Test Ride: Ducati Multistrada 1260S
February 18, 2019
What makes Hyundai service & Maintenance so special?
February 20, 2019

Smart Guys: Vineeth Kumar in a Nissan Kicks!

Actor Vineeth Kumar with Nissan Kicks

ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ പുതിയ നിസ്സാൻ കിക്ക്‌സിൽ നടനും സംവിധായകനുമായ വിനീത് കുമാറിനൊപ്പം സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്ര വിനീതിലെ സഞ്ചാരിയേയും വാഹനപ്രേമിയേയും പുറത്തുകൊണ്ടുവന്നു. യാത്രയിലെ കൗതുകക്കാഴ്ചകളിലൂടെ….

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ പി അപ്പുക്കുട്ടൻ

രാവിലെ നാലര മണിക്കെങ്കിലും എഴുന്നേൽക്കുന്ന സ്വഭാവക്കാരനാണ് നടനും സംവിധായകനുമായ വിനീത് കുമാർ. കുട്ടിക്കാലം തൊട്ടുള്ള ശീലമാണത്. നൃത്താഭ്യസനത്തിനും കളരിക്കുമൊക്കെ പോകുന്നതിനാലാണ് ഈ വെളുപ്പിനെഴുന്നേൽക്കൽ ശീലമായത്. അതുകൊണ്ടു തന്നെ കൊച്ചിയിൽ പുതിയ നിസ്സാൻ കിക്ക്‌സിനൊപ്പം ഒരു പ്രഭാതയാത്രയ്ക്ക് സ്മാർട്ട് ഡ്രൈവിന്റെ ചീഫ് എഡിറ്ററും സുഹൃത്തുമായ ബൈജു എൻ നായർ ക്ഷണിച്ചപ്പോൾ തൽക്കാലം അന്നത്തേക്ക് കളരി ഉപേക്ഷിച്ച്, ആറു മണി വരെ കിടന്നുറങ്ങാൻ വിനീത് തീരുമാനിച്ചു. പക്ഷേ ആറു മണിക്ക് അലാം അടിച്ചപ്പോൾ എന്തിനാണ് അലാം അടിച്ചതെന്ന് ഒരു നിമിഷം വിനീത് മറന്നുപോയി. കുറച്ചൊന്ന് ഉറങ്ങുകയും ചെയ്തു. നിസ്സാൻ കിക്ക്‌സും സ്മാർട്ട് ഡ്രൈവ് ടീമും അതുകൊണ്ടു തന്നെ വിനീതിനെ കാത്ത് അൽപനേരം കുമാരനാശാൻ നഗറിലുള്ള ക്ലിയർവേ സെലസ്റ്റിയലിൽ കിടന്നു. പക്ഷേ സൂര്യനെത്തും മുമ്പു തന്നെ, നിസ്സാൻ കിക്ക്‌സിന്റെ വളയം പിടിച്ചു വിനീത് കുമാർ.

