Test drive: Tata Safari
March 2, 2021
Test ride: Honda CB350 RS
March 2, 2021

Test ride: Hero Glamour 125 Fi

ഹീറോയുടെ എക്‌സിക്യൂട്ടീവ് കമ്യൂട്ടറായ ഗ്‌ളാമർ 125 എഫ്.ഐയുടെ ഏറ്റവും പുതിയ മോഡലിനെ പരിചയപ്പെടാം….

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

ഇന്ത്യയിലെ മോട്ടോർസൈക്കിൾ രംഗത്ത് വിപ്‌ളവകരമായ ‘ഫിൽ ഇറ്റ്, ഷട്ട് ഇറ്റ്, ഫോർഗെറ്റ് ഇറ്റ്’ മുദ്രാവാക്യം കൊണ്ടുവന്ന ഹീറോ ഹോണ്ടയ്ക്ക് അടുത്ത രണ്ടു പതിറ്റാണ്ട് കാലത്തേക്ക് രാജാവായി വിലസാൻ വഴിയൊരുക്കിയത് ആദ്യമോഡലായ സിഡി 100ൽ വന്ന നൂറുസിസി എഞ്ചിനായിരുന്നു. ആ എഞ്ചിനും അതിന്റെ വിവിധ വകഭേദങ്ങളുമുപയോഗിച്ച് ഹീറോ ഹോണ്ട പല മോഡലുകളുമിറക്കി. കമൽഹാസന്റെ ദശാവതാരം സിനിമ പോലെ, പല ലുക്കും, ഒരേ എഞ്ചിനും. ഇടയ്ക്കു വന്ന സ്ട്രീറ്റും സിബിസെഡും മാത്രമായിരുന്നു അതിനൊരപവാദം. 2005ൽ ഹീറോഹോണ്ടയ്ക്ക് ഒരു കാര്യം മനസ്സിലായി. നല്ലൊരു എക്‌സിക്യുട്ടീവ് കമ്യൂട്ടറില്ലെങ്കിൽ പണി പാളും. അതിനാകട്ടെ പാഷൻ പോലെ വലിയ ബോഡിപാനലും ഇത്തിരിക്കുഞ്ഞൻ 100സിസി എഞ്ചിനുമുള്ള മോഡലുകളുമായിരുന്നാൽ കടിച്ചതും പിടിച്ചതുമില്ലാതാവും. എതിരാളിയായ ബജാജാവട്ടെ പൾസറിനു പിന്നാലെ ഡിസ്‌കവർ എന്നൊരു മോഡലുമിറക്കി അതിന് ജാക്കീ ചാനെക്കൊണ്ട് പരസ്യം വരെ ചെയ്യിച്ചിരിക്കുന്നു. അപ്പോഴാണ് ഹീറോഹോണ്ട പുതിയൊരു കക്ഷിയെ രംഗത്തിറക്കുന്നത്. അതായിരുന്നു ഹീറോഹോണ്ടാ ഗ്‌ളാമർ. 125സിസി എഞ്ചിനായിരുന്നു ഇവന്റെ പ്രത്യേകത. അക്കാലത്തു തന്നെ ഇതേ എഞ്ചിൻ വെച്ച് സൂപ്പർ സ്പ്‌ളെൻഡർ എന്നൊരു മോഡലും ഹീറോഹോണ്ട ഇറക്കിയിരുന്നു. സാമാന്യം മോശമല്ലാത്തൊരു വരവേൽപ്പായിരുന്നു ഗ്‌ളാമറിന് ലഭിച്ചത്. അധികം വൈകാതെ ഈ എഞ്ചിന്റെ ഫ്യുവൽ ഇൻജെക്ഷൻ വകഭേദവും ഹീറോഹോണ്ട ഇറക്കി. ഇന്ത്യൻ വിപണിയിലെ ആദ്യ എഫ്.ഐ മോഡൽ മോട്ടോർസൈക്കിൾ..! 125സിസി സെഗ്മെന്റിൽ ഏറ്റവുമധികം വില്പനയുള്ള മോഡലായി മാറാൻ ഗ്‌ളാമറിന് അധികം സമയം വേണ്ടിവന്നില്ല. പിന്നീടങ്ങോട്ട് 125 സിസി സെഗ്മെന്റിൽ എതിരാളികൾ പെരുകിയപ്പോൾ ഗ്‌ളാമറിന് തെല്ലൊന്ന് ചുവടുതെറ്റി. എന്നാൽ അടുത്തിടെ ഹീറോ മോട്ടോകോർപ്പ് ഗ്‌ളാമറിനു പുതിയ എഞ്ചിൻ നൽകുകയുണ്ടായി. പഴയ ഹൊറിസോണ്ടൽ ലേഔട്ടിൽ നിന്നും വ്യത്യസ്തമായി ഇൻക്‌ളൈൻഡ് സിലിണ്ടറുള്ള എഞ്ചിൻ വന്നതോടെ ഗ്‌ളാമറിന്റെ എന്തൊക്കെയാണ് മാറ്റങ്ങൾ, നമുക്കൊന്നു നോക്കാം.

