BMW 630i GT
May 9, 2018
Mahindra XUV 500 To Athirappilly
May 25, 2018

TestDrive-Honda Amaze 2018

അഞ്ചുവർഷം കൊണ്ട് 2.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഹോണ്ട അമേസ് പൂർണ്ണമായും പുതുരൂപത്തിൽ. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത്: ബൈജു എൻ നായർ ചിത്രങ്ങൾ: സജയകുമാർ

ഹാച്ച് ബായ്ക്കുകൾ കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യക്കാരുള്ള വാഹന സെഗ്‌മെന്റാണ് കോംപാക്ട് സെഡാനുകളുടേത്. ടാറ്റ, ഇൻഡിഗോ സിഎസ് എന്ന മോഡലിലൂടെയാണ് 4 മീറ്ററിൽ താഴെ നീളമുള്ള ഇത്തരം സെഡാനുകളുടെ വംശപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് പതിവുപോലെ, മാരുതി ആ സെഗ്‌മെന്റ് വിപുലീകരിച്ചു. ജാപ്പനീസ് കമ്പനിയായ ഹോണ്ട സബ്‌ഫോർമീറ്റർ സെഡാനിലേക്ക് കാലെടുത്തു വെച്ചത് ആ മോഡലുമായിട്ടാണ്. മാരുതി, ഹ്യുണ്ടായ് തുടങ്ങിയ വമ്പന്മാരുടെ കോംപാക്ട് സെഡാനുകളെ മുട്ടുകുത്തിക്കുമെന്നു കരുതപ്പെട്ടിരുന്ന അമേസ് നല്ല അഭിപ്രായം നേടിയെങ്കിലും വൻവിജയമൊന്നുമായില്ല. ഹോണ്ടയുടെ തനത് ഗുണനിലവാരമുണ്ടായിരുന്നിട്ടും റെക്കോർഡ് വിജയം നേടാൻ കഴിയാതെ പോയതിനു കാരണം അതിന്റെ രൂപമാണെന്ന് ഞാൻ കരുതുന്നു. ഒട്ടും അഗ്രസീവ് അല്ലാത്ത തണുപ്പൻ രൂപമായിരുന്നു അമേസിന്. അടുത്ത കാലത്ത് മറ്റു ചില പുതിയ മോഡലുകൾ കൂടി വന്നതോടെ അമേസിന്റെ വില്പന വീണ്ടും കുറഞ്ഞു. അങ്ങനെ ആകമാനം മാറ്റങ്ങൾ വരുത്തിയ അമേസിനെ രംഗത്തെത്തിക്കാൻ ഹോണ്ട നിർബന്ധിതരായി. ആ അമേസാണ് ഇക്കുറി നമ്മൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്.

അമേസ്

2013ലാണ് അമേസ് വിപണിയിലെത്തിയത്. 5 വർഷത്തിനുള്ളിൽ 2.5 ലക്ഷം അമേസുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്കു കഴിഞ്ഞു. 2015ൽ ഒരു ഫേസ്‌ലിഫ്റ്റ് വരുത്തിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും വരുത്തിയതുമില്ല. എന്നാൽ ഹോണ്ടയുടെ ഇന്ത്യയിലെ മോഡലുകളിൽ ആദ്യമായി ഡീസൽ എഞ്ചിൻ ഫിറ്റ് ചെയ്തത് അമേസിലാണ്.

ഇപ്പോൾ വന്നിരിക്കുന്നത് എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ച അമേസാണെന്നു പറഞ്ഞല്ലോ. ആ മാറ്റങ്ങൾ കൂടാതെ ഡീസൽ എഞ്ചിനിലും സിവിടി ഓട്ടോമാറ്റിക് ടാൻസ്മിഷൻവന്നു എന്ന പുതുമ കൂടിയുണ്ട്. ഇന്ത്യയിൽ ഈ സെഗ്‌മെന്റിലെ വാഹനത്തിൽ ആദ്യമായി ഡീസൽ സിവിടി വരുന്നത് അമേസിലാണ്. ഹോണ്ടയുടെ ഡീസൽ എഞ്ചിനുകളിൽ ആദ്യത്തെ സിവിടി പരീക്ഷണം നടക്കുന്നത്, ആഗോള തലത്തിൽ നോക്കിയാൽ പോലും, ഇന്ത്യയിലെ അമേസിലാണെന്നു പറയാം.

കാഴ്ച

പുതിയ പ്ലാറ്റ്‌ഫോമിലാണ് ജനനം. ഇനി പല പുതുമോഡലുകളും ഈ പ്ലാറ്റ്‌ഫോമിൽ പ്രതീക്ഷിക്കാം. പഴയ മോഡലിനെക്കാൾ 40 കി.ഗ്രാം ഭാരം കുറയാൻ പുതിയ പ്ലാറ്റ്‌ഫോം സഹായിച്ചിട്ടുണ്ട്. പുതിയ അമേസിന് പഴയതിനെക്കാൾ 65മി.മീ വീൽബെയ്‌സ് കൂടുതലുണ്ട്. നീളവും വീതിയും ഉയരവുമൊക്കെ നാമമാത്രമാണെങ്കിലും കൂടിയിട്ടുണ്ട്. മുൻഭാഗത്ത് ഉയർന്നു നിൽക്കുന്ന തടിച്ച നാസിക പോലെയാണ് ബോണറ്റിന്റെ അഗ്രഭാഗം. വീതിയുള്ള ക്രോമിയം സ്ട്രിപ്പാണ് ഗ്രില്ലിന്റെ ഭാഗത്ത്. അതിനു താഴെ കറുത്ത നിറത്തിൽ നെറ്റഡ് ഗ്രില്ലും, അതിനും താഴെയായി അതിന്റെ തുടർച്ച പോലെ, എയർഡാമും കാണാം.

