Test Drive: Tata Punch
October 12, 2021
Test Drive: Mahindra XUV 7OO
October 12, 2021

Test Drive: MG Astor

MG Astor

നിരവധി ഫീച്ചറുകളുമായി എത്തിയ എം ജി യിൽ നിന്നുള്ള കോംപാക്ട് എസ്‌യുവിയാണ് ആസ്റ്റർ. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും സ്‌കോഡ കുഷാഖും ഫോക്സ്വാഗൺ ടൈഗൂണും തിമിർത്താടിക്കൊണ്ടിരിക്കുന്ന മിഡ്സൈസ് എസ്യുവി സെഗ്മെന്റിലേക്ക് എംജി മോട്ടോറിന്റെ ഒരു തകർപ്പൻ മോഡൽ കൂടി എത്തുന്നു – ആസ്റ്റർ. ഹെക്ടറും ഗ്ലോസ്റ്ററും ഇസഡ്എസ് ഇവിയും നൽകിയ ആത്മവിശ്വാസമാണ് എംജിക്ക് കൈമുതലായുള്ളത്. എന്നാൽ ആത്മവിശ്വാസം കൊണ്ടുമാത്രം വിൽപന നടക്കില്ലല്ലോ. അതുകൊണ്ട് നിറയെ കണക്ടിവിറ്റി സേഫ്റ്റി ഫീച്ചേഴ്സുമായാണ് ആസ്റ്റർ വന്നിരിക്കുന്നത്.

ആസ്റ്റർ

ആസ്റ്റർ എന്ന പേരിനു പിന്നിൽ കാണുന്ന വാഹനം ഇസഡ് ഇവിയുടെ 2021 മോഡലാണ്. ഈ മോഡൽ ഇന്ത്യയിൽ എത്തിയിട്ടില്ല. ഇവിടെ ഇപ്പോഴും പഴയ മോഡൽ തന്നെയാണ് വിറ്റുവരുന്നത്. ആസ്റ്ററിന്റെ ബേസിക് രൂപം വിദേശത്തുള്ള 2021 മോഡൽ ഇസഡ് എസ്ഇവിയുടേതാണ് എന്നാണ് പറഞ്ഞു വരുന്നത്.

കാഴ്ച

ഇപ്പോൾ ഇന്ത്യയിലുള്ള ഇസഡ് എസ് ഇവിയുടെ രൂപവുമായി നല്ല സാദൃശ്യമുണ്ട് ആസ്റ്ററിന്. എന്നാൽ അതീവ സുന്ദരമായ ‘സെലസ്റ്റിയൽ’ ഗ്രിൽ ആണ് വ്യത്യാസം വിളിച്ചു പറയുന്നത്. ഡയമണ്ട് കട്ട് സ്റ്റീൽ എലമെന്റോടുകൂടിയ ഗ്രിൽ ആരെയും ആകർഷിക്കും. എൽഇഡി ഹെഡ്ലാമ്പ് ഭംഗിയായി ബോണറ്റിനോട് ചേർന്നു നിൽക്കുന്നു. അതിനുമേലെ പുരികം പോലെ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്. ഫോഗ് ലാമ്പ് ക്ലസ്റ്ററിന് പിയാനോ ബ്ലാക്ക് ഫിനിഷുണ്ട്. ബോണറ്റിൽ വലിയ പവർലൈനുകൾ.
വശക്കാഴ്ചയിൽ സുന്ദരമായ 17 ഇഞ്ച് അലോയ് വീലുകൾ കാണാം. മുന്നിലെയും പിന്നിലെയും ഡിസ്‌ക്ക് ബ്രേക്ക് കാലിപ്പറുകൾക്ക് ചുവപ്പു നിറവും നൽകിയിട്ടുണ്ട്. റൂഫ്റെയ്ൽ, താഴെ കനത്ത ക്ലാഡിങ്, ബ്ലാക്ക് നിറമുള്ള സൈഡ് വ്യൂ മിററുകൾ എന്നിവയും വശക്കാഴ്ചയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
പിൻഭാഗം സുന്ദരമാണ്. നീണ്ട എൽഇഡി ടെയ്ൽലാമ്പും ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പും കറുത്ത ബമ്പറും ചേർന്ന് പിൻഭാഗത്തിന്റെ ഡിസൈൻ പുർണ്ണമാക്കുന്നു. 330 ലിറ്റർ ബൂട്ട്സ്പേസും മോശമല്ല. ഇപ്പോഴത്തെ ഇസഡ് എസ് ഇവിയെ ഒന്ന് പരിഷ്‌കരിച്ച് സുന്ദരമാക്കിയ രൂപമാണ് മൊത്തത്തിൽ ആസ്റ്ററിനുള്ളതെന്നു പറായം.

ഉള്ളിൽ

ഉൾഭാഗം അതീവസുന്ദരമാണ്. നമ്മുടെ ടെസ്റ്റ്ഡ്രൈവ് വാഹനത്തിൽ ഡ്യൂവൽടോൺ സൺഗ്രിയ റെഡ് ആണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഐവറി, ഫുൾബ്ലാക്ക് നിറങ്ങളും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ബ്രഷ്ഡ് അലൂമിനിയവും പിയാനോ ബ്ലാക്കും ആവശ്യാനുസരണം ഉപയോഗിച്ചിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീനും ഡാഷ്ബോർഡിനു മേലെ കാണുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ, തലമാത്രമുള്ള റോബോട്ടും ഉൾഭാഗത്തിന് മാറ്റു കൂട്ടുന്നു. മീറ്റർ കൺസോൾ 7 ഇഞ്ചാണ്. ഫുള്ളി ഡിജിറ്റൽ. 6 വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നിരവധി ചാർജ്ജിംഗ് പോർട്ടുകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയൊക്കെ ആസ്റ്ററിനെ യൂസർഫ്രണ്ട്ലിയാക്കുന്നു.

