TVS shift gears to revive Norton to the new era
May 16, 2021

സിംക മാർലിയിൽ സോവിയറ്റ് നാടിലൂടെ…

സിംക മാർലിയ്ക്കു മുകളിൽ കയറിയിരുന്ന് ജീൻ പിയറി പെഡ്രാസിനി ക്രെംലിനിലെ ദേവാലയ ഗോപുരങ്ങളും മണിമേടകളും പകർത്തുന്നു. സമീപം ഡൊമനിക് ലാപിയർ

സോവിയറ്റ് യൂണിയനിലൂടെ 1956 ജൂലൈ മുതൽ ഒക്ടോബർ മാസം വരെ സിംക മാർലി എസ്റ്റേറ്റ് കാറിൽ വിഖ്യാത പത്രപ്രവർത്തകനായ ഡൊമിനിക് ലാപ്പിയറും ഫോട്ടോഗ്രാഫർ ജീൻ പിയറി പെഡ്രാസിനിയും അവരുടെ ഭാര്യമാരും നടത്തിയ 13,000 കിലോമീറ്റർ നീണ്ട യാത്രയുടെ കഥ.

ജെ ബിന്ദുരാജ്

സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ യുഗത്തിനുശേഷം പ്രസിഡന്റായി നികിത ക്രൂഷ്‌ചേവ് അധികാരത്തിലേറിയ സമയം. കമ്യൂണിസ്റ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റാലിൻ യുഗത്തിലെ എണ്ണമറ്റ ക്രൂരതകളും കൂട്ടക്കൊലപാതകങ്ങളും ഏറ്റുപറഞ്ഞ് ക്രൂഷ്‌ചേവ് ലോകത്തെ തന്നെ അമ്പരപ്പിച്ച കാലം. സോവിയറ്റ് നാടുകളിൽ സംഭവിക്കുന്ന കാര്യങ്ങളെന്തെന്ന് വിദേശ മാധ്യമങ്ങൾ അജ്ഞരായിരുന്ന ആ കാലത്താണ് അന്ന് യുവ പത്രപ്രവർത്തകനായ, പിൽക്കാലത്ത് ലോകപ്രശസ്തനായി മാറിയ ഡൊമിനിക് ലാപ്പിയറും പാരീസ് മാച്ച് എന്ന ഫ്രഞ്ച് മാഗസീനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന ജീൻ പിയറി പെഡ്രോസിനിയും നികിത ക്രൂഷ്‌ചേവിന്റെ പ്രത്യേക ക്ഷണപ്രകാരം സോവിയറ്റ് നാടുകളിലൂടെ 13,000 കിലോമീറ്റർ നീളുന്ന ഒരു റോഡ് യാത്ര നടത്തിയത്. കാർ ഭ്രാന്തനും സഞ്ചാരപ്രിയനുമായിരുന്ന ലാപ്പിയറിന് അന്ന് പ്രായം 24. ജീൻ പിയറി 26-കാരൻ. മുൻ ഫ്രഞ്ച് പ്രസിഡന്റായ വിൻസന്റ് ഓറിയോളിന്റെ പ്രതിനിധി സംഘത്തിലുൾപ്പെട്ട് റഷ്യയിലേക്ക് പോയപ്പോഴാണ് നികിത ക്രൂഷ്‌ചേവിനെ നേരിട്ടു കാണുകയും സോവിയറ്റ് നാടുകളിലൂടെ തങ്ങളുടെ ഭാര്യമാർക്കൊപ്പം ഒരു റോഡ് യാത്രയ്ക്ക് താൽപര്യമുണ്ടെന്ന് ലാപ്പിയർ അദ്ദേഹത്തെ അറിയിച്ചത്. ആദ്യം അഭ്യർത്ഥന നിരസിച്ചെങ്കിലും പിന്നീട് ക്രൂഷ്‌ചേവ് യാത്രയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. സോവിയറ്റ് പത്രപ്രവർത്തകനായ സ്ലാവയും ഭാര്യ വേറയും മറ്റൊരു കാറിൽ യാത്രയിലുടനീളം അവരെ അനുഗമിക്കുകയും ചെയ്തു.

