സൂപ്പർബിലെ സൂപ്പർബ് സഞ്ചാരക്കഥകൾ
May 4, 2021
ഡിഫൻഡറിൽ ഒരു നിശ്ശബ്ദ പ്രതിഷേധം
May 6, 2021

സൂപ്പർകാറുകളുടെ ദേവത!

അലക്‌സാൻഡ്ര മേരി ഹെർഷിയെന്ന ഓസ്‌ട്രേലിയക്കാരിയാണ് സൂപ്പർ കാർ ബ്ലോൻഡിയെന്ന യൂട്യൂബ് ചാനലിനു പിന്നിൽ

രണ്ടര വർഷം മുമ്പ് യുട്യൂബിൽ സൂപ്പർകാർ ബ്ലോൻഡിയെന്ന ചാനൽ തുടങ്ങുമ്പോൾ അലക്‌സ് ഹെർഷിക്ക് കേവലം 500 സബ്‌സ്‌ക്രൈബർമാരെ ഉണ്ടായിരുന്നുള്ളു. ഇന്നത് 50 ലക്ഷത്തിലധികമായി വളരുകയും ലോകത്തെ സ്വാധീനിക്കാനാകുന്ന വനിതകളുടെ പട്ടികയിൽ അവർ ഇടം നേടുകയും ചെയ്തിരിക്കുന്നു. സൂപ്പർകാർ ബ്ലോൻഡിയുടെ കഥ വായിക്കൂ….

എഴുത്ത്: ജെ ബിന്ദുരാജ്

കേവലം രണ്ടര വർഷങ്ങൾക്കു മുമ്പ് യുട്യൂബിൽ സജീവമായ അവർക്ക് നിലവിൽ അമ്പതു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അമേരിക്കയിലും ഇന്ത്യയിലും ജർമ്മനിയിലും ബ്രിട്ടനിലും മെക്‌സിക്കോയിലുമാണ് അവരുടെ ഏറ്റവുമധികം ഫോളോവർമാർ. സൂപ്പർകാർബ്ലോൻഡി എന്ന അവരുടെ ചാനലിൽ സൂപ്പർ കാറുകളും ട്രക്കുകളും മറ്റ് വാഹനങ്ങളുമൊക്കെയാണ് അവർക്കൊപ്പം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ. ഫേസ്ബുക്കിൽ അവർക്ക് 37 ലക്ഷം ഫോളോവർമാരും ഇൻസ്റ്റഗ്രാമിൽ 87 ലക്ഷം പേരും ടിക്ക് ടോക്കിൽ 46 ലക്ഷം പേരും അവരെ പിന്തുടരുന്നു. അവർ അപ്ലോഡ് ചെയ്യുന്ന ഒരു പോസ്റ്റ് ഏറ്റവും കുറഞ്ഞത് എട്ടു ലക്ഷം പേരിലേക്കെത്തുകയും ശരാശരി അഞ്ചു ലക്ഷം പേർ പോസ്റ്റ് കാണുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ തന്നെ 85 ശതമാനം പേരും പുരുഷന്മാരും അതിൽ 55 ശതമാനം പേർ 25 വയസ്സിനു മേൽ പ്രായമുള്ളവരുമാണ്. വെറുതെയല്ല ഇന്ന് സൂപ്പർകാർ നിർമ്മാതാക്കളായ ബ്യുഗാട്ടിയും ഫെരാരിയുമൊക്കെ അവരെ തങ്ങളുടെ കാർ ആദ്യമായി പ്രദർശിപ്പിക്കാനായി തങ്ങളുടെ ആസ്ഥാനത്തേക്ക് ക്ഷണിക്കുന്നത്. റോൾസ് റോയ്‌സ് അവർക്കു മാത്രമായി 2030 തങ്ങൾ പുറത്തിറക്കാനിരിക്കുന്ന ഹൈപ്പർ കാർ ആദ്യമായി പ്രദർശിപ്പിക്കുന്നു. മക്‌ലാറൻ അവരെ തങ്ങളുടെ ഫാക്ടറിയിലേക്ക് ക്ഷണിക്കുന്നു. സബ്‌ക്രൈബർമാർക്കായി അവർ ചാനലിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ കാർ കമ്പനികൾ തങ്ങളുടെ കാറുകൾ സമ്മാനമായി നൽകാൻ അവരെ സമീപിക്കുന്നതും വെറുതെയല്ല. കാരണം സൂപ്പർകാർബ്ലോൻഡിയെന്ന ചാനലുടമ ആസ്‌ട്രേലിയക്കാരിയായ അലക്‌സ് ഹെർഷി എന്ന അലക്‌സാൻഡ്ര മേരി ഹെർഷി ഇന്ന് സാമൂഹികമാധ്യമങ്ങളിൽ ഒരു തരംഗം തന്നെയാണ്. ദുബായിൽ സ്ഥിരതാമസമാക്കിയ അവരുടെ സംഘത്തിൽ നിക്ക് എന്ന അവരുടെ ഭർത്താവും സഹോദരി കെയ്റ്റും കെയ്റ്റിന്റെ ഭർത്താവ് നാഥനും സെർജി ഗാലിയാനോ എന്ന സ്‌പെയ്ൻകാരനും അയാളുടെ കാമുകിയായ ഇൻക എന്ന ഓപ്പറേഷൻസ് മാനേജറും ആവേലിന എന്ന ഷെഫുമാണുള്ളത്. അലക്‌സ് ഹിർഷിയടക്കം കേവലം ഏഴുപേർ അടങ്ങുന്ന ഒരു യുവസംഘം ഇന്ന് ലോകത്തെ വാഹനരംഗത്തെ തന്നെ കൈപ്പിടിയിലാക്കിയിരിക്കുകയാണെന്നാണ് സൂപ്പർകാർബ്ലോൻഡിയുടെ സ്വാധീനശേഷി തെളിയിച്ചുകൊണ്ടിരിക്കുന്നത്.

