Test Ride: TVS Apache RTR 200 4v
January 25, 2021
Test Ride: Kawasaki W800
January 25, 2021

Test Drive: Audi Q2

Audi Q2

കുറിയവനെങ്കിലും മസിൽമാൻ ലുക്കുള്ള ഓഡി ക്യു2 ഇന്ത്യയിലെത്തിയിരിക്കുന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

ബൈജു എൻ നായർ

മൊറോക്കോയിൽ ലോക്ഡൗണായി 90 ദിവസം കഴിഞ്ഞുകൂടിയപ്പോഴാണ് ഓഡി ക്യു 2 എന്ന വാഹനത്തെ ഞാൻ കാര്യമായി ശ്രദ്ധിക്കുന്നത്. എവിടെ നോക്കിയാലും ഓഡിക്യു 2! മിക്ക വീടുകളിലും മറ്റേതു മോഡലുണ്ടെങ്കിലും, ഒരു ക്യു2 കൂടിയുണ്ടാവും. സ്ത്രീകളുടെ ഇഷ്ടവാഹനം കൂടിയാണ് ഈ ചെറിയ എസ്‌യുവി എന്നും മൊറോക്കൻ ജീവിതത്തിനിടെ മനസ്സിലായി.
വശകാഴ്ചയിൽ ഹ്യുണ്ടായ് ഐ20യാണോ എന്നു പോലും സംശയിച്ചേക്കാവുന്ന ക്യു2വിനെ എസ്‌യുവി എന്നല്ല, ക്രോസ് ഓവർ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. എന്തായാലും ഓഡിയിൽ നിന്ന് ഇങ്ങനെയൊരു ചെറിയ വാഹനം വിപണിയിലെത്തുമ്പോൾ അത് അങ്ങേയറ്റം സ്‌പോർട്ടിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. ടെസ്റ്റ് ഡ്രൈവിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് ക്യു2വിന്റെ ചരിത്രമൊന്നു പരിശോധിക്കാം.

ക്യു2

2016ലെ ജനീവ ഓട്ടോ ഷോയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട മോഡലാണ് ക്യു2. ജർമനിയിലും അൾജീരിയയിലും ചൈനയിലും മാത്രമാണ് ക്യു2 നിർമ്മിക്കപ്പെടുന്നത്. അമേരിക്കയിൽ ഈ മോഡൽ വിറ്റു തുടങ്ങിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലാണ് ക്യു2. അതായത്, ഇന്ത്യയിലും നിർമ്മിക്കുന്നില്ല എന്നർത്ഥം.

കാഴ്ച

വളരെ കോംപ്ക്ടാണ് ഡിസൈൻ. എന്നാൽ മുൻഭാഗം തനി ഓഡി തന്നെ. 4.2 മീറ്ററാണ് നീളം. എന്നാൽ ആള് കുറിയവനാണെങ്കിലും മസിൽമാന്റെ ലുക്കാണ്. രഞ്ജി പണിക്കരെപ്പോലെ! വലിയ ബുൾഗാൻ താടിപോലെയുള്ള ഗ്രിൽ മുൻഭാഗം അപഹരിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പും ഡേ ടൈം റണ്ണിങ് ലാമ്പും പിന്നിലേക്ക് വലിഞ്ഞു നിൽക്കുന്നു. മുമ്പിൽ, ലോവർ ലിപ്പിനു മേലെ ക്ലാഡിങ് പോലെ എയർഡാം. ഉയർന്ന ബോണറ്റും കനത്ത മസിൽ ലൈനുകളും ചേരുമ്പോൾ മുൻഭാഗത്തിന് ‘എസ്‌യുവിത്വം’ വേണ്ട പോലെയുണ്ട്.

സൈഡ് പ്രൊഫൈലിൽ പക്ഷേ എസ്‌യുവി ലുക്ക് കൈമോശം വന്ന്, ഒരു ക്രോസ് ഓവർ ലുക്കിലേക്ക് മാറുന്നു. 17 ഇഞ്ച് അലോയ്‌വീലുകൾ കാണാൻ ഭംഗിയുണ്ട്. ‘സി’പില്ലറിൽ വീതിയുള്ള കറുത്ത സ്ട്രിപ്പും കാണാം. പിൻഭാഗത്ത് വീണ്ടും എസ്‌യുവി ലുക്ക് കൈവരുന്നുണ്ട്, ക്യു2വിന്. എൽഇഡി ടെയ്ൽലാമ്പ് സുന്ദരമാണ്. 405 ലിറ്റർ ബൂട്ട്‌സ്‌പേസുമുണ്ട്. ഡ്യുവൽ എക്‌സ്‌ഹോസ്റ്റും ബമ്പറിനു താഴെയായി അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും കാണാം.