സിംക മാർലിയുടെ സോവിയറ്റ് നാടുകളിലൂടെയുള്ള യാത്രയുടെ ചിത്രങ്ങൾ പാരീസ് മാച്ചിൽ പ്രസിദ്ധീകരിച്ചപ്പോൾ

ആറാം വയസ്സു മുതൽ കാറുകളോടുള്ള പ്രണയമാരംഭിച്ചയാളാണ് ലാപ്പിയർ. ഫ്രാൻസിലെ വേനലവധിക്കാലത്ത് മുത്തച്ഛന്റെ അറ്റ്‌ലാന്റിക് കോസ്റ്റ് ബീച്ച് ഹൗസിലെത്തിയിരുന്ന ലാപ്പിയറിന് അദ്ദേഹത്തിന്റെ അമ്മാവന്റെ അമേരിക്കൻ കാറുകളായിരുന്നു വിസ്മയം. ലാപ്പിയറിന് പതിനെട്ടു വയസ്സ് പ്രായമുള്ളപ്പോൾ പെൻസില്വാനിയയിലെ കോളെജിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ ഇക്കണോമിക്‌സ് പഠിക്കാൻ പോയ സമയത്ത് അവിടത്തെ ഒരു വർക്ഷോപ്പിൽ കണ്ട 1937 മോഡൽ ക്രിസ് ലർ റോയൽ കൺവേർട്ടിബിൾ 30 ഡോളർ കൊടുത്ത് വാങ്ങി തന്റെ കാർ ഭ്രാന്ത് തെളിയിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഒരു ഫാഷൻ കൺസൾട്ടന്റായിരുന്ന അലിയറ്റുമായി ലാപ്പിയർ പ്രണയത്തിലായതും അക്കാലത്ത് തന്നെ. തന്റെ 21-ാം ജന്മദിനത്തിൽ അലിയറ്റിനെ വിവാഹം ചെയ്തശേഷം ഈ പഴഞ്ചൻ കാറിൽ മെക്‌സിക്കോയിലേക്ക് മധുവിധു യാത്ര നടത്തി അവർ. പെട്രോളടിക്കാനും സാൻഡ്വിച്ച് വാങ്ങാനും വില കുറഞ്ഞ ഹോട്ടൽ മുറികളിൽ തങ്ങാനുമുള്ള പണം മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളു. ലോസ്ഏഞ്ചസിൽ നിന്നും ഒരു റേഡിയോ ഗെയിം ഷോയ്ക്ക് സമ്മാനമായി കിട്ടിയ 300 ഡോളറും കൊണ്ടായി പിന്നീടുള്ള യാത്ര. സാൻഫ്രാൻസിസ്‌ക്കോയിലെത്തിയപ്പോൾ 400 ഡോളറിന് ആ പഴഞ്ചൻ കാർ വിറ്റ് ജപ്പാനിലേക്ക് എസ്എസ് പ്രസിഡൻഷ്യൽ ക്ലീവ്‌ലാൻഡിൽ രണ്ട് ടിക്കറ്റ് സംഘടിപ്പിച്ചു അവർ. ജപ്പാൻ, ഹോങ്കോങ്, തായ്‌ലണ്ട്, ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ടർക്കി, ലബനോൺ എന്നിവിടങ്ങളിലൂടെ നീണ്ട ആ മധുവിധു യാത്ര അവസാനിച്ചത് ഒരു വർഷത്തിനുശേഷമാണ്. ഹണിമൂൺ എറൗണ്ട് ദ വേൾഡ് എന്ന പുസ്തകം ലാപ്പിയർ എഴുതിയതങ്ങനെയാണ്. 45 വർഷങ്ങൾക്കുശേഷം ഒരു ഫ്രഞ്ച് വിന്റേജ് കാർ മാഗസീനിൽ തന്റെ പഴയ ക്രിസ് ലർ റോയലിന്റെ ചിത്രം കണ്ട് ആ കാർ ലേലം വയ്ക്കാൻ വച്ച സ്ഥലത്തേക്ക് ലാപ്പിയർ കുതിച്ചുവെന്നതും ലേലത്തിൽ കാർ സ്വന്തമാക്കിയെന്നതും വേറെ കഥ. പല പല കാറുകൾ മാറിയ ലാപ്പിയർ റോൾസ് റോയ്‌സ് തന്റെ നാൽപതാം വയസ്സിൽ സ്വന്തമാക്കി ബോംബെയിൽ നിന്നും പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ഇറാൻ, തുർക്കി വഴി ഫ്രാൻസിലേക്ക് യാത്ര ചെയ്തുവെന്നത് മറ്റൊരു കഥ.