പുരുഷന്മാർ മേധാവിത്തം പുലർത്തിയിരുന്ന സൂപ്പർകാർ റിവ്യൂ രംഗത്തേക്ക് മുപ്പത്തിയഞ്ചുകാരിയായ അലക്‌സ് ഹെർഷി കടന്നുവന്നതിനു കാരണം സൂപ്പർകാറുകളോട് കുട്ടിക്കാലം മുതൽ അവർക്കുണ്ടായിരുന്ന പ്രണയമല്ലാതെ മറ്റൊന്നല്ല. സൂപ്പർകാർബ്ലോൻഡിയെന്ന സ്വന്തം യുട്യൂബ് ചാനൽ തുടങ്ങുന്നതിനു മുമ്പായി ടെലിവിഷനിലും റേഡിയോയിലും പ്രൊഫഷണൽ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി തൊഴിലെടുക്കുകയായിരുന്നു അവർ. 2017 ഏപ്രിൽ വരേയ്ക്കും ദുബായ് ഐ 103.8 എന്ന റേഡിയോയിൽ പ്രൈം ടൈം ടോക്ക് ഷോയുടെ അവതാരകയായിരുന്നു അലക്‌സ്. ‘ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സൂപ്പർകാർബ്ലോൻഡിയെന്ന പേജ് ഉണ്ടാക്കുന്ന സമയത്ത് എനിക്ക് വലിയ പദ്ധതികളൊന്നും ആദ്യം മനസ്സിലുണ്ടായിരുന്നില്ല. ഒരു തമാശയെന്ന നിലയ്ക്കായിരുന്നു അവ ആരംഭിച്ചത്. പക്ഷേ അതൊരു തരംഗമായി വളരുകയായിരുന്നു,’ അലക്‌സ് പറയുന്നു.

2018ൽ സൂപ്പർകാർ ബ്ലോൻഡിയെന്ന യുട്യൂബ് ചാനൽ തുടങ്ങുമ്പോൾ റേഡിയോയിലും ടെലിവിഷനിലും മികച്ച കണ്ടന്റ് ഉണ്ടാക്കി ജനപ്രീതി ആർജിച്ച അവതാരകയെന്ന പദവി മാത്രമായിരുന്നു അലക്‌സിന്റെ മൂലധനം. ആസ്‌ട്രേലിയയിലെ ബ്രിസ്ബണിൽ തന്റെ കുട്ടിക്കാലം ചെലവഴിക്കുമ്പോൾ തന്നെ കാറുകളോട് അലക്‌സിന് വലിയ പ്രണയമുണ്ടായിരുന്നു. ക്യൂൻസ്ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ ജേണലിസവും ബിസിനസും പഠിക്കുന്ന സമയത്ത് അലക്‌സിന്റെ ഒഴിവുസമയ വിനോദം ഡ്രൈവിങ് ആയിരുന്നു. തന്റെ മിത് സുബിഷി ലാൻസറിലായിരുന്നു നാട് കാണാനുള്ള അവരുടെ യാത്രകൾ. 2017ൽ റേഡിയോയിൽ നിന്നും രാജിവച്ച് പൂർണസമയ യുട്യൂബറായി അലക്‌സ് ഹെർഷി മാറിയതോടെ സൂപ്പർകാർബ്ലോൻഡി ചാനൽ ലോകത്തെ തന്നെ അതിവേഗം വളരുന്ന ഓട്ടോമൊബൈൽ ഫേസ്ബുക്ക് പേജായും പേരെടുത്തു. 2018 മാർച്ചിൽ അറേബ്യൻ ബിസിനസ് അറബ് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 50 സ്ത്രീകളിലൊരാളായി അവരെ തെരഞ്ഞെടുത്തുവെങ്കിൽ എസ്‌ക്വയർ മാഗസീൻ മിഡിൽ ഈസ്റ്റ് അവരെ ആ വർഷത്തെ ഏറ്റവും സ്വാധീനശേഷിയുള്ള സ്ത്രീയായും തെരഞ്ഞെടുത്തു.