ബമ്പറിന്റെ രൂപം രസകരവും ബോൾഡുമാണ്. ലോവർലിപ് വളരെ സ്‌പോർട്ടിയാണ്. ഇരുവശത്തും കറുത്ത ക്ലാഡിങ്ങിനുള്ളിൽ ഫോഗ്‌ലാമ്പുകളുണ്ട്. ഉയർന്നു നിൽക്കുന്ന ബോണറ്റും 15 ഇഞ്ച് ടയറുകളും ഉയർന്ന രൂപം സമ്മാനിക്കുന്നു, അമേസിന്.5 മി.മീ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിച്ച് ഇപ്പോൾ 170 മി.മീ ആയിട്ടുണ്ട്. തടിച്ച ലൈനുകൾ ബോഡിയിലുണ്ട്.

പിൻഭാഗം ഗംഭീരമാണ്. ചെത്തിയെടുത്തതുപോലെ അവസാനിക്കുകയാണ് പിൻഭാഗം. ഭംഗിയുള്ള ടെയ്ൽലാമ്പും ബൂട്ട്‌ഗേറ്റിലെ കട്ടിങ്ങും നന്നായിട്ടുണ്ട്. സിവിക്കിന്റെ പിൻഭാഗവുമായി സാദൃശ്യം പറയാം.

ഉള്ളിൽ

എക്‌സിക്യൂട്ടീവ് സെഡാനുകളെ ഓർമ്മിപ്പിക്കുന്ന ഡാഷ് ബോർഡുകളും മറ്റുമാണ് അമേസിന് ഹോണ്ട നൽകിയിരിക്കുന്നത്. വളരെ നീറ്റ് ആന്റ് ക്ലീൻ ആണ് ഡിസൈൻ. കറുപ്പും വെളുപ്പും നിറങ്ങളും ഭംഗിയാണ് ഇന്റീരിയറിന്.ടോപ് എൻഡ് മോഡലിൽ വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ കണക്ട് ചെയ്യാവുന്ന സിസ്റ്റമാണിത്. അതിനു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളാണ്. (മറ്റു വേരിയന്റുകളിൽ ടച്ച് സ്‌ക്രീനില്ല) സ്റ്റിയറിങ് വീലിൽ കൺട്രോളുകൾ. ഉയരം മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയും ഉണ്ട്. സീറ്റിന്റെ കുഷ്യനിങ് ഒന്നാന്തരമാണ്. അതുപോലെ, മുന്നിലും പിന്നിലും ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ധാരാളമുണ്ട്.

എഞ്ചിൻ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് പുതിയ അമേസിനുള്ളത്. രണ്ടിലും 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുണ്ട്. സിവിടി ഗിയർബോക്‌സുള്ള ഡീസൽ എഞ്ചിൻ 80 ബിഎച്ച്പിയാണ്. നഗരത്തിരക്കിൽ ഓടിക്കാൻ ഹരം നൽകുന്ന രീതിയിൽ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയതാണ് എന്നാണ് വിശദീകരണം.

സിവിടി ഡീസൽ എഞ്ചിൻ ഇന്ത്യയിൽ ഈ സെഗ്‌മെന്റിൽ പതിവില്ലാത്തതു കൊണ്ട് ആ വേരിയന്റ് ഓടിക്കാൻ താൽപര്യം തോന്നി. ഒരു ലാഗുമില്ലാതെ ഗിയർ ഷിഫ്റ്റ് ചെയ്തു പായുന്ന ഡീസൽ സിവിടി വേരിയന്റ് വൻ ഹിറ്റാകുമെന്ന് ഓടിച്ചപ്പോൾ തോന്നി. തന്നെയുമല്ല, 24 കി.മീ മൈലേജും ഹോണ്ട സിവിടിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോൾ എഞ്ചിൻ പതിവുപോലെ രസകരമായ ഡ്രൈവിങ് അനുഭവം നൽകുന്നുണ്ട്. പെട്രോൾ സിവിടിക്ക് പാഡ്ൽ ഷിഫ്‌റ്റേഴ്‌സും കൊടുത്തിട്ടുണ്ട്. ഡീസൽ സിവിടിയിൽ അതില്ല.

രണ്ട് എയർബാഗുകൾ, ഇബിഡി, എബിഎസ് എന്നീ സുരക്ഷാ സന്നാഹങ്ങൾ എല്ലാ വേരിയന്റുകൾക്കും നൽകിയിട്ടുണ്ട്. ഹോണ്ട, 20 ലിറ്റർ ബൂട്ട്‌സ്‌പേസും വർദ്ധിച്ചിട്ടുണ്ട്.

വിധിന്യായം

സിവിടി ഗിയർ ബോക്‌സ് തന്നെയാണ് പുതിയ അമേസിലെ താരം. 20 കി.മീറ്ററിനു മേൽ മൈലേജ് നൽകുന്ന ഡീസൽ മോഡലിനെ ഇന്ത്യക്കാർ സ്‌നേഹിക്കാതിരിക്കില്ല. ഇനിയിപ്പോൾ വിലയുടെ കാര്യമാണ് അറിയാനുള്ളത്. കൃത്യമായി വിലയിട്ടാൽ വില്പനയിൽ അമേസ് അത്ഭുതങ്ങൾ സൃഷ്ടിക്കും.

 

 

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *