എഡിറ്റോറിയൽ: നാണക്കേടിന്റെ നിർമിതികൾ
July 18, 2019
Test Ride: Hero XPULSE 200T
July 29, 2019

തിരുവല്ലയിൽ നിന്നും എഴുപുന്നയിലെത്തിച്ച 250 വർഷം പഴക്കമുള്ള മനയുടെ (ലാലൻ തരകന്റെ പാറായിൽ വീട്) മുന്നിൽ ഹ്യുണ്ടായ് വെന്യു

കൊച്ചിയിലെ പ്രമുഖ ഷൂട്ടിങ് ലൊക്കേഷനുകളായ പ്രൗഢഗംഭീരമായ തറവാടുകളിലേക്കും വീടുകളിലേക്കും ഹ്യുണ്ടായ്‌യുടെ പ്രൗഢഗംഭീരനായ പുതിയ കോംപാക്ട് എസ് യു വിയായ വെന്യുവിൽ ഒരു യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

കൊച്ചി ചെമ്പുമുക്കിലെ കുര്യൻസ് റോഡിൽ ചലച്ചിത്രകാരന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭവനമുണ്ട്. എറണാകുളത്ത് ബിസിനസുകാരനായ ഷാജി കുര്യന്റേയും റീത്തയുടേയും വീടാണത്. നഗരത്തിലെ തിരക്കിൽ നിന്നുമൊഴിഞ്ഞ് കുര്യൻസ് റോഡിലൂടെ താഴേയ്ക്കിറങ്ങിയാൽ വലിയ മുറ്റമുള്ള ആ വീടിന്റെ കവാടമായി. അകത്തേക്ക് കടക്കുമ്പോൾ തന്നെ നമുക്ക് പരിചിതമാണല്ലോ ഈ ഭവനം എന്നു തോന്നും. കാരൈക്കുടിയിൽ നിന്നുള്ള വലിയ കരിങ്കൽത്തൂണുകളാണ് വീടിന്റെ മച്ച് താങ്ങുന്നത്. ഇതൊക്കെ മുമ്പ് കണ്ടിട്ടുണ്ട് എന്നു തോന്നിയത് വെറുതെയല്ല. മലയാള സിനിമയിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് പശ്ചാത്തലമായ ഭവനമാണത്. ഈ വീടിന്റെ തൊട്ടടുത്തു തന്നെ ഭരണങ്ങാനത്തു നിന്നും കൊണ്ടുവന്നു സ്ഥാപിച്ച 120 വർഷം പഴക്കമുള്ള മറ്റൊരു വീടു കൂടിയുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്‌സിൽ മോഹൻലാൽ പണിതതായി കാണിക്കുന്ന വീടു തന്നെ. ഇരു ഭവനങ്ങളും വാസ്തുകലയുടെ സുന്ദരമായ പരിച്ഛേദങ്ങളാണെന്ന് പറയാതെ വയ്യ. വീട്ടുമുറ്റത്തുള്ള പുൽത്തകിടിയിൽ ഒരു കാളവണ്ടി കിടപ്പുണ്ട്. ബാഹുബലി 2-ൽ ഉപയോഗിക്കപ്പെട്ടതാണത്. മുറ്റത്ത് പല വസ്തുക്കളും ഇരിപ്പുണ്ട്. സുന്ദരമായ ചെടിച്ചട്ടികൾ മുതൽ ഹാങ്ങിങ് പോട്ടുകൾ വരെയും കരകൗശല വസ്തുക്കൾ മുതൽ കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ ശിൽപങ്ങൾ വരെയും. ഇനി വീട്ടിനകത്തേക്ക് പ്രവേശിക്കാം. അവിടെയുള്ള ആ ആന്റീക് ചൂരൽ കസാര കണ്ടോ? ആ കസേരയിലാണ് ബൈജൂസ് ആപ്പിനു വേണ്ടിയുള്ള പരസ്യത്തിൽ മോഹൽ ലാൽ ഇരുന്നത്. തൊട്ടടുത്ത മുറിയിൽ ഈജിപ്ഷ്യൻ ഫറോവയുടെ റിപ്ലിക്ക.

