TestDrive-Honda Amaze 2018
May 25, 2018
Triumph Speedmaster
May 25, 2018

Mahindra XUV 500 To Athirappilly

മഹീന്ദ്രയുടെ പരിഷ്‌കരിച്ച എക്‌സ് യു വി 500ൽ മഹീന്ദ്രാ വാഹനങ്ങളുടെ കടുത്ത ആരാധകരായ രണ്ടുപേർ അതിരപ്പിള്ളിയിലേക്ക് നടത്തിയ യാത്ര. എക്‌സ് യു വി 500 അവരെ എങ്ങനെയാണ് കൈയിലെടുത്തത്?

എഴുത്ത്: ജെ. ബിന്ദുരാജ് ഫോട്ടോകൾ: ജമേഷ് കോട്ടയ്ക്കൽ

പച്ചപ്പില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കാനാകുമോ? ലോകത്തിന് ഒരു പതാകയുണ്ടെങ്കിൽ അതിന്റെ നിറം പച്ചയായിരിക്കുമെന്നാണ് തോന്നുന്നത്. കാരണം ഹരിതാഭയില്ലെങ്കിൽ ഈ ലോകം എത്രത്തോളം വികൃതമായിരിക്കുമെന്ന് മരുഭൂമികൾ കണ്ടവർക്കറിയാം. കൊച്ചിയിൽ നിന്നും ദൽഹിയിലേക്ക് വിമാനത്തിൽ പറക്കുമ്പോൾ താഴേയ്ക്ക് നോക്കുമ്പോഴറിയാം പച്ചപ്പുള്ള ഇടങ്ങളും ഉണങ്ങിവരണ്ട ഇടങ്ങളും തമ്മിലുള്ള മൂന്നുമണിക്കൂറിനിടയ്ക്കുള്ള താരതമ്യങ്ങൾ. ഹരിതാഭ നിറഞ്ഞ ഭൂഭാഗമായ കേരളം പിന്നിട്ടാൽപ്പിന്നെ വരണ്ട സമതലങ്ങളും ചെറുനദികളും ചെറുതടാകങ്ങളുമൊക്കെ മാത്രമേ കാണാനാകൂ. പരിസ്ഥിതിയോട് മലയാളി പുലർത്തിവന്ന പ്രണയവും കാവുകളും കാടുകളുമൊക്കെ സംരക്ഷിക്കാൻ കാട്ടിയ ആവേശവുമൊക്കെയാണ് പുഴകളും കുളങ്ങളും തടാകങ്ങളുമൊക്കെ നിറഞ്ഞ കേരളത്തിനു പശ്ചാത്തലമായി ഹരിതാഭ നിറച്ചത്. മണ്ണിനോട് അടുത്തു നിൽക്കുന്ന മനുഷ്യനു മാത്രമേ പക്ഷേ പ്രകൃതിയെ സ്‌നേഹിക്കാനുള്ള കഴിവുള്ളുവെന്നതാണ് ദയനീയമായ ഒരു സത്യം. നഗരവൽക്കരണത്തിനായുള്ള ഓട്ടത്തിനിടയിൽ നമ്മുടെ പാരമ്പര്യത്തെപ്പോലും മറന്ന് വൃക്ഷങ്ങൾ വെട്ടിവീഴ്ത്തുകയും ജലസ്രോതസ്സുകൾ അണകെട്ടി വൈദ്യുതി ഉൽപാദനത്തിനായി ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ നശിക്കുന്നത് പ്രകൃതിയാണ്. പ്രകൃതിയിലെ ഏറ്റവും സുന്ദരമായ ഒരു സൃഷ്ടി ഒരു പൂവാണെന്നും അതിന്റെ വേരുകൾ മണ്ണിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അർത്ഥശങ്കയില്ലാതെ പറഞ്ഞയാളാണ് വിഖ്യാത എഴുത്തുകാരനായ ഡി എച്ച് ലോറൻസ്. പക്ഷേ പ്രകൃതിയിൽ നിന്നും കണ്ണുതെറ്റിപ്പോയ മലയാളികളാണ് നമ്മുടെ ഭരണക്കാരിൽ പലരും ഇന്ന്. അതിരപ്പിള്ളി എന്ന കേരളത്തിലെ അപൂർവങ്ങളായ ജീവജാലങ്ങളുടെ ഭൂമികയെ അണകെട്ടി അവസാനിപ്പിക്കാൻ കാലങ്ങളായി കേരളത്തിലെ ഭരണക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.