ഫോക്സ് വാഗന്റെ എസ് യു വി, സാധാരണക്കാരനും കൈയെത്തിപ്പിടിക്കാവുന്ന അകലത്തിൽ എത്തിയിരിക്കുകയാണ് – ടൈഗൂൺ. ടെസ്റ്റ് ഡ്രൈവ്…
ഫോക്സ് വാഗൺ ഇന്ത്യയിൽ എസ് യു വി വിപണിയിലെത്തിക്കുന്നത് ആദ്യ സംഭവമല്ല. ടൂറെഗ് മുതൽ ടി റോക്ക് വരെയുള്ള എസ് യു വികൾ ഫോക്സ്വാഗന്റേതായി ഇന്ത്യയിലെത്തിയിട്ടുണ്ട്. പിന്നെ എന്താണ് ടൈഗൂണിന്റെ വിശേഷമെന്നു ചോദിച്ചാൽ, ഇതുവരെ വന്നതൊക്കെ സാമാന്യം വിലയുള്ള മോഡലുകളായിരുന്നെങ്കിൽ, ടൈഗൂൺ ജനസാമാന്യത്തെ ലക്ഷ്യം വെച്ച്, അൽപം വില കുറച്ചാണ് വന്നിരിക്കുന്നത് എന്നാണ് പറയേണ്ടത്.
ഫോക്സ് വാഗന്റെ ഈ മോഡലിന്റെ വില 10.49 ലക്ഷം രൂപയിൽ ആരംഭിച്ച് 17.49 ലക്ഷം രൂപയിൽ അവസാനിക്കുന്നു എന്നു കേട്ടാൽ ഫോക്സ്വാഗൺ പ്രേമികളും എസ്യുവി പ്രേമികളും ഒരുപോലെ ഞെട്ടും. 10 ലക്ഷം രൂപയ്ക്ക് ഫോക്സ് വാഗന്റെ എസ് യു വിയോ എന്നു ചോദിച്ച് മൂക്കത്ത് വിരലും വെക്കും!
ഫോക്സ് വാഗന്റെ എംക്യുബി എന്ന പ്ലാറ്റ്ഫോം ഇന്ത്യക്ക് പറ്റുന്ന രീതിയിൽ മാറ്റിയെടുത്ത്, അതിന്മേലാണ് ടൈഗൂൺ നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ, ടൈഗൂണിന്റെ ഒരു സഹോദരൻ ഏതാനും മാസങ്ങൾക്കു മുമ്പ് ജനിച്ചിരുന്നു. സ്കോഡ കുഷാഖ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കുഷാഖ് സാമാന്യം നന്നായി വിറ്റു കൊണ്ടിരിക്കുമ്പോഴാണ് ടൈഗൂൺ വന്നിരിക്കുന്നത്.
ടിറോക്കിന്റെ ചെറിയ രൂപം എന്നാണ് ടൈഗൂണിനെ വിശേഷിപ്പിക്കുന്നത്. യൂറോപ്യൻ വാഹനങ്ങളുടെ പ്രൗഢിയും ചാരുതയും ടൈഗൂണിനുണ്ട്. വളരെ ഒതുങ്ങിയ ശരീരപ്രകൃതമാണ്. ഹ്യുണ്ടായ് ക്രെറ്റയെക്കാൾ വീതി കുറവാണ്. മുൻഭാഗത്ത് ഇന്ത്യക്കാർക്ക് ഇഷ്ടപ്പെടും വിധം ക്രോമിയം, ഗ്രില്ലിൽ ധാരാളമായി നൽകിയിട്ടുണ്ട്. അതിന്മേൽ വലുപ്പത്തിൽ ഫോക്സ് വാഗന്റെ ലോഗോ കൊടുത്തിരിക്കുന്നു. ഗ്രില്ലിന്റെ തുടർച്ച പോലെ മെലിഞ്ഞതെങ്കിലും ഷാർപ്പായ ഹെഡ് ലൈറ്റ്. ഈ എൽഇഡി ലാമ്പിനു താഴെ മനോഹരമായ ഡേടൈം റണ്ണിങ് ലാമ്പ്. ബമ്പറിൽ ക്രോമിയം ഫിനിഷും ബ്ലാക്ക് ഫിനിഷുമുണ്ട്. ഒരു സ്കിഡ് പ്ലേറ്റും കൊടുത്തിട്ടുണ്ട്. ക്രോമിയം വലയത്തിനുള്ളി ലാണ് ഫോഗ് ലാമ്പ്.