ആ കഥകളവിടെ നിൽക്കട്ടെ. സോവിയറ്റ് യൂണിയനിലേക്ക് ആദ്യമായി കാർ യാത്ര നടത്തിയ വിദേശീയരെന്ന നിലയ്ക്കാണ് ലാപ്പിയറിനെ ഇവിടെ പറയാനുദ്ദേശിക്കുന്നത്. 1956ൽ നടന്ന അപൂർവസുന്ദരമായ ഈ യാത്രയ്ക്കായി ലാപ്പിയർ തെരഞ്ഞെടുത്തത് അക്കാലത്ത് ഫ്രാൻസിലെ ഏറ്റവും മുന്തിയ ആഡംബര കാറായ സിംക മാർലി എസ്റ്റേറ്റ് ആണ്. സിംക ആയിടയ്ക്കാണ് മാർലിയുടെ എസ്റ്റേറ്റ് വേർഷൻ പുറത്തിറക്കിയത്. ക്യാംപ്‌സ്‌- എല്ലീസിലെ സിംകാ ഷോറൂമിൽ പ്രദർശനത്തിനു വച്ചിരുന്ന മാർലി എസ്റ്റേറ്റ് ആദ്യനോട്ടത്തിൽ തന്നെ ലാപ്പിയറിന് നന്നേ പിടിച്ചു. ( ഫ്രഞ്ച് കാർ കമ്പനിയായിരുന്ന സിംക 1934ൽ ആരംഭിച്ചത് അതു വരെ ഫ്രാൻസിൽ ഫിയറ്റ് അസംബിൾ ചെയ്തു വിറ്റിരുന്ന ഹെൻട്രി പിഗോസി എന്ന സംരംഭകനായിരുന്നു. ഫോർഡിന്റെ വെഡറ്റേ എന്ന കാറിന്റെ ഫ്രഞ്ച് രൂപമായിരുന്നു മാർലി). അംഗലാവണ്യമുള്ള അതിസുന്ദരിയായ അമേരിക്കൻ പെൺകൊടിയെപ്പോലെയാണ് മാർലി ലാപ്പിയറിന് അനുഭവപ്പെട്ടതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. പെഡൽ ഓപ്പറേറ്റഡ് വിൻഡ് സ്‌ക്രീൻ വാഷറും ട്രിപ് മീറ്ററുമൊക്കെയുള്ളതായിരുന്നു മാർലിയുടെ പുതിയ എസ്റ്റേറ്റ് മോഡൽ. സോവിയറ്റ് യാത്രയ്ക്ക് വാഹനം നൽകാമോ എന്ന ലാപ്പിയറുടെ അഭ്യർത്ഥന സിംക കമ്പനി അംഗീകരിച്ചു.

സിംക മാർലിയുടെ സോവിയറ്റ് നാടുകളിലൂടെയുള്ള യാത്രയുടെ ചിത്രങ്ങൾ പാരീസ് മാച്ചിൽ പ്രസിദ്ധീകരിച്ചപ്പോൾ

