നാലിടത്തേക്കും വഴി തിരിയുന്ന പ്രധാനപ്പെട്ട ജംഗ്ഷനിൽ രണ്ടിടത്തേക്കു മാത്രം നേർരേഖപോലെ നീളുന്ന പാലങ്ങൾ നിർമ്മിച്ചിട്ട് എന്തു കാര്യം! ഇവിടെയെല്ലാം വേണ്ടിയിരുന്നത് മൾട്ടിവേ ബ്രിഡ്ജ് എന്നറിയപ്പെടുന്ന, നാലിടത്തേക്കും ശാഖകൾ തിരിയുന്ന പാലമായിരുന്നില്ലേ?
കേരളത്തിന്റെ നട്ടെല്ല് എന്നു വിളിക്കാവുന്ന ഏതാനും പാലങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം എന്നീ കവലകളിലെ പാലങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്നത്. വൈറ്റില, കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനാ ണ്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലാരിവട്ടവും മോശമല്ല. ഇവിടെ പൂർവാശ്രമത്തിൽ ഒരുപാലം ഉണ്ടായിരുന്നു എന്നതും ഓർക്കുക. കട്ടും കൈയിട്ടുവാരിയും മന്ത്രിയടക്കമുള്ളവർ സിമന്റ് മോഷ്ടിച്ചും പാലം തകരാറിലായി. പിന്നെ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചാണ് ഇപ്പോൾ ഗതാഗതയോഗ്യമാക്കിയത്. ശ്രീധരൻ സിമന്റ് കക്കാറില്ല എന്നതിനാൽ പാലം ഇനിയും ദശകങ്ങളോളം നിലനിൽക്കും എന്നുറപ്പിക്കാം.
കുണ്ടന്നൂരും വളരെ പ്രധാനപ്പെട്ട ഒരു ജങ്ഷനാണ്. എറണാകുളത്ത് ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ എത്രയോ മണിക്കൂറുകൾ ‘പാലമില്ലാത്ത കുണ്ടന്നൂ’രിൽ അകപ്പെട്ടു കിടന്നിരിക്കുന്നു! മൂന്നു പാലങ്ങളും ഏറെ കൊട്ടിഘോഷിക്കപ്പെട്ടാണ് തുറന്നത്. സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളായി ഇവ ഭരണപക്ഷം കൊണ്ടാടുന്നു. വൈറ്റില പാലം തുറന്നു കഴിഞ്ഞുള്ള അവസ്ഥ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കുണ്ടന്നൂർ ഭാഗത്തു നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും വാഹനങ്ങൾ പാലത്തിനു മേലെ കൂടി ചീറിപ്പായുന്നുണ്ട്. എന്നാൽ പാലത്തിനു താഴെക്കൂടി മറ്റിടങ്ങളിലേക്ക് തിരിയേണ്ട യാത്രക്കാർ ഇപ്പോഴും ബ്ലോക്കിൽത്തന്നെ കഴിഞ്ഞു കൂടുന്നു. കുണ്ടന്നൂരും സ്ഥിതി വ്യത്യസ്തമല്ല. തൃപ്പൂണിത്തുറയിലേക്കും ഫോർട്ട്കൊച്ചി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ ഇപ്പോഴും പാലത്തിനു താഴെ കുരുങ്ങിക്കിടക്കുകയാണ്. പാലാരിവട്ടത്തു മാത്രം ഇപ്പോൾ ബ്ലോക്കില്ല. വെറ്റിലയിലെയും കുണ്ടന്നൂരിലെയും അത്രയും വാഹനങ്ങൾ പാലാരിവട്ടത്തു കുടി കടന്നു പോകുന്നില്ല എന്നതാവാം കാരണം.
