Test drive: Renault Kiger
March 2, 2021
Test ride: Hero Glamour 125 Fi
March 2, 2021

Test drive: Tata Safari

സൗന്ദര്യപരമായ മാറ്റങ്ങളും മൂന്നാംനിര സീറ്റും ഹാരിയറിൽ നിന്നും പുതിയ ടാറ്റ സഫാരിയെ വേറിട്ടുനിർത്തുന്നു. ടെസ്റ്റ് ഡ്രൈവ് …

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ഇപ്പോൾ 7 സീറ്റർ എസ്‌യുവികളുടെ കാലമാണ്. അഞ്ച് സീറ്റുകളുള്ള എസ്‌യുവികളെയെല്ലാം വലിച്ചു നീട്ടി 7 സീറ്റാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതിനു തുടക്കമിട്ടത് ഫോക്‌സ്‌വാഗൺ ആണ്. ടിഗ്വാനെ നീട്ടി ടിഗ്വാൻ ഓൾ സ്‌പേസാക്കി. പിന്നാലെ എംജി ഹെക്ടർ നീണ്ട് ഹെക്ടർ പ്ലസായി. ഇപ്പോഴിതാ, ടാറ്റാ ഹാരിയർ, ഏഴുസീറ്റോടെ സഫാരി എന്ന പേരിൽ വിപണിയിലെത്തിയിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് അന്ത്യശ്വാസം വലിച്ച ടാറ്റാ സഫാരിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പുതിയ വാഹനത്തിന് ടാറ്റ, സഫാരി എന്ന പേരിട്ടത്.

സഫാരി

അവിടവിടെ ചെറിയ സൗന്ദര്യപരമായ മാറ്റങ്ങൾ, അഡീഷണലായി ഒരു മൂന്നാം നിര സീറ്റ് – അത്രേയുള്ളു ഹാരിയർ സഫാരി ആയപ്പോൾ വന്ന മാറ്റം. സഫാരിയുടെ പ്രധാന ഫീച്ചറായിരുന്ന 4 വീൽ ഡ്രൈവ് പോലും പുതിയ സഫാരിക്ക് കൊടുക്കാൻ ടാറ്റാ മെനക്കെട്ടിട്ടില്ല. ശാന്തം, പാവം!

കാഴ്ച

ചെറിയ മാറ്റങ്ങളിലെ പ്രധാന മാറ്റം ഗ്രില്ലിൽ കുറെ ക്രോമിയം കോരിയൊഴിച്ചു എന്നതാണ്. കറുത്ത ഗ്രിൽ അങ്ങനെ ക്രോമിയം ഗ്രില്ലായി മാറി. പഴയ ട്രൈസ്റ്റാർ പാറ്റേൺ തന്നെയാണ് ഗ്രില്ലിന്റെ ഡിസൈനിലുള്ളത്. എനിക്കിഷ്ട മായത് പഴയ കറുത്ത ഗ്രിൽ തന്നെയായിരുന്നു. സെനൻ എച്ച്‌ഐ ഡി ഹെഡ്‌ലാമ്പും കോർണറിങ് ഫങ്ഷനുള്ള ഫോഗ്‌ലാമ്പ്, മനോഹരമായ ഡിആർഎൽ, അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ്, എയർഡാം എന്നിവയെല്ലാം സഫാരിയിലും തുടരുന്നു.

വശക്കാഴ്ചയിലാണ് രൂപമാറ്റം സംഭവിച്ചിരിക്കുന്നത്. റൂഫിൽ രണ്ടു തട്ടുകളിലായി റൂഫ് റെയ്ൽ കൊടുത്തിരിക്കുന്നു. റൂഫ് റെയ്‌ലിന് രണ്ടു നിറങ്ങളാണ്. ബ്ലാക്കും അലൂമിനിയം ഫിനിഷും, അതുപോലെ സി പില്ലറിലേക്ക് ഒരു കണക്ടിങ് പ്ലേറ്റും ഇറങ്ങി വരുന്നുണ്ട്. പിൻഭാഗത്ത് ഇരിക്കുന്നവർക്കായി റൂഫ് ഉയർത്തിയിട്ടുണ്ട്. അത് മനസ്സിലാക്കാതിരിക്കാനാണ് റൂഫ് റെയ്ൽ രണ്ടു തട്ടാക്കിയത്. കൂടാതെ, ഹാരിയറിൽ 17 ഇഞ്ച് ടയറുകളായിരുന്നെങ്കിൽ സഫാിക്ക് 18 ഇഞ്ചായി.
പിൻഭാഗം അൽപമൊന്ന് ഒതുക്കി, വിരിഞ്ഞ പിൻഭാഗം ഒതുക്കി ഡിസൈൻ ചെയ്തു എന്നർത്ഥം. ബ്ലാക്ക് ഫിനിഷിനുള്ളിൽ ടെയ്ൽലാമ്പ് കാണാം. പിയാനോ ബ്ലാക്ക് ഫിനിഷുള്ള ഒരു ഭാഗം രണ്ട് ടെയ്ൽലാമ്പുകളെ ബന്ധിപ്പിക്കുന്നു. സ്‌കിഡ്‌പ്ലേറ്റ്, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ എന്നിവയും എടുത്തു പറയാം. ബൂട്ട്‌സ്‌പേസ്, മൂന്നാം നിര സീറ്റ് കൂടി വന്നപ്പോൾ തീരെ കുറഞ്ഞു. എന്നാൽ മൂന്നാം നിര സീറ്റ് മടക്കിയാൽ 447 ലിറ്ററായും രണ്ടാംനിര സീറ്റും മടക്കിയാൽ 910 ലിറ്ററായും ബൂട്ട് സ്‌പേസ് വർദ്ധിപ്പിക്കാം.