സ്മാർട്ട് ഡ്രൈവ് ഒരുപക്ഷേ ഏറ്റവുമധികം യാത്രകൾ നടത്തിയിട്ടുള്ളത് അതിരപ്പിള്ളിയിലേക്കായിരിക്കും. പ്രകൃതിയുടെ വരദാനമായ ആ ഭൂമി ഒരിക്കലും മടുപ്പിക്കാത്ത അനുഭവമായി മാറുന്നതുകൊണ്ടാണ് അതെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല. പുതുതായി വാങ്ങുന്ന ഒരു വാഹനം ഏതെങ്കിലുമൊരു ദേവാലയത്തിൽ കൊണ്ടുപോയി പൂജകൾ നടത്തുന്നതുപോലെ തന്നെ, വിപണിയിലെത്തുന്ന ഏതൊരു വാഹനത്തേയും ടെസ്റ്റ് ഡ്രൈവിലോ യാത്രയിലോ ആയി അതിരപ്പിള്ളിയിലെത്തിക്കണമെന്നത് ഞങ്ങളുടെ ഒരു വിശ്വാസമാണ്. പ്രകൃതിയോടുള്ള ഈ സ്‌നേഹത്തിനു പിറകിൽ മറ്റൊരു കാരണം കൂടിയുണ്ട്. വാഹനത്തിന്റെ പ്രവർത്തനമികവ് അളക്കാനും പഠിക്കാനും ഏറ്റവും നല്ലത് മലമ്പ്രദേശങ്ങളും ദുർഘടമായ പാതകളുമൊക്കെ തന്നെയാണ്. പാറക്കെട്ടുകൾ നിറഞ്ഞ നദിയിലേക്കിറക്കാനും വാഹനത്തിന്റെ മികവ് ഉപയോഗപ്പെടുത്തി, ഏത് ഓഫ്‌റോഡുകൾ കീഴടക്കാനും അതിനാൽ അതിരപ്പിള്ളി തന്നെ വേണം. ഇത്തവണ സ്മാർട്ട് ഡ്രൈവ് അതിരപ്പിള്ളിയിലേക്ക് എത്തിക്കുന്നത് ഇന്ത്യൻ ജനതയുടെ വിശ്വാസം 2011 മുതൽ കൈയടക്കിയ മഹീന്ദ്രാ എക്‌സ് യു വി 500ന്റെ പരിഷ്‌കരിച്ച പതിപ്പാണ്. എക്‌സ് യു വി 500 ഡബ്ല്യു 11 (ഒ) എന്ന ഡീസൽ ഓട്ടോമാറ്റിക് ടോപ്പ് വേരിയന്റിലാണ് അതിരപ്പിള്ളിയിലേക്കുള്ള ഞങ്ങളുടെ സഞ്ചാരം. ഈ സഞ്ചാരത്തിന് ഞങ്ങൾക്കൊപ്പമുള്ളത് മഹീന്ദ്രയുടെ വാഹനങ്ങളുടെ കടുത്ത ആരാധകരും ഉടമകളുമായ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ്. ഏഷ്യാനെറ്റ് ചാനലിന്റെ സീനിയർ വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) ആയ രഘു രാമചന്ദ്രനും ഏഷ്യനെറ്റ് ന്യൂസ് ചാനലിന്റെ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) ആയ ബി കെ ഉണ്ണിക്കൃഷ്ണനു
മാണ് അവർ. ഉണ്ണി ഒരു മഹീന്ദ്രാ എക്‌സ് യു വി 500 ഉടമയും മഹീന്ദ്ര വാഹനങ്ങളുടെ കടുത്ത ആരാധകനു മാണെങ്കിൽ രഘു മഹീന്ദ്രാ താറും മഹീന്ദ്രാ സ്‌കോർപിയോയും ബൊലേറോയും കാലങ്ങളായി ഉപയോഗിക്കുന്ന വ്യക്തിയുമാണ്. പുതിയ എക്‌സ് യു വി 500 പുറത്തിറങ്ങിയ നിമിഷം മുതൽ ആ വാഹനം എക്‌സ്പീരിയൻസ് ചെയ്യാനുള്ള ആവേശത്തിലായിരുന്നു ഇരുവരും. ”2004ലാണ് ആദ്യമായി ഞാൻ ഒരു മഹീന്ദ്ര വാഹനം വാങ്ങുന്നത് ബൊലേറോ. ബൊലേറോയ്ക്കു ശേഷമാണ് സ്‌കോർപിയോയും താറും വാങ്ങിയത്. മഹീന്ദ്ര വാഹനങ്ങളുടെ മസിൽമാൻ ലുക്കും ഏത് ദുർഘടപാതയിലൂടേയും മുന്നേറാനുള്ള മികവും തന്നെയാണ് മഹീന്ദ്രയെ ഞാൻ കൈയൊഴിയാത്തതിനു കാരണം,” രഘു രാമചന്ദ്രൻ പറയുന്നു.

