ഒരു ബോൺവിൽ അപാരത….
March 24, 2021
Test Ride: Jawa 42 version 2.1
March 24, 2021

Preview: Skoda Kushaq

ലോകവിപണിക്കുവേണ്ടി ഇന്ത്യയിൽ ഡിസൈൻ ചെയ്ത് ഇന്ത്യയിൽ നിർമ്മിച്ച സ്‌കോഡ കുഷാഖ് ഉടൻ വിപണിയിലെത്തും. പ്രിവ്യു…

ബൈജു എൻ നായർ

സ്‌കോഡ എന്ന് നമ്മളും ഷ്‌കോഡ എന്ന് ജന്മസ്ഥലമായ ചെക്ക് റിപ്പബ്ലിക്കിലുള്ളവരും വിളിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയാണ് സ്‌കോഡ. ഇന്ത്യയിൽ 20 വർഷം മുമ്പ് കാൽ കുത്തുകയും ചീത്തപ്പേരൊന്നും കേൾപ്പിക്കാതെ ഈ കാലമത്രയും കഴിയുകയും ചെയ്ത സ്‌കോഡ രണ്ടര വർഷം മുമ്പ് ഇന്ത്യ 2.0 എന്നൊരു പദ്ധതി തയ്യാറാക്കി. ഇന്ത്യയിൽ കൂടുതൽ ശക്തമായി നിലയുറപ്പിക്കാനുള്ള പരിപാടിയാണ് ഇന്ത്യ 2.0. പുതിയ മോഡലുകൾ നിരവധിയാണ് ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നത്. അതിന്റെ തുടക്കമിട്ടു കൊണ്ട് ഇപ്പോൾ ‘കുഷാഖ്’ എന്നൊരു മിഡ്‌സൈസ് എസ്‌യുവി വന്നു കഴിഞ്ഞിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ സെഗ്‌മെന്റിലേക്ക് വരുന്ന കുഷാഖിന്റെ ഗ്ലോബൽ അവതരണം മുംബൈയിൽ നടന്നു. വിലയൊന്നും പ്രഖ്യാപിച്ചില്ല. വാഹനം പ്രദർശിപ്പിച്ചു എന്നു മാത്രം. അന്ന് അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. പുതിയ ഭാഷയിൽ, ‘വോക്ക് എറൗണ്ട്’ മാത്രമാണ് ചെയ്തതെന്നു പറയാം. ഓടിച്ചു നോക്കാൻ പറ്റിയില്ല. ജൂലായിലാണ് കുഷാഖ് വിപണിയിലെത്തുക. ആ കാലമാകുമ്പോഴേക്കും ഓടിക്കാൻ പറ്റിയേക്കാം. അപ്പോൾ വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് എഴുതാം. തൽക്കാലം വോക്ക് എറൗണ്ട് കൊണ്ട് തൃപ്തിപ്പെടാൻ അപേക്ഷ.

കുഷാഖ്

കുഷാഖ് എന്നു കേൾക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ ഭാഷയിലുള്ള പേരാണെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല. രാജാവ് അല്ലെങ്കിൽ ചക്രവർത്തി എന്നൊക്കെ അർത്ഥമുള്ള സംസ്‌കൃത വാക്കാണ് കുഷാഖ്. ഇന്ത്യയിലാണ് കുഷാഖ് ഡിസൈൻ ചെയ്തതും നിർമ്മിച്ചതും. 95 ശതമാനവും ഇന്ത്യനാണ് കുഷാഖ്. അതുകൊണ്ട് ഇന്ത്യൻ പേരിട്ടതിൽ തെറ്റില്ല.

