Mahindra All-New Thar crosses 50,000 bookings
April 13, 2021
2021 Renault Triber launched @Rs.5.30 lakhs
April 27, 2021

മിനി കൂപ്പറിൽ വിസ്മയം തീർത്ത് തിരുവനന്തപുരംകാരൻ

സിജിൻ ഗോപിനാഥ് താൻ ഡൂഡിൽ ആർട്ട് ചെയ്ത മിനി കൂപ്പറിനൊപ്പം

മിനി കൂപ്പർ ക്യാൻവാസാക്കി മാറ്റി തിരുവനന്തപുരം വെഞ്ഞാറന്മൂട് സ്വദേശി സിജിൻ ഗോപിനാഥ് വേൾഡ് ആർട്ട് ദുബായ് ഫെസ്റ്റിൽ നടത്തിയ ഡൂഡിൽ ആർട്ട് വിസ്മയകരമായ അനുഭവമായി മാറി.

ജെ ബിന്ദുരാജ്‌

ദുബായിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിലെടുക്കുന്ന തിരുവനന്തപുരം വെഞ്ഞാറന്മൂട് സ്വദേശി സിജിൻ ഗോപിനാഥിനെ വേൾഡ്‌ ആർട്ട് ദുബായി 2021 ന്റെ സംഘാടകർ ഇത്തവണ ഒരു ലൈവ് ആർട്ട് പെർഫോമൻസിനായി ക്ഷണിച്ചത് ഇൻസ്റ്റഗ്രാമിലും വെബ്‌സൈറ്റിലുമുള്ള അദ്ദേഹത്തിന്റെ രചനകൾ അവർക്ക് ആകർഷകമായി തോന്നിയതിനാലായിരുന്നു. എന്നാൽ കേവലം ഒരു പരന്ന പ്രതലത്തിൽ ഡൂഡിൽ ആർട്ട് ചെയ്യുന്നതിനു പകരം ഒരു മിനി കൂപ്പറിൽ ലോകത്തിലെ അഞ്ച് പ്രശസ്തരായ ചിത്രകാരന്മാരുടെ രേഖാചിത്രങ്ങൾ വരയ്ക്കുകവഴി ലോകകലയ്ക്കു തന്നെ ഒരു ആദരമൊരുക്കുവാനാണ് സിജിൻ ശ്രമിച്ചത്. 27 രാജ്യങ്ങളിൽ നിന്നുള്ള 200ൽ അധികം കലാകാരന്മാർ ഒരുക്കിയ 2000ത്തിലധികം സൃഷ്ടികളിൽ കാഴ്ചക്കാരെ ഏറ്റവും ആകർഷിച്ച ഒന്നായി മാറി മിനി കൂപ്പറിലെ ഈ ഡൂഡിൽ വിസ്മയമെന്ന് പറയാതെ വയ്യ.

വെളുത്ത നിറമുള്ള മിനി കൂപ്പറിൽ കറുത്ത മഷി കൊണ്ട് വിൻസന്റ് വാൻഗോഗ്, മൈക്കലാഞ്ചലോ, ലിയനാർഡോ ഡാവിഞ്ചി, ഫരീദ കാലിയോ, ജോഹാനാസ് വെർമിയർ തുടങ്ങിയ അഞ്ച് ചിത്രകാരന്മാരെയാണ് സിജിൻ വരച്ചത്. ”ജിസിസി രാജ്യങ്ങളിൽ ഇതാദ്യമായിട്ടാണ് കാറിൽ ഡൂഡിൽ ആർട്ട് ലൈവായി ഒരാൾ ചെയ്യുന്നത്. മേളയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ തന്നെ വ്യത്യസ്തവും സ്‌പെഷ്യലുമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചതാണ്. അങ്ങനെയാണ് ചെറുപ്പകാലം മുതൽ എന്നെ ആവേശിപ്പിച്ച വിഖ്യാത ചിത്രകാരന്മാർക്കുള്ള ഒരു ആദരവായി അത് ചെയ്യാനുറച്ചത്. പരന്ന പ്രതലത്തിൽ ചെയ്യുന്നതിനു പകരം എന്റെ മിനി കൂപ്പർ തന്നെ ഞാൻ കാൻവാസായി തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിലെ ചുവർചിത്ര ശൈലിയും ഡൂഡിൽ ആർട്ടും സമന്വയിപ്പിച്ചാണ് ഞാൻ ഈ ആർട്ട് വർക്ക് ഒരുക്കിയത്,” സിജിൻ ഗോപിനാഥ് പറയുന്നു.