വശക്കാഴ്ചയിൽ സ്കോഡ കുഷാഖിനെ ഓർമ്മിപ്പിക്കുന്നു, ടൈഗൂൺ. ഈ സെഗ്മെന്റിന്റെ ഏറ്റവും കൂടിയ വീൽബെയ്സ് 2651 മി.മീ., വശക്കാഴ്ചയിൽ വ്യക്തമാകും. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ടൈഗൂണിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സുന്ദരമായ എൽഇഡി ടെയ്ൽ ലാമ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു റെഡ് ലൈറ്റിന്റെ സ്ട്രിപ്പുണ്ട്. അതിനു നടുവിൽ ഫോക്സ് വാഗൺ ലോഗോ. പിൻഭാഗത്തും സുന്ദരമായ ബോഡിലൈനുകൾ കാണാം. പിൻബമ്പറും മുൻബമ്പറു പോലെ തന്നെ പല തട്ടുകളിലായി, സുന്ദരമായി രൂപകൽപന ചെയ്തിരിക്കുന്നു. ഷാർക്ക് ഫിൻ ആന്റിനയും റൂഫ് റെയ്ലും ടൈഗൂണിന്റെ രൂപത്തോട് ചേർന്ന് നിൽക്കുന്നുണ്ട്.
ഉൾഭാഗവും തനി ഫോക്സ്വാഗൺ തന്നെ. പ്രൗഢഗംഭീരമാണ് ഉൾഭാഗം. സെറാമിക് ഫിനിഷും കാർബൺ ഫൈബർ ഫിനിഷും ചാരനിറവുമൊക്കെ ചേർന്ന നിറങ്ങളുടെ സംഗമമാണ് ഉൾഭാഗത്ത്. കൂടാതെ വാഹനത്തിന്റെ എക്സ്റ്റീരിയർ നിറവും ഉൾഭാഗത്ത് വേണമെങ്കിൽ തെരഞ്ഞെടുക്കാം. ഡാഷ്ബോർഡിൽ ഭംഗിയായി വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, റിവേഴ്സ് ക്യാമറ എന്നിവയുണ്ട്. കൂടാതെ മീറ്റർ കൺസോളിന്റെ ഭാഗത്ത് കാണുന്നതും 8 ഇഞ്ച് കളർ ഡിസ്പ്ലേയാണ്. സ്റ്റിയറിങ് വീൽ ഫ്ളാറ്റ് ബോട്ടം ആണ്. നിരവധി കൺട്രോളുകളും സ്റ്റിയറിങ് വീലിൽ കൊടുത്തിരിക്കുന്നു. അതുപോലെ ടച്ച് ഓപ്പറേറ്റഡ് ആണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ. അത് നന്നായിട്ടുണ്ട്.
വളരെ കംഫർട്ടബിൾ ആണ് സീറ്റുകൾ. പിൻഭാഗത്തും അങ്ങനെ തന്നെ. മൂന്നുപേർക്ക് പിന്നിൽ സുഖമായിരിക്കാം. സെൻട്രൽ ടണൽ ഇന്ത്യയ്ക്കുവേണ്ടി ഉയരം കുറച്ചതാണ്. അതുകൊണ്ട് ലെഗ്സ്പേസും കുറവല്ല. പിന്നിൽ ആംറെസ്റ്റും കൊടുത്തിട്ടുണ്ട്.
ധാരാളം സ്റ്റോറേജ് സ്പേസുകളും കപ്പ്ഹോൾഡറുകളും 385 ലിറ്റർ ബൂട്ട്സ്പേസും ടൈഗൂണിനുണ്ട്.