സിൽവർ നിറത്തിലുള്ള മഹീന്ദ്ര എക്‌സ് യു വി 500 കൊച്ചിയിലെ ടി വി എസ് മഹീന്ദ്രയുടെ മുന്നിൽ ആ ഞായറാഴ്ച പ്രഭാതത്തിൽ തന്നെ ഞങ്ങളെ കാത്തു നിൽപുണ്ടായിരുന്നു. അതിരപ്പിള്ളിയിലേക്കാണ് പോക്കെന്ന് എക്‌സ് യു വി 500ന്റെ മുൻഗാമി പറഞ്ഞുകൊടുത്തതുപോലെ, പുതിയ ക്രോം കട്ടകൾ നിരത്തിയ കറുത്ത പശ്ചാത്തലത്തിലുള്ള ഗ്രില്ലിൽ എക്‌സ് യു വി 500 ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയാണെന്ന് ഒരു നിമിഷം തോന്നിപ്പോയി. 2018ലെ എക്‌സ് യു വി 500ലെ ഏറ്റവും ആകർഷകമായ മാറ്റവും ഒരുപക്ഷേ ക്രോം കട്ടകൾ നിരന്ന ആ ഗ്രില്ലു തന്നെയായിരിക്കണം. കൂടുതൽ കരുത്തനും ശക്തനും സുന്ദരനുമാക്കി മാറ്റിയ വാഹനമാണ് ആ പുഞ്ചിരി പൊഴിച്ചതെന്നത് ഞങ്ങളുടേയും ആവേശം കൂട്ടി. പുതുതായി ഹെഡ് പ്രൊജക്ടർ ലാമ്പുകൾക്കു ചുറ്റും വന്ന എൽ ഇ ഡി ഡേടൈം റണ്ണിങ് ലാമ്പും ക്രോം കട്ടകൾ നിരത്തിയ കറുപ്പൻ ഗ്രില്ലിന് മുകളിലും താഴെയും വന്ന ക്രോം ലൈനുകളും വശങ്ങളിൽ ക്രോം ലൈനിങ് പുതുതായി കൂട്ടിച്ചേർത്ത ഫോഗ് ലാമ്പുകളും എക്‌സ് യു വി 500നെ കൂടുതൽ സുന്ദരമാക്കിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. എക്‌സ് യു വിയുടെ പ്രൗഢമായ പുതിയ രൂപത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു എക്‌സ് യു വി 500 ഉടമ കൂടിയായ ഉണ്ണി.

