Test Drive: Toyota Urban Cruiser
December 24, 2020
Hyundai Foundation Announces the 2nd Edition of H-Social Creator
December 28, 2020

Test Ride: BMW F900 XR

ബിഎംഡബ്ല്യുവിന്റെ സ്‌പോർട്‌സ് ടൂററായ എഫ്900 എക്‌സ് ആറിന്റെ ടെസ്റ്റ് റൈഡിലേക്ക് സ്വാഗതം.

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

ഏതാണ്ട് മൂന്നു വർഷം മുമ്പ് എസ്1000 എക്‌സ്ആർ എന്നൊരു മോഡലിന്റെ ടെസ്റ്റ് റൈഡ് ചെയ്തത് ഓർമ്മയില്ലേ? എസ് 1000ആർ എന്ന സൂപ്പർ സ്‌പോർട്ട് മോഡലിന്റെ അഡ്വഞ്ചർ ടൂറർ വകഭേദമായിരുന്നു അത്. എന്നാൽ ഇത്തവണ നാം പരിചയപ്പെടാൻ പോകുന്നത് ബിഎംഡബ്ല്യൂവിന്റെ എഫ് സീരീസിലെ ഒരു ബൈക്കിനെയാണ്. എഫ് 900 എക്‌സ്ആർ. ബിഎംഡബ്ല്യൂവിന്റെ അഡ്വഞ്ചർ അല്ലെങ്കിൽ ഡ്യുവൽ സ്‌പോർട്ട് എന്ന്‌കേട്ടാൽ ആദ്യം ജിഎസ് ലൈനപ്പാണല്ലോ ഓർമവരിക. എന്നാൽ അതല്ലാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട്. എഫ് സീരീസ് എന്നാൽ ബിഎംഡബ്ല്യൂവിന്റെ പാരലൽ ട്വിൻ ഡ്യുവൽ സ്‌പോർട്ട് മോഡലുകളുടെ ശ്രേണിയാണ്. അഡ്വഞ്ചർ ബൈക്കുകളുടെയും ഡ്യുവൽ സ്‌പോർട്ട് ബൈക്കുകളുടെയുമൊക്കെ അംശങ്ങൾ പേറുന്ന, എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തവുമായ എഫ് സീരീസിലെ കരുത്തനാ യ എഫ് 900 എക്‌സ്ആറിനെ ഒന്നടുത്തുകാണാം,
അനുഭവിച്ചറിയാം..

കാഴ്ച

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെപ്പോലെ തന്നെ തലയെടുപ്പുള്ള ആകാരസൗഷ്ഠവം. മുൻകാഴ്ചയിലെവിടെയോ ഡ്യുകാറ്റി മൾട്ടിസ്ട്രാഡയുടെ സാമ്യവും വന്നുപോകുന്നുണ്ട്. ഏലിയൻ ഫേസ് എന്നൊക്കെ വിളിക്കാവുന്ന തെല്ലുയർന്ന വിൻഡ്‌സ്‌ക്രീനുള്ള ഫെയറിങ്ങും ഇരട്ട ഹെഡ്‌ലാമ്പുകളും. ഇരുവശത്തുമായി സെമി ഫെയറിങ്ങുകൾ. സ്വർണവർണമാർന്ന 43 എം എം അപ് സൈഡ് ഡൗൺ ഫോർക്കുകൾക്കു നടുവിൽ തീർത്തും ചെറിയൊരു ഫെൻഡറും അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന 120/70 ആർ 17 ടയറും കാസ്റ്റ് അലോയ് വീലും. ബ്രെംബോയുടെ 4 പിസ്റ്റൺ റേഡിയൽ കാലിപ്പറുകളോടു കൂടിയ 320 എം എം ഡ്യുവൽ ഡിസ്‌ക് ആണ് മുന്നിലെ ബ്രേക്ക്. വശങ്ങളിലേക്കു വരുമ്പോൾ സാബർ ടൂത്ത് ഫെയറിങ്ങുകൾ എഞ്ചിനെ മറയ്ക്കാൻ ശ്രമിക്കുന്നു. കടഞ്ഞെടുത്തതു പോലെയുള്ള ഫ്യുവൽ ടാങ്കിൽ ബിഎംഡബ്ല്യൂ ലോഗോയും എഫ് 900 എന്ന മേലെഴുത്തും കാണാം. ടാങ്കിനു മുകളിലും താഴെയുമായി കറുത്ത ക്ലാഡിങ്ങ് കടന്നുപോകുന്നുണ്ട്. ലിക്വിഡ് കൂൾഡ് ട്വിൻ സിലിൻഡർ എഞ്ചിനും കറുപ്പണിഞ്ഞിരിക്കുന്നു. സബ് ഫ്രെയിമിൽ മാത്രമാണ് സിൽവർ ഫിനിഷുള്ളത്. തീർത്തും നീളം കുറഞ്ഞ പില്യൺ സീറ്റും പിൻ ഫെൻഡറുമാണ് എഫ്900എക്‌സ്ആറിന്റേത്. റിയർവീലിന്റെ മധ്യഭാഗത്തോടെ തീരുകയാണ് ഫെൻഡർ. അവിടുന്ന് പിന്നിലേക്കു നീളുന്ന ഒരു ടെയ്ൽപീസിലാണ് ഇൻഡിക്കേറ്ററുകളും നമ്പർ പ്‌ളേറ്റുമൊക്കെ വരുന്നത്. പിന്നിലെ 180/55 ആർ 17 ടയറിന്റെ നഗ്‌നതാപ്രദർശനമാണ് എഫ്900എക്‌സ്ആറിന്റെ നിതംബഭംഗി.