ആർട്ട് ഫെസ്റ്റിനുശേഷം മിനി കൂപ്പറിലെ ഈ രചന എന്തു ചെയ്യും എന്ന ചോദ്യത്തിനുമുണ്ട് സിജിന് മറുപടി. ”മിനി കൂപ്പറിൽ ആദ്യം പൊളിച്ചു കളയാവുന്ന വെളുത്ത പെയിന്റ് കോട്ട് അടിച്ചശേഷമാണ് ഞാൻ പെർമെനന്റ് മാർക്കറുകൾ ഉപയോഗിച്ച് ഈ ചിത്രങ്ങൾ വരച്ചത്. അതുകൊണ്ടു തന്നെ ആർട്ട് ഫെസ്റ്റിനുശേഷം ഇവ എളുപ്പത്തിൽ പൊളിച്ചുകളയാനും മറ്റ് ആർട്ട് വർക്കുകൾ കാറിൽ ഇനിയും വരയ്ക്കാനും എനിക്കാകും,” സിജിൻ പറയുന്നു.

എം എഫ് ഹുസൈനും ബോസ് കൃഷ്ണമാചാരിയുമെല്ലാം കാറിൽ മുമ്പ് ഇത്തരത്തിലുള്ള ചിത്രങ്ങൾ വരച്ചിട്ടുള്ളവരാണ്. ഹുസൈൻ തന്റെ പ്രീമിയർ പത്മിനിയിൽ കുതിരകളെയാണ് വരച്ചതെങ്കിൽ ബോസ് കൃഷ്ണമാചാരി ടാറ്റാ നാനോ കാറായിരുന്നു കാൻവാസാക്കിയത്. കാർ കാൻവാസാക്കാൻ പക്ഷേ ഇവരാരുമല്ല സിജിൻ ഗോപിനാഥിനെ സ്വാധീനിച്ചതെന്നതാണ് കൗതുകകരമായ കാര്യം. ”ഞാൻ തൊഴിലെടുക്കുന്ന www.idealz.com എന്ന സ്ഥാപനം കാറുകളടക്കമുള്ള വിവിധ ആഡംബരവസ്തുക്കൾ സമ്മാനമായി നൽകുന്ന ഒരു വെബ്‌സൈറ്റാണ്. ലോകത്തെ ഏറ്റവും പുതിയ പല ആഡംബര വാഹനങ്ങളും സമ്മാനമായി നൽകപ്പെടുന്നുണ്ട്. അതുകൊണ്ടാണ് എന്തുകൊണ്ട് കാറിൽ തന്നെ രചന നിർവഹിച്ചു കൂടാ എന്നു ഞാൻ ചിന്തിച്ചത്,” സിജിൻ പറയുന്നു. നേരത്തെ പല കലാമേളകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളയാളുമാണ് സിജിൻ.

നാലു വയസ്സുകാരിയായ നോറയ്ക്കും അധ്യാപികയായ ഭാര്യ ശ്രീദേവി സിജിനുമൊപ്പമാണ് സിജിൻ ദുബായിയിൽ കഴിയുന്നത്. നോറ ചെറുതായി വരയ്ക്കാനും തുടങ്ങിയിരിക്കുന്നു. മിനി കൂപ്പറിലെ തന്റെ രചന കണ്ട് നോറ മിനി കൂപ്പറിൽ അഭ്യാസം നടത്തുമോ എന്നു മാത്രമാണ് ഇപ്പോൾ സിജിന്റെ പേടി.

സിജിന്റെ ഇൻസ്റ്റാഗ്രാം പേജ്‌
https://www.instagram.com/sijingopinathan/

Leave a Reply

Your email address will not be published. Required fields are marked *

shares