നടനും സംവിധായകനുമായ വിനീത് കുമാർ നിസ്സാൻ കിക്ക്‌സിനൊപ്പം

”പുതുതായി വിപണിയിലെത്തുന്ന എല്ലാ കാറുകളും ഏതെന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്. നിസ്സാൻ കിക്ക്‌സ് എന്ന പേരിൽ പുതിയ കോംപാക്ട് എസ് യു വി പുറത്തിറക്കുന്നുവെന്ന വാർത്ത കണ്ടപ്പോൾ തന്നെ അതേപ്പറ്റി ഞാൻ തിരക്കിയിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ഗംഭീരമായാണ് കിക്ക്‌സ് പുറത്തുവന്നതെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അതിസുന്ദരമായ ഇന്റീരിയറും എക്സ്റ്റീരിയറുമാണ് കിക്ക്‌സിനുള്ളത്,” വാഹനം കൊച്ചിയിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടെ വിനീത് കുമാറിന്റെ സർട്ടിഫിക്കറ്റ്. പുറം രാജ്യങ്ങളിൽ ചെറിയ ഹാച്ച്ബായ്ക്കായ മൈക്രയുടെ പ്ലാറ്റ്‌ഫോമിലാണ് കിക്ക്‌സ് പടുത്തുയർത്തിയിരിക്കുന്നതെങ്കിൽ, ഇന്ത്യയിലെ കിക്ക്‌സ് ചലിക്കുന്നത് റെനോ ഡസ്റ്ററിന്റെയും ക്യാപ്ച്ചറിന്റെയും പ്ലാറ്റ്‌ഫോമിലാണ്. അതുകൊണ്ടു തന്നെ, വലിപ്പം കൂടുതലുണ്ട്. കൂടാതെ ഇന്ത്യയ്ക്കു വേണ്ടി ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിച്ചതുൾപ്പെടെയുള്ള പല മാറ്റങ്ങളും കിക്ക്‌സിൽ വരുത്തിയിട്ടുണ്ട്. 210 എം എം ആണ് കിക്ക്‌സിന്റെ ഗ്രൗണ്ട് ക്ലിയറൻസ് എന്നതിനാൽ ഏതു ദുർഘടപാതയിലൂടേയും കിക്ക്‌സിന് കടന്നുപോകാനാകും. കിക്ക്‌സിന്റെ ഗ്രൗണ്ട് ക്ലിയറൻസും ഓഫ് റോഡിങ് സ്‌കില്ലുകളും ഒന്നു പരിശോധിച്ചറിയാനായി ഓൾഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കിക്ക്‌സ് കൊണ്ടുപോകാനായിരുന്നു വിനീതിന്റെ തീരുമാനം.

”മഹാത്മാഗാന്ധി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കേരളത്തിൽ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷനാണെങ്കിലും ആ മന്ദിരം സംരക്ഷിക്കാനും റെയിൽവേ പുനരുദ്ധരിക്കാനുമൊക്കെയുള്ള നീക്കങ്ങൾ ഇപ്പോൾ മാത്രമാണ് നടക്കുന്നത്. മറ്റേതെങ്കിലും നാടാണെങ്കിൽ പണ്ടേ പൈതൃകസ്ഥാനത്ത് അവരിത് സംരക്ഷിച്ചേനെ,” വിനീത് കാടുപിടിച്ചു കിടക്കുന്ന പഴയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ കിക്ക്‌സ് അനായാസേന ചലിപ്പിക്കുന്നതിനിടെ പറഞ്ഞു. കൊച്ചി മഹാരാജാവായിരുന്ന രാമവർമ്മ ശ്രീപൂർണത്രേയ ക്ഷേത്രത്തിലെ ആനച്ചമയങ്ങൾ വിറ്റിട്ടാണ് കൊച്ചിയിലേക്കുള്ള ഈ റെയിൽവേ ലൈനിന്റെ പണി പൂർത്തിയാക്കിയത്. സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറുമൊക്കെ എത്തിയ ഈ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ റെയിൽവേയുടെ 1.5 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേയുടെ 505 കോടി രൂപയുടെ ഹരിത പ്രോജക്ട് നടപ്പാക്കുന്നതിനെപ്പറ്റിയും ആലോചനകൾ പുരോഗമിക്കുകയാണ്.

ഷൂട്ടിനായി പുറത്തിറങ്ങിയപ്പോഴാണ് വിനീത് കിക്ക്‌സിന്റെ എക്സ്റ്റീരിയറിലെ മോടി പകൽവെളിച്ചത്തിൽ ശരിക്കുമൊന്ന് ആസ്വദിച്ചത്. ‘വി’ ഷെയ്പ്പുള്ള നിസ്സാന്റെ സിഗ്‌നേച്ചർ ഗ്രിൽ ക്രോമിയത്തിന്റെ തടിച്ച ‘വി’ ലൈനുകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അതിനുള്ളിലാണ് കറുത്ത ഹണികോംബ് ഗ്രിൽ. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുടെ ഷെയ്പ്പ് മുൻഭാഗത്തെ ഡിസൈൻ രീതികളോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. ഫെൻഡറുകളോട് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന വലിയ ബമ്പറിനു താഴെ മൂന്ന് എയർഡാമുകളുണ്ട്. സാധാരണയുള്ള ഫോഗ് ലാമ്പ് സ്ലോട്ടുകളും കിക്ക്‌സിൽ എയർഡാം തന്നെയാണ്. അതിനു താഴെ സ്‌കഫ്‌പ്ലേറ്റിന് ഇരുവശവുമാണ് ഫോഗ് ലാമ്പുകൾ കൊടുത്തിരിക്കുന്നത്. ഉയർന്ന ബോണറ്റും നെഞ്ചുവിരിച്ചു നിൽക്കുന്ന രൂപമുള്ള കിക്ക്‌സിന്റെ മുന്നിൽ വിനീതിന്റെ പൗരുഷമുള്ള പുതിയ മുഖം ഒപ്പിയെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഫോട്ടോഗ്രാഫർ അഖിൽ.