കുര്യൻസിൽ

പുരാതനമായ ഒരു ആട്ടുകട്ടിൽ. മുകളിലെ നിലയിലേക്ക് പോയാൽ അവിടെ ഒരു കൊളോണിയൽ രീതിയിൽ ഒരുക്കിയിട്ടുള്ള വെളുത്ത നിറമുള്ള വലിയ കണ്ണാടി ജനാലകളുള്ള വീടും ബാൽക്കണിയുമാണ്. ഊട്ടിയിലോ കൊടൈക്കനാലിലോ എത്തിയ പോലത്തെ പ്രതീതി. അതിനും അകത്തേക്ക് പ്രവേശിച്ചാൽ ആന്റീക് വസ്തുക്കളുടെ ഒരു വൻശേഖരമാണ് അവിടെ. ഭരണങ്ങാനത്തു നിന്നും കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച ആ പുരാതന ഭവനത്തിലുമുണ്ട് ആന്റീക് വസ്തുക്കളുടെ ഒരു മഹാശേഖരം. ഈ വീടും ഇവിടത്തെ വസ്തുക്കളുമെല്ലാം സിനിമയ്ക്കായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നവരുടേതാണെന്നു സാരം. ഗൃഹനാഥ നായ ഷാജിയും ഭാര്യ റീത്തയും മക്കളായ മറിയവും എലിസബത്തുമെല്ലാം ചലച്ചിത്രങ്ങൾക്കായി വസ്തുവകകൾ ഒരുക്കുന്നതിനൊപ്പം തങ്ങളുടെ ഭവനം ചിത്രീക രണത്തിന് ദിവസ വാടകയ്ക്ക് നൽകുകയും ചെയ്യുന്നു. മിഖായേൽ, മാസ്റ്റർപീസ്, റൺ ബേബി റൺ, മായാമോഹിനി, മേരാനാം ഷാജി, അമർ അക്ബർ ആന്റണി തുടങ്ങി ഇവിടെ ചിത്രീകരിച്ച സിനിമകൾ നിരവധിയാണ്.

ചെമ്പുമുക്കിലെ കുര്യൻസിൽ; വീടിനുള്ളിൽ സിനിമകൾക്ക് ഉപയോഗിക്കുവാനായി കരുതിയിരിക്കുന്ന പുരാവസ്തുക്കൾ

കാലാപാനിയിലെ ടൈപ്പ് റൈറ്റർ

മലയാള സിനിമയുടെ ലൊക്കേഷനുകളായി സ്ഥിരം മാറാറുള്ള കൊച്ചിയിലും പരിസരത്തുമുള്ള അതിസുന്ദരമായ ചില ഭവനങ്ങളിലൂടെയാണ് ഇത്തവണ സ്മാർട്ട് ഡ്രൈവ് സഞ്ചരിക്കുന്നത്. ഈ സഞ്ചാരത്തിന് ഞങ്ങൾ ഒപ്പം കൂട്ടിയിരിക്കുന്നതാകട്ടെ ഹ്യുണ്ടായ്‌യുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യു വിയായ വെന്യുവും. ആഢ്യത്വവും പ്രതാപവും മുറ്റി നിൽക്കുന്ന ലുക്കോടു കൂടിയ ഒരു വാഹനമായിരിക്കണം ഈ വസതികളിലേക്ക് യാത്ര ചെയ്യുമ്പോൾ കൂടെയുണ്ടാകേണ്ടത് എന്നതിനാലാണ് വെന്യുവിനെ ഞങ്ങൾ ഒപ്പം കൂട്ടിയത്. വെന്യുവിന്റെ ഡീസൽ ടോപ്പ്എൻഡ് വേർഷനായ എസ് എക്‌സ് 1.4 (ഓപ്ഷണൽ) സി ആർ ഡി ഐ ആണ് യാത്രയ്ക്കായി ഞങ്ങൾ തെരഞ്ഞെടുത്തത്. 4000 ആർ പി എമ്മിൽ 89 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 220 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനമാണിത്. അഞ്ചു പേർക്ക് സുഖമായി സഞ്ചരിക്കാനാകുന്ന വാഹനത്തിൽ 350 ലിറ്റർ ബൂട്ട് സ്‌പേസും 45 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കുമുണ്ട്. കൊച്ചിയിൽ നിന്നും അതിരാവിലെ തന്നെ ഞങ്ങൾ ഹ്യുണ്ടായ് വെന്യുവിൽ ഈ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് യാത്ര തിരിച്ചു. ഞങ്ങളെ ഈ വീടുകളിലേക്കെത്തിക്കാൻ പ്രമുഖ ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളറായ പ്രസാദ് നമ്പിയങ്കാവും വെന്യുവിൽ ഞങ്ങൾക്കൊപ്പമുണ്ട്. ലാൽ ജോസ് ചിത്രങ്ങളുടെ ജീവനാഡിയാണ് അദ്ദേഹം.

ഷാജി കുര്യനും ഭാര്യ റീത്തയും ചെമ്പുമുക്കിലെ കുര്യൻസിൽ

നഗരനിരത്തിലൂടെ വെന്യു അതിവേഗം പാഞ്ഞു. നല്ല സ്‌റ്റെബിലിറ്റിയുള്ള വാഹനമാണ് വെന്യു. ഹ്യുണ്ടായ് കോംപാക്ട് എസ് യു വി സെഗ്മെന്റിൽ ആദ്യമായി പുറത്തിറക്കിയ വാഹനമാണിത്. അതിസുന്ദരമാണ് വെന്യുവിന്റെ അകവും പുറവും. മുൻവശത്തെ ക്രോമിയം കട്ടകൾ നിരത്തിയുള്ള ഗ്രില്ലിന് വല്ലാത്തൊരു വശ്യത തന്നെയുണ്ട്. ഉള്ളിൽ ആദ്യം ശ്രദ്ധിക്കുക 8 ഇഞ്ച് ഇൻഫോടെയ്‌മെന്റ് ടച്ച് സ്‌ക്രീനാണ്. ഗിയർ ലിവറും സീറ്റിന്റെ അപ്‌ഹോൾസ്റ്ററിയുമെല്ലാം മികച്ച നിലവാരമുള്ളവയാണ്. കണക്ടഡ് എസ് യു വി എന്ന പേരിലാണ് വെന്യുവിനെ ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുള്ളത്. സിം ടെക്‌നോളജി സംവിധാനമാണ് ഈ പേരിന് അടിസ്ഥാനം. അപകടമുണ്ടായാൽ എമർജൻസി സർവീസിലേക്ക് കോൾ പോകുന്ന സംവിധാനം, മോഷ്ടിക്കപ്പെട്ടാൽ വാഹനം എവിടെയിരുന്നും ഓഫ് ചെയ്യാനുള്ള സംവിധാനം, എവിടെയിരുന്നും വാഹനം സ്റ്റാർട്ട് ചെയ്യാനും എ സി ഓണാക്കാനുമാകുന്ന സംവിധാനം ഒക്കെ കണക്ടഡ് സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളാണ്. വാഹനത്തിന്റെ സർവീസ് ഉടമയെ വിവരം അറിയിക്കുമെന്നതിനു പുറമേ, വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് രീതികൾ പോലും തിരിച്ചറിയാൻ ഈ സിസ്റ്റം സഹായിക്കും. സൺറൂഫ്, മൊബൈൽ വയർലൈസ്സായി ചാർജ് ചെയ്യാനുള്ള ചാർജിങ് പാഡ്, ധാരാളം സ്റ്റോറേജ് സ്‌പേസ് എന്നിവയൊക്കെയാണ് വെന്യുവിന്റെ മറ്റ് സവിശേഷതകൾ.