ഉള്ളിൽ

ഉൾഭാഗത്തെ ബ്രൗൺ നിറം മാറി മൊത്തത്തിൽ വെളുത്ത നിറമായി. ഡാഷ്‌ബോർഡിൽ ബ്ലാക്കും ഫേക്ക്‌വുഡ് നിറവും വന്നു. കൂടാതെ അലൂമിനിയം ലൈനുകളുമുണ്ട്. ഇലക്ട്രോണിക് ഹാൻഡ്‌ബ്രേക്ക് വന്നതാണ് പ്രധാന മാറ്റം. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. 8.8 ഇഞ്ച് ടച്ച് സ്‌ക്രീൻ നടുവിൽ ഉയർന്നു നിൽക്കുന്നു. ഇതിൽ ജെബിഎല്ലിന്റെ 9 സ്പീക്കർ മ്യൂസിക് സിസ്റ്റവുമുണ്ട്. പനോരമിക് സൺറൂഫുണ്ട്. രണ്ടാംനിരയിൽ സ്ഥലം കുറയാതെയാണ്, വീൽബെയ്‌സ് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും, മൂന്നാം നിര സീറ്റ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം നിരക്കാർക്ക് ചാർജ്ജിങ് പോർട്ടുകളുണ്ട്. കപ്‌ഹോൾഡറുകളും കൊടുത്തിട്ടുണ്ട്. മൂന്നാം നിര സീറ്റിലേക്ക്, രണ്ടാംനിര സീറ്റ് അനായാസം മടക്കി, കയറാം. കാര്യമായ ലെഗ്‌സ്‌പേസ് ഒന്നും മൂന്നാംനിര സീറ്റിൽ പ്രതീക്ഷിക്കരുത്. കുട്ടികൾക്കാണ് ഇവിടെ സുഖമായി ഇരിക്കാവുന്നത്. വലിയ കോർണർ ഗ്ലാസുകളായതുകൊണ്ട് തീരെ അടഞ്ഞ ഒരു ‘ഫീൽ’ ഉണ്ടാകില്ല. മൂന്നാം നിരയിലും എസി വെന്റുകളുണ്ട്. അതിന്റെ കൺട്രോളുകളുമുണ്ട്. കപ്‌ഹോൾഡറുകൾ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സ്ഥലം, ചാർജ്ജിങ് പോർട്ടുകൾ എന്നിവയുമുണ്ട്.

എഞ്ചിൻ

എഞ്ചിനിലോ, ഗിയർബോക്‌സിലോ ഒന്നും മാറ്റമില്ല. എല്ലാ ഹാരിയറിന്റേതു തന്നെ, സ്മാർട്ട്‌ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലാണ്. 6 സ്പീഡ് ടോർക്ക് കൺവർട്ടർ ടൈപ്പ് ഗിയർ ബോക്‌സാണ് ഹ്യുണ്ടായ് നിർമ്മിച്ചു നൽകിയതാണിത്. എഞ്ചിൻ നൽകിയത് ഫിയറ്റാണ്. 2 ലിറ്റർ മൾട്ടി ജെറ്റ് എഞ്ചിനാണിത്. 1950 സിസി, 4 സിലിണ്ടർ ഡീസൽ എഞ്ചിന്റെ പവർ 170 ബിഎച്ച്പിയാണ്. 310 ന്യൂട്ടൺ മീറ്ററാണ് മാക്‌സിമം ടോർക്ക്.
ഡ്രൈവ്‌മോഡുകൾ മാറ്റിയിട്ടും ടെറെയ്ൻ റെസ്‌പോൺസ് മോഡുകൾ മാറ്റിയിട്ടും സുഖമായി ഓടിച്ചു പോകാം. ഈ ഗിയർബോക്‌സ് ഒന്നാന്തരമാണ്.

ഹാരിയറിൽ നിന്നും വ്യത്യസ്തമായി നാലു വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും കൊടുത്തിട്ടുണ്ട്. വാഹനത്തിന്റെ, വലിപ്പത്തിലോ, എഞ്ചിനിലോ ഒരു മാറ്റവുമില്ലാത്തതുകൊണ്ട് ഹാരിയർ ഓടിക്കുന്ന അതേ പ്രതീതിയാണ് സഫാരി നൽകുന്നത്. സസ്‌പെൻഷൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. യുകെയിലെ ലോട്ടസ് എഞ്ചിനീയറിങ്ങാണ് ഇപ്പോൾ സസ്‌പെൻഷൻ ട്യൂൺ ചെയ്ത് നൽകിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക് വിത്ത് ഓട്ടോഹോൾഡ്, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻഇങ്ങനെ പല സുരക്ഷാസന്നാഹങ്ങളും സഫാരിയിലുണ്ട്.

വിധിന്യായം

സഫാരിയുടെ മൂന്നാംനിര സീറ്റ്, മറ്റേതൊരു എസ്‌യുവിയുടേതു പോലെ തന്നെ കുട്ടികൾക്കാണ് സുഖമായി ഇരിക്കാവുന്നത്. എന്നാൽ മൊത്തത്തിൽ വാഹനത്തിന്റെ നിർമ്മാണ നിലവാരം സമ്മതിച്ചേ പറ്റൂ.. അതിനിരിക്കട്ടെ ടാറ്റയ്‌ക്കൊരു കുതിരപ്പവൻ. $

Leave a Reply

Your email address will not be published. Required fields are marked *

shares