റെയിൽവേ സ്റ്റേഷനിൽ നിന്നും കൊച്ചിക്കായലിന്റെ സൗന്ദര്യം മുഴുവൻ കാണാനാകുന്ന ചാത്യാത്ത് റോഡിലേക്കായിരുന്നു കിക്ക്‌സിന്റെ അടുത്ത സഞ്ചാരം. സഞ്ചാരത്തിനിടെ യാത്രകളെപ്പറ്റിയാണ് വിനീത് പ്രധാനമായും വാചാലനായത്. വിനീത് ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിലേക്ക് എങ്ങനെയാണ് മലയാള സിനിമ യിൽ അതുവരെ കണ്ടിട്ടില്ലാത്ത ഗുജറാത്തിലെ കച്ച് പ്രദേശം പശ്ചാത്തലമായതെന്നായിരുന്നു ഞങ്ങളുടെ സംശയം. ”2014ൽ പോർബന്തറിലേക്കും അഹമ്മദാബാദിലേക്കും ദ്വാരകയിലേക്കുമൊക്കെ ഞാനൊരു ഒറ്റയാൻ യാത്ര നടത്തിയിരുന്നു. ഇന്ത്യയുടെ കാണാത്ത ഭൂഭാഗങ്ങൾ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു യാത്ര. മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കാതെ, തീവണ്ടിയും ബസ്സിലും വിമാനത്തിലുമൊക്കെയായിരുന്നു അത്. ആ യാത്രയിലാണ് ഗുജറാത്തിലെ വിജനമായ കച്ച് പ്രദേശത്തെ ആ ഹൈവകൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് തിരിച്ചെത്തിയ സമയത്താണ് രഞ്ജിത്ത് സിനിമയുടെ കഥ പറയുന്നതും അതെന്നോട് സംവിധാനം ചെയ്യാനാകു മോ എന്നു ചോദിക്കുന്നതും. കഥാനായകൻ ഗുജറാത്തിലായിരുന്നു താമസിച്ചിരുന്നതെന്നതിനാൽ കച്ചിലേക്ക് അയാളുടെ താമസയിടം പ്രതിഷ്ഠിച്ചു ഞാൻ. വിജനമായ പാതയ്ക്കരികിൽ സെറ്റിട്ടാണ് ഞങ്ങൾ ആ സിനിമയുടെ ആദ്യഭാഗമൊരുക്കിയത്,” വിനീത് പറയുന്നു.

ചാത്യാത്ത് റോഡിൽ നിർത്തിയപ്പോഴാണ് കിക്ക്‌സിന്റെ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും. റൂഫ് റെയ്‌ലുകളും ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ 11 നിറഭേദങ്ങളിൽ കിക്ക്‌സ് പുറത്തിറങ്ങുന്നുണ്ടെന്നറിഞ്ഞപ്പോൾ വിനീതിന് അത്ഭുതം. കിക്ക്‌സിന്റെ ഏറ്റവും മുന്തിയ മോഡലായ എക്‌സ് വി പി (ഒ) ഡീസൽ വേരിയന്റാണ് കൊച്ചിയിലെ വി എം നിസ്സാനിൽ നിന്നും ഞങ്ങളുടെ യാത്രയ്‌ക്കെത്തിയിരിക്കുന്നത്. 3850 ആർ പി എമ്മിൽ 109 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 240 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1461 സി സിയുടെ എഞ്ചിനാണ് കിക്ക്‌സിലുള്ളത്. നിലവിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമേ കിക്ക്‌സിനുള്ളു. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനം ലിറ്ററിന് 19.31 കിലോമീറ്റർ മൈലേജും നൽകുന്നുണ്ട്. പെട്രോൾ എഞ്ചിൻ 5 സ്പീഡാണ്.