ഇളംമഞ്ഞയും കറുപ്പും കലർന്ന ഡ്യുവൽ ടോണിലുള്ളതായിരുന്നു ലാപ്പിയറിനും ജീൻ പിയറിക്കും സിംക നൽകിയ മാർലി. അതിൽ വശങ്ങളിൽ ചുവന്ന അക്ഷരങ്ങളിൽ പാരീസ് മാച്ച് എന്നും മാരി ക്ലെയർ എന്നും പിന്നിൽ ഫ്രാൻസ് എന്നുമൊക്കെ യാ്ത്രയ്ക്കായി അവർ വലിയ അക്ഷരത്തിൽ എഴുതി. പിൻഭാഗത്തെ വാതിലിൽ ഫ്രഞ്ച് പത്രപ്രവർത്തകർ എന്ന് റഷ്യൻ ഭാഷയിലുമെഴുതി. വി ഷേപ്പിലുള്ള, എട്ട് സിലിണ്ടറുകളുള്ള, 2351 സിസിയുടെ മാർലി 80 ബിഎച്ച് പി കരുത്താണ് സമ്മാനിച്ചിരുന്നത്. 3 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള വാഹനത്തിന് മക്‌ഫേഴ്‌സൺ ഇൻഡിപെൻഡന്റ് ഫ്രണ്ട് സസ്‌പെൻഷനും നാലു വീലുകളിലും ഡ്രം ബ്രേക്കുകളുമാണ് ഉണ്ടായിരുന്നത്. 60 ലിറ്ററായിരുന്നു ഇന്ധനശേഷി. 2690 എംഎം വീൽബേസും 4520 എംഎം നീളവും 1750 എംഎം വീതിയും 1480 എംഎം ഉയരവുമുള്ള കാറിന്റെ ഭാരം 1150 കിലോഗ്രാമായിരുന്നു.

സോവിയറ്റ് പോളണ്ട് അതിർത്തിയായ ബ്രെസ്റ്റ് ലിറ്റോവ്‌സ്‌കിയിലൂടെ റഷ്യയിലേക്ക് കടന്നശേഷം മിൻസ്‌ക്, മോസ്‌കോ, ഖാർക്കോവ്, കീവ്, യാൾട്ട, സുഖുമി, സോച്ചി, ടിഫ്‌ളിസ്, ക്രാസ്‌നോഡർ, റോസ്റ്റോവ്, സ്റ്റാലിൻഗ്രാഡ്, കസാൻ പ്രദേശങ്ങൾ എന്നിവയിലൂടെയാണ് സോവിയറ്റ് യൂണിയൻ ലാപ്പിയറിനും ജീൻ പിയറിക്കും യാത്രയ്ക്ക് അനുവാദം നൽകിയത്. അക്കാലത്തെ ഒരു അത്ഭുതം തന്നെയായിരുന്നു മാർലി എന്ന എസ്റ്റേറ്റ് കാർ. നാല് യാത്രികർക്കൊപ്പം അവരുടെ ബാഗുകളും സാധനസാമഗ്രികളും രണ്ട് സ്‌പെയർ ടയറുകളും അതിൽ കയറ്റി. യാത്രയ്ക്കിടയിൽ റഷ്യക്കാർക്ക് നൽകുന്നതിനായുള്ള സുഗന്ധദ്രവ്യങ്ങളും ഈഫർ ടവറിന്റെ മാതൃകകളുമടക്കമുള്ള സംഗതികളും കാറിലുണ്ടായിരുന്നു. 1956 ജൂലൈയിലാണ് യാത്ര ആരംഭിച്ചത്. ഫ്രാൻസിന്റേയും സ്വിറ്റ്‌സര്‌ലണ്ടിന്റേയും ജർമ്മനിയുടേയും പാതയോരങ്ങൾ താണ്ടി പോളണ്ടിലെ വാർസോയിലെത്തി. സോവിയറ്റ് പോളണ്ട് അതിർത്തിയിയായ ബെസ്റ്റ് ലിറ്റേവിസ്‌ക് വിസ്തി എന്ന പട്ടണം കടന്നാൽ സോവിയറ്റ് നാടുകളായി. അതിർത്തിയിൽ വച്ച് അവർ സോവിയറ്റ് പത്രപ്രവർത്തകനായ സ്ലാവയുമായി ഒത്തുചേർന്നു. മോസ്‌കോയിൽ നിന്നും സ്ലാവയുടെ ഭാര്യ വേറയും അവർക്കൊപ്പം ചേരുന്നുണ്ട്.

