ഹോണ്ട ജാസിൽ കടമക്കുടിയിലേക്കൊരു മഴയാത്ര
October 12, 2021
Test Drive: MG Astor
October 12, 2021

Test Drive: Tata Punch

Tata Punch

രൂപത്തിനപ്പുറം സ്വഭാവത്തിലും എസ്‌യുവിത്തം പ്രകടിപ്പിക്കുന്നുമുണ്ട് ടാറ്റയുടെ പുതിയ കോംപാക്ട് എസ് യു വിയായ പഞ്ച്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

എസ് യു വികളുടെ രൂപത്തിലിറക്കിയാൽ മാത്രമേ ചൂടപ്പം പോലെ കാറുകൾ ഇന്ത്യയിൽ വിറ്റഴിയുകയുള്ളുവെന്ന് ഇന്ന് വാഹനനിർമ്മാതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ 47 ശതമാനം കാറുകളും എസ് യു വികളോ എസ് യു വി സ്‌റ്റൈലിങ്ങുള്ളതോ ആയ കാറുകളായിരുന്നുവെന്നത് അതിന് തെളിവുമാണ്. അതുകൊണ്ടു തന്നെ ഹാച്ച്ബായ്ക്കായി വരേണ്ടിയിരുന്ന വാഹനങ്ങളും ഇന്ന് എസ് യു വി രൂപത്തിൽ വിപണനത്തിനെത്തിത്തുടങ്ങിയിരുന്നു. ആ ഗണത്തിൽപ്പെട്ട വാഹനമാണ് ടാറ്റ പഞ്ച്.
ഇന്ത്യയിലെ ആദ്യ സബ്-കോംപാക്ട് എസ് യു വിയായാണ് ടാറ്റാ പഞ്ച് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ടാറ്റയുടെ എസ് യു വികളുടെ എല്ലാ സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ ഒരു കുഞ്ഞനുജൻ. ടാറ്റയുടെ പുതിയ ആൽഫ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ട പഞ്ചിന് എസ് യു വികളുടെ മുഖമുദ്രകളായ തലപ്പൊക്കവും മികച്ച ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിങ് ഡ്രൈവിങ് പൊസിഷനുമൊക്കെയുണ്ടെന്ന് ആർക്കും ഒറ്റനോട്ടത്തിൽ തന്നെ ബോധ്യപ്പെടും. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണെങ്കിലും വല്യേട്ടന്മാരെപ്പോലെ തന്നെ ദുർഘടമായ ഇന്ത്യൻ നിരത്തുകളെ കീഴടക്കാൻ പഞ്ചിന് കഴിയുമെന്നാണ് ടാറ്റ പറയുന്നത്. ടാറ്റയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഹാച്ച്ബായ് ക്കിന്റെ ചടുലതയും എസ് യുവിയുടെ ജനിതകവുമു ള്ള വാഹനമാണ് പഞ്ച്. ടിയാഗോ എൻആർജി ക്രോസ് ഹാച്ച്ബായ്ക്കിനും നെക്‌സോൺ കോംപാക്ട് എസ് യു വിക്കും ഇടയ്ക്കുള്ള സെഗ്മെന്റിലാണ് പഞ്ചിന് ടാറ്റ ഇടം കണ്ടെത്തിയിരിക്കുന്നത്.