സസ്‌പെൻഷന്റെ മികവ് ഞങ്ങൾ ഓൾഡ് റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ അനുഭവിച്ചറിഞ്ഞിരുന്നു. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കിക്ക്‌സിനുള്ളത്. സുരക്ഷിതത്വത്തെപ്പറ്റിയാണ് ഇപ്പോൾ പൊതുവേ ഉപഭോക്താക്കളുടെ ചിന്തയെന്നതിന് തെളിവായി വിനീത് കുമാറിന്റെ അടുത്ത ചോദ്യം. 4 എയർ ബാഗുകളും സീറ്റ് ബൈൽട്ട് വാണിങ്ങും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇ എസ് പിയും ഹിൽ ഹോൾഡ് കൺട്രോളുമൊക്കെയുള്ള തകർപ്പൻ വാഹനമാണെന്ന് കേട്ടപ്പോൾ വിനീത് വാഹനത്തിന്റെ സ്പീഡ് കൂട്ടി. നേരത്തെ ബൈജുവിനും ജമേഷ് കോട്ടയ്ക്കലിനുമൊപ്പം മൂന്നാറിലേക്കും കൊടൈക്കനാലിലേക്കുമൊക്കെ യാത്ര ചെയ്തപ്പോൾ പകുതി സമയവും വാഹനത്തിന്റെ സ്റ്റീയറിങ് വിനീത് കുമാറിന്റെ കൈയ്യിൽ തന്നെയായിരുന്നു. നിസ്സാൻ കിക്ക്‌സ് ശരിക്കും ബോധിച്ചതിനാൽ ഇത്തവണയും യാത്രയിൽ സ്റ്റിയറിങ് വിട്ടുകൊടുക്കാൻ താൻ തയാറല്ലെന്ന മട്ടിലാണ് വിനീതിന്റെ പോക്ക്.

ചോക്കലേറ്റ് ബ്രൗണും ബ്ലാക്കും ബ്രഷ്ഡ് അലൂമിനിയവുമാണ് കിക്ക്‌സിന്റെ ഉൾഭാഗത്തെ നിറങ്ങൾ. ഡാഷ്‌ബോർഡിലെ ചോക്കലേറ്റ് ബ്രൗൺ ക്ലാഡിങ്ങിന് കോൺട്രാസ്റ്റ് സ്റ്റിച്ചിങ് കൊടുത്തതു പോലെ, ഇന്റീരിയർ പ്രീമിയമാക്കാനുള്ള ശ്രമങ്ങൾ നിസാൻ നടത്തിയിട്ടുണ്ട്. സീറ്റിന്റെ അപ്‌ഹോൾസ്റ്ററിയും ഒന്നാന്തരമാണ്. ടെക്‌നോളജിക്ക് വലിയ പ്രാമുഖ്യം നൽകുന്ന കമ്പനിയാണ് നിസ്സാൻ എന്നതിനാൽ കിക്ക്‌സിൽ ഡാഷ്‌ബോർഡിനു നടുവിൽ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഉയർന്നു നിൽക്കുന്നുണ്ട്. നിസാന്റെ ഇന്റലിജന്റ് മൊബിലിറ്റി എന്ന കണക്ടിവിറ്റി, ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം ഇതിലുണ്ട്. ഈ സെഗ്മെന്റിൽ ആദ്യമായി 360 ഡിഗ്രി വ്യൂ തരുന്ന മോണിറ്ററാണ് ഈ സിസ്റ്റത്തിലെ ഒരു പുതുമ. പ്രഭാത ഭക്ഷണത്തിനായി ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് നീങ്ങുകയാണ് ഞങ്ങളിപ്പോൾ.