ചുറ്റും നടന്നു തന്നെയാണ് ഉണ്ണിയുടെ നോട്ടം. പിൻഭാഗത്തേക്ക് നോട്ടമെത്തിയപ്പോൾ ഉണ്ണിയുടെ കണ്ണുകളിലെ തിളക്കം ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പുതിയ ടെയ്ൽ ലാമ്പുകളും റൂഫ് സ്‌പോയ്‌ലറുമടക്കം പൂർണമായും എക്‌സ് യു വി 500നെ പുതുക്കിപ്പണിതിരിക്കുന്നു മഹീന്ദ്രയിലെ ഡിസൈനർമാർ. പിന്നിലെ ബമ്പറും അതിനു താഴെയുള്ള ഭാഗങ്ങളുമൊഴിച്ച് ബാക്കിയെല്ലാം തന്നെ മാറിയിരിക്കുന്നു. ഉണ്ണിയും കാലങ്ങളായി മഹീന്ദ്ര ഫാൻ തന്നെ. ”രഘുവിനെപ്പോലെ ഞാനും ബെലേറോയിൽ തന്നെയാണ് മഹീന്ദ്രയെ പരിചയപ്പെട്ടത്. പിന്നെ സൈലോ വാങ്ങി. 2014 മുതൽ മഹീന്ദ്ര എക്‌സ് യു വി 500 ആണ് ഉപയോഗിക്കുന്നത്. മറ്റ് പല വാഹനങ്ങളോടിച്ചിട്ടും മഹീന്ദ്ര എക്‌സ് യു വി 500ന്റെ കംഫർട്ട് ഒന്നും എനിക്ക് അതിൽ അനുഭവപ്പെട്ടതേയില്ല. ഇനിയൊരു വാഹനമെടുത്താൽ അത് മറ്റൊരു എക്‌സ് യു വി 500 തന്നെ ആകാനാണ് സാധ്യത,” ഉണ്ണിക്ക് പുതിയ എക്‌സ് യു വി 500 കണ്ടപ്പോൾ തന്നെ അതിനോട് അനുരാഗമുണർന്നു.
അകത്തേക്ക് കടന്നപ്പോൾ നേരത്തെ പൂർണമായും കറുപ്പായിരുന്ന ഡാഷ് ബോർഡിൽ പിയാനോ ബ്ലാക്കിന്റെ ലയനത്തിന്റെ കാഴ്ചയാണ് കണ്ടത്. ടാൻ ഷെയ്ഡുള്ള, സുന്ദരമായ സ്റ്റിച്ചിങ്ങോടു കൂടിയ ലെതർ സീറ്റുകൾ. ഒതുക്കമുള്ള ടച്ച് സ്‌കീൻ ഡാഷ്‌ബോർഡിനകത്തു നിന്നും ഒരു മരപ്പൊത്തുപോലെ തോന്നിപ്പിച്ചു. സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചുമൊക്കെ അതുമായി ഏകോപിപ്പിക്കാനാകുമെന്നതിനു പുറമേ, നാവിഗേഷനും ആൻഡ്രോയിഡ് ഓട്ടോയുമൊക്കെ അതിലുണ്ട്. പിന്നിലെ രണ്ടു നിരകളിലുമായി മൊത്തം ഏഴു പേർക്ക് സുഖമായി സഞ്ചരിക്കാനാകും എക്‌സ് യു വി 500ൽ. ഡോർ പാനലുകളിലും ഡാഷ് ബോർഡിലുമെല്ലാമുള്ള ലെതർ സ്റ്റിച്ചിങ് വാഹനത്തിന് ആഢംബര വാഹനത്തിന്റെ ഫീൽ നൽകുന്നുണ്ട്. മുൻ നിരയിൽ ആംറെസ്റ്റിനു താഴേയും ധാരാളം സ്റ്റോറേജ് സ്‌പേസ് നൽകിയിരിക്കുന്നതിനു പുറമേ, സീറ്റുകളുടെ പിന്നിലും സാധനസാമഗ്രികൾ വയ്ക്കാനുള്ള സൗകര്യമുണ്ട്. രണ്ടാം നിരയിൽ കപ്‌ഹോൾഡേഴ്‌സിനായി നടുവിൽ ആം റസ്റ്റിൽ തന്നെ സ്‌പേസ് കൊടുത്തിട്ടുണ്ട്. ഗ്ലാസ് ഉറച്ചിരിക്കുന്നതിനായി റബ്ബർ ഗ്രിപ്പും നൽകിയിരിക്കുന്നു. മൂന്നാം നിര സീറ്റ് മടക്കിയിട്ടാൽ നാലോ അഞ്ചോ ദിവസത്തേക്ക് ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ ലഗേജുകളും കൊണ്ടുപോകാനുമാകും.

