Test Ride: Ather 450X
May 6, 2021
TVS shift gears to revive Norton to the new era
May 16, 2021

Test Ride: BMW R1250GS

ബിഎംഡബ്ല്യുവിന്റെ എക്കാലത്തെയും മികച്ച ഡ്യുവൽസ്‌പോർട്ട് ബൈക്കായ ആർ 1200 ജിഎസിന്റെ പരിഷ്‌കരിച്ച പതിപ്പായ ആർ 1250 ജിഎസിന്റെ ടെസ്റ്റ് റൈഡ്.

എഴുത്ത്: ജുബിൻ ജേക്കബ് ചിത്രങ്ങൾ: പ്രപഞ്ച് എം കെ

എനിക്കൊരിക്കലും മറക്കാൻ കഴിയാത്തൊരു വാഹനമാണ് ബിഎംഡബ്ല്യു ആർ 1200ജി എസ്. ഞാനാദ്യമായി ഓടിക്കുന്ന ബിഎംഡബ്ല്യു ബൈക്ക്, ആദ്യമായി കൈവെച്ച ഡ്യുവൽ സ്‌പോർട്ട് ബൈക്ക്, ആദ്യമായി ഓടിച്ച ഷാഫ്റ്റ് ഡ്രൈവ് ബൈക്ക്, അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഓർമ്മകളിൽ. എട്ടു വർഷം മുമ്പ് വിദേശമലയാളിയും സുഹൃത്തുമായ നഹാസ് ഒമറായിരുന്നു ഇവനെ ആദ്യം കേരളത്തിലേക്കെത്തിച്ചത്. അന്ന് ഒരുപാട് വിസ്മയനിമിഷങ്ങളാണ് 1200ജിഎസ് എനിക്കു നൽകിയതും. ആ ടെസ്റ്റ് റൈഡ് സ്മാർട്ട്‌ഡ്രൈവിൽ പ്രസിദ്ധീകരിക്കും മുമ്പു തന്നെ മറ്റൊരു ദുരന്തം സംഭവിച്ചിരുന്നു. ജിഎസിന്റെ പുതിയ മോഡൽ ടെസ്റ്റ് റൈഡ് ചെയ്യുന്നതിനിടെ ലോക പ്രശസ്ത ഓട്ടോജേണലിസ്റ്റ് കെവിൻ ആഷിന്റെ മരണം. അന്ന് പലയിടത്തു നിന്നും വിമർശനശരങ്ങൾ ജിഎസിനു നേരേ നീണ്ടു. പക്ഷേ അതൊരു സാങ്കേതികപ്പിഴവു മൂലമുണ്ടായ അപകടമാണെന്ന് ഇന്നും തെളിഞ്ഞിട്ടില്ല. ഏതാനും വർഷങ്ങൾക്കു ശേഷം ഞാനിപ്പോൾ നിൽക്കുന്നത് കളമശേരിയിൽ ആദ്യമായി 1200 ജിഎസ് ടെസ്റ്റ് റൈഡ് നടത്തിയ സ്ഥലത്താണ്, ഒപ്പം പുതുപുത്തൻ ആർ 1250ജിഎസുമുണ്ട്.