ബ്ലോൻഡിയുടെ കാർ – ലംബോർഗിനി ഹുറാകാൻ

സൂപ്പർകാർബ്ലോൻഡി എന്തുകൊണ്ടാണ് ലോകമെമ്പാടുമുള്ള വാഹനപ്രേമികളെ പിടിച്ചിരുത്തുന്ന ഒരു യുട്യൂബ് ചാനലായി മാറിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. അകൃത്രിമമായ അലക്‌സിന്റെ പെരുമാറ്റവും പ്രേക്ഷകരെ തന്റെയൊപ്പം കൂടെ കൊണ്ടുപോകാനുള്ള കഴിവുമാണ് അലക്‌സ് ഹെർഷിയുടെ ചാനലിന്റെ സവിശേഷതയെന്ന് നിസ്സംശയം പറയാനാകും. നർമ്മവും കുസൃതിയും പൊട്ടിച്ചിരികളുമൊക്കെ നിറഞ്ഞ കാർ എന്റർടെയ്‌നർ ചാനൽ ലോകത്തിന് പുതിയൊരു അനുഭവമായിരുന്നുവെന്നു വേണം കരുതാൻ. മൂന്നു മാസം മുമ്പ് തന്റെ ക്യാമറാമാനും എഡിറ്ററുമായ സെർജി ഗാലിയാനോയ്ക്ക് അദ്ദേഹത്തിന്റെ ഡ്രീം കാറായ ബിഎംഡബ്ല്യു എക്‌സ് 6 എം സമ്മാനമായി നൽകിയത് തന്നെ കൗതുകരമായ അനുഭവമായിരുന്നു. ജീവനക്കാരനെ സന്തോഷിപ്പിക്കാൻ ലോകത്തെ മറ്റേത് മുതലാളിയാണ് ഇത്തരമൊരു സമ്മാനം നൽകുക?

സൂപ്പർ കാർ ബ്ലോൻഡി തന്റെ ക്യാമറാമാൻ സെർജിക് സമ്മാനമായി ബി എം ഡബ്ല്യു എക്‌സ് 7 എം സമ്മാനിച്ചപ്പോൾ.

‘ഞാൻ യു ട്യൂബ് ചാനൽ തുടങ്ങുന്ന സമയത്ത് എനിക്ക് 500ഓളം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് 50 ലക്ഷം കടന്നിരിക്കുന്നു. യുട്യൂബ് ചാനലിന്റെ ഉള്ളടക്കത്തിൽ ഞാൻ അതീവശ്രദ്ധ ചെലുത്തിയതു കൊണ്ടാണ് ചാനലിന് ഇത്തരത്തിലുള്ള ഒരു വളർച്ച ഉണ്ടായത്. എന്റെ പ്രേക്ഷകർ സൂപ്പർ കാറുകൾ ഇഷ്ടപ്പെടണമെന്നും അത് കാണുമ്പോൾ അവർ ആനന്ദിക്കണമെന്നും ഉദ്ദേശിച്ചു തന്നെയാണ് ഞാൻ വാഹനങ്ങളെ വേറിട്ട രീതിയിൽ ചാനലിൽ പരിചയപ്പെടുത്തുന്നത്,’ അലക്‌സ് ഹെർഷി പറയുന്നു. ‘ഒരു വാഹനപ്രേമിക്ക് ഒരു സൂപ്പർ കാർ ആദ്യമായി ഓടിക്കാൻ നൽകിയാൽ അയാൾക്കുണ്ടാകുന്ന അതേ ആവേശം തന്നെയാണ് ചാനലിൽ ഞാൻ എന്നിലൂടെ പ്രതിഫലിപ്പിക്കാൻ നോക്കുന്നത്. അത് പ്രേക്ഷകന് സൂപ്പർ കാർ ഓടിക്കുന്ന ഞാനുമായി താദാത്മ്യം പ്രാപിക്കാൻ ഇടയാക്കുന്നു. അതാണ് ചാനൽ ഹിറ്റാകാനുള്ള പ്രധാന കാരണം,’ അലക്‌സ് കൂട്ടിച്ചേർക്കുന്നു.

