നാളെയുടേത് ഹൈഡ്രജൻ കാറുകൾ !
May 6, 2021
Test Ride: BMW R1250GS
May 6, 2021

Test Ride: Ather 450X

നിർമ്മാണ നിലവാരവും റൈഡിങ് സുഖവും ഒത്തുചേരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഏതർ 450 എക്‌സ്.

എഴുത്ത്: ബൈജു എൻ നായർ ചിത്രങ്ങൾ: അഖിൽ അപ്പു

ഇലക്ട്രിക് വാഹനങ്ങൾ പതിയെ ആണെങ്കിലും നമ്മുടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് കാറുകളിൽ ടാറ്റാ നെക്‌സോൺ വലിയ വില്പന നേടിക്കഴിഞ്ഞു. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും മികച്ച മോഡൽ ഏത് എന്ന് സംശയമുണ്ട് ജനങ്ങൾക്ക്. ആദ്യ കാലത്ത് കുറേ ചൈനീസ് ബ്രാന്റുകൾ വന്ന് കുളം കലക്കിയിട്ടു പോയതാണ് ജനങ്ങളിൽ ആശങ്ക വിതച്ചത്. പല ചൈനീസ് കമ്പനികളും കുറേ സ്‌കൂട്ടറുകൾ വിറ്റ ശേഷം കളം വിട്ടു. ഇപ്പോൾ സർവീസും സ്‌പെയർപാർട്‌സുമില്ലാതെ വാങ്ങിയവർ വലയുന്നു. സ്‌കൂട്ടറുടെ ഗുണനിലവാരവും ശോകമായിരുന്നു.

ഇനി ഏതർ കാണുക. നല്ല നിർമ്മാണ നിലവാരമുള്ള ഇലക്ട്രിക് സ്‌കൂട്ടർ. ഇന്ത്യനുമാണ് ഇവൻ. ബാംഗ്ലൂരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഏതർ എനർജിയാണ് നിർമ്മാതാക്കൾ. കുറഞ്ഞ കാലം കൊണ്ട് വലിയ വിജയമായി മാറിയ ഏതറിന് ഇപ്പോൾ കൊച്ചിയിൽ ഡീലർഷിപ്പുണ്ട്. ഏതറിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ 450 എക്‌സിനെ പരിചയപ്പെടാം

കാഴ്ച

ആദ്യമായി വിപണിയിലെത്തിയത് 450 ആയിരുന്നു. എക്‌സ് എന്നു കൂടി പേരിൽ കൂട്ടിച്ചേർത്ത് 450 എക്‌സ് വന്നപ്പോഴും ‘ലുക്കി’ൽ വലിയ മാറ്റമില്ല. വളരെ ഫ്യൂച്ചറിസ്റ്റിക് ആണ് ഡിസൈൻ. മനോഹരവും മെലിഞ്ഞതുമായ ഹെഡ്‌ലാമ്പാണ് മുൻഭാഗത്തെ പ്രധാനതാരം. മുന്നിലെ ബോഡി പാനലുകൾ ഷാർപ്പ് കട്ടാണ്. ഒട്ടും മുഴച്ചു നിൽക്കുന്നില്ല. ഉയർന്നു നിൽക്കുന്നു, മുൻ മഡ്ഗാർഡ്. മുൻ ഏപ്രണിനോടനുബന്ധിച്ച് ഉയർന്നും താഴ്ന്നും നിൽക്കുന്ന ബോഡി പാനലുകളുണ്ട്. ഇതാണ് ഏതർ 450 എക്‌സിന് ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ നൽകുന്നത് ‘സ്മാർട്ട് ഡ്രൈവി’ന്റെ ടെസ്റ്റ് റൈഡ് വാഹനം മാറ്റ് ബ്ലാക്ക് ഫിനിഷിലുള്ളതായതിനാൽ ഇടയ്ക്കിടെ ഫ്‌ളൂറസന്റ് മഞ്ഞ വരകളുണ്ട്. ഇത് വീൽ റിമ്മിലും എക്‌സ്‌പോസ് ആയിട്ടുള്ള ഫ്രെയിമിലുമൊക്കെ കാണാം.

