Test drive: Jaguar I-Pace
September 10, 2021
Test ride: Royal Enfield Classic 350
September 10, 2021

Test drive: Tata Tigor EV

Tata Tigor EV

142 കി.മീ. മാത്രം റേഞ്ച് ഉണ്ടായിരുന്ന ടാറ്റ ടിഗോർ ഇ വി ഇപ്പോൾ 306 കി.മീ. റേഞ്ചുമായി പുതിയ ടെക്‌നോളജിയോടെ തിരിച്ചെത്തിയിരിക്കുന്നു.

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: അഖിൽ അപ്പു

ടാറ്റാ മോട്ടോഴ്‌സാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ 90 ശതമാനവും നിർമ്മിക്കുന്നത്. ടാറ്റ നെക്‌സോൺ ആണ് അതിൽ ഭൂരിഭാഗവും. പുതിയ ചില മോഡലുകൾ കൂടി വരുന്നതോടെ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ സാന്നിദ്ധ്യം ഇനിയും ശക്തമാകും. ആ മോഡലുകളിലൊന്നാണ് പുതുതായി വിപണിയിലെത്തിയ ടിഗോർ ഇവി. ടിഗോറിന്റെ ഇലക്ട്രിക് മോഡൽ നേരത്തെ തന്നെ വിപണിയിൽ ഉണ്ടായിരുന്നുവെങ്കിലും ‘സിപ്‌ട്രോൺ’ എന്ന ആധുനിക ഇവി ടെക്‌നോളജി ഇപ്പോഴാണ് ടിഗോറിലെത്തിയത്. അങ്ങനെ നേരത്തെ 142 കിലോമീറ്റർ റേഞ്ചുണ്ടായിരുന്ന (പിന്നീട് 213 കി.മീറ്റർ ആയി) ടിഗോറിന്റെ റേഞ്ച് 306 കി.മീ ആയി ഉയർന്നിരിക്കുകയാണിപ്പോൾ.

ടിഗോർ

ടിഗോർ ടാറ്റയുടെ വലിയ ഹിറ്റാകാതെ പോയ മോഡലുകളിലൊന്നാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ടാറ്റക്ക് എന്തുകൊണ്ടാണോ ടിഗോറിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ തരക്കേടില്ലാത്ത ഒരു മോഡൽ തന്നെയായിരുന്നു ടിഗോർ. അത്യാധുനിക രൂപഭംഗിയൊന്നുമില്ലാതിരുന്നതു കൊണ്ടാകാം ടിഗോറിനെ ജനം കൈവിട്ടത്.
എന്തായാലും ഇവി രൂപത്തിൽ, സിപ്‌ട്രോൺ ടെക്‌നോളജിയുടെ പിൻബലത്തോടെ, ടിഗോറിനെ രക്ഷപ്പെടുത്തി കൊടുക്കാനാണ് ടാറ്റയുടെ ശ്രമം. പുതിയ ടിഗോർ ഇനി കാണുമ്പോൾ ആ ശ്രമത്തിൽ ടാറ്റ വിജയിക്കുമെന്നും തോന്നിപ്പോകും.

കാഴ്ച

ടിഗോറിന്റെ രൂപത്തിൽ ഇലക്ട്രിക്കായതിന്റെ മാറ്റങ്ങൾ കാണാം. അൾട്രോസിനു സമാനമായ മുൻഭാഗത്ത് ‘ഇലക്ട്രിഫൈഡാ’യതിന്റെ ലക്ഷണങ്ങൾ പ്രധാനമായും കാണാനാവുന്നത് ഗ്രില്ലിലാണ്. പിയാനോ ബ്ലാക്ക് ഫിനിഷാണ് ഗ്രില്ലിന്. അതുപോലെ ഗ്രില്ലിന്റെ ഇരുവശത്തും, കൂടാതെ എയർഡാമിന്റെ ഭാഗത്തും ട്രൈ ആരോ പാറ്റേണിൽ എലമെന്റുകൾ കൊടുത്തിട്ടുണ്ട്. ‘ഇവി’ ബാഡ്ജിങ് ഗ്രില്ലിലുണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പിനുള്ളിലും നീല നിറമുണ്ട്. ഫോഗ്‌ലാമ്പ് ഹൗസിങ്ങിൽ എൽഇഡി ഡേടൈം റണ്ണിങ്‌ലാമ്പ് കൊടുത്തിരിക്കുന്നു.
ടിയാഗോയെയും അൾട്രോസിനെയും ഓർമ്മിപ്പിക്കുന്ന ‘സ്‌മൈലിങ് ഫേസ്’ ആണ് ടിഗോറിനും. ചിരിക്ക് നിദാനമായ ഗ്രില്ലിന്റെ താഴെ നെടുനീളത്തിലുള്ള നില സ്ട്രിപ്പ് കാണുമ്പോൾ ഉറപ്പിക്കാം, ഇത് ഇവി ആണെന്ന്.
15 ഇഞ്ച് ടയറിൽ ചുറ്റിക്കിടക്കുന്നത് പുതിയ ഡിസൈനിലുള്ള അലോയ് വിലാണ്. അതിലുമുണ്ട് നീലസ്പർശം.
പിന്നിൽ ‘സിപ്‌ട്രോൺ’ എന്ന ബാഡ്ജിങാണ് പുതിയതായി വന്നത്. വലിയൊരു ക്രോമിയം സ്ട്രിപ്പ് ടെയ്ൽ ലാമ്പുകൾക്കിടയിലായി കൊടുത്തിട്ടുണ്ട്. വെളുത്ത നിറമുള്ള ടെയ്ൽലാമ്പ് പഴയ രീതിയിൽ തുടരുന്നു. ബമ്പറിൽ റിഫ്‌ലക്ടറുണ്ട്.