മാക്‌സിം ഗോർക്കിയുമായി സ്റ്റാലിൻ സംസാരിക്കുന്ന രൂപത്തിലുള്ള പ്രതിമയ്ക്കരികിൽ സിംക മാർലി. ജീൻ പിയറി പെഡ്രാസിനിയാണ് ഇടത്‌

സ്റ്റാലിന്റേയും ലെനിന്റേയും പ്രതിമകൾ നിറയെ ഉണ്ടായിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് റഷ്യയിൽ അക്കാലത്ത് നല്ല നിരത്തുകളൊന്നും തന്നെയുണ്ടായിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ ആയാസകരമായിട്ടായിരുന്നു മാർലിയുടെ യാത്ര. പെട്രോളാകട്ടെ ഫ്രാൻസിൽ കിട്ടുന്നതുപോലെ മാലിന്യങ്ങളില്ലാത്തതുമായിരുന്നില്ല. പലപ്പോഴും മാർലിക്ക് ഈ നിരത്തുകളുമായി ഇണങ്ങാൻ വലിയ മടി തന്നെയായിരുന്നു. പക്ഷേ പോകുന്നയിടത്തെല്ലാം മാർലിയെ കണ്ട് വൻ ജനാവലി എത്തി. കാറിന്റെ രൂപകൽപന തൊട്ട്, സിലിണ്ടറും സസ്‌പെൻഷനുമടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുന്നതിനായിട്ടായിരുന്നു ജനം ഓടിക്കൂടിയത്. ടിഫ്‌ളിസിൽ മാർലിയെ കാണാനെത്തിയവരെ നിയന്ത്രിക്കാൻ പൊലീസിനു പോലും ഇടപെടേണ്ടി വന്നു. കാറിന്റെ വിൻഡ് സ്‌ക്രീനിലേക്ക് വെള്ളം ചീറ്റിക്കുന്ന അത്ഭുതം നാട്ടുകാരെ കാണിക്കാൻ പത്തുലിറ്റർ വെള്ളമാണ് ലാപ്പിയറും ജീനും ചെലവാക്കിയത്. ചിലർക്ക് കാറിൽ അൽപദൂരം യാത്ര ചെയ്യണമെന്നായി. ചിലർ കാറിനടിയിലേക്ക് കുനിഞ്ഞ് സസ്‌പെൻഷൻ പരിശോധന നടത്തി. റഷ്യക്കാർക്ക് അക്കാലത്ത് അത്തരമൊരു കാർ സങ്കൽപിക്കാവുന്നതിനപ്പുറമായിരുന്നു. മോസ്‌കോ റേഡിയോയിൽ ലാപ്പിയറുടെ സംഘത്തിന്റെ യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ വരുന്നുണ്ടായിരുന്നതിനാൽ എല്ലായിടത്തും വലിയ വരവേൽപാണ് അവർക്ക് ലഭിച്ചത്.

സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ കാലത്ത് ആരംഭിച്ച ഗാസ് കാർ ഫാക്ടറിയുടെ പൊബെയ്ഡ കാറിലായിരുന്നു സ്ലാവയും ഭാര്യ വേറയും. സാഹസികത നിറഞ്ഞ ഈ യാത്രയ്ക്ക് വേണ്ടി മാത്രമാണ് സ്ലാവ ഡ്രൈവിങ് പഠിച്ചത്. സ്ലാവ തൊഴിലെടുത്തിരുന്ന കമ്യൂണിസ്റ്റ് പത്രമായ പ്രാവ്ദയാണ് സ്ലാവയ്ക്കായി ഈ കാർ നൽകിയത്. മോസ്‌കോവിൽ നിന്നും കാർക്കോവിലേക്കുള്ള 600 കിലോമീറ്റർ ദൂരമായിരുന്നു പിന്നീട് താണ്ടേണ്ടത്. മോസ്‌കോയിലെ മെട്രോപോൾ ഹോട്ടലിനു പിറകിലുള്ള പെട്രോൾ പമ്പിൽ നിന്നും ഫുൾ ടാങ്കടിച്ചശേഷമാണ് യാത്ര തുടങ്ങിയത്. സ്ലാവയുടെ ഡ്രൈവിങ് പതിയെയായിരുന്നതിനാൽ മാർലിയെ ജീൻ പിയറിക്ക് കൈമാറിയശേഷം ലാപ്പിയർ പൊബെയ്ഡയുടെ ഡ്രൈവിങ് സീറ്റിലെത്തി. സമാധാന സന്ദേശങ്ങളും ആറാം പഞ്ചവൽസര പദ്ധതിയെക്കുറിച്ചുള്ള വർണനകളും പ്രതിമകളുമായിരുന്നു പാതയോരത്തെ കാഴ്ചകൾ. കാർക്കോവിലേക്കുള്ള യാത്രയിൽ നല്ല ഇന്ധനം കണ്ടെത്താൻ ശരിക്കും ബുദ്ധിമുട്ടി. മൂന്നായി മടക്കിയ രോമക്കമ്പിളി കൊണ്ട് അരിച്ചശേഷമാണ് പെട്രോൾ ടാങ്കിലേക്ക് അവരത് ഒഴിച്ചത്. അത്രയ്ക്ക് മാലിന്യം നിറഞ്ഞതായിരുന്നു അത്. പട്ടണത്തിനു പുറത്തുള്ള ഒരു മിലിട്ടറി സംഭരണശാലയിൽ നിന്നുമാണ് മാർലിയിൽ പിന്നെ ഇന്ധനം നിറച്ചത്.