എന്താണ് ഇപ്പോഴും ഈ ഗതാഗതക്കുരുക്കിന് കാരണം എന്നു ചിന്തിക്കുമ്പോൾ അത് കൈ ചൂണ്ടുന്നത് ഭരണവർഗ്ഗത്തിന്റെ ദീർഘവീക്ഷണമില്ലായ്മയിലേക്കു തന്നെയാണ്. നാലിടത്തേക്കും വഴി തിരിയുന്ന പ്രധാനപ്പെട്ട ജംഗ്ഷനിൽ രണ്ടിടത്തേക്കു മാത്രം നേർരേഖപോലെ നീളുന്ന പാലങ്ങൾ നിർമ്മിച്ചിട്ട് എന്തു കാര്യം! ഇവിടെയെല്ലാം വേണ്ടിയിരുന്നത് മൾട്ടിവേ ബ്രിഡ്ജ് എന്നറിയപ്പെടുന്ന, നാലിടത്തേക്കും ശാഖകൾ തിരിയുന്ന പാലമായിരുന്നില്ലേ? എങ്കിൽ ട്രാഫിക് നാലുഭാഗത്തേക്കും ഒഴുകി നീങ്ങിയേനെ. താഴെ വാഹനങ്ങൾ കെട്ടിക്കിടക്കേണ്ടി വരുമായിരുന്നില്ല. ഇതിപ്പോൾ രണ്ടു ദിശകളിലേക്കു പോകുന്നവർക്കു മാത്രമേ പ്രയോജനം ലഭിക്കുന്നുള്ളു.
ഇങ്ങനെ പാലങ്ങൾ നിർമ്മിച്ചു വെച്ചതുകൊണ്ട് ഇനിയൊരിക്കലും അവ മൾട്ടിവേ പാലങ്ങളായി പുതുക്കിപ്പണിയാനാവില്ല എന്നതാണ് മറ്റൊരു കാര്യം. അതായത്, എത്ര വർഷം കഴിഞ്ഞാലും, എത്ര ലക്ഷം വാഹനങ്ങൾ റോഡിൽ കൂടുതലായി പ്രത്യക്ഷപ്പെട്ടാലും, കുണ്ടന്നൂരിലും വൈറ്റിലയിലും ജനം പാലത്തിനു താഴെ ബ്ലോക്കിൽക്കിടന്നു വലഞ്ഞു കൊണ്ടിരിക്കും എന്നു ചുരുക്കം.
ഇനി ഇടപ്പള്ളിയിലെ കാര്യമെടുക്കുക. കുണ്ടുന്നൂരു നിന്ന് പാലത്തിലൂടെ പറന്ന്, വൈറ്റില, പാലാരിവട്ടം പാലങ്ങളിലൂടെ ഓടിയിറങ്ങിയെത്തുന്ന വാഹനങ്ങൾ ഇടപ്പള്ളി എത്താറാകുമ്പോൾ ബ്ലോക്കിൽ കുരുങ്ങുന്നു. അവിടെയും നേരെ മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുന്നത് രണ്ട് ദിശകളിലേക്ക് മാത്രം പോകാൻ സാധിക്കുന്ന ഒരു പാലവും, പോരാത്തതിന് മെട്രോ ട്രെയിനിലെ പാളവുമാണ്. അതായത് ഒരു അണ്ടർ പാസല്ലാതെ, ഇടപ്പള്ളിയിലെ കുരുക്കഴിക്കാൻ വേറെ മാർഗ്ഗമില്ല എന്നർത്ഥം.
ഇങ്ങനെ, ജനത്തിന് പ്രയോജനപ്പെടാത്ത കുറേ പാലങ്ങൾ നിർമ്മിച്ചു വെച്ചിട്ട് മുഖ്യമന്ത്രിയും സുധാകരൻ മന്ത്രിയുമൊക്കെ, പാലങ്ങളുടെ ഉദ്ഘാടന സമയത്ത് പറഞ്ഞ അഹങ്കാരം നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ ചിരിക്കാത്തത് കേരളം വിട്ടു പുറത്തു പോയിട്ടില്ലാത്ത കിണറ്റിലെ തവളകൾ മാത്രമായിരിക്കും. ഇന്ത്യയ്ക്ക് പുറത്തെക്കൊന്നും പോകണ്ട, കർണാടകത്തിൽ പോലും ഇത്തരം എത്രയോ പാലങ്ങളാണ് ദിനംപ്രതിയെന്നോണം നിർമ്മിക്കപ്പെടുന്നത്! അവിടുത്തെയൊക്കെ മന്ത്രിമാർ എത്രമാത്രം അഹങ്കരിക്കേണ്ടി വരും!