എഴുപതു ലിറ്ററാണ് വാഹനത്തിന്റെ ഇന്ധന ടാങ്ക് ശേഷി. ഫുൾ ടാങ്ക് ഡീസൽ അടിച്ചശേഷമാണ് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്ക് ഞങ്ങൾ തുടക്കമിട്ടത്. കൊച്ചിയിൽ നിന്നും ആലുവ വഴി അങ്കമാലി തൃശ്ശൂർ ഹൈവേയിലൂടെ വാഹനം കുതിച്ചു പാഞ്ഞു. സ്പീഡ് 160 കിലോമീറ്റർ പിന്നിട്ടപ്പോഴും വാഹനത്തിന് തെല്ലും കുലുക്കമില്ല. ”സ്‌റ്റൈബിലിറ്റിയുടെ കാര്യത്തിൽ എക്‌സ് യു വി 500നെ വെല്ലാൻ മറ്റൊരു വാഹനം ഇനിയും ജനിക്കേണ്ടിയിരിക്കുന്നു,” ഉണ്ണി ഡ്രൈവിങ്ങിന്റെ ആവേശത്തിലാണ്. ഹൈവേയിലൂടെയുള്ള ഉണ്ണിയുടെ പറപ്പിക്കൽ കണ്ടപ്പോൾ രഘുവിനും അതാകണമെന്ന് തോന്നി. ഉണ്ണി സ്റ്റീയറിങ് രഘുവിന് കൈമാറി. ഡ്രൈവർ സീറ്റിനു മുകളിലായി ആകാശം കാണാൻ രഘു ആദ്യം സൺറൂഫ് തുറന്നിട്ടു. പിന്നെ നേരത്തെ തന്നെ സൺ ഗ്ലാസ് അകത്താക്കിവച്ചിരുന്ന സൺഗ്ലാസ് ഹോൾഡർ തുറന്ന് അതെടുത്ത് മുഖത്തുറപ്പിച്ചു. പിന്നെ എക്‌സ് യു വി 500 ഒരൊറ്റ കുതിപ്പായിരുന്നു. ആ കുതിപ്പ് അവസാനിച്ചത് ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളിക്കു തിരിയുന്ന ജംങ്ഷനിലും. ”എങ്ങനുണ്ട് പുതിയ എസ് യു വി?” ”സൂപ്പർബ്” ഒറ്റ വാക്കിലൊതുങ്ങി രഘുവിന്റെ മറുപടി.

ഇനിയങ്ങോട്ട് ഉണ്ണിയുടെ ഊഴമായിരുന്നു. എണ്ണപ്പനക്കൂട്ടങ്ങൾക്കുള്ളിലൂടെ, എക്‌സ് യു വി പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ നീങ്ങുകയാണ്. നിരത്ത് മഹാമോശമാണെങ്കിലും അകത്ത് തെല്ലും കുലുക്കം അനുഭവപ്പെടുന്നില്ല. 3750 ആർ പി എമ്മിൽ 153 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 350 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന വാഹനമാണ് എക്‌സ് യു വി 500. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഞങ്ങൾ സഞ്ചരിക്കുന്ന, 2179 സിസിയുടെ ടോപ്പ് എൻഡ് ഡബ്ല്യു 11 നുള്ളത്. ആറ് എയർബാഗുകളുടെ സുരക്ഷിതത്വത്തിനു പുറമേ, സീറ്റ് ബെൽ്ട്ട് വാണിങ്ങും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ട്രാക്ഷൻ കൺട്രോളും ഹിൽ ഡിസന്റ് കൺട്രോളും ഹിൽ ഹോൾഡ് കൺട്രോളുമെല്ലാം ഈ ഫോർ വീൽ ഡ്രൈവ് വാഹനത്തിനുണ്ട്. കത്തുന്ന വെയിലായിരുന്നിട്ടുപോലും അകത്തേക്ക് ചൂട് തെല്ലും കടക്കുന്നില്ല. മുന്നിലും പിന്നിലുമൊക്കെ എ സി വെന്റുകളുള്ളതിനാലും എ സി കൃത്യമായി പലയിടങ്ങളിലേക്ക് എത്തുന്നതിനാലും കാറിനുള്ളിലിരിക്കുന്നവർക്ക് ഉഷ്ണിക്കുന്നതേയില്ല.