കാഴ്ച

കാഴ്ചയിൽ ഏതൊരു സ്‌കോഡ വാഹനവും പോലെ തന്നെ. ഗ്രിൽ തൊട്ട് പക്കാ സ്‌കോഡ. ചേട്ടനെന്നു വിളിക്കാവുന്ന കോഡിയാക്കിനെ ഒന്നു ചെറുതാക്കി എടുത്തതു പോലെ തോന്നും. നാലേകാൽ മീറ്റർ നീളമുള്ള കുഷാഖിനാണ് ഈ സെഗ്‌മെന്റിൽ ഏറ്റവുമധികം വീൽബെയ്‌സ് ഉള്ളത്. പുറത്തു നിന്നു നോക്കുമ്പോൾ അത്ര വലിപ്പം തോന്നില്ലെങ്കിലും ഉള്ളിൽ ഇഷ്ടം പോലെ സ്ഥലസൗകര്യമുണ്ട്. ഗ്രിൽ സ്‌കോഡയുടെ തന്നെ എന്നു പറഞ്ഞല്ലോ. ഹെഡ്‌ലാമ്പിന്റെ ഷെയ്പ്പിനും സ്‌കോഡയുടെ മറ്റു മോഡലുകളോട് സാമ്യമുണ്ട്. എൽഇഡി മൊഡ്യൂളോടു കൂടിയ ഹെഡ്‌ലാമ്പിനു താഴെ കോർണറിങ് ഫങ്ഷനുള്ള ഫോഗ്‌ലാമ്പ് കൊടുത്തിരിക്കുന്നു. ബമ്പറിന്റെ ഷെയ്പ്പ് രസകരമാണ്. ബുൾബാർ പോലെ തോന്നിക്കുന്ന ഒരു ക്ലാഡിങ്ങും അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും മുന്നിൽ കാണാം. പവർ ബൾജുകളോടുകൂടിയ ബോണറ്റ് യൂറോപ്യൻ സ്‌റ്റൈലിലുള്ളതാണ്. 188 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്, കുഷാഖിന്. 17 ഇഞ്ച് ടയറുകളിൽ ഭംഗിയുള്ള ഡിസൈനോടുകൂടിയ അലോയ്‌വീൽ. വശക്കാഴ്ചയിൽ കോഡിയാക്കിനെയാണ് കുഷാഖ് ഓർമ്മിപ്പിക്കുന്നത്. ക്ലാഡിങും അലൂമിനിയം ഫിനിഷുള്ള റൂഫ് റെയ്‌ലും ബോഡി ലൈനുകളും യൂറോപ്യൻ ഡിസൈനിലുള്ളതു തന്നെ.
പിൻഭാഗത്ത് എൽഇഡി ടെയ്ൽ ലാമ്പിന്റെ ഭംഗി ശ്രദ്ധയിൽ പെടും. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ്, ബമ്പറിനു മേലെ ഇരുവശത്തും എൽഇഡി സ്ട്രിപ്പ് എന്നിവ എടുത്തു പറയാം. 385 ലിറ്റർ ബൂട്ട് സ്‌പേസുണ്ട്.

ഉള്ളിൽ

കണ്ണിന് കുളിർമയേകുന്ന നിറങ്ങളാണ് ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. വെളളയും കറുപ്പും നിറങ്ങളാണ് പ്രധാനം. വലിയ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡിനു നടുവിലുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും സ്‌കോഡ കണക്ടിവിറ്റി ആപ്പും ഇതിലുണ്ട്. 6 സ്പീക്കർ മ്യൂസിക് സിസ്റ്റമാണ് മറ്റൊന്ന്. 2 സ്റ്റോക്ക് സ്റ്റിയറിങ് വീൽ, സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ച്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ചിൽഡ് ഗ്ലോ ബോക്‌സ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ആഡംബരങ്ങളിൽ പെടുന്നു.
വീൽബെയ്‌സ് 2651 മി.മീ ഉള്ളതു കൊണ്ട് സ്ഥലസൗകര്യം പിന്നിലും മോശമല്ല. പിന്നിലും മുന്നിലും മൊബൈൽഫോൺ ഹോൾഡർ കൊടുത്തത് സൗകര്യപ്രദമായി. ആംറെസ്റ്റ്, പിന്നിലേക്കും എസി വെന്റുകൾ, എന്നിവ കൂടാതെ, സൺറൂഫുമുണ്ട്, കുഷാഖിന്. പനോരമിക് അല്ലെന്നു മാത്രം.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ ഇഷ്ടം പോലെ സുരക്ഷാ കാര്യങ്ങളുണ്ട്.

എഞ്ചിൻ

1 ലിറ്റർ, 115 ബിഎച്ച്പി പെട്രോൾ, 1.5, 150 ബിഎച്ച്പി പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് കുഷാഖിനുണ്ടാവുക. ആദ്യത്തെ എഞ്ചിനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളുണ്ടാവും. 1.5 ലിറ്റർ എഞ്ചിനിൽ 6 സ്പീഡ് മാനുവലും 7 സ്പീഡ് ഡിഎസ്ജി ഗിയർ ബോക്‌സുമാണ് ഉണ്ടാവുക.

ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന കുഷാഖിന് 13-20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. വിശദമായ ടെസ്റ്റ്‌ഡ്രൈവ് പിന്നീട്.$

Leave a Reply

Your email address will not be published. Required fields are marked *

shares