സ്വന്തം കൈയിൽ നിന്ന് കാശെടുത്ത് നിർമ്മിച്ച പാലം എന്ന മട്ടിലാണ് സുധാകരൻ മന്ത്രിയും മറ്റും പാലത്തിലൂടെ നടന്നു നീങ്ങിയത്. രാഷ്ട്രീയക്കാരന്റെ സമയത്തിനായി ഉദ്ഘാടനം നീട്ടിവെച്ചപ്പോൾ, പാലം തുറന്നു കൊടുത്ത രാഷ്ട്രീയേതര പ്രസ്ഥാനമായ ട്വന്റി ട്വന്റിയുടെ പ്രവർത്തകരെ എറണാകുളം നഗരവാസികൾ അഭിനന്ദിക്കാതിരുന്നില്ല. എന്തെങ്കിലും ചെയ്തെന്നു വരുത്തിത്തീർക്കാൻ മാത്രമാണ് എല്ലാക്കാലത്തും നമ്മുടെ രാഷ്ട്രീയനേതാക്കൾ ശ്രമിച്ചിട്ടുള്ളത്.
‘അതിൽ നിന്ന് എനിക്കെന്ത് ലാഭം’ എന്നല്ലാതെ അതിൽ നിന്ന് പൊതുജനത്തിനെന്തു ഗുണം എന്ന് ഒരു രാഷ്ട്രീയക്കാരനും ചിന്തിക്കാറില്ല. ഉണ്ടെങ്കിൽ കുണ്ടന്നൂരും വെറ്റിലയിലും ഇടപ്പള്ളിയിലും ഇത്തരം ‘പാലാഭാസങ്ങൾ’ നിർമ്മിച്ചു വെക്കുമായിരുന്നില്ല. ജനത്തിന്റെ പണവും കക്ഷത്തിലാക്കി ചികിൽസയ്ക്കെന്ന പേരിലും മറ്റും നേതാക്കൾ അമേരിക്കയിലും ജപ്പാനിലും കറങ്ങി നടക്കാറുണ്ടല്ലോ. അപ്പോഴൊന്നും കണ്ണുതുറന്ന് മറ്റുരാജ്യങ്ങളുടെ വികസനം കാണാറില്ലേ, പാവങ്ങളുടെ പടത്തലവന്മാരെന്ന് സ്വന്തം വിശേഷിപ്പിക്കുന്ന നമ്മുടെ ഭരണവർഗ്ഗം!
പാലത്തിനുവേണ്ടി അനുവദിച്ച പണം മുഴുവൻ കട്ടു ഭുജിച്ച് നാട്ടുകാരെ ദുരന്തത്തിനു വിട്ടുകൊടുത്ത ‘പാലാരിവട്ടം പാലം വിഴുങ്ങി’ എന്നു വിളിക്കാവുന്ന മുൻമന്ത്രി ഇപ്പോഴും കൊട്ടാരസദൃശ്യമുള്ള വീട്ടിൽ സുഖമായി വാഴുന്നു. എന്നിട്ടോ, പാലം റെക്കോർഡു സമയത്തിൽ പുനർനിർമ്മിച്ചു കൊടുത്ത ശ്രീധരന്റെ പേര് ഉദ്ഘാടനവേളയിൽ വിഴുങ്ങുകയും ചെയ്തു, മുഖ്യമന്ത്രി .എന്തൊരു ഇടുങ്ങിയ മനസ്സാണ് പാവങ്ങളുടെ പടത്തലവനായ ഇരട്ടച്ചങ്കന്റേത്! എന്തൊരു അല്പത്തരം!
കേരളത്തിനു നല്ലത് ട്വന്റിട്വന്റി പോലെയുള്ള ജനകീയകൂട്ടായ്മകളാണ്. തലയ്ക്കുള്ളിൽ അല്പമെങ്കിലും ബോധമുള്ളവർ, രാഷ്ട്രീയ തിമിരം ബാധിക്കാത്തവർ, ലോകം കണ്ടിട്ടുള്ളവർ – ഇവരൊക്കെ അത്തരം ജനകീയ കൂട്ടായ്മകളിലുണ്ടാവും.
വിവരദോഷികളെ, അത് കോൺഗ്രസ്സായാലും സി.പി.എമ്മായാലും ബിജെപി ആയാലും, ജയിപ്പിച്ചു വിട്ടാൽ ഇനിയും പാലത്തിനു കീഴെയുള്ള കുരുക്കിൽ പെട്ട് ജീവിതം നമ്മൾ പാഴാക്കിക്കൊണ്ടേയിരിക്കും….$