കാർക്കോവിൽ നിന്നും പുറപ്പെട്ടയുടനെ തന്നെ കണ്ട സർവീസ് സ്റ്റേഷനിലെത്തി മാർലിക്ക് ഗ്രീസ് ഇടുകയാണ് അവർ ആദ്യം ചെയ്തത്. മാർലിയിൽ നിന്നും പുറത്തെടുത്തു കളഞ്ഞ ഓയിലിന്റെ ഗുണനിലവാരം പോലുമുണ്ടായിരുന്നില്ല പുതുതായി നിറച്ച സോവിയറ്റ് ഓയിലിന്. ഒരൊറ്റ തരത്തിലുള്ള ഓയിൽ മാത്രമേ സോവിയറ്റ് യൂണിയനിൽ അക്കാലത്ത് ലഭ്യമായിരുന്നുള്ളു. പക്ഷേ റഷ്യൻ കാറായ പൊബെയ്ഡയ്ക്ക് ആ ഇന്ധനമോ ഓയിലോ ഒന്നും ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കിയില്ല.

ഡൊമനിക് ലാപ്പിയർ

പക്ഷേ ഉക്രൈയിൽ വച്ച് പണി പാളി. മഴ പെയ്ത് ചെളിനിറഞ്ഞ ഒരു നിരത്തിലൂടെ ഒരു കെട്ടിടത്തിനടത്തേക്കുള്ള പാതയിൽ മാർലി ചെളിയിൽ പുതഞ്ഞു. മുന്നോട്ടോ പിറകോട്ടോ കാർ കൊണ്ടുപോകാനാകാത്ത അവസ്ഥ. സമീപത്തുള്ള കർഷകർ ചെളിയിൽ പുതഞ്ഞ കാർ മൺവെട്ടി ഉപയോഗിച്ച് ടയറിൽ കൊരുത്ത് പുറത്തെടുക്കാൻ ശ്രമിക്കവേ പട്ടാളക്കാർ കാറിനേയും സംഘത്തേയും വളഞ്ഞു. അബദ്ധവശാൽ അവരെത്തിയത് ഒരു സൈനിക കേന്ദ്രത്തിന് നടുവിലായിരുന്നു. ക്യാമറയടക്കം പിടിച്ചെടുത്ത്, സംഘാംഗങ്ങളെ ചാരന്മാരെന്ന് ധരിച്ച് ഇരുട്ടറയിലടച്ചു. രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സംഘത്തെ വിട്ടയച്ചത്.