നെറ്റോ ബംഗ്ലാവിൽ ഹ്യുണ്ടായ് വെന്യു

പിൻസീറ്റിലുള്ള പ്രസാദിനോട് വാഹനത്തെപ്പറ്റി ചോദിക്കേണ്ട താമസം ”നല്ല ലെഗ് സ്‌പേസും എയർ കണ്ടീഷനിങ്ങു”മുണ്ടെന്ന് ഉടനടി മറുപടി. പിന്നിലേക്കും എസി വെന്റുകൾ നൽകിയിരിക്കുന്നതിനാൽ പിറകിലുള്ള യാത്രികർക്കും കംഫർട്ടബിൾ ആയി യാത്ര ചെയ്യാനാകുമെന്നതാണ് വെന്യുവിന്റെ മറ്റൊരു സവിശേഷത. ഷാജി കുര്യന്റെ കുര്യൻസ് വീട്ടിലേക്കായിരുന്നു ആദ്യ സഞ്ചാരം. കുര്യനും ഭാര്യ റീത്തയും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. മോഹൻ ലാലും മമ്മൂട്ടിയും പൃഥ്വിരാജുമൊക്കെ ഷൂട്ടിങ്ങുകൾക്കായി പലവട്ടം എത്തിയിട്ടുള്ള വസതിയാണിത്. ”വളരെ യാദൃച്ഛികമായാണ് ഞാൻ വീട് സിനിമാ ഷൂട്ടിങ്ങുകൾക്കായി നൽകാൻ ആരംഭിച്ചത്. പന്ത്രണ്ടര വർഷം മുമ്പാണ് ഈ വീട് നിർമ്മിച്ചത്. എന്റെ ഒരു ബന്ധു നടൻ ടോണിയെ ഒരിടത്ത് ഡ്രോപ് ചെയ്യുന്നതിനായി പോകുംവഴി ഇവിടെ കയറിയപ്പോൾ ടോണിയാണ് എന്തുകൊണ്ട് വീട് ഷൂട്ടിങ്ങിനു നൽകിക്കൂടാ എന്ന് എന്നോട് ചോദിച്ചത്. ചാർ സൗ ബീസ് എന്ന ചിത്രത്തിനാണ് ആദ്യം വീട് വാടകയ്ക്ക് നൽകിയത്,” ഷാജി പറയുന്നു. ചലച്ചിത്രങ്ങൾക്ക് വീട് വാടകയ്ക്ക് നൽകിയാൽ പ്രതിദിനം നല്ലൊരു തുക വാടകയായി ലഭിക്കുമെന്നു കണ്ടാണ് പിന്നീട് ഷാജി ആ ബിസിനസിലേക്ക് കടന്നത്. അതിനൊപ്പം തന്നെ 25 വർഷമായി ഷാജി ആന്റീക് വസ്തുക്കളുടെ കളക്ടറായിരുന്നതിനാൽ ഷാജിയിൽ നിന്നും സിനിമാക്കാർ അത്തരം വസ്തുക്കളും സിനിമകൾക്കായി വാടകയ്ക്ക് വാങ്ങാൻ തുടങ്ങി. കാലാപാനിയിലെ ടൈപ്പ് റൈറ്റർ മുതൽ ഇംഗ്ലണ്ടിൽ നിന്നും എത്തിച്ച അതിപുരാതനമായ പിയാനോ വരെയും ഓം എന്ന് ആലേഖനം ചെയ്ത രൂപക്കൂടും ആയിരക്കണക്കിന് അപൂർവ വസ്തുക്കളും പഴയകാല ഫർണീച്ചറുകളും  ഫോട്ടോകളുമൊക്കെ ഷാജിയുടെ ശേഖരത്തിലുണ്ട്.

ചെമ്പുമുക്കിൽ നിന്നും വാഴക്കാലയിലേക്ക് പോയാൽ പ്രശസ്തമായ പാറമട വീടായി. ഒരു പാറമടയ്ക്കരുകിൽ സ്ഥിതി ചെയ്യുന്ന വീടായതിനാലാണ് സിനിമാക്കാർ ഈ വീടിന് പാറമട വീട് എന്ന പേരു നൽകിയത്. ടിഷ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആ വീട്. പുലിമുരുഗൻ, പോക്കിരി രാജ, ചാർലി തുടങ്ങിയ ഹിറ്റ് സിനിമകളടക്കം മലയാളത്തിലെ നിരവധി സിനിമകൾ ചിത്രീകരിച്ചയിടമാണത്.

വാഴക്കാലയിലെ പാറമട വീട്ടിൽ

ക്വാറി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ടിഷ തോമസിന്റെ ഈ വീടും പരിസരവും ഇന്ന് മലയാള സിനിമയുടേയും സീരീയലുകളുടേയും ചരിത്രത്തിലെ പ്രധാനയിടം തന്നെയായി മാറിയിരിക്കുന്നു. ഈ വീട് ഏതാനും മാസങ്ങളായി ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയുടെ സ്ഥിരം ലൊക്കേഷനാണ്. പനകൾ നട്ടുപിടിപ്പിച്ച വിശാലമായ മുറ്റത്തിനപ്പുറമാണ് വീട്. അതിന് തൊട്ടടുത്തു തന്നെ ഷൂട്ടിങ്ങിനായി പ്രത്യേകം നിർമ്മിച്ച മറ്റൊരു ഹാളുമുണ്ട്. പുറമേ നിന്നും വീടാണെന്നു തോന്നുമെങ്കിലും സിനിമാക്കാർക്ക് അവരുടെ ആവശ്യാനു സരണം കോടതി മുറിയോ മറ്റെന്തെങ്കിലുമൊക്കെയോ ആക്കി മാറ്റാനാകുംവിധമാണ് അതിന്റെ നിർമ്മിതി. വെന്യുവിന്റെ അടുത്ത സഞ്ചാരം ഇടക്കൊച്ചിയിലെ നെറ്റോ ബംഗ്ലാവിലേക്കായിരുന്നു.

