Test Drive: MG Astor
October 12, 2021
Test Drive: VW Taigun
October 12, 2021

Test Drive: Mahindra XUV 7OO

Mahindra XUV700

എക്‌സ് യു വി 5OO വെട്ടിത്തെളിച്ച പാതയിലൂടെ അദ്ദേഹത്തിന്റെ സഹോദരൻ എത്തിയിരിക്കുന്നു. പല കാര്യങ്ങളിലും 5OO ന്റെ ചേട്ടനാണ് 7OO.

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

അടുത്ത കാലത്ത് ഏറ്റവുമധികം ആകാംക്ഷ സൃഷ്ടിച്ച വാഹനമാണ് എക്സ് യു വി 700. പത്തുവർഷം മുമ്പ് വിപണിയിലെത്തിയ എക്സ് യു വി 500 യുടെ പുതിയ രൂപമാണിതെന്നും അല്ലെന്നും വാദമുണ്ടായി. ഒടുവിൽ, എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് 700 വന്നു. ഇഷ്ടം പോലെ ഫീച്ചേഴ്സും കണക്ടിവിറ്റിയുമെല്ലാം 700 ന്റെ വിശാലമായ ശരീരത്തിൽ ഒരുക്കിയിട്ടുണ്ട്.

എക്സ് യു വി 700

പുത്തൻ പ്ലാറ്റ്ഫോമിൽ ജനിച്ചിരിക്കുന്ന 700യ്ക്ക് വലിപ്പം കൂടുതലാണെങ്കിലും 500 നെക്കാൾ 70 കിഗ്രാം ഭാരം കുറവാണ്. അതുപോലെ ഫോർവീൽ ഡ്രൈവ്, ഇലക്ട്രിക് വാഹനങ്ങളെല്ലാം നിർമ്മിക്കാൻ ഈ പ്ലാറ്റ്ഫോമിൽ, ഭാവിയിൽ സാധിക്കുകയും ചെയ്യും.

കാഴ്ച

എക്സ് യു വി 500 അവിടവിടെയായി ഒളിച്ചു കളിക്കുന്നുണ്ടെങ്കിലും മുൻഭാഗമൊക്കെ വ്യത്യസ്തമാണ്. നാല് വെർട്ടിക്കൽ ലൈനുകളുള്ള ഗ്രില്ലിൽ അലൂമിനിയം – ബ്ലാക്ക് ഫിനിഷുകളുണ്ട്. ഈ ലൈനുകൾ ഹെഡ്ലാമ്പിലേക്ക് കയറി നിൽക്കുന്നു. ഗ്രില്ലിനു നടുവിൽ മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോ. ഇനിമുതൽ മഹീന്ദ്രയുടെ എക്സ് യു വികളുടെ ലോഗോ ഇതായിരിക്കും. കനത്ത എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളാണ് മുൻഭാഗത്തെ പ്രധാന കാഴ്ച. ഹെഡ്ലാമ്പുകളിലെ എലമെന്റുകളും കാണാൻ രസമുണ്ട്. കനത്ത പവർ ബൾജുകളോടുകൂടിയ ബോണറ്റും 700ന് വമ്പനൊരു എസ് യുവിയുടെ രൂപം സമ്മാനിക്കുന്നു.


വശക്കാഴ്ചയിലാണ് 500 നോടുള്ള സാമ്യമുള്ളത്. വാഹനത്തിന്റെ അടുത്തെത്തുമ്പോൾ പുറത്തേക്ക് തള്ളി വരുന്ന ഡോർ ഹാൻഡിലുകൾ ജാഗ്വർ ഐ പേസിനെ ഓർമ്മിപ്പിക്കും. 18 ഇഞ്ച് അലോയ് വീലുകളും കാണാൻ ഭംഗിയുണ്ട്. സൈഡ് പ്രൊഫൈലിൽ കനത്ത ബോഡി ലൈനുകളുണ്ട്. ഇവ കരുത്തുറ്റ രൂപത്തിന് പിൻബലമേകുന്നു.
പിന്നിൽ, വശങ്ങളിലേക്ക് കടന്നു നിൽക്കുന്ന ടെയ്ൽലാമ്പാണ് പ്രധാന താരം. പുറത്തേക്കു തള്ളി നിൽക്കുന്ന ടെയ്ൽ ഗേറ്റിലെ ലൈനുകളിലും അലൂമിനിയം സ്‌കിഡ് പ്ലേറ്റും ഇന്റഗ്രേറ്റഡ് സ്പോയ്ലറും മറ്റു കാഴ്ചകൾ.

ഉള്ളിൽ

മെർസിഡസ് ബെൻസിന്റെ പുതിയ മോഡലുകളെ ഓർമ്മിപ്പിക്കുന്ന നീണ്ട ഡിസ്പ്ലേ സ്‌ക്രീനാണ് ഉള്ളിൽ കയറുന്നവരെ സ്വാഗതം ചെയ്യുന്നത്. 10.25 ഇഞ്ച് വീതിയുള്ള രണ്ട് സ്‌ക്രീനുകൾ. എന്നാൽ എഎംടി മോഡലുകളിൽ ഇവ 8 ഇഞ്ചും 7 ഇഞ്ചുമാണ്. ബീജ് നിറമാണ് ഉള്ളിൽ. ഇടയ്ക്ക് കാണുന്ന വുഡ് ഫിനിഷ് അത്ര നിലവാരമുള്ളതായി തോന്നില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളും മറ്റും 500ൽ നിന്ന് കടം കൊണ്ടതാണ്. അതുപോലെ സീറ്റുകളുടെ ഇലക്ട്രിക് അഡ്ജസ്റ്റുമെന്റുകളുടെ സ്വിച്ചുകളും ബെൻസിന്റേതു പോലെ ഡോർപാഡിൽ കൊടുത്തിരിക്കുന്നു. ധാരാളം സ്റ്റോറേജ് സ്പേസുകളും വയർലെസ് ചാർജ്ജിംഗും പാഡും സൗകര്യപ്രദമാണ്.