കാഴ്ച

എസ് യു വിയുടെ എല്ലാ രൂപഭാവങ്ങളോടും കൂടിയാണ് 3.8 മീറ്റർ നീളമുള്ള ടാറ്റ പഞ്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കണ്ടാമൃഗത്തിൽ നിന്നും പ്രചോദിതമായ രൂപമാണ് പഞ്ചിന്. തീർത്തും ആധുനികമാണ് മുൻഭാഗം. ഇരുവശങ്ങളിൽ നിന്നും മേലോട്ട് ഉയർന്നു നിൽക്കുന്ന ബോണറ്റ്. മസ്‌കുലാർ സ്‌റ്റൈലിങ്ങുള്ള ബോഡി ലൈനുകൾക്കു താഴെ, എൽ ഇഡി ഡേടൈം ലാമ്പ് ചെറുപുഞ്ചിരി പോലെ തോന്നിപ്പിക്കുന്ന ഗ്രില്ലിനോട് ഇഴുകിച്ചേർന്നുനിൽക്കുന്നു. പിയാനോ ബ്ലാക്ക് ഗ്രില്ലിൽ ഹോണിനായി ട്രൈ ആരോ ഷേപ്പിലുള്ള ഓപ്പണിങ് നൽകിയിട്ടുണ്ട്. അതിനു താഴെയാണ് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ. വല്യേട്ടനായ ഹാരിയറിന്റെ സ്‌റ്റൈലിങ് തന്നെയാണത്. അതിനുതാഴെ മുന്നിലെ ബമ്പറിന്റെ ബാക്കി പകുതിയാണുള്ളത്. കറുത്ത പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഈ ബമ്പറിനെ വലിയ എയർഡാമുമായി വേർതിരിക്കുന്നത് നമ്പർപ്ലേറ്റാണ്. ടാറ്റ കാറുകളിലെ സ്‌റ്റൈലിങ് ആയ ആരോ ഡിസൈൻ അവിടേയും ആനുവർത്തിക്കുന്നുണ്ട്. 3827 എംഎം നീളവും 1742 എം എം വീതിയും 2445 എം എം വീൽബേസുമാണുള്ളതെങ്കിലും 1615 എം എം ഉയരത്തിൽ പഞ്ചിന്റെ നിൽപ് എസ്‌യുവിത്തം നൽകുന്നുണ്ട്. 190 എം എം ഗ്രൗണ്ട് ക്ലിയറൻസും 370 എം എം ജലപ്രതിരോധശേഷിയും തകർപ്പൻ ഓഫ്‌റോഡിങ് ആംഗിളുകളും പഞ്ചിനുണ്ട്.

വശക്കാഴ്ചയിൽ എസ്‌യുവികളുടെ ഉയർന്ന രൂപം പ്രകടമാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. കട്ടിയുള്ള സൈഡ് ക്ലാഡിങ്ങും കറുത്ത പില്ലറുകളും റൂഫ് റെയ്‌ലും. പിന്നിലെ ഡോർ ഹാൻഡിലുകൾ സി പില്ലറിനകത്ത് ഒളിപ്പിച്ചുവച്ചപോലെയാണ്. ആരോ ഡിസൈനുള്ള ടെയ്ൽ ലാമ്പ് വശങ്ങളിലേക്ക് കയറി നിൽപുണ്ട്. റിയർ വിൻഡ്‌സ്‌ക്രീനിലുള്ള കണ്ടാമൃഗത്തിന്റെ മോട്ടിഫും (ഗ്ലോബോക്‌സിലുമുണ്ട് ഇത്) സ്വഭാവം വിളിച്ചോതുന്നു. മുൻഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ പിൻഭാഗം ലേശം ഒതുങ്ങിപ്പോയോ എന്നും എസ്‌യുവി സ്വഭാവത്തിൽ നിന്നും ഹാച്ച്ബായ്ക്കിന്റെ രൂപത്തിലേക്ക് പഞ്ച് ചുരുങ്ങിപ്പോയോ എന്നും സംശയിച്ചേക്കാം.