കാഴ്ച

സ്‌പോർട്‌സ് റെഡ്, റേഡിയന്റ് റെഡ്, മിഡ്‌നൈറ്റ് ബ്‌ളാക്ക്, ടെക്‌നോ ബ്‌ളൂ എന്നിങ്ങനെ നാലു നിറങ്ങൾ കൂടാതെ ഒരു 100എം എഡിഷൻ കൂടിയുണ്ട് പുതിയ ഗ്‌ളാമറിന്. ഇതിൽ റേഡിയന്റ് റെഡാണ് നമ്മോടൊപ്പമുള്ളത്. കൂടുതൽ അഗ്രസ്സിവ് ആയ ഹെഡ്‌ലാമ്പ് ഡിസൈനാണ് പുതിയ ഗ്‌ളാമറിന്റേത്. ചുവന്ന ഫെയറിങ്ങിനുള്ളിൽ കണ്മഷിയെഴുതിയതു പോലെയുള്ള ഹെഡ്‌ലാമ്പ് ഹൗസിങ്ങ് ഇപ്പോൾ കൂടുതൽ സ്‌റ്റൈലിഷായിട്ടുണ്ട്. കൂടുതൽ ട്രാവെലുള്ള സസ്‌പെൻഷനാണ്
മുന്നിലേത്. താഴേക്കു വരുമ്പോൾ ശ്രദ്ധയിൽപ്പെടുക പുതിയ സ്പ്ലിറ്റ് സ്‌പോക്‌സ് ഉള്ള അലോയ് വീലുകളാണ്. 240എം.എം ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്.

വശങ്ങളിലേക്കു വരാം. പുതിയ ലേഔട്ടിലുള്ള എഞ്ചിനാണ് ശ്രദ്ധയാകർഷിക്കുക. ഓൾ ബ്‌ളാക്ക് എഞ്ചിന്റെ ഇരുഭാഗത്തും ഗൺമെറ്റൽ ഫിനിഷ് കാണാം. ടാങ്കിനു മുന്നിലെ സ്‌കൂപ്പിലാണ് ഗ്‌ളാമർ എന്നെഴുതിയ ഗ്രാഫിക്‌സ് വന്നിരിക്കുന്നത്. വലുപ്പമേറിയ ബോഡിപാനലുകളായിരുന്നു പണ്ടു മുതലേ ഗ്‌ളാമറിന്റെ മുഖമുദ്ര. ഇന്നും അത് മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നു. വലിയ മെഗഫോണിക് എക്‌സോസ്റ്റ് മാറ്റ് ബ്‌ളാക്ക് ഫിനിഷിലാണ് തീർത്തിരിക്കുന്നത്. ടെയ്ൽലാമ്പ് ‘എച്’ എന്ന അക്ഷരത്തിന്റെ ആകൃതിയിലായിട്ടുണ്ട്. ഗ്രാബ് റെയിലിനും കറുപ്പുനിറം നൽകിയിരിക്കുന്നു. ക്രോംപ്‌ളേറ്റഡ് ഘടകങ്ങൾ ഇല്ലെന്നു തന്നെ പറയാം.