വയർലെസ് ചാർജ്ജിംഗ് പാഡ്, ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, റിവേഴ്സ് ക്യാമറ, പുഷ്ബട്ടൺ സ്റ്റാർട്ട്, സൺറൂഫ് എന്നിവയൊക്കെ എടുത്തു പറയാം.
1468 സിസി., ടർബോ പെട്രോൾ എഞ്ചിനാണ് ടോപ് എൻഡ് വേരിയന്റായ ജിടിയിലുള്ളത്. ഇത് 148 ബിഎച്ച്പിയാണ്. 5000-6000 ആർപിഎമ്മിലാണ് മാക്സിമം പവർ ലഭിക്കുന്നത്. മാക്സിമം ടോർക്ക് കിട്ടുന്നത് 1600 – 3000 ആർപിഎമ്മിലും. 250 ന്യൂട്ടൺ മീറ്ററാണ് മാക്സിമം ടോർക്ക്. ചെറിയ ആർപിഎമ്മിൽ തന്നെ വേഗതയാർജ്ജിക്കുന്ന, 2500 ആർപിഎമ്മിനു ശേഷം ഹൃദയഹാരിയായ ശബ്ദം പൊഴിക്കുന്ന, എഞ്ചിനാണിത്. 7 സ്പീഡ് ഗിയർബോക്സ് ഈ എഞ്ചിന് വേണ്ടത്ര പിൻബലം നൽകുന്നു. സ്പോർട്ട് മോഡുമുണ്ട്. ഇത് കൂടുതൽ ഹരം തരുന്നതാണ്.
ഈ എഞ്ചിൻ കൂടാതെ ഒരു 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കൂടിയുണ്ട്, അത് 114 ബിഎച്ച്പി എഞ്ചിനാണ്. 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക്കുമാണ് ആ മോഡലിലുള്ളത്. 1.5 ലിറ്റർ എഞ്ചിൻ വേരിയന്റിൽ 6 സ്പീഡ് മാനുവൽ ഗിയർ ബോക്സുമുണ്ട്.
രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലുമുള്ള സുരക്ഷോപാധികളാണ്.
17 ഇഞ്ച് വീലുകളും മികച്ച ഗ്രൗണ്ട് ക്ലിയറൻസും ടൈഗൂണിനെ ഏത് പ്രതലത്തിൽ ഓടാനും സജ്ജനാക്കുന്നു. ഫോക്സ് വാഗണിന്റെ വിഖ്യാതമായ സസ്പെൻഷനും നമുക്ക് ആത്മവിശ്വാസം തരുന്നതിൽ മുൻനിരയിലുണ്ട്.
ഫോക്സ് വാഗന്റെ എസ് യു വി, സാധാരണക്കാരനും കൈയെത്തിപ്പിടിക്കാവുന്ന അകലത്തിൽ എത്തിയിരിക്കുകയാണ് എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ നിർമ്മാണ നിലവാരത്തിൽ ഒരു കോംപ്രൈമൈസും കുറവ് വരുത്തിയിട്ടുമില്ല. ഫോക്സ് വാഗണിന്റെ എല്ലാം വാഹനങ്ങളുടെയും നിലവാരം നിങ്ങൾക്ക് ടൈഗൂണിലും കണ്ടെത്താൻകഴിയും. സർവീസിന്റെ കാര്യത്തിലും വാഹന ഉടമകൾക്ക് ഫോക്സ് വാഗൺ ടൈഗൂൺ ശരിക്കുമൊരു അനുഗ്രഹമാണ്. നാലു വർഷത്തേക്ക് അഥവാ 60,000 കിലോമീറ്ററിന് ഫോക്സ് വാഗൺ ടൈഗൂണിന്റെ സർവീസിന് വാഹന ഉടമ ആകെ മുടക്കേണ്ടി വരുന്നത് 21,999 രൂപയാണ്. അതായത് കിലോമീറ്ററിന് കേവലം 37 പൈസ! ആനന്ദലബ്ധിക്ക് മറ്റെന്തുവേണം?$