ടോൾസ്റ്റോയിയുടെ തീവണ്ടി, യൂൾസിന്റേയും!
February 26, 2021
ഇന്ധനം വെള്ളം, അലുമിനിയവും ഗ്രാഫൈനും താരങ്ങൾ, ഭാവിയിലെ കാർ ചലിക്കുന്നത് ഇങ്ങനെ!
February 26, 2021

ചിപ്പുകളെ കാത്ത്‌ കാർലോകം

എന്താണ് ഈ വാഹന ക്ഷാമത്തിന് കാരണം എന്നന്വേഷിക്കുമ്പോൾ നമ്മളെത്തി നിൽക്കുന്നത് അദൃശ്യനായ ഒരു വില്ലനിലേക്കാണ്. ചിപ്പ് അല്ലെങ്കിൽ സെമി കണ്ടക്ടറുകൾ എന്ന കക്ഷിയാണ് വില്ലൻ.

ബൈജു എൻ നായർ

കോവിഡിന്റെ ഭീഷണി അൽപമൊന്ന് ഒഴിഞ്ഞതോടെ വാഹന വിപണി കത്തിക്കയറുകയാണ്. പുതിയ മോഡലുകൾ വരുന്നു, പുതിയ വാഹന നിർമ്മാണ കമ്പനികൾ വരുന്നു, ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുന്നു. അങ്ങനെ ആകെ ഉത്സവാന്തരീക്ഷം. പക്ഷേ, ഈ ഉത്സവമേളങ്ങൾക്കിടയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നത് വാഹനഡീലർമാരാണ്. കാരണം ബുക്കിങ്ങിനനുസരിച്ചുള്ള വാഹനങ്ങൾ ഡീലർമാർക്ക് കിട്ടുന്നില്ല. പുതിയ മോഡലുകളുടെ തിരതള്ളലോടെ ബുക്കിങ് വർദ്ധിച്ചെങ്കിലും ആവശ്യക്കാർക്ക് വാഹനം കൊടുക്കാൻ പറ്റുന്നില്ല. കിയ, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ തുടങ്ങിയ വാഹനനിർമ്മാതാക്കളാണ് ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുന്ന മോഡലുകൾ ഇപ്പോൾ നിർമ്മിക്കുന്നത്. ബുക്കിങ്ങിനും കുറവില്ല. പക്ഷേ ആറുമുതൽ എട്ടു മാസം വരെയാണ് ഇപ്പോൾ ചില മോഡലുകളുടെ ബുക്കിങ് പിരീഡ്. ബുക്ക് ചെയ്ത വാഹനങ്ങൾ എന്നു കൊടുത്തു തീർക്കുമെന്ന് പറയാൻ പറ്റാത്ത അവസ്ഥ. പൊതുജനങ്ങൾ നേരിട്ട് ഇടപെടുന്നത് ഡീലർമാരോടായതുകൊണ്ട് ചീത്തവിളി കേട്ട് ഡീലർഷിപ്പിലെ യുവാക്കൾ വലയുന്നു.

എന്താണ് ഈ വാഹന ക്ഷാമത്തിന് കാരണം എന്നന്വേഷിക്കുമ്പോൾ നമ്മളെത്തി നിൽക്കുന്നത് അദൃശ്യനായ ഒരു വില്ലനിലേക്കാണ്. ചിപ്പ് അല്ലെങ്കിൽ സെമി കണ്ടക്ടറുകൾ എന്ന കക്ഷിയാണ് വില്ലൻ. ഓടിത്തുടങ്ങാനും നിർത്താനും പാട്ടു കേൾക്കാനും വോയിസ് കമന്റ് കൊടുക്കാനുമെല്ലാം, ഒരു ആധുനിക വാഹനത്തിന് ഇലക്‌ട്രോണിക് സഹായം ആവശ്യമാണ്. അതിനായി വിവിധതരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ഉപകരണങ്ങളുടെ തലച്ചോറാണ് ചിപ്പുകൾ അഥവാ സെമികണ്ടക്ടറുകൾ. അവ കിട്ടാനില്ല എന്നതാണ് ഇപ്പോൾ വാഹന നിർമ്മാതാക്കൾ നേരിടുന്ന പ്രശ്‌നം. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർസ്റ്റിയറിങ്, എബിഎസ് എന്നിവയെല്ലാം പ്ര വർത്തിക്കാൻ ചിപ്പുകൾ വേണം. കാറുകൾ നിർമ്മിച്ചാലും ചിപ്പുകൾ ഇല്ലാതെ വേണ്ട രീതിയിൽ ഓടിക്കാൻ കഴിയില്ല എന്നർത്ഥം.

