Test drive: Citroen C5 Aircross
March 2, 2021
Test drive: Tata Safari
March 2, 2021

Test drive: Renault Kiger

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കുള്ള റെനോയുടെ കടന്നുവരവാണ് കൈഗർ. ടെസ്റ്റ് ഡ്രൈവ്…

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ഫ്രഞ്ച് കമ്പനിയായ റെനോയെ പല വാഹന നിർമ്മാതാക്കളും കണ്ടുപഠിക്കണം. ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത കമ്പനിയാണെങ്കിലും എത്ര പെട്ടെന്നാണ് റെനോ ഇന്ത്യയുടെ ഹൃദയം കവർന്നത്! ഇന്ത്യക്കാർക്ക് വേണ്ടതെന്താണെന്നു മനസ്സിലാക്കി, ഇന്ത്യയുടെ മനസ്സിനോട് ഇണങ്ങി നിൽക്കുന്ന മോഡലുകൾ കൊണ്ടുവന്നു എന്നിടത്താണ് റെനോയുടെ വിജയം. ഡെസ്റ്റർ, ട്രൈബർ, ക്വിഡ് എന്നിങ്ങനെ ഓരോ മോഡലും വിജയിപ്പിക്കാൻ റെനോയ്ക്ക് കഴിഞ്ഞു. ആ ശ്രേണിയിലേക്ക് ഇപ്പോൾ ഒരു കോംപാക്ട് എസ്‌യുവി കൂടി കൊണ്ടുവന്നിരിക്കുകയാണ്. കൈഗർ എന്ന ഈ എസ്‌യുവി പ്ലാറ്റ്‌ഫോം പങ്കിടുന്നത് നിസാൻ മാഗ്‌നൈറ്റുമായിട്ടാണ്.

കൈഗർ

ഇന്ത്യയ്ക്കുവേണ്ടി നിസാൻ – റെനോ സഖ്യം ഡിസൈൻ ചെയ്‌തെടുത്ത മോഡലുകളാണ് മാഗ്‌നൈറ്റും കൈഗറും. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ, രൂപം വ്യത്യസ്തമാണ് എന്നതിലുപരി, എഎംടി ട്രാൻസ്മിഷനും ഉൾപ്പെടുന്നു. അതായത്, മാഗ്‌നൈറ്റിന് മാനുവൽ, സിവിടി ട്രാൻസ്മിഷനുകളാണ് ഉള്ളതെങ്കിൽ, കൈഗറിന് എഎംടി ട്രാൻസ്മിഷൻ കൂടിയുണ്ട്.

കാഴ്ച

വിഖ്യാതമായ സിഎംഎഫ്എപ്ലസ് പ്ലാറ്റ്‌ഫോമിൽ പിറന്നുവീണിരിക്കുന്ന കൈഗറിന് 2500 മി.മീ ആണ് വീൽബെയ്‌സ്. വളരെ ബോൾഡായി ഒരു മസിൽമാനെപ്പോലെയാണ് റെനോ കൈഗറിനെ നിർമ്മിച്ചിരിക്കുന്നത്. ഗ്രില്ലും മുൻഭാഗവും റെനോയുടെ ഫാമിലിയിൽ നിന്ന് എടുത്തതു തന്നെയാണ്. രണ്ട് സ്‌ളാറ്റുകളുള്ള ക്രോമിയം ഗ്രിൽ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പിലെത്തി നിൽക്കുന്നു. ആർഎക്‌സ്ഇസഡ് എന്ന നമ്മുടെ എഎംടി ടെസ്റ്റ് ഡ്രൈവ് വാഹനത്തിൽ മൂന്ന് ഭാഗങ്ങളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളാണ് കൊടുത്തിരിക്കുന്നത്. വലിയ എയർഡാമും തള്ളി നിൽക്കുന്ന ഫെൻഡറുകളും ബോണറ്റിലെ പവർലൈനുകളും കൈഗറിനുണ്ട്. 16 ഇഞ്ച് ടയറുകളാണ് കൊടുത്തിരിക്കുന്നത്. ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് അലോയ്‌വീലുകൾ ഭംഗിയായിട്ടുണ്ട്. വശക്കാഴ്ചയിൽ ശ്രദ്ധയിൽപെടുന്നതും മസിൽമാന് സമാനമായ ബോഡിലൈനുകളാണ്. റൂഫ്‌റെയ്‌ലിന് സിൽവർ ബ്ലാക്ക് ഫിനിഷാണ്. പിന്നിൽ ഏറ്റവും ഭംഗി ‘എൽ’ ഷെയ്പ്പുള്ള എൽഇഡി ടെയ്ൽ ലാമ്പാണ്. ബൂട്ട്‌ലിഡിലും ബോഡിലൈനു കൾ കനത്തതാണ്. ബമ്പറിലുമുണ്ട്, പല തട്ടുകളിലായി ഡിസൈൻ ഗിമ്മിക്കുകൾ. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, ഷാർക്ക് ഫിൻ ആന്റിന എന്നിവയും എടുത്തു പറയാം.