വാഴക്കാലയിലെ പാറമട വീട്ടിൽ

വിശാലമായ കോമ്പൗണ്ടിനുള്ളിലാണ് നെറ്റോ ബംഗ്ലാവ്. നെറ്റോ കളപ്പുരയ്ക്കലിന്റെ വീടാണത്. മകൻ അരുണാണ് വസതിയിൽ ഞങ്ങളെ എതിരേറ്റത്. കായലോരത്ത് സ്ഥിതി ചെയ്യുന്ന വസതിയാണത്. വീടിന്റെ പിൻവശത്ത് ഒരു പ്രൈവറ്റ് ബോട്ട് ജെട്ടിയും അതിസുന്ദരമായ പൂന്തോട്ടവും ഒരുക്കിയിരിക്കുന്നുവെങ്കിൽ വീടിന്റെ മുൻഭാഗം വലിയൊരു പാരമ്പര്യ തറവാടിന്റെ രൂപത്തിലാണ് ഒരുക്കിയിട്ടുള്ളത്. ”നൂറ്റിപ്പത്തു വർഷം പഴക്കമുള്ള വസതിയാണിത്. ഹണി ബീയിലും ക്രിസ്ത്യൻ ബ്രദേഴ്‌സിലും മറ്റ് നിരവധി സിനിമകളിലുമൊക്കെ ഈ വീടാണ് നായകന്റെ വസതിയായി കാണിക്കുന്നത്. മുൻവശവും പിൻവശവും ഷോ ഉള്ളതിനാൽ ഇരു ഭാഗവും സിനിമകളിൽ വ്യത്യസ്ത വീടുകളായി ഉപയോഗിക്കാറുണ്ട്,” അരുൺ പറയുന്നു. വെന്യുവിലാണ് ഞങ്ങളുടെ വരവെന്ന് കണ്ടപ്പോൾ വാഹനപ്രേമിയായ അരുണിന് വെന്യു ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്നായി. പിന്നെ ഭാര്യയ്ക്കും മകനുമൊപ്പം വെന്യുവുമായി പുറത്തേക്ക്. മടങ്ങി വന്നപ്പോൾ ‘ഗംഭീരം.’ എന്ന ഒറ്റവാക്കിൽ വെന്യുവിനെ അദ്ദേഹം വിലയിരുത്തി. പിന്നെ വിശദമായ റിവ്യൂ. ”വളരെ ഒതുങ്ങിയ അകമാണ് വെന്യുവിന്റേത്. പെർഫോമൻസും മികച്ചതു തന്നെ.”