പ്രതിവർഷം 450 കോടി ഡോളറിന്റെ ചിപ്പുകൾ ലോകത്ത് നിർമ്മിക്കപ്പെടുന്നുണ്ട്. തായ്‌വാനും ചൈനയുമാണ് പ്രധാന നിർമ്മാതാക്കൾ. കോവിഡിന് നാലുമാസം മുമ്പ് ഞാൻ തായ്‌വാനിൽ പോയിരുന്നു. അപ്പോൾ അവിടെ പടർന്നു പന്തലിച്ചു കിടക്കുന്ന സെമികണ്ടക്ടർ ഫാക്ടറികൾ കണ്ട് അന്തംവിട്ട് നിന്നിരുന്നു. തായ്‌വാനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് ചിപ്പ് ഉൽപാദനമാണ്. പ്പോൾ പറ്റിയതെന്താണെന്നുവച്ചാൽ, കോവിഡ് തുടങ്ങിയപ്പോൾ കാറുകളുടെ വിൽപന കുറഞ്ഞു. എന്നാൽ ലാപ്‌ടോപ്പ്, ഗെയ്മിങ് കൺസോളുകൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപന കുതിച്ചുയർന്നു. ഇവയ്ക്കും ചിപ്പുകൾ ആവശ്യമാണ്. അപ്പോൾ ചിപ്പ് നിർമ്മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങൾ വാഹനമേഖലയ്ക്ക് കൊടുക്കുന്നത് കുറച്ച്, ഇലക്‌ട്രോണിക് ഉപകരണമേഖലയിലെ കമ്പനികൾക്ക് സപ്ലൈ ചെയ്യാൻ തുടങ്ങി.

ഇതിനിടെ, വാഹനമേഖല കോവിഡിന്റെ താണ്ഡവത്തിൽ നിന്ന് വിജയകരമായി തിരികെ വന്നു. അപ്പോഴാണ് വാഹനനിർമ്മാതാക്കൾ വീണ്ടും ചിപ്പുകളെക്കുറിച്ച് ചിന്തിച്ചത്. കോവിഡിന്റെ വരവ് പെട്ടെന്നായിരുന്നതുകൊണ്ട് വാഹനനിർമ്മാതാക്കൾ ചിപ്പുകൾ അധികമൊന്നും സ്റ്റോക്ക് ചെയ്തിരുന്നില്ല. ചിപ്പ് നിർമ്മാതാക്കളാകട്ടെ, വാഹന മേഖലയുടെ ഉണർവ് മുന്നിൽ കണ്ട് ഉൽപാദനം വർദ്ധിപ്പിച്ചതുമില്ല.
ചുരുക്കം പറഞ്ഞാൽ ചിപ്പ് കിട്ടാനില്ലാത്ത അവസ്ഥയാണ്. 2021ന്റെ ആദ്യ നാലു മാസങ്ങളിൽ ഇതുമൂലം വാഹന ഉൽപാദനം കുത്തനെ ഇടിഞ്ഞു. ആഗോള തലത്തിൽ നോക്കിയാൽ 7 ലക്ഷം വാഹനങ്ങളുടെ ഉൽപാദനമാണ് കുറഞ്ഞത്. ജർമ്മനിയിലെ ഓഡി, അമേരിക്കയിലെ ജിഎം തുടങ്ങിയ പല വാഹന നിർമ്മാതാക്കളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി വീട്ടിലിരുത്തിയിരിക്കുകയാണ്.

ഒരു ചിപ്പിന്റെ നിർമ്മാണം മുതൽ വാഹനത്തിൽ അത് ഘടിപ്പിക്കുന്നതുവരെ 26 ആഴ്ചകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ നോക്കിയാൽ വാഹനമേഖല ഈ പ്രതിസന്ധിയെ മറികടക്കാൻ ഇനിയും കാലമെടുക്കും. തായ്‌വാന്റെയും ചൈനയുടെയും ചിപ്പ് നിർമ്മാതാക്കൾ പുതിയ പ്ലാന്റുകളും മറ്റും സ്ഥാപിച്ച് ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ അതും ഫലം കാണാൻ സമയമെടുക്കും. കാറുകൾ നിർമ്മിക്കാൻ സാധിച്ചാലും, ചിപ്പുകൾ ഇല്ലാതെ അവ പ്രവർത്തിപ്പിക്കാനോ വിറ്റഴിക്കാനോ കഴിയില്ല എന്ന കുരുക്കിലാണ് വാഹനനിർമ്മാതാക്കൾ. ആഗോളതലത്തിൽ നോക്കിയാൽ ടൊയോട്ടയുടെ കൈയിൽ മാത്രമാണ് ചിപ്പുകൾ സ്റ്റോക്കുള്ളത്, അതും 4 മാസത്തേക്കു മാത്രം.
മറ്റുള്ളവരെല്ലാം ഗോപി വരച്ച് മുകളിലേക്കും നോക്കി ഇരിക്കുകയാണ്, എന്നെങ്കിലും ചിപ്പുകൾ വരുന്നതും കാത്ത്..

അതുകൊണ്ട്, ബുക്ക് ചെയ്തിട്ടും വാഹനം കിട്ടാത്തതിന്റെപേരിൽ ഡീലർമാരെ കുറ്റപ്പെടുത്താതിരിക്കുക. ഡീലർമാരാകട്ടെ ബുക്കിങ് നേടിയെടുക്കാനായി ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക. ഒരു പരസ്പരസഹായസഹകരണസംഘം, അത്ര തന്നെ!$

സ്മാർട്ട് ഡ്രൈവ് മാഗസീന്റെ ചീഫ് എഡിറ്ററാണ് ബൈജു എൻ നായർ

Leave a Reply

Your email address will not be published. Required fields are marked *