അഡ്വഞ്ചർ ടൂറിങ്ങ് അല്ലെങ്കിൽ ഡ്യുവൽ സ്‌പോർട്ട് വിഭാഗത്തിലെ മുടിചൂടാമന്നനാണ് ജിഎസ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വിൽപനയുള്ള ബൈക്ക് എന്ന ബഹുമതിയും ജിഎസിനു തന്നെ. പ്രശസ്ത മോട്ടോർസൈക്കിൾ മാഗസിനായ സൈക്കിൾ വേൾഡ് 2012ൽ ഇവനെ വിശേഷിപ്പിച്ചത് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഈ സെഗ്‌മെന്റിലെ ഏറ്റവും വിജയകരമായ മോഡൽ എന്നാണ്. അതു ശരിവെക്കുന്ന തരത്തിൽ തന്നെയാണ് ബിഎംഡബ്ല്യു ഇപ്പോഴും മുന്നോട്ടു നീങ്ങുന്നത്. നമ്മുടെ നാട്ടിൽ ബിഎംഡബ്ല്യു ബൈക്കുകൾ സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ജിഎസ് സീരീസ് ബൈക്കുകൾ ആദ്യമായിറങ്ങുന്നത് 1980ലാണ്. ബോക്‌സർ ടൈപ്പ് ഫ്‌ളാറ്റ് ട്വിൻ എൻജിനുകൾക്കു പേരുകേട്ട ബിഎംഡബ്ല്യു ജിഎസിലും ആ പതിവു തെറ്റിച്ചില്ല. അന്നു മുതൽ ഇന്നു വരെ ജിഎസിൽ ബോക്‌സർ എൻജിനുകളാണ്. ചില വേരിയന്റുകളിൽ സിംഗിൾ സിലിൻഡർ എൻജിനുമുണ്ട്. 2013 വരെ എയർ/ഓയിൽ കൂൾഡ് എഞ്ചിനായിരുന്നു ജിഎസിനുണ്ടായിരുന്നത്. അതിനു ശേഷമാണ് ലിക്വിഡ് കൂൾഡ് എഞ്ചിനുമായി പുതിയ മോഡൽ വരുന്നത്.
2019ലാണ് ആർ 1250 ജിഎസ് ഇറങ്ങുന്നത്. ആർ 1200 ജിഎസ് എന്ന യുഗം അവസാനിക്കുകയായിരുന്നു അവിടെ. കൂടുതൽ കരുത്തനായി വന്ന ആർ 1250 ജിഎസിന് എന്തൊക്കെയാണ് പ്രത്യേകതകൾ? നമുക്കൊന്നു നോക്കാം.

കാഴ്ച

നാം മുമ്പൊരിക്കൽ പരിചയപ്പെട്ട 1200 ജിഎസിൽ നിന്നും കാര്യമായ രൂപമാറ്റങ്ങളില്ലാതെയാണ് പുതിയ മോഡലും വന്നിരിക്കുന്നതെന്ന് തോന്നുമെങ്കിലും എല്ലാ ഘടകങ്ങളിലും മാറ്റമുണ്ട്. തലയെടുപ്പുള്ള രൂപം. ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ഡേടൈം റണ്ണിങ്ങ് ലാമ്പും പ്രോജെക്ടറുകളുമടക്കം എൽഇഡികൾ കുടിയേറിയ ഹെഡ്‌ലാമ്പുകളാണ്. 200 എം.എം ട്രാവലൂള്ള വലിയ ഫോർക്കുകളും ടെലിലിവർ സംവിധാനവുമിള്ള സസ്‌പെൻഷനിൽ ഉയർന്നു നിൽക്കുകയാണ് ജിഎസ്. ഹെഡ്‌ലാമ്പിനടിയിലായി എയർ സ്‌കൂപ്പുണ്ട്. 305 എം.എം ഇരട്ട ഡിസ്‌കുകളെ പിടിച്ചുനിർത്താൻ 4 പിസ്റ്റൻ കാലിപറുകളും കാണാം. വശങ്ങളിലേക്കു വരുമ്പോഴാണ് ജിഎസിന്റെ അഴകു പൂർണ്ണമാകുന്നത്. കാസ്റ്റ് അലുമിനിയം വീലുകളുടെ ഭംഗി ആരുടെയും മനസ്സിളക്കും. വൺസൈഡ് ഹബ് ഉള്ള പിൻവീലിൽ ആ സ്‌പോക്കുകളുടെ ഭംഗി എടുത്തറിയാനാവുന്നുണ്ടു താനും. ടാങ്കിനു മുന്നിലായുള്ള വലിയ ഡ്യുവൽ ടോൺ സ്‌കൂപ്പുകളിൽ ബിഎംഡബ്ല്യു ലോഗോ കാണാം. ഈ സ്‌കൂപ്പുകൾക്കുള്ളിലാണ് ജിഎസിന്റെ കൂളിങ്ങ് സിസ്റ്റം കുടികൊള്ളുന്നത്. ഇരട്ട റേഡിയേറ്ററുകളാണ് ഈ ബോക്‌സർ ട്വിന്നിന് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