യാത്രയിൽ പലയിടത്തും ജലപാതങ്ങൾ തടസ്സമായിരുന്നു. ചിലയിടത്ത് റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കഷണങ്ങൾ. പലപ്പോഴും നദികൾ കടക്കേണ്ടതായി വന്നു. മാർലിക്ക് കടന്നുപോകാൻ മൺവെട്ടിയും മണ്ണുമാന്തിയുമൊക്കെയായി അലിയറ്റും ആനിയും നിലകൊണ്ടു. നദിയിൽ ഉരുളൻ കല്ലുകൾക്ക് മേലെക്കൂടി കാർ ഉരുണ്ടുമറിഞ്ഞു. ചിലപ്പോഴൊക്കെ ചെളിയിൽ പൂണ്ടു. ജോർജിയൻ മലവെള്ളപ്പാച്ചിലിനു നടുവിൽ ഒരു തകർന്ന കപ്പൽ പോലെ കാർ ചെളിയിൽ പൂണ്ടു. അതോടെ സ്റ്റാർട്ടാകാൻ എഞ്ചിൻ വിസമ്മതിച്ചു. ഒടുവിൽ ഒരു ജീപ്പിന്റെ സഹായത്തോടെയാണ് ചെളിയിൽ പുതഞ്ഞുപോയ കാർ കരയ്‌ക്കെത്തിച്ചത്.

സോവിയറ്റ് കാർ വ്യവസായത്തിന്റെ കൊടിപ്പടമായിരുന്ന ഗോർക്കീസ് കാർ ആന്റ് ട്രക്ക് ഫാക്ടറിയും സംഘം സന്ദർശിച്ചു. ഇവിടെ നിന്നാണ് റഷ്യൻ നിരത്തുകൾ അടക്കിഭരിക്കുന്ന മൊലോട്ടോവ ട്രക്കുകൾ പുറത്തിറങ്ങുന്നത്. ചൈനയിലേക്ക് വരെ അക്കാലത്ത് ഈ ട്രക്കുകൾ അവർ കയറ്റുമതി ചെയ്തിരുന്നു. പൊബെയ്ഡ കാറുകളും നിർമ്മിച്ചിരുന്നത് അവിടെ തന്നെയായിരുന്നു.

സിംക മാർലിയുടെ 1956-ലെ ഫ്രഞ്ച് ബ്രോഷർ

തിരികെ മോസ്‌കോയിലെത്തിയപ്പോഴേയ്ക്കും മാർലി തിരിച്ചറിയാനാകാത്തവിധം പൊടിപിടിച്ചു മലിനമായിരുന്നു. ആ പൊടിയിൽ റഷ്യൻ ജനത പലതും എഴുതിവച്ചിട്ടുണ്ടായിരുന്നു. ഉക്രൈൻ, ബെലാറസ്, ജോർജിയ, കോക്കസസ് പ്രദേശങ്ങളിലൂടെ കടന്നുപോയപ്പോഴും കാർ കഴുകാതിരുന്നത് ആ സന്ദേശങ്ങൾ മായാതിരിക്കാനായിരുന്നു. ഡ്രൈവർമാർ അവരുടെ വാഹനങ്ങളിൽ അഴുക്കുപറ്റാതെ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും എന്ന കാട്ടു നിയമത്തെപ്പറ്റി അവർ അജ്ഞരായിരുന്നു. ഓരോ നൂറു മീറ്റർ യാത്രയിലും പൊലീസുകാർ പിടികൂടാൻ അതിടയാക്കി. അവസാനം ഒരു കാർഡ് ബോർഡിൽ റഷ്യൻ ഭാഷയിൽ ഇങ്ങനെയെഴുതാൻ ലാപ്പിയർ സ്ലാവയോട് ആവശ്യപ്പെട്ടു. ‘അൽപം റഷ്യൻ മണ്ണ് ഫ്രാൻസിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതിനാൽ ഞങ്ങൾ കാർ കഴുകിയിട്ടില്ല. ഇതോടൊപ്പമുള്ള റഷ്യൻ സൗഹൃദങ്ങളുടെ അമൂല്യ വചസ്സുകളും ഫ്രാൻസിലെത്തിക്കണം.’