ഒരു വടക്കൻ വീരഗാഥയടക്കം 12 സിനിമകളിൽ ബാലതാരമായി വേഷമിട്ട വിനീത് കുമാർ എൺപതുകളിലാണ് സിനിമയിലെത്തുന്നത്. വടക്കൻ വീരഗാഥയും ഭരതവും അദ്വൈതവുമാണ് ബാലതാരമായി വേഷമിട്ട ചിത്രങ്ങളിൽ വിനീതിന് ഏറ്റവും പ്രിയം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാപ്രതിഭയായ താരം വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു. മസ്‌ക്കറ്റിൽ ഫോട്ടോഗ്രാഫറായിരുന്ന കരുണന്റേയും യമുനയുടേയും മൂന്നു മക്കളിൽ മൂത്തയാളാണ് വിനീത്. ”പതിനെട്ടാം വയസ്സിൽ ബജാജ് ചേതക്കിലാണ് ഞാൻ ആദ്യമായി ഡ്രൈവിങ് പഠിക്കുന്നത്. പിന്നെ ഹീറോ ഹോണ്ട സ്‌പ്ലെൻഡർ, മാരുതി സെൻ, റിറ്റ്‌സ്, ഏവിയോ, ടിയാഗോ, ഹോണ്ട സിറ്റി തുടങ്ങി പലപല കാറുകൾ. ഒരിക്കൽ സിഗ്‌നലിൽ വാഹനം നിർത്തിയിട്ട സമയത്ത് പിന്നിൽ ഒരു വാഹനം വന്ന് ഇടിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും തന്നെ എനിക്ക് സംഭവിച്ചിട്ടില്ല,” വിനീത് കുമാർ പറയുന്നു.

ഭാരത് ടൂറിസ്റ്റ് ഹോമിന്റെ പാർക്കിങ് ഇടത്തിലേക്കാണ് കിക്ക്‌സ് വിനീത് എത്തിക്കുന്നത്. റിവേഴ്‌സ് എടുക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും ഇടുങ്ങിയ ഇടത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോഴും ഡാഷ്‌ബോർഡിലുള്ള 8 ഇഞ്ച് സ്‌ക്രീനിൽ പിറകിലെ ക്യാമറയിൽ നിന്നുള്ള വിഷ്വലുകൾ മാർഗനിർദ്ദേശത്തോടെ കാണാമെന്നതിനാൽ പാർക്കിങ് വളരെയെളുപ്പമാണ്. ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, കോർണറിങ് ലൈറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഡിജിറ്റൽ സ്പീഡോ മീറ്ററുകൾ എന്നിവയും കിക്ക്‌സിലുണ്ട്. അഖിലിന്റെ ക്യാമറാ ഉപകരണങ്ങളെല്ലാം തന്നെ 400 ലിറ്റർ ബൂട്ട്‌സ്‌പേസിൽ ഒതുങ്ങിയിരിക്കുന്നതിനാൽ അകത്തുള്ള അഞ്ചു പേർക്കും സുഖമായി ഇരിക്കാം. ഡോർ പാഡുകളിൽ ഒരു ലിറ്റർ ബോട്ടിൽ വരെ സൂക്ഷിക്കാൻ കഴിയുകയും ചെയ്യും. പിൻനിരയിലേക്ക് എ സിയുടെ വെന്റുകളും നൽകിയിട്ടുണ്ട്.

കിക്ക്‌സിന്റെ ഉയർന്ന സീറ്റിങ് പൊസിഷനാണ് വിനീതിന് ഏറെ ഇഷ്ടപ്പെട്ടത്. മാനുവലി ഡ്രൈവർ സീറ്റ് ഉയർത്തുകയുമാവാം. ലെഗ്‌സ്‌പേസും ഹെഡ് സ്‌പേസും ധാരാളമുള്ളതിനാലും തുട സപ്പോർട്ട് ഉള്ളതിനാലും ഏറെ ദൂരം യാത്ര ചെയ്താലും ശാരീരികമായ അവശതകളൊന്നും തന്നെ അനുഭവപ്പെടുകയുമില്ല. കുടുംബവുമൊത്ത് ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവക്കാരനാണ് വിനീത്. ഭാര്യ സന്ധ്യയും രണ്ടാം ക്ലാസുകാരിയായ മൈത്രേയിയും രണ്ടു വയസ്സുകാരിയായ മാതംഗിയുമൊക്കെയായി മിക്കവാറും മൂന്നാറിലേക്കായിരിക്കും യാത്ര.