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ രൂപപ്പെടുന്ന ചാലക്കുടിയാറിലേക്ക് വാഹനം ഇറക്കി, കല്ലുകളിലൂടെ അത് ഓടിച്ചുനോക്കണമെന്ന് ഉണ്ണിക്ക് മോഹം തോന്നി.പുഴയിലേക്ക് വാഹനമിറക്കാനുള്ള ധൈര്യമില്ലെങ്കിലും പുഴയ്ക്കരികിൽ വരെ ആകാമെന്ന് ഒടുവിൽ തീരുമാനിച്ചു. കല്ലും ചരലുമൊക്കെ നിറഞ്ഞ കുത്തനെയുള്ള ഇറക്കത്തിലേക്ക് നിഷ്പ്രയാസം ഒരു തികഞ്ഞ അഭ്യാസിയെപ്പോലെ എക്‌സ് യു വി 500 ഇറങ്ങി. ഇളം തണുപ്പുള്ള ജലത്തിലേക്ക് കാലെടുത്തുവച്ചാണ് വാഹനത്തിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങിയത്. എക്‌സ് യു വിക്കാണെങ്കിൽ ഇതൊക്കെ എന്ത് എന്ന ഭാവം. ആറ് സ്പീക്കറുകള്ള ആർക്കമീസ് സിസ്റ്റത്തിലൂടെ റേഡിയോ ഗാനം പൊഴിക്കുകയായിരുന്നു അപ്പോൾ. എം പി 3 പ്ലേയറും സി ഡി പ്ലേയറും ഡിവിഡി പ്ലേബാക്കും റേഡിയോയ്ക്കു പുറമേയുണ്ട് എക്‌സ് യു വിയിൽ. ഇതിനു പുറമേയാണ് ജി പി എസ് നാവിഗേഷനും വോയ്‌സ് കമാൻഡും സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളുമൊക്കെ.

തന്റെ പുതിയ നിക്കോൺ ക്യാമറയിൽ പുഴയ്ക്കരികിലുള്ള എക്‌സ് യു വി 500 ചിത്രങ്ങൾ ഒപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി. എത്ര കണ്ടിട്ടും ഉണ്ണിക്ക് എക്‌സ് യു വിയെ സ്‌നേഹിക്കാതിരിക്കാനാകുന്നില്ലെന്നു തോന്നുന്നു. ”പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയിൽ പോലും ഉണ്ണി ഇത്രയും സംതൃപ്തനാണെന്നു തോന്നുന്നില്ല,” ബൈജുവിന്റെ കമന്റ്. ഉണ്ണിക്ക് ചിരിയടക്കാനാകുന്നില്ല. ചില സത്യങ്ങൾ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളാണല്ലോ. വാഹനം സിൽവർ സ്റ്റോമിന് മുന്നിലെത്തിയപ്പോൾ ദൂരെ നിന്നും പ്രഭാതസവാരിക്കിറങ്ങിയ ഒരാൾ ഞങ്ങളെ നോക്കി കൈയുയർത്തി കാട്ടി. അടുത്തെത്തിയപ്പോഴാണ് ട്രൗസർ ധാരിയായ ആളെ പിടികിട്ടിയത്. മറ്റാരുമല്ല, സിൽവർ സ്റ്റോമിന്റെ മാനേജിങ് ഡയറക്ടറായ ഷാലിമാർ ഇബ്രാഹിമായിരുന്നു അത്. അദ്ദേഹത്തിനും പുതിയ എക്‌സ് യു വി 500 നന്നായി പിടിച്ചു. എക്‌സ് യുവി 500ലെ പുതുമകൾ രഘു അദ്ദേഹത്തോട് വർണിച്ചു. ഫീച്ചേഴ്‌സ് കേട്ടപ്പോൾ ഇതൊക്കെ പ്രീമിയം കാറുകളിൽ മാത്രമുള്ളതാണല്ലോ എന്ന് അദ്ദേഹത്തിന്റെ ആശ്ചര്യപ്രകടനം! മഹീന്ദ്രയുടെ എക്‌സ് യു വിക്ക് ഏത് വിദേശ പ്രീമിയം വാഹനത്തോടാണ് കിടപിടിക്കാനാകാത്തത്?