ജൂലൈയിൽ തുടങ്ങിയ യാത്ര ഒക്ടോബറിലാണ് അവസാനിച്ചത്. റെഡ്‌സക്വയറിൽ ലെനിൻ മുസോളിയം കാണാൻ കാത്തുനിന്ന ആയിരങ്ങളെ സാക്ഷിനിർത്തിയായിരുന്നു മടക്കയാത്ര. സ്‌മോളെൻസ്‌ക്, ബെര്സ്റ്റ് ലിറ്റോവ്‌സ്‌ക്, വാർസ, ബെർലിൻ വഴി പാരീസിലേക്ക്. മാർലിയോട് ഹൃദയവേദനയോടെയാണ് സംഘം വിട പറഞ്ഞത്. ആഹ്ലാദവും പേടിസ്വപ്‌നങ്ങളും സമ്മാനിച്ച കാറിന്റെ എഞ്ചിനും കട്ടിയുള്ള സ്റ്റീയറിങ് വീലും ലാപ്പിയർ അരുമയോടെ തലോടി. ഖാർക്കോവിനും കീവിനുമിടയിൽ വച്ച് ലാപ്പിയറിന്റെ 25-ാം പിറന്നാൾ ആഘോഷം ആ മാർലിയിലായിരുന്നു. എട്ടു സിലിണ്ടറുകളുടെ സമഞ്ജസ സമ്മേളനത്തിനു മാത്രം നൽകാൻ കഴിയുന്ന ഇമ്പമാർന്ന ഇരമ്പലോടെ ക്യാമ്പ് എലൈസിലുള്ള മാർലിയുടെ ഷോറൂമിലേക്ക് അവളെ ലാപ്പിയർ തിരികെ ഡ്രൈവ് ചെയ്തു. സിംക ഷോറൂമിൽ ഈ കാർ പ്രദർശനത്തിന് കുറച്ചുകാലം വച്ചിരുന്നു. ആയിരക്കണക്കിനു പേർ മാർലിയെ കാണാനെത്തി. എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ ഹംഗറിയിൽ സോവിയറ്റ് റഷ്യ ഇടപെട്ടതിനെ തുടർന്ന് പാരീസിൽ പ്രക്ഷോഭം തുടങ്ങിയതിനാൽ പ്രക്ഷോഭകാരികളിൽ നിന്നും മാർലിയെ മറച്ചുവയ്‌ക്കേണ്ടതായി വന്നു.

സിംക മാർലിയെ കാണാൻ ജനക്കൂട്ടമെത്തിയപ്പോൾ
സിംക മാർലിയുടെ മടക്കയാത്ര

ഈ പ്രക്ഷോഭത്തിന്റെ ചിത്രങ്ങളെടുക്കാൻ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് ഈ യാത്ര കഴിഞ്ഞ പതിനാലാം ദിവസം പോകേണ്ടി വന്ന ജീൻ പിയറി പെഡ്രാസിനി സോവിയറ്റ് ടാങ്ക് ആക്രമണത്തിൽ പരിക്കേറ്റ് 1956 നവംബർ മൂന്നിന് മരണമടഞ്ഞുവെന്നതാണ് വേദനാജനകം. പാരീസ് മാച്ചിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തിലുള്ള ചില പരാമർശനങ്ങളെ തുടർന്ന് ഭരണകൂടം സ്ലാവയെ മൂന്നു വർഷത്തേക്ക് സൈബീരിയയിലേക്ക് നാടുകടത്തി. സ്ലാവ 1995-ലാണ് മരണപ്പെട്ടത്.

ഡൊമനിക് ലാപ്പിയർ

വിഖ്യാത ഫ്രഞ്ച് പത്രപ്രവർത്തകൻ. ലാറി കോളിൻസുമായി ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, സിറ്റി ഓഫ് ജോയ്, ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപ്പാൽ എന്നീ കൃതികളിലൂടെ ഇന്ത്യക്കാർക്ക് സുപരിചിതൻ. രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചു. ഈ ജൂലൈ മാസത്തിൽ 90 വയസ്സു തികയുന്ന ലാപ്പിയർ തന്റെ പുസ്തകങ്ങളുടെ റോയൽറ്റി തുക ബംഗാളിലും ഭോപ്പാലിലും ദുരിതമനുഭവിക്കുന്നവർക്കായാണ് ചെലവഴിക്കുന്നത്. സോവിയറ്റ് യൂണിയനിലൂടെ 1956-ൽ നടത്തിയ യാത്രയുടെ കഥ Once upon a time in the Soviet Union (2005) എന്ന പുസ്തകത്തിൽ ലാപിയർ വിവരിക്കുന്നു. ഡിസി ബുക്‌സ് ഇത് അന്നൊരിക്കൽ സോവിയറ്റ് യൂണിയനിൽ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

shares