”ഒറ്റയ്ക്ക് ഏറ്റവുമൊടുവിൽ യാത്ര പോയത് ഹിമാലയത്തിലെ സ്പിറ്റിയിലേക്കാണ്. ലഡാക്കിലെ മൊണാസ്ട്രികളിലൊക്കെയായിരുന്നു ബൈക്കിലുള്ള ആ യാത്രയ്ക്കിടയിൽ താമസിച്ചത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ ബങ്കും പോസ്റ്റ് ഓഫീസുമൊക്കെ പോകുംവഴിക്ക് കാണുകയും ചെയ്തു. ഗുജറാത്തിലേക്ക് ഷൂട്ടിങ്ങിനിടെ നടത്തിയ യാത്രയ്ക്കിടയിൽ നാട്ടുകാർ പിടികൂടി തടങ്കലിൽ വച്ച അനുഭവവുമുണ്ടായി. അയാൾ ഞാനല്ലയുടെ ഷൂട്ടിങ് സമയത്താണ് സംഭവം. ഗ്രാമത്തിന്റെ ആംബിയൻസ് ചില ദൃശ്യങ്ങളിൽ ഉപയോഗിക്കാനായി ഫോട്ടോഗ്രാഫർക്കൊപ്പം സഞ്ചരിക്കവേയാണ് വിഗ്രഹമോഷണത്തിന് എത്തിയവരെന്ന് ആരോപിച്ച് ചിലർ തടഞ്ഞുവച്ചത്. അന്നാട്ടിലെ എം എൽ എ വിളിച്ചുപറഞ്ഞിട്ടുപോലും ഗ്രാമമുഖ്യൻ പോലും ഞങ്ങളെ ആദ്യം വിടാൻ തയാറായില്ല. ഒടുവിൽ ഒരുവിധത്തിലാണ് തലയൂരിയത്,” യാത്രയ്ക്കിടയിലെ ഒരു ദുരനുഭവത്തെപ്പറ്റി വിനീതിന്റെ മൊഴി.