റൈഡ്

കയറിയിരിക്കുമ്പോൾ അത്ര ആത്മവിശ്വാസം തോന്നിയില്ല. ബിഎംഡബ്ല്യൂവിന്റെ ജിഎസ് സീരീസിൽ നിന്നും അല്പം വ്യത്യസ്തമായ സീറ്റിങ്ങ്. സ്വിച്ച്ഗിയറുകൾ തനത് ബിഎംഡബ്ല്യൂ രീതിയിൽ തന്നെ. വലിയ ടിഎഫ്ടി ഡിസ്‌പ്ലേയിൽ ബിഎംഡബ്ല്യൂ മോട്ടോറാഡ് കണക്റ്റിവിറ്റിയുണ്ട്. സ്മാർട്ട്‌ഫോണുകളുമായി പെയർ ചെയ്യുമ്പോൾ ഇത് ഏറെ കരുത്തുള്ളൊരു ഫീച്ചർ തന്നെയായിരിക്കും.
സ്റ്റാർട്ട് ചെയ്യാം. ബിഎംഡബ്ല്യൂവിന്റെ പാരലൽ ട്വിൻ എഞ്ചിനുള്ള ഒരു ബൈക്ക് ഇതാദ്യമായാണ് ഞാൻ ഓടിക്കുന്നത്. സ്റ്റാർട്ട് ചെയ്തു. തെല്ല് വേഗതയാർന്ന ഐഡ്‌ലിങ്ങ്. ഫസ്റ്റ് ഗിയറിട്ട് നീങ്ങിത്തുടങ്ങി. ഓപി ഒളശ്ശ പറഞ്ഞതു പോലെ, ഒരു ഗിയർ, രണ്ടു ഗിയർ… അസാമാന്യ കോൺഫിഡൻസ്… ആഹാ… പാരലൽ ട്വിൻ ആണെങ്കിലും ഇൻലൈൻ ഫോറിന്റെ റിഫൈന്മെന്റോടെ തുള്ളിക്കുതിച്ചാണ് എഫ്900എക്‌സ്ആർ എന്റെ വിരൽത്തുമ്പിൽ നിൽക്കുന്നത്.
895 സിസി പാരലൽ ട്വിൻ, ഡ്യുവൽ ഓവർഹെഡ് ക്യാം, 4 വാൽവ് പെർ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് എഫ്900 എക്‌സ്ആറിന്റേത്. 8500 ആർപിഎമ്മിൽ 105 എച്ച്പിയാണ് ഇവന്റെ കരുത്ത്. 6500 ആർപിഎമ്മിൽ 92 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. പോരേ പൂരം. 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനാണ് ഇവനുള്ളത്.

ഡൈനമിക് ഇഎസ്എ എന്ന ഫീച്ചറുള്ളതു കാരണം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഇതിന്റെ സസ്‌പെൻഷൻ സെറ്റിങ്ങ്‌സ് നമുക്ക് മാറ്റാനാവും. രാത്രിയാത്രകളിൽ ഇരട്ട ഹെഡ്‌ലാമ്പുകൾക്കൊപ്പം കോർണറിങ്ങ് ലാമ്പുകളുമുണ്ട്. വളവിലും തിരിവിലുമൊക്കെ നല്ല വ്യക്തമായ കാഴ്ചലഭിക്കാൻ ഇത് സഹായിക്കും.
ഓടിച്ചുതുടങ്ങി മിനുട്ടുകൾക്കകം ഇഷ്ടപ്പെട്ടുപോയ ഒരു ബൈക്കാണ് ബിഎംഡബ്ല്യൂ എഫ്900എക്‌സ്ആർ. ഒരു പ്രത്യേക സ്വഭാവമുള്ള ബൈക്ക്. കാഴ്ചയിലുള്ള തലപ്പൊക്കവും തണ്ടുമേയുള്ളൂ. കയ്യിലിണങ്ങിയാൽ പൂച്ചക്കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കാവുന്ന ഒരു സ്‌പോർട്ട്‌സ് ടൂറർ. അതാണിവൻ$

Leave a Reply

Your email address will not be published. Required fields are marked *

shares