ഉള്ളിൽ

ബ്ലാക്കും ഡാർക്ക് ഗ്രേയുമാണ് ഉൾഭാഗത്തെ നിറങ്ങൾ. ട്രൈബറിന്റെ ഡാഷ്‌ബോർഡിനോട് സാമ്യമുള്ള ഡാഷ് ബോർഡാണ്. 8 ഇഞ്ച് സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 4 സ്പീക്കറും, 4 ട്വീറ്ററുകളും
അടങ്ങുന്ന ആർക്കെമിസ് മ്യൂസിക് സിസ്റ്റം, റിവേഴ്‌സ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 7 ഇഞ്ച് സ്‌ക്രീനാണ് മീറ്റർ കൺസോളിൽ. ഓരോ ഡ്രൈവ് മോഡിലും കൺസോളിന്റെ നിറം മാറും. സ്ഥലസൗകര്യം വേണ്ടുവോളമുണ്ട്. സീറ്റുകളുടെ
വലിപ്പവും തുടസപ്പോർട്ടും എടുത്തു പറയാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ് വീലിലും കൺട്രോളുകൾ എന്നിവയും ധാരാളം സ്റ്റോറേജ് സ്‌പേസുകളും മുൻഭാഗത്തുണ്ട്. പിന്നിൽ മൂന്നുപേർക്ക് സുഖമായി ഇരിക്കാം. പിന്നിലേക്ക് എസി വെന്റുകളുമുണ്ട്. കപ്‌ഹോൾഡറുകൾ, ചാർജിങ് പോയിന്റുകൾ എന്നിവയും പിൻസീറ്റ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്. 405 ലിറ്റർ ബൂട്ട്‌സ്‌പേസുണ്ട്. ഇത് പിൻസീറ്റ് മടക്കിയാൽ 890 ലിറ്ററായി ഉയരും.

എഞ്ചിൻ

രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട് കൈഗറിന്. രണ്ടും പെട്രോൾ, രണ്ടും 3 സിലിണ്ടർ. ഒന്ന് ഒരു ലിറ്റർ ടർബോ പെട്രോളാണെങ്കിൽ മറ്റേത് ഒരു ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, ആദ്യത്തേത് 72 ബിഎച്ച്പിയും രണ്ടാമത്തേത് 100 ബിഎച്ച്പിയും. നമ്മളിന്ന് ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് 72 ബിഎച്ച്പി എഞ്ചിനിൽ എഎംടി ഗിയർബോക്‌സ് ഘടിപ്പിച്ച മോഡലാണ്. 96 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 5 സ്പീഡ് എഎംടിയാണ് ഗിയർബോക്‌സ്. എല്ലാ എഎംടികളും പോലെ തന്നെ ലാഗ് ഉള്ള രിതിയാണ് ഇതിനും. എന്നാൽ സ്‌പോർട്ട് എന്ന ഡ്രൈവ് മോഡിൽ കാര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുന്നുണ്ട്. ഈ 72 ബിഎച്ച്പി എഞ്ചിനിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് മാത്രമേ ഉള്ളൂ. 100 ബിഎച്ച്പി എഞ്ചിനിലാണ് മാനുവൽ കൂടാതെ സിവിടിയുമുള്ളത്. 4 എയർ ബാഗുകൾ, എബിഎസ്, ഇബിഡി, റിയർവ്യൂ ക്യാമറ എന്നീ സുരക്ഷാ ഉപാധിയുള്ള കൈഗറിന്റെ സസ്‌പെൻഷൻ മോശമല്ല. എന്നാൽ ഡസ്റ്ററിന്റെ സസ്‌പെൻഷനോട് കിടപിടിക്കുകയുമില്ല.

വിധിന്യായം

നിസാൻ മാഗ്‌നൈറ്റിന്റെ വിലയെക്കാൾ 5000 രൂപയോളം കൈഗറിന്റെ വിവിധ വേരിയന്റുകൾക്ക് വില കുറവുണ്ട്. എന്നാൽ മറ്റു കുറവുകളൊന്നുമില്ലതാനും. 5.45 ലക്ഷം മതുൽ 9.55 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില. എന്തായാലും റെനോയുടെ മറ്റു മോഡലുകൾ പോലെ തന്നെ ഈ മോഡലും ഗംഭീരമായി വിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.$

Leave a Reply

Your email address will not be published. Required fields are marked *

shares