ബലവത്തായ ടൂ സെക്ഷൻ ബോൾട്ടഡ് ഫ്രെയിമിൽ ഇരുവശത്തേക്കും ചാഞ്ഞുകിടക്കുന്ന ബോക്‌സർ എൻജിനാകട്ടെ ലോഡ് ബെയറിങ്ങ് രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നഹ്റ്റ്. അതായത് ആഘാതങ്ങൾ ഫ്രെയിമും എൻജിനും ഒരേപോലെ പങ്കിട്ടെടുക്കുന്ന സംവിധാനമാണിത്. സ്‌ട്രെസ്ഡ് മെംബർ എന്നും ഈ സംവിധാനത്തിൽ എൻജിനെ വിശേഷിപ്പിക്കാറുണ്ട്. പിന്നിലേക്ക് കനം കുറഞ്ഞു വരുന്ന രീതിയാണ് ജിഎസിന്റെ ഡിസൈൻ. എന്നാൽ വലിയ എക്‌സ്‌ഹോസ്റ്റ് ക്യാനിസ്റ്റർ ആ കുറവു തീർത്തുകൊണ്ട് അവിടെ നിലകൊള്ളുന്നുണ്ട്. ടെയിൽ പീസിലെ കാസ്റ്റ് അലോയ് ലഗേജ് റാക്കാണ് ജിഎസ് ബൈക്കുകളിൽ എനിക്കേറ്റവുമിഷ്ടപ്പെട്ട ഘടകങ്ങളിലൊന്ന്. ഒരേസമയം സ്‌റ്റൈലിഷും ബലവത്തുമായ സംവിധാനം.

റൈഡ്

2018ൽ ആർ 1200 ജിഎസ്എ മോഡലിന്റെ ടെസ്റ്റ് ഡ്രൈവിനു ശേഷം വീണ്ടും ഞാൻ ജിഎസിൽ കയറി. കാഴ്ചയിൽ ഭീകരനാണെങ്കിലും കയറിയിരിക്കുമ്പോൾ ആത്മവിശ്വാസം തോന്നുന്ന തരത്തിലാണ് ഇവന്റെ സീറ്റിങ്ങ്. കൺസോളിലേക്കൊന്നു നോക്കാം. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയൊരു ടിഎഫ്ടി ഡിസ്പ്‌ളേയാണ് ഇപ്പോൾ ജിഎസിന്റെ കൺസോൾ. ഇതിന്റെ നാവിഗേഷൻ നിർവ്വഹിക്കുന്നത് ഇടതു ഹാൻഡ്ൽ ബാറിലെ സ്വിച്ചുകളും ഹാൻഡ്വീലും ഉപയോഗിച്ചാണ്. സാധാരണയായി കാണാറുള്ള ലൈറ്റ്, ഇൻഡിക്കേറ്റർ, ഹോൺ തുടങ്ങിയവയുടെ സ്വിച്ചുകൾ കൂടാതെ ഹസാഡ് ലൈറ്റ്, ക്രൂസ് കൺട്രോൾ, സസ്‌പെൻഷൻ, എബിഎസ് എന്നിവയ്ക്കായി പ്രത്യേക സ്വിച്ചുകളുമുണ്ട് ഈ സ്വിച്ച് ക്ലസ്റ്ററിൽ. വലതുവശത്താണെങ്കിൽ എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണും, ഗ്രിപ് ഹീറ്ററുമല്ലാതെ വേറൊന്നുമില്ല. സ്റ്റാർട്ടറിൽ ഒന്നമർത്തുമ്പോഴേക്കും ബോക്‌സർ തുടിച്ചുണർന്നു. എനിക്കു വിശ്വസിക്കാനാവുന്നില്ല, മുമ്പു ഞാനോടിച്ച 1200ജിഎസിനെക്കാളും കാതങ്ങളകലെയാണ് ഈ പുതിയ മോഡലിന്റെ എൻജിൻ റിഫൈൻമെന്റ്.