അഡാസ്2 അഥവാ ഓട്ടോണമസ് ഡ്രൈവിങ് സിസ്റ്റമാണ് ആസ്റ്ററിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഇതിന്റെ ഭാഗമാണ്. ഇതിന്റെ ഇന്റലിജന്റ് മോഡ് ആക്ടിവേറ്റ് ചെയ്യാൻ നഗരത്തിരക്കിൽ ആക്സിലേറ്ററോ ബ്രേക്കോ ഉപയോഗിക്കേണ്ടതില്ല. മുന്നിൽ പോകുന്ന വാഹനത്തിന്റെ ചലനങ്ങൾ നിരീക്ഷിച്ച് ആസ്റ്റർ സ്വയം ഓടിക്കൊള്ളും. അതുപോലെ റോഡിൽ സ്പീഡ് ലിമിറ്റ് എഴുതി വെച്ചിരിക്കുന്നത് ‘സെൻസ്’ ചെയ്ത് വേഗം കുറയ്ക്കാനും ആസ്റ്ററിന് കഴിവുണ്ട്. ‘ഹലോ ആസ്റ്റർ’ എന്ന് വിളിച്ചാൽ വിളിക്കുന്നിടത്തേക്ക് മുഖം തിരിക്കുന്ന റോബോട്ട് പലർക്കും അനുഭവ മായിരിക്കും. ഈ റോബോട്ട് നമ്മുടെ വോയ്സ് കമാൻഡ് മനസ്സിലാക്കി സൺറൂഫ് തുറക്കുന്നതു പോലുള്ള കാര്യങ്ങൾ ചെയ്തുതരും.
പിൻസീറ്റിലും ധാരാളം സ്ഥലസൗകര്യമുണ്ട്. മൂന്നു പേർക്ക് സുഖമായി ഇരിക്കാം. ആംറെസ്റ്റും കപ്പ്ഹോൾഡറുകളും കൊടുത്തിട്ടുണ്ട്.

എഞ്ചിൻ

രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ഗിയർബോക്സ് ഓപ്ഷനുകളുമാണ് എംജി ആസ്റ്ററിന് ഇന്ത്യയിലുള്ളത്. 1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എഞ്ചിനുകൾ. ഡൽഹിയിലെ എഫ് വൺ ട്രാക്കിൽ ‘സ്മാർട്ട്ഡ്രൈവ്’ ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത്, 1.4 ലിറ്റർ പെട്രോൾ എഞ്ചിനും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കോടുകൂടിയ മോഡലാണ്. ഇത് 138 ബിഎച്ച്പിയാണ്. 1.5 ലിറ്റർ എഞ്ചിനാകട്ടെ 108 ബിഎച്ച്പിയും.
ഈ 1.4 ലിറ്റർ എഞ്ചിൻ വളരെ റിഫൈൻഡാണ്.
11 സെക്കന്റു കൊണ്ടാണ് ഓട്ടോമാറ്റിക് മോഡൽ 100 കി.മീ. വേഗതയെടുക്കുന്നത്. (1.5 ലിറ്റർ മോഡലിൽ 5 സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കുമാണ് ട്രാൻസ്മിഷനുകൾ) സ്റ്റിയറിങ് വീൽ മോഡുകൾ പോലും ആസ്റ്ററി
നുണ്ട്. ഓരോ ടെറയ്നും അനുസരിച്ച് മോഡുകൾ തെരഞ്ഞെടുക്കാം. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുള്ളതുകൊണ്ട് ബ്രേക്കിങും ഒന്നാന്തരമാണ്.
6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽഡിസന്റ് കൺട്രോൾ, എന്നിവയൊക്കെ സുരക്ഷാ ഡിപ്പാർട്ടുമെന്റിൽ പെടുന്നു.

വിധിന്യായം

ഇന്ത്യയിലെ വാഹനങ്ങളിൽ കണക്ടിവിറ്റി വ്യാപകമായത് എംജി ആസ്റ്ററിന്റെ വരവോടെയാണ്. ഓട്ടോണമസ് ഡ്രൈവിങിന്റെ ഫീച്ചേഴ്സും വർദ്ധിക്കും. കാരണം, അതിന് തുടക്കമിട്ടുകൊണ്ടാണ് ആസ്റ്റർ വന്നിരിക്കുന്നത്. എന്നാൽ കണക്ടിവിറ്റിയും അഡാസ് ഫീച്ചേഴ്സും മാത്രമല്ല, ഒരു കോംപാക്ട് എസ്യുവി എന്ന നിലയിൽ ആസ്റ്ററിന് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. അതുകൊണ്ട് ഈ സെഗ്മെന്റിൽ ആസ്റ്റർ വെന്നിക്കൊടി പാറിക്കും എന്ന കാര്യത്തിൽ സംശയമില്ല.$

Leave a Reply

Your email address will not be published. Required fields are marked *