ഉള്ളിൽ

ആൾട്രോസിലെന്നപോലെ 90 ഡിഗ്രിയിൽ തുറക്കുന്ന ഡോറുകളാണ് പഞ്ചിന്. അനായാസേന അകത്തേക്ക് കയറാനും ഇറങ്ങാനും ഇത് സഹായിക്കുന്നു. ബ്ലാക്കും വെള്ളയുമുള്ള ഡാഷ്‌ബോർഡിൽ ദീർഘചതുരാകൃതിയുള്ള എസി വെന്റുകൾ (ഇതിന് കളർ ഓപ്ഷനുകളു ണ്ട്). പ്രീമിയം ഫീൽ നൽകുന്ന, ഉയർന്ന നിലവാരമുള്ള മൂന്നു തലങ്ങളായുള്ള ടെക്‌ച്വേഡ് പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ എടുത്തുവച്ച
പോലുള്ള ടച്ച്‌സ്‌ക്രീനും ക്ലൈമറ്റ് കൺട്രോൾ ബട്ടനുകളും സ്റ്റീയറിങ്ങും അർദ്ധ ഡിജിറ്റൽ ഇൻസ്ടുമെന്റ് ക്ലസ്റ്ററുമെല്ലാം ആൾട്രോസിൽ നിന്നും കടമെടുത്തതാണ്.
7 ഇഞ്ച് ടച്ച് സ്‌ക്രീനിൽ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്. ടാറ്റയുടെ കണക്ടിവിറ്റി സംവിധാനമായ ഐആർഎയുമുണ്ട്. 6 സ്പീക്കർ ഹാർമൻ സിസ്റ്റമാണ് പഞ്ചിലുള്ളത്. മൊബൈൽ ഫോൺ സ്‌പേസും ചാർജിങ് സ്ലോട്ടുമൊക്കെയുണ്ടെങ്കിലും മുന്നിൽ ആംറെസ്റ്റ് നൽകിയിട്ടില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. ഡോർ പാഡിൽ ബോട്ടിൽ ഹോൾഡറുകളും അബ്രല്ലാ ഹോൾഡറും നൽകിയിരിക്കുന്നു. പിൻസീറ്റിന്റെ ബാക്കിൽ ഫയൽ ഹോൾഡറുകളുമുണ്ട്.


മുന്നിൽ ഉയർന്ന സീറ്റീങ് പൊസിഷനാണ് നൽകപ്പെട്ടിട്ടുള്ളത്. നല്ല വിസിബിലിറ്റിയുമുണ്ട്. റിവേഴ്‌സ് ക്യാമറയും പാർക്കിങ് ഗൈഡൻസുണ്ട്. പിന്നിൽ നല്ല ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസുമുണ്ട്. മികച്ച തൈസപ്പോർട്ടിനു പുറമേ അഡ്ജസ്റ്റബിൾ ഹെഡ്‌റൈസ്റ്റും നടുവിൽ ആംറെസ്റ്റും നൽകിയിരിക്കുന്നു. ഫ്‌ളാറ്റ് ഫ്‌ളോറാണ്. പിന്നിൽ എസി വെന്റുകൾ നൽകിയിട്ടില്ല.
ഉയർന്ന വേരിയന്റിൽ റെയ്ൻ സെൻസിങ് വൈപ്പറുകളും ക്രൂസ് കൺട്രോളും ഇലക്ട്രിക്കലി ഫോൾഡിങ് മിററുകളും ക്ലൈമറ്റ് കൺട്രോളും കൂൾഡ് ഗ്ലോബോക്‌സും റിയർ വൈപ്പറും വാഷറുമടക്കം പല ഫീച്ചറുകളുമുണ്ട്.
സുരക്ഷിതത്വത്തിനായി രണ്ട് എയർ ബാഗുകൾ, എബിഎസ്, ഇബിഡി, കോർണർ സേഫ്റ്റി കൺട്രോൾ, കോർണറിങ് ഫങ്ഷനോടു കൂടിയ ഫോഗ് ലാമ്പ്, റിവേഴ്‌സ് പാർക്കിങ് ക്യാമറ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കു പുറമേ, ബ്രേക്ക് സ്വേ കൺട്രോളും നൽകിയിരിക്കുന്നു. വാഹനം നനഞ്ഞ നിരത്തിലും ചെളിയിലും മറ്റും തെന്നിത്തിരിയാനുള്ള സാധ്യത അതില്ലാതാക്കുന്നു.
319 ലിറ്ററിന്റെ (റൂഫിനോളം വന്നാൽ അത് 366 ലിറ്ററാകും) വലിയ ബൂട്ട്‌സ്‌പേസാണുള്ളത്. റിയർ സീറ്റ് മടക്കിയിട്ട് ബൂട്ട് സ്‌പേസ് വർധിപ്പിക്കുകയുമാകാം.