ഉള്ളിൽ

അരങ്ങൊഴിയുന്ന ടിഗോർ ഇവിയുടെ ഇന്റീരിയറിനു സമാനമാണ് പുതിയതിന്റേയും. മീറ്റർ കൺസോളിൽ ബാറ്ററിയുടേയും ചാർജ്ജിംഗിന്റേയും. റേഞ്ചിന്റെ വിശദാംശങ്ങളുടെയും സ്‌ക്രീനുണ്ട്. 306 കി.മീ. റേഞ്ചുള്ളതുകൊണ്ട് അതു നോക്കി നെഞ്ചിടിപ്പില്ലാതെ ടിഗോർ ഓടിക്കാം.
ബ്ലാക്കും ലൈറ്റ് ബീജുമാണ് ഉള്ളിലെ നിറങ്ങൾ. ഇടയ്ക്കിടക്ക് നീല വരകളുണ്ട്. അത് എസി വെന്റിനു മേലെയും സീറ്റിലുമെല്ലാമുണ്ട്. സീറ്റിൽ നീല നിറത്തിലുള്ള ട്രൈ ആരോ പാറ്റേണുണ്ട്. നടുവിൽ 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ കൊടുത്തിരിക്കുന്നു. അതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ഐആർഎ കണക്ടഡ് കാർടെക്ക്, 4 സ്പീക്കറുകൾ നാലു ട്വീറ്ററുകൾ എന്നിവ അടങ്ങുന്ന ഹാർമന്റെ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയൊക്കെ എടുത്തു പറയാവുന്ന സവിശേഷതകളാണ്.
സ്ഥലസൗകര്യവും പ്രസാദാത്മകവുമായ ഇന്റീരിയറും ടിഗോറിന്റെ പ്രത്യേകതയാണ്. ഇതെല്ലാം കാണുമ്പോൾ എന്തുകൊണ്ടാണ് ടിഗോർ ശ്രദ്ധിക്കപ്പെടാതെ പോയത് എന്നത്ഭുതം തോന്നും.

ഹൃദയം

പുതിയ മോട്ടോറും ബാറ്ററി പായ്ക്കുമടങ്ങുന്ന സിപ് ട്രോൺ ടെക്‌നോളജിയാണ് ടിഗോർ ഇവിയുടെ ഹൃദയം. നെക്‌സോൺ ഇവിയിലെ അതേ സെറ്റപ്പാണത്. 300 വോൾട്ടിന്റെ പെർമനന്റ് മാഗ്‌നറ്റ് സിങ്ക്രോണസ് ഇലക്ട്രിക് മോട്ടാണ് ടിഗോറിലുള്ളത്. പഴയ മോഡലിൽ 72 വോൾട്ടിന്റെ എസി ഇൻഡക്ഷൻ ടൈപ്പ് മോട്ടോറായിരുന്നു. ഇപ്പോൾ 75 ബിഎച്ച്പിയാണ് മോട്ടോർ നൽകുന്ന കരുത്ത്. 170 ന്യൂട്ടൺ മീറ്റർ മാക്‌സിമം ടോർക്കും. 26 കിലോവാട്ടിന്റെ ലിത്തിയം അയൺ ബാറ്ററി പായ്ക്കാണ് വൈദ്യുതി സംഭരിക്കുന്നത്.
60 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ്ജ് ചെയ്യാൻ പുതിയ ഡിസ്‌ട്രോൺ സാങ്കേതിക വിദ്യ ടിഗോർ ഇവിയെ സഹായിക്കുന്നുണ്ട്. 60 കി.മീ വേഗതയെടുക്കാൻ 5.7 സെക്കന്റുമതി എന്നതും പുതിയ മോഡലിന്റെ പ്രത്യേകതയാണ്.


8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കി.മീ ആണ് ബാറ്ററിയുടെ വാറന്റി.
എബിഎസ്, ഇബിഡി, 2 എയർബാഗുകൾ എന്നിവയാണ് സുരക്ഷാവിഭാഗം കൈകാര്യം ചെയ്യുന്നത്. റിയർ പാർക്കിംങ് ക്യാമറയും പുഷ്ബട്ടൺ സ്റ്റാർട്ടും എടുത്തുപറയാം.
മൂന്ന് വേരിയന്റുകളാണ് ടിഗോർ ഇവിക്കുള്ളത്. എക്‌സ് ഇ, എക്‌സ് എം, എക്‌സ് ഇസഡ് എന്നിവ. വില 12 ലക്ഷത്തിൽ തുടങ്ങി 13 ലക്ഷത്തിൽ അവസാനിക്കുന്നു.

വിധിന്യായം

ടിഗോർ എന്ന ജനപ്രിയമാകാതെ പോയ മോഡൽ ഇനി ഇവി എന്ന പുതിയ അവതാരത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. സിപ്‌ട്രോൺ ടെക്‌നോളജിയുടെ എല്ലാ ഗുണങ്ങളും ടിഗോറിന് ഇപ്പോഴുണ്ട്. ടാറ്റുടെ വൈദ്യുത വാഹന ശൃംഖല കൂടുതൽ കരുത്താർജ്ജിക്കാൻ തീർച്ചയായും ടിഗോർ ഇവി കാരണമാകും. $

Leave a Reply

Your email address will not be published. Required fields are marked *