മഹീന്ദ്രയുടെ പുതിയ അഡ്രിനോക്സ് ഇൻഫോമാറ്റിക്സ് സിസ്റ്റമാണ് 700ൽ ഉപയോഗിച്ചിരിക്കുന്നത്. ധാരാളം ആപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണിത്. കൂടാതെ സോണിയുടെ 12 സ്പീക്കറുകളും സബ്വൂഫറുമുള്ള മ്യൂസിക് സിസ്റ്റവുമുണ്ട്. അലക്സയും ഇൻഗ്രേറ്റ് ചെയ്തിട്ടുണ്ട്.
സീറ്റുകൾ വലിപ്പമുള്ളവയാണ്. 50 മി.മീ. വീൽബേസ് കൂടിയതിനാൽ 500നെക്കാൾ സ്ഥലസൗകര്യമുണ്ട്. മൂന്നാം നിരയിലേക്ക് കയറാനായി രണ്ടാംനിര സീറ്റ് മടക്കാൻ വളരെ എളുപ്പമാണ്. എന്നാൽ മൂന്നാം നിര സീറ്റിൽ മറ്റു പല എസ് യുവികളിലുമെന്നപോലെ, ലെഗ്സ്പേസ് കുറവാണ്.

എഞ്ചിൻ

പെട്രോൾ ഡീസൽ എഞ്ചിനുകളുണ്ട്. ബേസ് വേരിയന്റ് എക്സ് യു വി 500ലെ 155 ബിഎച്ച്പി എഞ്ചിനാണ്. ഉയർന്ന വേരിയന്റുകളിൽ 2.2 ലിറ്റർ എംഹോക് എഞ്ചിനാണ്. ഇത് 185 ബിഎച്ച്പിയാണ്. പെട്രോൾ എഞ്ചിനാകട്ടെ 2 ലിറ്റർ ടർബോ പെട്രോൾ ആണ്. ഇത് 197 ബിഎച്ച്പിയാണ്. ‘സ്മാർട്ട് ഡ്രൈവ്’ ടെസ്റ്റ് ഡ്രൈവ് ചെയ്തതും ഈ എഞ്ചിനുള്ള മോഡൽ തന്നെ.
പെട്രോൾ-ഡീസൽ എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽസ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. 1400 ആർപിഎം വരെ ചെറിയൊരു ലാഗുണ്ട്. പിന്നെ, 600 ആർപിഎം വരെ പവർ ഡെലിവറി അസാമാന്യമാണ്. 9 സെക്കന്റു കൊണ്ട് പെട്രോൾ ഓട്ടോമാറ്റിക് നൂറുകിലോമീറ്റർ വേഗതയെടുക്കും. 2 ടണ്ണിലേറെ ഭാരമുള്ള വാഹനത്തെ എത്ര അനായാസമായാണ് എഞ്ചിൻ വലിച്ചുകൊണ്ടു പായുന്നതെന്ന് അത്ഭുതം തോന്നും. ഡീസൽ എഞ്ചിന് 100 കി.മീ വേഗതയെടുക്കാൻ വേണ്ടത് 10.34 സെക്കന്റാണ്.


മുന്നു-പിൻ ഇൻസിഡന്റ് സസ്പെൻഷുകൾക്ക് ഫ്രീക്വൻസി സെലക്ടീവ് ബമ്പറുകൾ ഉള്ളതുകൊണ്ട് മികച്ച റൈഡ് ലഭിക്കുന്നുണ്ട്. ഓരോ വീലിന്റെയും ചലനത്തിനനുസരിച്ച് പെരുമാറാൻ പിൻലിങ്കേജിൽ അഡീഷണൽകൺട്രോൾ ബ്ലേഡ് ലിങ്കും കൊടുത്തിട്ടുണ്ട്.
അഡാസ് 2 ലെവലാണ് 700ൽ. അതായത് ഓട്ടോണമസ് ഡ്രൈവിങിന്റെ രണ്ടാം ലെവലിലാണ് ഈ വാഹനം. ഫോർവേഡ് കൊളീഷൻ വാണിങ്, ഓട്ടോണസ് എമർജൻസി ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് എന്നിവയെല്ലാം ചേർന്ന് ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നു. കൂടാതെ 7 എയർബാഗുകൾ, എബിഎസ്, ഇബിഡി, എന്നിവയും സുരക്ഷാ ഡിപ്പാർട്ടുമെന്റിൽ പെടുന്നു.

വിധിന്യായം

12.49 ലക്ഷം മുതൽ 17.99 ലക്ഷം വരെയാണ് 700ന്റെ വില. അക്കാര്യത്തിൽ മഹീന്ദ്ര എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇനി മത്സരം തുടങ്ങേണ്ട കാര്യമേയുള്ളു. ടാറ്റ സഫാരി, ഹ്യുണ്ടായ്, അൽകാസർ, എംജി ഹെക്ടർ പ്ലസ് എന്നിവരെല്ലാം നന്നായി ഒരുങ്ങിക്കൊള്ളും.

$

Leave a Reply

Your email address will not be published. Required fields are marked *