ഇന്ധനം വെള്ളം, അലുമിനിയവും ഗ്രാഫൈനും താരങ്ങൾ, ഭാവിയിലെ കാർ ചലിക്കുന്നത് ഇങ്ങനെ!
February 26, 2021
Test drive: Renault Kiger
March 2, 2021

Test drive: Citroen C5 Aircross

പിഎസ്എ ഗ്രൂപ്പിന്റെ രണ്ടാംവരവിൽ ഇന്ത്യക്കാർക്കായി നൽകുന്ന ആദ്യവാഹനമാണ് സിട്രോൺ സി 5 എയർക്രോസ്. ടെസ്റ്റ് ഡ്രൈവ്…

എഴുത്ത്: ബൈജു എൻ നായർ, ഫോട്ടോ: അഖിൽ അപ്പു

ഇന്ത്യയിൽ നിന്ന് 1997ൽ പടിയിറങ്ങിപ്പോയ കമ്പനിയാണ് പ്യൂഷോ. നാലുവർഷമേ പ്യൂഷോ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു. 309 എന്ന ഒരേയൊരു മോഡലാണ് ഫ്രഞ്ച് കമ്പനിയായ പ്യൂഷേ ഇന്ത്യയിൽ വിറ്റഴിച്ചത്. പിന്നെ, വർദ്ധിച്ചുവരുന്ന മത്സരത്തിനൊന്നും നിന്നു കൊടുക്കാതെ പ്യൂഷോ ഇന്ത്യവിടുകയായിരുന്നു. 2021ൽ പ്യൂഷോ തിരിച്ച് ഇന്ത്യയിലെത്തിയിരിക്കുകയാണ്. എന്നാൽ സിട്രോൺ എന്ന ബ്രാന്റാണ് പ്യൂഷോ സിട്രോൺ സഖ്യകമ്പനിയായ പിഎസ്എ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. സിട്രോൺ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അംബാസഡറിന്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റ് വാങ്ങിച്ചിട്ടുണ്ട്, പിഎസ്എ. കൂടാതെ, അംബാസഡർ എന്ന പേരും പിഎസ്എ സ്വന്തമാക്കിയിട്ടുണ്ട്. അതായത്, അംബാസഡർ എന്ന പേരിൽ വാഹനങ്ങൾ നിർമ്മിക്കാൻ ഇനി പിഎസ്എയ്ക്ക് കഴിയും. എന്നാൽ അംബിയെ തിരികെ കൊണ്ടുവരാനൊ ന്നും ഉദ്ദേശമില്ല, പേര് വാങ്ങി വെച്ചെന്നേയുള്ളു എന്നാണ് സിട്രോണിന്റെ മേധാവി ഒരിക്കൽ സംഭാഷണമധ്യേ പറഞ്ഞത്.

സി5 എയർക്രോസ്

പിഎസ്എ ഗ്രൂപ്പിന്റെ രണ്ടാംവരവിൽ ഇന്ത്യക്കാർക്കായി നൽകുന്ന ആദ്യവാഹനമാണ് സി 5 എയർക്രോസ്. ഒരു പ്രീമിയം എസ്‌യുവിയാണിത്. പ്രധാനമായും മത്സരിക്കുന്നത് ഹ്യുണ്ടായ് ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയോടായിരിക്കും.