ഒന്നു റെവ് ചെയ്തപ്പോൾ അത് ഒന്നുകൂടി വ്യക്തമായി. ട്വിൻ ആണെന്ന് തോന്നുകയേ ഇല്ല. പഴയ മോഡലിൽ നിന്നും ഏറെ മാറിയിട്ടുണ്ട് 1250 ജിഎസ്. എല്ലാം ഗുണകരമായ മാറ്റങ്ങൾ മാത്രം. എൻജിൻ തന്നെയെടുക്കാം. 1254സിസി ഫ്‌ളാറ്റ് ട്വിൻ ലിക്വിഡ് കൂൾഡ് എൻജിന്റെ കരുത്ത് 7750 ആർപിഎമ്മിൽ 136 പിഎസ് ആണ്. 6500 ആർപിഎമ്മിൽ 143 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ട്രാൻസ്മിഷൻ ഹെലിക്കൽ ടീത്തുള്ള 6 സ്പീഡ് ഗിയറാണെങ്കിൽ ഫൈനൽ ഡ്രൈവിൽ ഷാഫ്റ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മൾട്ടിപ്‌ളേറ്റ് വെറ്റ് ക്‌ളച്ച് ഹൈഡ്രോളിക്കാണ്.

മുന്നിൽ ടെലിലിവർ സസ്‌പെൻഷനും പിന്നിൽ പാരാലിവർ സസ്‌പെൻഷനും മാറ്റമില്ലാതെ തുടരുന്നു. ജിഎസ് ശ്രേണിയിലെ ബൈക്കുകളുടെ അപാരമായ സ്റ്റെബിലിറ്റിക്കു കാരണം മറ്റൊന്നുമല്ല. പിന്നിലെ സസ്‌പെൻഷനാണെങ്കിൽ ഹൈഡ്രോളിക് കൺട്രോളുള്ളതാണ്. മുമ്പു പറഞ്ഞ ഹാൻഡ്വീൽ തിരിച്ചുകൊണ്ട് ഇതിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമാവും. അസാമാന്യമായ സ്ഥിരതയാണ് 1250 ജിഎസിനെന്നു പറഞ്ഞല്ലോ. ബ്രേക്കിങ്ങും അതുപോലെ തന്നെ കിടയറ്റതാണ്. മുമ്പ് ബ്രെംബോ ആയിരുന്നു ബ്രേക്കുകൾ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ബിഎംഡബ്ല്യുവിന്റെ സ്വന്തം ബ്രേക്ക് സിസ്റ്റമാണ് ആർ 1250 ജിഎസിലുള്ളത്.

റോഡ് ഏതുമാകട്ടെ, ധൈര്യമായി മുന്നോട്ടു പോകാൻ കഴിയുന്ന വളരെ ചുരുക്കം ബൈക്കുകൾ ലോകത്തുണ്ട്. അതിലൊന്നാണ് ബിഎംഡബ്ല്യു ആർ 1250 ജിഎസ്. നല്ല റിഫൈൻമെന്റും അതിനൊത്ത പ്രകടനവും പരാതികൾക്കിടയില്ലാത്ത വിശ്വാസ്യതയും കൂടിയാവുമ്പോൾ ബിഎംഡബ്ല്യുവിന്റെ ലോഗോ ഇതിനെല്ലാം അടിവരയിടുന്നു$

Vehicle Provided By:
BMW EVM AUTOKRAFT
Kochi
Ph: 081130 33333

Leave a Reply

Your email address will not be published. Required fields are marked *

shares