പള്ളുരുത്തിയിലെ ചിറയ്ക്കൽ വീട്

നെറ്റോ ഹൗസിൽ നിന്നും പള്ളുരുത്തിയിലെ ചിറയ്ക്കൽ വീട് എന്നറിയപ്പെടുന്ന സ്റ്റാൻലി വട്ടത്തറയുടെ 120 വർഷം പഴക്കമുള്ള വസതിയിലേക്കായിരുന്നു ഹ്യുണ്ടായ് വെന്യുവിന്റെ സഞ്ചാരം. നിരത്ത് ചെറുതായിരുന്നുവെങ്കിലും വെന്യുവിന്റെ കോംപാക്ട് രൂപത്തിന് ഏതു വഴികളിലൂടെയും അനായാസനെ പോകാനാകുമെ ന്നതിനാൽ യാത്ര ഒട്ടും ദുഷ്‌ക്കരമായിരുന്നില്ല. വാട്ടർ അതോറിട്ടിയുടെ പണികൾക്കായി റോഡ് പലയിടത്തും കുത്തിയിളക്കിയിട്ടിരുന്നുവെങ്കിലും സസ്‌പെൻഷന്റെ മികവു മൂലം വെന്യുവിൽ സഞ്ചരിക്കുന്നവർക്ക് വലിയ കുലുക്കമൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രട്ടും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമാണ് വെന്യുവിന്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിരിക്കുന്നു. 16 ഇഞ്ചിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വെന്യുവിനുള്ളത്. വെന്യു വട്ടത്തറ വീടിന്റെ മുറ്റത്തേക്ക് കടന്നു. ഉടമസ്ഥനായ സ്റ്റാൻലിയും ഭാര്യയും വീട്ടിൽ തന്നെയുണ്ടായിരുന്നു. ”പുത്തൻപുരയ്ക്കൽ അഗസ്റ്റി എന്നൊരാളുടെ 120 വർഷം പഴക്കമുള്ള തറവാടായിരുന്നു ഇത്. ആഞ്ഞിലിയും തേക്കുമൊക്കെ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിൽ ജ്യോത്സ്യന്റെ വീടായി കാണിക്കുന്നത് ഈ വസതിയാണ്. കഥ പറഞ്ഞ കഥ ഷൂട്ട് ചെയ്തതും ഇവിടെ തന്നെ. നിരവധി സീരിയലുകളുടേയും പരസ്യചിത്രങ്ങളുടേയും ഷൂട്ടിങ്ങും ഇവിടെ നടക്കുന്നുണ്ട്,” എല്ലാ സിനിമകളുടേയും പേരുകൾ ഓർമ്മിച്ചു പറയാൻ സ്റ്റാൻലിയെ പ്രായം അനുവദിക്കുന്നില്ല. രണ്ടേക്കറോളം വരുന്ന ഭൂമിയിലാണ് ഈ സുന്ദരമായ ഭവനം നിലകൊള്ളുന്നത്.

കണ്ണമാലി കൊച്ചുപറമ്പിൽ വീട്ടിൽ വെന്യു

ഈ വീടിനോട് വിട പറഞ്ഞ് കണ്ണമാലിയിലേക്കാണ് ഞങ്ങളുടെ അടുത്ത യാത്ര. ഇവിടത്തെ ഒരു ജലാശയത്തോട് ചേർന്നാണ് സിനിമാക്കാരുടെ പ്രിയപ്പെട്ട കണ്ണമാലി വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിലേക്ക് നീളുന്ന വഴിയിൽ ഞങ്ങൾ ചെല്ലുമ്പോൾ മൈ ബോസിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. നായികയായി തെന്നിന്ത്യൻ മാദകത്തിടമ്പ് ശ്രിയാ ശരണും നായകനായി വിമലും. കൊച്ചുപറമ്പിൽ എന്നാണ് കണ്ണമാലിയിലെ സെബാസ്റ്റ്യന്റെ ഈ വീടിന്റെ പേര്. 5 എയർ കണ്ടീഷൻഡ് ബെഡ്‌റൂമുകളുള്ള വലിയൊരു ബംഗ്ലാവാണിത്. മമ്മൂട്ടിയും ട്വന്റി ട്വന്റി, ലോക്പാൽ, ത്രീ കിങ്‌സ്, വേട്ട, പടയോട്ടം തുടങ്ങിയ മലയാള സിനിമകളും നിരവധി തമിഴ് തെലുങ്ക് സിനിമകൾക്കും ഈ വീട് പശ്ചാത്തലമായിട്ടുണ്ട്. ഷൂട്ടിങ് കുറച്ചുനേരം കണ്ടു നിന്നതിനുശേഷം വെന്യു എഴുപുന്നയിലെ ജോസ് തരകന്റെ തറവാടായ വെളിപ്പറമ്പ് വീട്ടിലേക്ക് പുറപ്പെട്ടു.