പുതിയ ടച്ച് സ്‌ക്രീൻ ഇൻസ്ട്രുമെന്റ് പാനലാണ് 450 എക്‌സിന്റെ പുതിയ ആകർഷണം. ഇത് ഒരു കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലെ തോന്നിക്കും. ആൻഡ്രോയ്ഡ് ബേസ്ഡ് സിസ്റ്റമാണിത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി, ഫോൺ പെയറിങ്, ഡാർക്ക് മോഡ് എന്നിവ എടുത്തുപറയാം. ഫോൺ പെയറിങ് വഴി ഇൻകമിങ് കോൾ അലർട്ടുകൾ സ്‌ക്രീനിൽ കാണാം. പാട്ടു കേൾക്കാം..

സൈഡ് പാനലുകളും പിന്നിലെ എൽഇഡി ടെയ്ൽലാമ്പുമൊക്കെ ഏതറിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. സീറ്റ് ഉയർത്തിയാൽ 22 ലിറ്റർ സ്റ്റോറേജുണ്ട്. വലിയ ഹെൽമറ്റ് സുഖമായി ഇവിടെ സൂക്ഷിക്കാം. എൽഇഡി ലൈറ്റും സ്റ്റോറേജ് ഏരിയയിൽ കൊടുത്തിട്ടുണ്ട്. 450 എന്ന ആദ്യ സ്‌കൂട്ടറിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടി വലിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമാണ് 450 എക്‌സിൽ ഉള്ളത്. 2.5 കിലോവാട്ടാണ് ലിഥിയം അയൺ ബാറ്ററി പാക്ക്. 6 കിലോവാട്ട് (8ബിഎച്ച്പി, 26 ന്യൂട്ടൺ മീറ്റർ ടോർക്ക്) ആണ് മോട്ടോർ.

ഇക്കോ, റൈഡ്, സ്‌പോർട്ട്, വാർപ്പ് എന്നീ റൈഡ് മോഡുകളുണ്ട്. ഇക്കോമോഡിൽ പെർഫോമൻസ് ലാഗ് ഉണ്ട്. വാർപ്പ് മോഡിൽ ലാഗ് തീരെയില്ല. 60 കി.മീ. വേഗതയെടുക്കാൻ 65 സെക്കന്റ് മതി. വൈബ്രേഷനൊന്നും മോട്ടോറിനില്ല. കാറ്റ് വീശുന്നതു പോലെയാണ് ഏതറിന്റെ പോക്ക്. ഹാൻഡിൽബാർ ഭാരം കുറഞ്ഞതായതുകൊണ്ട് തിരിക്കാൻ എളുപ്പമാണ്. വെയ്റ്റ് ഡിസ്ട്രിബ്യൂഷനും ഒന്നാന്തരം .സസ്‌പെൻഷൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. മോണോഷോക്കിന്റെ പ്രവർത്തനവും സുഖകരമാണ്. 12 ഇഞ്ചാണ് ടയറുകൾ.

ഒറ്റ ചാർജ്ജിംഗിൽ ഏതർ 450 എക്‌സ് 85 കി.മീ. ഓടും. എന്നാൽ വാർപ്പ് മോഡിൽ ഇത് 50 കി.മീ.വരെ കുറഞ്ഞേക്കാം. ഫുൾചാർജ്ജാകാൻ ഒന്നേകാൽമണിക്കൂർ മതി. എന്നാൽ 10 മിനിറ്റു കൊണ്ട് 15 കി.മീ ഓടാനുള്ള ചാർജ്ജ് കിട്ടുകയും ചെയ്യും. സീറ്റ് ഹൈറ്റ് 165 മി മി. ആയതുകൊണ്ട് ഏത് ഉയരക്കാർക്കും ഏതർ അനുയോജ്യമാണ.

നല്ല നിർമ്മാണ നിലവാരമുള്ള സ്‌കൂട്ടറാണ് ഏതർ 450 എക്‌സ്. രസകരമായി ഓടിച്ചു പോവുകയും ചെയ്യാം. വളരെ പെട്ടെന്ന് ശ്രദ്ധേയരായ ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്ന് വരുന്ന വാഹനമായതിനാൽ ചൈനീസ് കമ്പനികളെപ്പോലെ പൂട്ടിക്കെട്ടി പോകുമെന്ന പേടി വേണ്ട. ഏതർ450 പ്ലസിന് 1.42 ലക്ഷവും, 450 എക്‌സിന് 1.61 ലക്ഷവുമാണ് എക്‌സ് ഷോറൂം വില $

Vehicle Provided By:
Ather space palal mobility
Kochi, Ph: 7849033033

Leave a Reply

Your email address will not be published. Required fields are marked *

shares