ഷാലിമാർ ഇബ്രാഹിമിനോട് യാത്ര പറഞ്ഞ്, വനാന്തരങ്ങളിലേക്കുള്ള യാത്രയ്ക്ക് തയാറായി എക്‌സ് യു വി 500. പുൽമേടുകളിലൂടേയും കാട്ടിലെ ഓഫ്‌റോഡിങ് ഇടങ്ങളിലൂടെയുമൊക്കെയാണ് ഇനി സഞ്ചാരം. പെരിങ്ങൽക്കുത്ത് ഡാം വരെയുള്ള പ്രദേശത്ത് കാട്ടിനിടയിൽ മറ്റ് ആവാസസ്ഥലങ്ങളൊന്നുമില്ല. കാടിന്റെ സൗന്ദര്യം ആസ്വദിച്ചാണ് എക്‌സ് യു വിയുടെ പോക്ക്. സൺറൂഫ് പൂർണമായി തുറന്നിട്ടപ്പാൾ മുകളിൽ പച്ചപ്പടർപ്പുകൾക്കിടയിലൂടെ നീലാകാശം തെളിഞ്ഞു കണ്ടു. പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം മഹീന്ദ്രയുടെ സുന്ദരസൃഷ്ടി ലയിച്ചുചേരുന്നതുപോലുള്ള അപൂർവമായ അനുഭവം. വേനൽമഴ പെയ്തു തുടങ്ങിയപ്പോൾ സൺറൂഫ് അടച്ചു. റെയ്ൻ സെൻസിങ് വൈപ്പറുകൾ സ്വയം പ്രവർത്തിക്കാൻ തുടങ്ങി. പിന്നിലും വൈപ്പറുകളുണ്ട് എക്‌സ് യു വിക്ക്. ഇല്ലാത്തതെന്താണ് ഈ വാഹനത്തിൽ എന്നു ചോദിച്ചാൽ അതിനുത്തരം നൽകാൻ നമ്മൾ ശരിക്കും ബുദ്ധിമുട്ടും.

അതിരപ്പിള്ളിയ്ക്ക് ഓരോ കാലത്തും ഓരോ നിറമാണ്. വേനൽമഴയ്ക്കുശേഷമുള്ള വരവായിരുന്നതിനാൽ പച്ചപ്പടർപ്പുകളുടെ സുന്ദരമായ കാഴ്ചകളാണ് എവിടേയും. സിൽവർ നിറമുള്ള എക്‌സ് യു വി 500 കാടിന്റെ പശ്ചാത്തലത്തിലെവിടേയും വേട്ടയ്‌ക്കെത്തിയ ഒരു റോമൻ പോരാളിയെപ്പോലെ തോന്നിപ്പിച്ചു. ക്രോമുകളാണ് അയാളുടെ പരിചകൾ. നെഞ്ചുനിവർത്തിയുള്ള ആ നിൽപാണ് എക്‌സ് യു വി 500ന്റെ ഭാവം! 4 സിലിണ്ടർ എംഹോക്ക് സി ആർ ഡി ഇ എഞ്ചിന്റെ കരുത്ത് പണ്ടേ പ്രശസ്തമാണല്ലോ. പുതിയ രൂപം കൂടി വന്നതോടെ ഇരുത്തം വന്ന ഒരു കരുത്തനായി മാറിയിരിക്കുന്നു എക്‌സ് യു വി 500. കൊച്ചിയിലേക്ക് തിരികെയുള്ള യാത്രയിൽ എക്‌സ് യു വിയെപ്പറ്റി മാത്രമായിരുന്നു ഉണ്ണിയുടേയും രഘുവിന്റേയും സംസാരം. വൈകാതെ പുതിയ എക്‌സ് യു വി 500 ഇരുവരുടേയും വീടുകളിലേക്ക് എത്തുമെന്നുറപ്പ്

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *