സ്‌കോഡ കുഷാഖ് സുനീഷിന്റേയും നയനയുടേയും ജീവിതത്തിലെത്തിയ കഥ…
September 9, 2021
Test drive: Tata Tigor EV
September 10, 2021

Test drive: Jaguar I-Pace

Jaguar I-Pace

ജാഗ്വറിന്റെ ആദ്യത്തെ ഓൾ ഇലക്ട്രിക് മോഡലാണ് ഐ പേസ്. ടെസ്‌ലയുടെ എല്ലാ ഗുണങ്ങളും ഇതിലുണ്ട്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ഇലക്ട്രിക് കാറുകളുടെ ഭാഗധേയം നിർണ്ണയിച്ചത് ടെസ്‌ലയാണ്. സ്‌പോർട്ടിയായ രൂപവും 500 കി.മീറ്ററിലേറെയുള്ള റേഞ്ചും അഞ്ചുമിനിറ്റിൽ താഴെ 0-100 കി.മീ. വേഗതയെടുക്കാനുള്ള സമയവുമെല്ലാം ചേർന്ന് ടെസ്‌ല ചരിത്രം മാറ്റി മറിച്ചു. അതോടെ ഇലക്ട്രിക് കാർ രംഗത്ത് കൂടുതൽ പേർ പരീക്ഷണങ്ങളുമായി മുന്നോട്ടു വന്നു. ചില കമ്പനികൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ തങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ മാത്രമായിരിക്കും നിർമ്മിക്കുക എന്നു പ്രഖ്യാപിച്ചു. അങ്ങനെ പ്രഖ്യാപിച്ച കമ്പനിയാണ് ജാഗ്വർ. 2025 ഓടെ പെട്രോൾ-ഡീസൽ കാർ നിർമ്മാണം നിർത്തുമെന്നും ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നുമാണ് ജാഗ്വർ പ്രഖ്യാപിച്ചത്. അതിന്റെ തുടക്കമെന്നോണം ജാഗ്വർ നിർമ്മിച്ച ആദ്യത്തെ ‘ഓൾ ഇലക്ട്രിക്’ മോഡലാണ് ഐ പേസ്. ടെസ്‌ലയുടെ മോഡലുകളുടെ മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ഐ പേസ് ടെസ്‌ലെയെക്കാൾ വില കൂടുതലാണ് എന്നൊരു കുഴപ്പം മാത്രമേയുള്ളു.

കാഴ്ച

ആരും നോക്കി നിന്നു പോകുന്ന രൂപം. എസ്‌യുവിയാണെങ്കിലും എവിടെയൊക്കെയോ സ്‌പോർട്‌സ് കാറിന്റെ രൂപഭാവങ്ങളും മിന്നിമറയുന്നുണ്ട്. മുൻഭാഗം തനി ജാഗ്വർ തന്നെ. ഗ്രില്ലിന്റെ ഡിസൈനാണ് അത് വിളിച്ചു പറയുന്നത്. ക്രോമിയം എലമെന്റ്‌സ് നിറഞ്ഞ ഗ്രിൽ മുൻഭാഗം അപഹരിക്കുന്നു. ‘റെയ്‌സ്ഡ് ഐബ്രോ’ ഡിസൈനാണ് ഹെഡ്‌ലാമ്പിന്. ചെരിഞ്ഞിറങ്ങുന്ന ബോണറ്റിലും ബമ്പറിന്റെ മേലെയുമെല്ലാം എയർസ്ട്രപ്പുകളുണ്ട്. അതുമൂലം 0.29 എന്ന കുറഞ്ഞ ഡ്രാഗ് കോ-എഫിഷ്യന്റാണ് ഐ പേസിന്. അത്രയധികം എയ്‌റോഡൈനാമിക്കാണ് വാഹനത്തിന്റെ ഡിസൈൻ എന്നർത്ഥം. 2139 മി.മീ. വീതിയും 2950 മി.മീ. വീൽബേസും 5 മീറ്ററോളം വീതിയുമുണ്ട് ഐ പേസിന്. ഒരു വമ്പൻ എസ്‌യുവിയാണിത് എന്നർത്ഥം. 19 ഇഞ്ചാണ് വീലുകൾ. 230 മി.മീ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ചെരിഞ്ഞിറങ്ങുകയാണ് റൂഫ്‌ലൈൻ. ഡോർഹാൻഡിൽ സ്‌ക്രൂകൾ വാഹനം അൺലോക്ക് ചെയ്യുമ്പോൾ മാത്രം പുറത്തേക്ക് തള്ളിവരുന്നു.
പിൻഭാഗത്തിനാണ് പോസ്റ്റ് മോഡേൺ ഡിസൈനുള്ളത്. ചെരിഞ്ഞ വിൻഡോ ലൈനും ഉയർന്ന ബൂട്ടും കാരണം പിൻഭാഗത്തേക്ക് ഡ്രൈവർക്ക് വിസിബിലിറ്റി കുറവാണ്. അതിനാൽ ഷാർക്ക് ഫിൻ ആന്റിനയിലും ഒരു റിയർ വ്യൂ ക്യാമറ കൊടുത്തിട്ടുണ്ട്.
വശങ്ങളിൽ നിന്നും നീളുന്ന എൽഇഡി ടെയ്ൽലാമ്പും റിയർസ്‌പോയ്‌ലറുമെല്ലാം ചേർന്ന് പിൻഭാഗത്തിന്റെ രൂപകൽപന രസകരമാക്കുന്നു. 650 ലിറ്റർ ബൂട്ട്‌സ്‌പേസുണ്ട്.

ഉള്ളിൽ

വില പിടിച്ച ലെതറിന്റെയും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും ലോകമാണ് ഐ പേസിന്റെ ഉൾഭാഗം. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനും 5.5 ഇഞ്ചിന്റെ ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീനുമാണ് ഡാഷ്‌ബോർഡിൽ പ്രധാനമായും കാണാനുള്ളത്. ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകൾ മാത്രമാണ് ഫിസിക്കൽ സ്വിച്ചുകളായിട്ടുള്ളത്. ബാക്കിയെല്ലാം സ്‌ക്രീനിൽ ഒരുക്കിയിരിക്കുന്നു. ജാഗ്വറിന്റെ ടച്ച് പ്രോ ഡ്യൂവോ സിസ്റ്റമാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

ഏറ്റവും രസകരം സൺറൂഫാണ്. പനോരമിക് സൺറൂഫാണിത്. തുറക്കാൻ കഴിയില്ല. എന്നാൽ അടച്ചുവെക്കാൻ ബ്ലൈൻഡുമില്ല. എപ്പോഴും തുറന്നിരിക്കുമെങ്കിലും ഇത് ചൂട് ഉള്ളിലേക്ക് കടത്തിവിടില്ല എന്നത് അത്ഭുതകരമായി തോന്നി. ഇൻഫ്രാറെഡ് രശ്മികളെ തടുക്കുന്ന പ്രത്യേക നിർമ്മിതിയാണിത്.

സ്റ്റിയറിങ് വീലിൽ കൺട്രോളുകളുണ്ട്. അതുപോലെ സെന്റർ കൺസോളിൽ മോഡ് സെലക്ടറിന്റേതുൾപ്പെടെയുള്ള സ്വിച്ചുകളും കാണാം. സീറ്റുകൾ അങ്ങേയറ്റം സുഖപ്രദമാണ്, വെന്റിലേറ്റഡുമാണ്. മുൻസീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. മുൻ സീറ്റുകൾക്കു നടുവിൽ 10.5 ലിറ്ററിന്റെ വലിയ സ്റ്റോറേജ് സ്‌പേസുമുണ്ട്. എൽഇഡി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, 2 സോൺ ക്ലൈമറ്റ് കൺട്രോൾ, പവേർഡ് ടെയ്ൽഗേറ്റ്, 360 ഡിഗ്രി ക്യാമറ, കണക്ടഡ് ടെക്, മെറിഡിയൻ സൗണ്ട് സിസ്റ്റം, എന്നിവയെല്ലാം ഈ മോഡലിലുണ്ട്.ൻഭാഗത്തേക്കും എസിയുടെ കൺട്രോളുകളുണ്ട്. മുൻപിലേതു പോലെ തന്നെ സുഖപ്രദമായ സീറ്റുകളും ധാരാളം ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും പിന്നിലിരിക്കുന്നവർക്കും അനുഭവിക്കാം.ഹെഡ് അപ് ഡിസ്‌പ്ലേ, മട്രിക്‌സ് ഹെഡ്‌ലാമ്പുകൾ, 3ഡി സൗണ്ട് സിസ്റ്റം എന്നിങ്ങനെ പല കാര്യങ്ങളും ഓപ്ഷനലായി വാങ്ങി ഫിറ്റു ചെയ്യാനും ജാഗ്വർ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡ്രൈവ്

എഞ്ചിനില്ലാത്തതുകൊണ്ട് ബോണറ്റിനുള്ളിൽ ഒന്നും കാണില്ല. അവിടേയും സ്‌റ്റോറേജ് സ്‌പേസ് കൊടുത്തിട്ടുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഐ പേസിനെ ചലിപ്പിക്കുന്നത്. രണ്ടും ഘടിപ്പിച്ചിരിക്കുന്നത് ആക്‌സലിലാണ്. ബാറ്ററി ‘വിരിച്ചിരി’ക്കുന്നതാകട്ടെ ഫ്‌ളോർ മാറ്റിനടിയിലും. രണ്ടു മോട്ടോറുകളും ചേർന്ന് 400 ബിഎച്ച്പി പവർ തരുന്നു. 640 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 90 കിലോവാട്ട് ലിത്തിയം അയൺ ബാറ്ററി പാക്കാണ് ഇലക്ട്രിസിറ്റി ശേഖരിച്ചിരിക്കുന്നത്. 4.8 സെക്കന്റ് മതി ഐ പേസിന് നൂറു കിലോമീറ്റർ വേഗതയെടുക്കാൻ. എയ്‌റോ ഡൈനാമികതയുടെ ആധിക്യം കാരണമാണ് ഈ കുറഞ്ഞ സമയം. ഇക്കോ, സ്‌പോർട്ട്, ഡൈനാമിക് തുടങ്ങിയ ഡ്രൈവ് മോഡുകളുണ്ടെങ്കിലും ഇക്കോ എന്ന മോഡ് തന്നെ മതി, സ്‌പോർട്ടിയായ ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക്.

ശബ്ദരഹിതമാണല്ലോ ഐ പേസ്. എന്നാൽ കാൽനടയാത്രക്കാർക്ക് വാഹനം വരുന്നുണ്ട് എന്നറിയാൻ ചെറിയൊരു ശബ്ദം കൊടുത്തിട്ടുണ്ട്. അത് ഉളളിൽ ഇരിക്കുന്നവർ അറിയുന്നുമില്ല. അത്രയ്ക്കും ഗംഭീരമാണ് എൻ വി എച്ച് ലൈനുകൾ.ഓൾവീൽ ഡ്രൈവ് വാഹനമാണ് ഐ പേസ്. അതുകൊണ്ട് റോഡ് ഗ്രിപ്പ് അപാരമാണ്. ഹൈവേയിലും വളവുകളിൽ വീശിയാലും ആത്മവിശ്വാസം നഷ്ടപ്പെടില്ല. ട്രാക്ഷൻ കൺട്രോൾ, ഇഎസ്പി എന്നിവയും ഈ റോഡ് ഗ്രിപ്പിന് പിൻബലമേകുന്നു.

ചാർജ്ജിങ്

വീട്ടിലെ 15 ആമ്പിയർ സോക്കറ്റിൽ ചാർജ്ജ് ചെയ്താൽ ഫുൾ ചാർജ്ജാകാൻ 48 മണിക്കൂർ വേണം. എന്നാൽ 50 കിലോവാട്ടിന്റെ ഫാറ്റ് ചാർജ്ജറുണ്ടെങ്കിൽ 1.5 മണിക്കൂർ കൊണ്ട് 80 ശതമാനം ചാർജ്ജാകും.

വിധിന്യായം

5 പേർക്ക് സുഖമായി സഞ്ചാരിക്കാവുന്ന 2.2. ടൺ ഭാരമുള്ള വമ്പൻ എസ്‌യുവിയാണ് ഐ പേസ്. 1.-1.6 കോടി രൂപയാണ് വില. ഇതൊരു ഡേ ടു ഡേ കാർ കൂടിയാണ്. വേണ്ടപ്പോൾ എസ്‌യുവിയായും അല്ലാത്തപ്പോൾ സ്‌പോർട്‌സ് കാറായും രൂപം മാറാൻ കഴിവുള്ള ഒരു ഭയങ്കരൻ!$

Leave a Reply

Your email address will not be published. Required fields are marked *