നത്.

സെപ്തംബർ 19-ന് ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക്കിലേക്ക് ദൗത്യം പൂർത്തീകരിച്ച് ക്രൂ ഡ്രാഗൺ റസിലിയൻസ്‌ പതിക്കുമ്പോഴും, ലോകം മുഴുവനും ഇൻസ്പിരേഷൻ 4-ന്റെ ചരിത്രനേട്ടത്തെ വാഴ്ത്തുമ്പോഴും, പേടകത്തിന്റെ കവാടം തുറന്ന് ഹെയ്‌ലി പുറത്തുവരുന്നത് കാക്കുകയായിരുന്നു ഞാൻ. ആദ്യം പുറത്തിറങ്ങിയത് ഹെയ്‌ലി തന്നെയായിരുന്നു…. നിറമിഴികളായിരുന്നതിനാൽ പക്ഷേ ഹെയ്‌ലി എനിക്ക് ഒരു അവ്യക്തദൃശ്യമായാണ് മുന്നിൽ തെളിഞ്ഞതെന്നു മാത്രം.

സ്മാർട്ട് ഡ്രൈവ് മാഗസീന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്‌

Leave a Reply

Your email address will not be published. Required fields are marked *