അലക്‌സിന്റെ ഭർത്താവ് നിക്ക് ഒരു സ്വിസ് ബാങ്കറായിരുന്നു. 2008ലെ സാമ്പത്തിക തകർച്ചയെ തുടർന്ന് ബാങ്കിങ് ജീവിതം ഉപേക്ഷിച്ച നിക്ക് ഒരു ഫിനാൻഷ്യൽ കൺസൾട്ടന്റായി തൊഴിലെടുക്കുന്ന സമയത്താണ് അലക്‌സ് യുട്യൂബ് ചാനൽ പദ്ധതിയുമായി അവതരിക്കുന്നത്. സൂപ്പർകാർബ്ലോൻഡി ചാനൽ തുടങ്ങാൻ അലക്‌സ് പദ്ധതിയിട്ട നേരത്ത് ഭർത്താവിനോട് എന്തുകൊണ്ട് തന്റെ സംരംഭത്തിൽ ചേർന്നുകൂടാ എന്ന് അലക്‌സ് ചോദിച്ചു. സൂപ്പർകാറുകളെ ഇഷ്ടപ്പെട്ടിരുന്ന നിക്ക് രണ്ടാമതൊന്നാലോചിക്കാതെ അലക്‌സിനൊപ്പം ചേരാൻ സമ്മതിക്കുകയായിരുന്നു. ‘ഭർത്താവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സമ്മതിക്കുകയെന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യമെന്ന് എനിക്ക് തോന്നുന്നു,’ അലക്‌സ് പൊട്ടിച്ചിരിയോടെ പറയുന്നു.

ബ്ലോൻഡിയും ഭർത്താവ് നിക്കും

എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി ഒരു അവധി പോലും താനെടുത്തിട്ടില്ലെന്ന് അലക്‌സ് പറയുന്നു. ‘സോഷ്യൽ മീഡിയയിൽ കണ്ടന്റ് സൃഷ്ടിക്കുന്ന തൊഴിലെത്തിയാൽപ്പിന്നെ അതായിരിക്കും നമ്മുടെ പൂർണസമയ പ്ലാറ്റ്‌ഫോം. അതിൽ നിന്നും വിട്ടു നിന്ന് മറ്റൊരു ജീവിതം സാധ്യമല്ല,’ അലക്‌സ് പറയുന്നു. ആദ്യകാലത്ത് പല കമന്റുകളും തന്നെ വിഷമിപ്പിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും ഹെർഷി പറയുന്നു. 2019ൽ അവർ ഇന്ത്യയിലെത്തുകയും മുംബയിലൂടെ ഒരു ടാക്‌സിയോടിച്ച് വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

ലോകത്തെ എല്ലാ സൂപ്പർകാറുകളും തന്നെ അലക്‌സ് ഹെർഷി ഇന്ന് ഡ്രൈവ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിന്റെ ആനന്ദം ഒട്ടും രസം ചോരാതെ തന്നെ പ്രേക്ഷകനിലേക്കും എത്തിച്ചു നൽകിയിട്ടുമുണ്ട്. എന്നാൽ അലക്‌സിനെ ഏറ്റവും സന്തോഷിപ്പിച്ച നിമിഷം പക്ഷേ അതൊന്നുമല്ലെന്നാണ് അവർ പറയുന്നത്. ‘എന്നെ വഴിയിൽ വച്ചു കണ്ടു പരിചയപ്പെടുന്ന സ്ത്രീകൾ എന്നോട് പറയുന്ന ചില കാര്യങ്ങളാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. പുരുഷാധിപത്യം നിറഞ്ഞ ഒരു മേഖലയിൽ ഒരു സ്ത്രീയായ താങ്കൾ വിജയിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും വൈമനസ്യം വെടിഞ്ഞ് അത്തരം ജോലികളിൽ ഏർപ്പെടാൻ തോന്നുന്നുവെന്നാണ് അവരുടെ വാക്കുകൾ,’ അലക്‌സ് പറയുന്നു.

ബ്ലോൻഡി ഈയിടെ സ്വന്തമാക്കിയ ഹൈപ്പർ കാറായ എസ് 1 ഏഴ്‌സ് മഡോണ

ഇന്ന് വർഷം 14 ലക്ഷം ഡോളർ (10.49 കോടി രൂപ) സമ്പാദിക്കുന്ന ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സോഷ്യൽ മീഡിയ കണ്ടന്റ് പ്രൊഡ്യൂസർമാരിലൊരാളാണ് അലക്‌സ് ഹെർഷി.
തന്റെ പാഷൻ എന്താണെന്ന് തിരിച്ചറിയുകയും അതിനെ പിന്തുടരുകയും ചെയ്തതാണ് അലക്‌സ് ഹെർഷിയുടെ സൂപ്പർകാർബ്ലോൻഡി ചാനൽ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറാൻ കാരണമെന്ന് വ്യക്തം$

Leave a Reply

Your email address will not be published. Required fields are marked *

shares