എഞ്ചിൻ

ടിയാഗോയിലും ടിഗോറിലും ആൾട്രോസിലും ഉപയോഗിച്ചിട്ടുള്ള 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാണ് പഞ്ചിലും. 5 സ്പീഡ് എംഎംടി /മാനുവൽ ട്രാൻസ്മിഷനാണുള്ളത്. 6000 ആർ പി എമ്മിൽ 85 ബിഎച്ച്പി കരുത്തും 3300 ആർ പിഎമ്മിൽ 113 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1199 സിസിയുടെ 3 സിലിണ്ടർ എഞ്ചിനാണിത്. ഡൈനാ-പ്രോ ടെക്‌നോളജി, എഞ്ചിനിലേക്ക് വായു കടത്തിവിട്ട് കംബസ്റ്റ്യൻ കൂടുതൽ കാര്യക്ഷമമാക്കുന്നുണ്ട്.
സ്മാർട്ട് ഡ്രൈവ് മാനുവൽ വേരിയന്റും എഎംടി വേരിയന്റും ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. സ്മൂത്ത് ഗിയർഫിഫ്റ്റുകളാണ് മാനുവൽ വേരിയന്റിൽ. ലാഘവത്വമുള്ളതാണ് ക്ലച്ച്. മരേലിയിൽ നിന്നുമുള്ള എഎംടി ഗിയർബോക്‌സാണ് ഓട്ടോമാറ്റിക് വേരിയന്റിലുള്ളത്. ഇത് കൂടുതൽ റിഫൈൻഡായി മാറിയിരിക്കുന്നു. എന്നിരുന്നാലും ഗിയർഷിഫ്റ്റുകൾക്കിടയിൽ ലാഗ് പൂർണമായും ഇല്ലാതായിട്ടില്ല. ടർബോ പെട്രോൾ എഞ്ചിൻ പഞ്ചിൽ പലരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ നൽകിയിട്ടില്ല.


രണ്ട് ട്രാൻസ്മിഷൻ മോഡലുകളിലും സിറ്റി, ഇക്കോ മോഡുകളുണ്ട്. 0-100 കിലോമീറ്റർ വേഗത്തിലെത്താൻ എഎംടിക്ക് 19.98 സെക്കന്റ് എടുക്കുമെങ്കിൽ മാനുവൽ 16.44 സെക്കന്റാണ് എടുക്കുന്നത്. എഎംടി മോഡലിൽ ട്രാക്ഷൻപ്രോ മോഡുള്ളതിനാൽ ദുർഘടപാതകളിൽ ഡ്രൈവിങ് സാധ്യമാകും.
പ്യുവർ, അഡ്വഞ്ചർ, അക്കംബ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെയുള്ള ട്രിമ്മുകളാണ് പഞ്ചിനുള്ളത്. കസ്റ്റമൈസേഷൻ ഓപ്ഷനുകൾ നൽകിയിരിക്കുന്നതിനാൽ ഉപഭോക്താക്കൾ കൂടുതൽ ഹാപ്പിയാകും.

വിധിന്യായം

എസ് യു വികൾക്കൊത്ത ശരീരഭാഷ മാത്രമല്ല സ്വഭാവവിശേഷങ്ങളുമുള്ള വാഹനമാണ് ടാറ്റ പഞ്ച്. വിലയിൽ ടാറ്റ മത്സരതന്ത്രം ആവിഷ്‌ക്കരിക്കുകയാണെങ്കിൽ ( 5.4 ലക്ഷം മുതൽ 8.2 ലക്ഷം വരെ) ടാറ്റ പഞ്ചിന് മാരുതി ഇഗ്‌നിസിനേയും വാഗൺ ആറിനേയും റെനോ കൈഗറിനേയും മഹീന്ദ്ര കെ യുവി100-നേയും വെല്ലാനാകും. നിസ്സാൻ മാഗ്‌നെറ്റിനും ഹ്യുണ്ടായ് വെന്യുവിനും കിയ സോണറ്റിനും ഭീഷണിയുമുണ്ട്. പഞ്ച് ഇ വിയായി പുറത്തിറങ്ങിയാൽ അത് ശരിക്കുമൊരു താരം തന്നെയാകുമെന്നും ഉറപ്പ്.$

Leave a Reply

Your email address will not be published. Required fields are marked *