ഉള്ളിൽ

ഫുൾബ്ലാക്ക് ഫിനിഷിലാണ് ഉൾഭാഗം. അതിൽ ബ്രഷ്ഡ് അലൂമിനിയത്തിന്റെ ലൈനുകളുണ്ട്. സീറ്റുകളുടെ കുഷ്യനിങ് ഒന്നാന്തരം. ഇന്റീരിയർ സ്‌പേസും മോശമല്ല. റോട്ടറി സ്വിച്ച് തിരിച്ച് അടയ്ക്കാവുന്ന എസി വെന്റുകൾ ഭംഗിയായിട്ടുണ്ട്. 8.3 ഇഞ്ചിന്റെ മൾട്ടി മീഡിയ സ്‌ക്രീൻ ഡാഷ് ബോർഡിൽ ഉയർന്നു നിൽക്കുന്നു. ഇത് ടച്ച് സ്‌ക്രീനല്ല. റോട്ടറി സ്വിച്ചിലാണ് ഇത് നിയന്ത്രിക്കേണ്ടത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, നാവിഗേഷൻ, 10 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവ ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. കപ്പ് ഹോൾഡറുകൾ, ചാർജിങ് പോയിന്റുകൾ, വയർലെസ് ഫോൺ ചാർജിങ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയൊക്കെകൊണ്ട് സമ്പന്നമാണ് ക്യു2.
വലിയ മീറ്റർ കൺസോളിൽ ധാരാളം വെഹിക്കിൾ ഇൻഫർമേഷനുകളുണ്ട്. ബ്ലാക്ക് ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ് വീൽ സുന്ദരമാണ്. ക്രൂയിസ് കൺട്രോളും മ്യൂസിക് സിസ്റ്റത്തിന്റെ സ്വിച്ചുകളും ഇതിൽ കാണാം.
പിൻഭാഗത്ത് ആംറെസ്റ്റും കപ്‌ഹോൾഡറുകളുമുണ്ട്. ഉയർന്ന സെൻട്രൽ ടണലുമുണ്ട്. അതുകൊണ്ട് രണ്ടു പേർക്കാണ് പിൻഭാഗത്ത് സുഖമായി ഇരിക്കാവുന്നത്.

എഞ്ചിൻ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ പെടുന്ന ടിഗ്വാൻ ഓൾസ്‌പേസിലും ഒക്‌ടെവിയ ആർഎസിലുമൊക്കെ കാണുന്ന 2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ക്യു2വിലുള്ളത്. 8 സെക്കന്റ് കൊണ്ട് നൂറു കിലോമീറ്റർ വേഗതയെടുക്കുന്ന 190 ബിഎച്ച്പി എഞ്ചിനാണിത്. 320 ന്യൂട്ടൺ മീറ്ററാണ് മാക്‌സിമം ടോർക്ക്. 1.5 ടൺ മാത്രമുള്ള ഭാരവും 4വിൽ ഡ്രൈവും കൂടി ഈ കുഞ്ഞ് വാഹനത്തിൽ ഒത്തുചേരുമ്പോൾ വളരെ സ്‌പോർട്ടിയായ ഡ്രൈവാണ് ലഭിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിനെ കുറിച്ച് പരാതിയൊന്നും പറയാനുമില്ല! പാഡ്ൽ ഷിഫേഴ്‌സ് ഉള്ളതു കൊണ്ട് ഹരം പിടിച്ച് ഡ്രൈവ് ചെയ്യാം. എഫിഷ്യൻസി, കംഫർട്ട്, ഓട്ടോ, ഡൈനാമിക്, ഇൻഡിവിജ്വൽ എന്നിങ്ങനെ പല ഡ്രൈവ് മോഡുകളുമുണ്ട്. ഒന്നാന്തരം ലോങ്ട്രാവൽ സസ്‌പെൻഷൻ ഹമ്പുകളെയും കുഴികളെയും നിഷ്പ്രഭമാക്കുന്നു. സ്റ്റിയറിങ്ങിന്റെ കൃത്യതയും എടുത്തു പറയാം.

വിധിന്യായം

35 മുതൽ 45 ലക്ഷം രൂപ വരെയാണ് ക്യു2 വിന്റെ വേരിയന്റുകളുടെ വില. പ്രധാന എതിരാളികളായ ബിഎംഡബ്ല്യു എക്‌സ് 1, ബെൻസ് ജിഎൽഎ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വില കൂടുതലാണ്. ഇറക്കുമതി ചെയ്തു വരുന്ന, തനി ജർമ്മൻ വാഹനമായതു കൊണ്ടാണ് ഈ വിലക്കയറ്റം. പക്ഷേ, നൂറുശതമാനം ജർമ്മനാണ് എന്നതു തന്നെയാണ് ഈ വാഹനത്തിന്റെ മേന്മയും.$

Leave a Reply

Your email address will not be published. Required fields are marked *

shares