കാഴ്ച

എയർക്രോസ് കാണുമ്പോൾ എസ്‌യുവി ആണോ അത് ക്രോസ് ഓവർ ആണോ എന്നു സംശയം തോന്നിയേക്കാം. അതുപോലെ, സ്ഥിരം കണ്ടുവരുന്ന രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനുമാണ് എയർക്രോസ്. മുൻഭാഗത്ത് സിട്രോണിന്റെ ലോഗോ തന്നെയാണ് മേൽഭാഗത്തെ ഗ്രില്ലായി പരിണമിച്ചിരിക്കുന്നത്. അതിന്റെ ഇരുവശത്തും ഡേടൈം റണ്ണിങ് ലാമ്പുകൾ കാണാം. താഴെ കറുത്ത ക്ലാഡിങ് പോലെ മറ്റൊരു ഗ്രിൽ. ‘സ്മാർട്ട്‌ഡ്രൈവ്’ ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് രണ്ടാമത്തെ വേരിയന്റാണ്, ടോപ് എൻഡല്ല. ഇതിൽ ഹാലജൻ ഹെഡ്‌ലാമ്പാണ്; ടോപ് എൻഡിൽ എൽഇഡിയും.
താഴെ എയർഡാമുണ്ട്. അതിന്റെ രണ്ടുവശത്തും രണ്ട് ‘വ്യാജ എയർഇൻടേക്കുക’ളുണ്ട്. അതുപോലെ, ചുറ്റും താഴെയായി എൽഇഡി ഫോഗ്‌ലാമ്പുകളും കാണാം.
വശക്കാഴ്ചയിൽ 18 ഇഞ്ച് അലോയ്‌വീലുകളുടെ ‘എയർക്രാഫ്റ്റ് ബ്ലേഡ്’ രൂപത്തിലുള്ള ഡിസൈൻ ശ്രദ്ധയിൽപെടും. ഇവിടെയും താഴെ, കറുത്ത ക്ലാഡിങ്ങിൽ വ്യാജ എയർ ഇൻടേക്കുകളുണ്ട്. സ്റ്റീൽ ഫിനിഷുള്ള വിൻഡോലൈനുകൾ, ബ്ലാക്ക് ഫിനിഷുള്ള ടോപ്പും ‘സി’പില്ലറും അതൊക്കെ ഡിസൈൻ കൂടുതൽ രസകരമാക്കുന്നുണ്ട്. പിൻഭാഗത്തിന്റെ ഡിസൈൻ എവിടെയൊക്കെയോ മിനി കൂപ്പറിനെ ഓർമ്മിപ്പിക്കുന്നുണ്ട്. പിന്നിലുമുണ്ട് വ്യാജ എയർ ഇൻടേക്കുകൾ. കൂടാതെ നാല് എലമെന്റുള്ള ത്രീഡി എൽഇഡി ടെയ്ൽലാമ്പും കൊള്ളാം. 580 ലിറ്റർ ബൂട്ട്‌സ്‌പേസുമുണ്ട്.

ഉള്ളിൽ

സ്ഥലസൗകര്യം ഇഷ്ടംപോലെയുണ്ട് ഉൾഭാഗത്ത്. ബ്ലാക്ക്, ആഷ് നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റ്‌ലെതറിൽ പൊതിഞ്ഞ ഡാഷ്‌ബോർഡ് കൊള്ളാം. അതുപോലെ നാല് എസി വെന്റുകൾ എട്ടായി മുറിച്ചതുപോലെയുള്ള ഡിസൈനും നന്നായിച്ചിട്ടുണ്ട്. 8 ഇഞ്ച് ടച്ച് സ്‌ക്രീനിൽ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, ഫോൺ മിറർ ലിങ്ക് എന്നിവയും ഒന്നാന്തരം മ്യൂസിക് സിസ്റ്റവുമുണ്ട്. അതിനുതാ ഴെ ടൂ സോൺ ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളാണ്. ഉള്ളിൽ 33 ലിറ്റർ സ്റ്റോറേജ് സ്‌പേസുണ്ട്. അത് കപ്പ്‌ഹോൾഡറുകളായും കൺസോളിലെ സ്‌പേസായും കണ്ടെത്താം. സീറ്റുകൾ വലുതും മികച്ച കുഷ്യനിങ് ഉള്ളതുമാണ്.

സെന്റർ കൺസോളിൽ ഡ്രൈവ് മോഡുകളുടെയും ട്രാക്ഷൻ കൺട്രോൾ മോഡുകളുടെയും സ്വിച്ചുകളുമുണ്ട്. 13 ഇഞ്ചിന്റെ വലിയ ഡിജിറ്റൽ സ്‌ക്രീനാണ് മീറ്റർ കൺസോളിന്റെ ഭാഗത്ത്. ധാരാളം ഇൻഫർമേഷനുകൾ ഈ സ്‌ക്രീനിൽ കാണാം. സ്റ്റിയറിങ് വീലിൽ കൺട്രോളുകളുണ്ട്. മനോഹര മായ ഗിയർലിവറും എയർക്രോസിനുണ്ട്. പിൻഭാഗത്ത് മൂന്നുപേർക്ക് സുഖമായിരിക്കാം. മുൻഭാഗത്തുള്ള സീറ്റിന്റെ മൂന്നുഭാഗങ്ങളും ഓരോന്നായി ചെരിക്കാം, നിരക്കാം. കുഷ്യനുകളും കൊള്ളാം. ഫ്‌ളാറ്റ് ഫ്‌ളോറായതുകൊണ്ട് മൂന്നു പേർക്ക് പിന്നിൽ ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്. പിന്നിലേക്കും എസി വെന്റുകളുണ്ട്. ഉയർത്തിവെക്കാവുന്ന ഹെഡ്‌റെസ്റ്റുകളുമുണ്ട്.

എഞ്ചിൻ

2 ലിറ്റർ, 177 ബിഎച്ച്പി ഡീസൽ എഞ്ചിനിൽ മാത്രമേ എയർക്രോസ് ഇന്ത്യയിൽ ലഭ്യമാകൂ. 400 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 9.6 സെക്കന്റുമതി. 8 സ്പീഡ് ഗിയർബോക്‌സാണ് എയർക്രോസിന്.
1500 ആർപിഎം മുതൽ 4000 ആർപിഎം വരെ തകർപ്പൻ പെർഫോമൻസ് നൽകുന്ന, വളരെ സ്മൂത്തും റിഫൈൻഡുമായ ഡീസൽ എഞ്ചിനാണ് സിട്രോണിന്റേത്. ഗിയർഷിഫ്റ്റുകൾ അറിയുന്നതേയില്ല. പാഡ്ൽ ഷിഫ്‌റ്റേഴ്‌സ് ഉപയോഗിച്ച് കൂടുതൽ ഹരത്തോടെയും ഡ്രൈവ് ചെയ്യാം. സ്‌പോർട്ട് മോഡും ഡ്രൈവിങ് ഹരം കൂട്ടാൻ ഉപയോഗിക്കാം. എൻവിഎച്ച് ലെവലുകൾ ഒന്നാന്തരമാക്കിയതിനാൽ ശബ്ദമൊന്നും ഉള്ളിലേക്ക് കടക്കുന്നതേയില്ല.

സസ്‌പെൻഷനാണ് എയർക്രോസിലെ താരം. ‘പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻസ്’ എന്ന് സിട്രോൺ വിളിക്കുന്ന ഡാമ്പറുകളാണ് സസ്‌പെൻഷൻ മികവിനു കാരണം. ‘ഫ്‌ളൈയിങ് കാർപറ്റ്’ ഇഫക്ടാണ് എയർക്രോസിന് എന്ന് സിട്രോൺ പറയുന്നതും നമ്മൾ കൈയ്യടിച്ച് അംഗീകരിച്ചു പോകും. ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ടെറെയ്ൻ കൺട്രോൾ മോഡുകൾ, ഹിൽ ഡിസന്റ് പാർക്ക് അസിസ്റ്റ്, റിയർ ക്യാമറ, 360 ഡിഗ്രി ക്യാമറ എന്നിവ സുരക്ഷാ സന്നാഹങ്ങളിൽ പെടുന്നു.

വിധിന്യായം

വരവ് ഗംഭീരമായി. തകർപ്പൻ മോഡലാണ് സിട്രോൺ ആദ്യമായി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വില 30 ലക്ഷമെങ്കിലും വന്നേക്കും, പക്ഷേ അതിനുള്ള ‘മുതലുണ്ട് ‘ എന്ന് ആരും സമ്മതിച്ചു പോകും. ഇനി 10 ലക്ഷം രൂപയുടെ ചെറിയ എസ്‌യുവിയടക്കം പലതും സിട്രോണിൽ നിന്നു വരാനുണ്ട്. എന്തായാലും ഫ്രഞ്ച് കമ്പനിയായ റെനോയ്ക്കു ശേഷം സിട്രോണും ഇന്ത്യയിൽ ചുവടുറപ്പിക്കുമെന്നു തീർച്ചയാണ്. $

Leave a Reply

Your email address will not be published. Required fields are marked *

shares