വിദേശങ്ങളിൽ ചിത്രീകരണങ്ങൾക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കുമൊക്കെ പോകുമ്പോൾ നിസ്സാന്റെ വാഹനങ്ങളാണ് പൊതുവേ വിനീതിന് ഉപയോഗിക്കാനായി ലഭിക്കാറുള്ളതെന്നതിനാൽ നിസ്സാന്റെ മികവിനേയും പെർഫോമൻസിനെക്കുറിച്ചുമൊക്കെ വിനീതിന് നന്നായി അറിയാം. ”ഗിയർ ഷിഫ്റ്റുകളൊക്കെ വളരെ ഈസിയാണ്. ക്ലച്ചും ലൈറ്റ്. സസ്‌പെൻഷന്റെ മികവും എടുത്തു പറയണം,” കിക്ക്‌സ് ഓടിക്കവേ വിനീത് തന്റെ ഡ്രൈവ് അനുഭവം പറയുകയാണ്. പാർക്കിങ്ങിന് 360 ഡിഗ്രി ക്യാമറയുള്ളതാണ് വിനീതിനെ ഏറ്റവും ആകർഷിച്ച ഘടകം എന്നു തോന്നുന്നു. ഒട്ടേറെ വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിക്കുന്നതിലാണ് വിനീതിന് ഏറെ കൗതുകവും സന്തോഷവും. ”ഇന്ത്യയെപ്പോലെ ഇത്ര വൈവിധ്യം നിറഞ്ഞ നാട് ലോകത്തിൽ തന്നെ മറ്റൊരിടത്തുമില്ല. വിവിധ ഭാഷകൾ, സംസ്‌കാരങ്ങൾ, ഓരോ നിമിഷവും മാറിമറിയുന്ന കാഴ്ചകൾ. സമൂഹത്തിൽപ്പോലുമുണ്ട് വ്യത്യസ്തകൾ. ഹിമാലയൻ യാത്രയ്ക്കിടയിൽ ഡങ്കാർ തടാകത്തിനടുത്തുള്ള മണ്ണുകൊണ്ടുണ്ടായ ഒരു ഭവനത്തിലാണ് കഴിഞ്ഞത്. അവിടെ പുരുഷന്മാർ പാചകം ചെയ്യുകയും സ്ത്രീകൾ വേലയ്ക്കു പോകുകയും ചെയ്യുകയാണ് ചെയ്യുന്നത്. സ്ത്രീകൾ ഭക്ഷണമുണ്ടാക്കുന്ന ഹോട്ടലുകളിൽ കയറരുതെന്നും അവർക്ക് ഭക്ഷണമുണ്ടാക്കി ശീലമില്ലാത്തതിനാൽ ഭക്ഷണം മോശമായിരിക്കുമെന്നും വരെ നാട്ടുകാർ നമ്മെ ഉപദേശിക്കും,” വിനീത് യാത്രകളിലെ വേറിട്ട കാഴ്ചകളെപ്പറ്റി പറയുകയാണ്. സിനിമയിൽ ഫഹദ് ഫാസിലാണ് വിനീതിന്റെ ഉറ്റ സുഹൃത്ത്. ഫഹദിനൊപ്പം ഗോവയിലേക്ക് ചില യാത്രകളൊക്കെ പോയിട്ടുണ്ട് വിനീത്.

പക്ഷേ സിനിമയ്ക്കു പുറത്താണ് വിനീതിന് കൂടുതൽ സൗഹൃദങ്ങളെന്നു തോന്നുന്നു. ബോൾഗാട്ടിയിലേക്കായിരുന്നു കിക്ക്‌സിന്റെ അടുത്ത സഞ്ചാരം. അതിനിടെ കിക്ക്‌സിന്റെ ആറു സ്പീക്കറുകളിലൂടെ സംഗീതം പൊഴിയാൻ തുടങ്ങി.
പുറത്തു നിന്നുള്ള ശബ്ദമൊന്നും അകത്തേക്ക് എത്താതിനാലും അതീവ വ്യക്തതയുള്ള സ്പീക്കറുകളായതിനാലും ഒരു മുറിയിലെന്ന പോലെ മെലഡി ആസ്വദിക്കാനാകും കിക്ക്‌സിൽ. യു എസ് ബി, ഓക്‌സിലറി, ബ്ലൂടൂത്ത്, ഐപോഡ് കോംപാറ്റിബിളുമാണ് കിക്ക്‌സ്. ആധുനിക യുവത്വത്തിനു വേണ്ട എല്ലാം ഒരുമിക്കുന്ന ഈ വാഹനത്തിൽ സഞ്ചരിക്കുകയെന്നതു തന്നെ പ്രൗഢമായ ഒന്നാണ്. വിനീതിനെപ്പോലെ, സഞ്ചാരിയും നടനും സംവിധായകനുമായ ഒരാൾക്കൊപ്പമാകും ആ യാത്രയെങ്കിൽ കിക്ക്‌സ് കൂടുതൽ ആകർഷകമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും. ഫഹദ് ഫാസിൽ നായകനാകുന്ന അടുത്ത വിനീത് ചിത്രം ഈ വരുന്ന മേയ് മാസത്തിൽ ആരംഭിക്കും. അതുവരെ തൽക്കാലം അഭിനയരംഗത്തേക്കില്ല അദ്ദേഹം. കൊച്ചിയിലെ വസതിയിലേക്ക തിരികെ പോകുന്ന വഴി കിക്ക്‌സിന്റെ ഒരു ചിത്രം മൊബൈലിലാക്കാനും വിനീത് മറന്നില്ല$

Copyright: Smartdrive February 2019

Leave a Reply

Your email address will not be published. Required fields are marked *