എഴുപുന്ന വെളിപ്പറമ്പ് വീട്ടിൽ

എഴുപുന്ന ലാലൻ തരകന്റെ പാറായിൽ ഹൗസ്

190 എം എം ആണ് വെന്യുവിന്റെ ഗ്രൗണ്ട് ക്ലിയറൻസ് എന്നതിനാൽ ദുർഘടമായ പാതകളിലൂടേയും അടിതട്ടാതെ സഞ്ചരിക്കാൻ വെന്യുവിന് കഴിയുന്നുണ്ട്. വെളിപ്പറമ്പ് വീടിന്റെ മുറ്റത്തേക്ക് വെന്യു പ്രവേശിച്ചു. അതിസുന്ദരമായ മുറ്റവും അതിൽ പാരമ്പര്യ തറവാട്ടുമഹിമ വിളിച്ചോതുന്ന പ്രൗഢഗംഭീരമായ ഒരു വസതിയും. 78 വർഷം പഴക്കമുണ്ട് അതിന്. ഞങ്ങളെത്തുമ്പോൾ ജോസ് തരകന്റെ ഭാര്യ മേരി ആൻ അടുക്കളയിൽ പാചകത്തിലായിരുന്നു. സ്മാർട്ട് ഡ്രൈവിൽ നിന്നാണെന്നു കേട്ടപ്പോൾ സസന്തോഷം സ്വാഗതം. വലിയ തുണുകളുള്ള വസതിയുടെ മുൻവശത്തെ വിശാലമായ മുറിയ്ക്കു തൊട്ടുപിന്നിൽ അതിസുന്ദരമായ ഡൈനിങ് ഹാളാണ്. നിറയെ തുണുകളുള്ള ഇവിടം ആദ്യം ഒരു തുറന്ന ഇടമായിരുന്നുവെന്ന് മേരി ആൻ പറയുന്നു. ഇപ്പോൾ അത് ഗ്രില്ല് വച്ച് തിരിച്ചിട്ടുണ്ട്. വായു സഞ്ചാരം നിറയെ ഉണ്ട് ആ മുറികളിൽ. സെയ്ഫ് അലി ഖാൻ നായകനായ ഷെഫ്, ടു കൺട്രീസ്, എന്നും എപ്പോഴും, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബൈസിക്കിൾ തീവ്‌സ്, അബ്രഹാമിന്റെ സന്തതികൾ, നിരവധി പരസ്യചിത്രങ്ങൾ എല്ലാം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. എഴുപുന്ന റെയിൽവേ ക്രോസിങ്ങിനടുത്താണ് 250 വർഷം പഴക്കമുള്ള തിരുവല്ലയിലെ ഒരു മനയാണ് 2010ൽ ലാലൻ തരകൻ എഴുപുന്നയിലെത്തിച്ച് സ്വന്തം വസതിയാക്കി പുനപ്രതിഷ്ഠിച്ചത്. ”പഴയ വീടുകളോട് വലിയ തൽപരനായിരുന്നു ഞാൻ. പുതിയ വീടുകളിലെ ചൂടൊന്നും പഴയ വീടുകളിലില്ലെന്നതും നടുമുറ്റമൊക്കെയുള്ള ഒരു വസതി വേണമെന്ന് ഞാൻ ആഗ്രഹിക്കാൻ കാരണമായി,” ലാലൻ തരകൻ പറയുന്നു. മധുരെരാജ, തീവ്രം, മായാമോഹിനി, നോർത്ത് 24 കാതം, ആക്ഷൻ ഹീറോ ബിജു, ദിലീപിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ഡിങ്കൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ചിത്രീകരണം നടന്നത് ഇവിടെയായിരുന്നു.
മഴക്കാലമായിരുന്നിട്ടു കൂടി, കനത്ത ചൂടിലായിരുന്നു ഹ്യുണ്ടായ് വെന്യുവിലുള്ള ഈ ലൊക്കേഷൻ യാത്ര. പക്ഷേ വെന്യുവിന്റെ ഓട്ടോമാറ്റ്ിക് ക്ലൈമാറ്റിക് കൺട്രോൾ വാഹനത്തിനുള്ളിൽ ആ കനത്ത ചൂടിലും സുഖശീതളിമയുള്ള അന്തരീക്ഷം നിലനിർത്തി. തറവാട്ടു മഹിമയുള്ള പ്രൗഢഗംഭീരമായ ഈ ഭവനങ്ങളെപ്പോലെ വെന്യു ഹ്യുണ്ടായ്‌യിൽ നിന്നുള്ള പ്രൗഢഗംഭീരമായ മോഡലാണെന്ന് നിസ്സംശയം പറയാം$

Copyright: Smartdrive-July 2019

Leave a Reply

Your email address will not be published. Required fields are marked *