റൈഡ്

ഹീറോയുടെ തനത് സ്വിച്ച്ഗിയർ തന്നെ ഗ്‌ളാമറിലും കാണാം. പുഷ് പുൾ സ്വിച്ചിലാണ് ഹൈ/ലോബീം സെലക്ഷൻ. വലത്തേ ഹാൻഡ്ൽബാറിൽ സ്റ്റാർട്ട് ബട്ടണും, ഐ3എസ് സ്വിച്ചും കാണാം. എഞ്ചിൻ കിൽ സ്വിച്ചില്ല.. അത് വന്ത് ഹീറോയ്ക്ക് അലർജി.! ഇൻസ്ട്രുമെന്റ് കൺസോളിലേക്കു നോക്കാം. അനലോഗ് സ്പീഡോമീറ്ററും അതിന്റെ വലതുവശത്തായി നീല ബാക്ക്‌ലിറ്റ് ഉള്ള മോണോക്രോം ഡിസ്‌പ്ലേയും കാണാം. ഇതിൽ ഒരുവിധം എല്ലാ വിവരങ്ങളുമുണ്ട്. സ്പീഡോ ഡയലിന്റെ ഇടതുഭാഗത്തായി ഇൻഡിക്കേഷൻ ലാമ്പുകളും കാണാം.

ഇനി ഇവനെയൊന്ന് സ്റ്റാർട്ട് ചെയ്യാം. ഹോണ്ടയുമായുള്ള സഹകരണത്തിലായിരുന്നു പഴയ ഗ്‌ളാമറിന്റെ എഞ്ചിൻ ഡിസൈൻ ചെയ്തിരുന്നതെങ്കിൽ ഇത് ഹീറോയുടെ സ്വന്തം ആർ&ഡിയുടെ സന്തതിയാണ്. എന്തായാലും നല്ല റിഫൈൻഡ് എഞ്ചിൻ എന്ന് പറയാതെ തരമില്ല. 124.7 സിസി എയർ കൂൾഡ് ഇൻക്ലൈൻഡ് സിംഗിൾ സിലിൻഡർ ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിനാണിത്. 7500 ആർപിഎമ്മിൽ 10.73 ബിഎച് പി കരുത്തും, 6000 ആർപിഎമ്മിൽ 10.6 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട് ഈ എഞ്ചിന്. ഫസ്റ്റ് ഗിയർ ഇടാൻ പതിവു പാറ്റേണിൽ ടോ ഷിഫ്റ്റർ മുകളിലേക്കുയർത്തി, അപ്പോഴാണ് അമളി മനസ്സിലായത്.

പുതിയ ഗ്‌ളാമറിൽ യൂണിവേഴ്‌സൽ പാറ്റേൺ ആയ വൺ ഡൗൺ, ഫോർ അപ് ആണ്. ഷിഫ്റ്റുകൾ തട്ടും തടവുമില്ലാതെ അനുസ്യൂതം നടക്കുന്നുണ്ട്. മോശമല്ലാത്ത കുതിപ്പുണ്ട് ഗ്‌ളാമറിന്. ഉയർന്ന സീറ്റിങ്ങ് പൊസിഷനും ഹാൻഡ്ൽബാറും സുഖപ്രദമായ റൈഡിങ്ങ് തരുന്നുണ്ട്. ചെറിയൊരു റൈഡ് കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഒരു കാര്യം മനസ്സിലായിരുന്നു. പുതിയൊരു ജന്മമാണ് ഹീറോ മോട്ടോ കോർപ്പ് ഗ്‌ളാമർ എന്ന മോഡലിനു നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യൻ വിപണിയിൽ ഇനിയും നിറസാന്നിദ്ധ്യമായി ഗ്‌ളാമർ തുടരുക തന്നെ ചെയ്യും$

Leave a Reply

Your email address will not be published. Required fields are marked *

shares