Shoot@Sites: Journey through film locations in a Hyundai Venue
July 19, 2019
Porsche launches New Macan@Rs 69,98,000
July 29, 2019

Test Ride: Hero XPULSE 200T

ഹീറോ മോട്ടോ കോർപിന്റെ ഏറ്റവും പുതിയ മോഡേൺ റെട്രോ ടൂറർ ബൈക്കായ എക്‌സ് പൾസ് 200 ടി ആണ് ഇത്തവണ നമ്മോടൊപ്പമുള്ളത്. എക്‌സ് പൾസ് ടിയുടെ വിശേഷങ്ങളിലേക്ക്…

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

ടൂറർ, അഡ്വഞ്ചർ ബൈക്കുകൾ കളം പിടിക്കുകയാണ്. മറ്റൊരു കാലത്തുമുണ്ടായിട്ടില്ലാത്തതു പോലെ ആളുകൾ യാത്രകളെ സ്‌നേഹിക്കുന്നു, അതിനു പോന്ന തരം ബൈക്കുകളെ അവർ തെരഞ്ഞെടുക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്ക് പ്രാപ്യമായ വിലയിൽ അങ്ങനെയൊരു ബൈക്ക് ഉണ്ടായിരുന്നില്ല. കമ്യൂട്ടർ, സ്‌പോർട്‌സ്, ക്‌ളാസ്സിക് വകഭേദങ്ങളിൽ ഒരുപാട് ബൈക്കുകൾ ഉണ്ടെങ്കിലും ഒരു നല്ല ടൂറർ എന്നു പറയാവുന്നത് വിരലിലെണ്ണാൻ പോലുമില്ല. ഉള്ളതൊക്കെ ഒരു ലക്ഷത്തിനു മേൽ വിലയുള്ളവ. ഇങ്ങനെയുള്ള ഒരു രംഗത്തേക്കാണ് ഹീറോ ചുവടുവെച്ചിരിക്കുന്നത്.

അകാലചരമം പ്രാപിച്ച ഇംപൾസ് എന്ന മോഡലിന്റെ പരിഷ്‌കൃത വകഭേദമായി എക്‌സ്പൾസ് എന്നൊരു ബ്രാൻഡ് തന്നെ സൃഷ്ടിക്കുകയാണ് ഹീറോയുടെ ലക്ഷ്യമെന്ന് തോന്നുന്നു. ഇംപൾസിന് ഇന്നും യൂസ്ഡ് വിപണിയിലുള്ള വിലയും, അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ എതിരാളികളുടെ അഭാവവും ഹീറോയെ ഇതിനു പ്രേരിപ്പിച്ചെന്നു പറയുന്നതാവും ശരി. എക്‌സ്പൾസ് ശ്രേണിയിൽ രണ്ടു ബൈക്കുകളാണ് ഹീറോ അവതരിപ്പിച്ചിട്ടുള്ളത്. എക്‌സ്പൾസ് 200 എന്ന ക്രോസ് റോഡ്സ്റ്ററും എക്‌സ്പൾസ് 200ടി എന്ന ടൂറർ വേർഷനുമാണിവ. ഒരേ പ്ലാറ്റ്‌ഫോമിൽ ജന്മം കൊണ്ട ഈ രണ്ടു ബൈക്കുകളും ഉപയോഗത്തിലും പ്രകടനത്തിലും വ്യത്യസ്തരാണ്. എക്‌സ്പൾസ് 200ടി എന്ന മോഡലിനെ നമുക്ക് ഇപ്പോൾ പരിചയപ്പെടാം. എക്‌സ്പൾസ് 200ടിയുടെ കാഴ്ചകളിലേക്ക് സ്വാഗതം.

കാഴ്ച

ക്ലാസിക് രൂപഭാവങ്ങളോടു കൂടിയ ഒരു ടൂറർ ബൈക്കാണ് എക്‌സ്പൾസ് 200ടി. ടി എന്നത് ടൂറർ എന്നതിനെ സൂചിപ്പിക്കുന്നു. എക്‌സ്പൾസ് 200ൽ നിന്നും വ്യത്യസ്തമായി 17 ഇഞ്ച് വീലുകളിലാണ് 200ടിയുടെ നിൽപ്പ്. വയേർഡ് വീലുകൾക്കു പകരം അലോയ് വീലുകളുമാണ് ഇവനുള്ളത്. 276 എം എം ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. സിംഗിൾ ചാനൽ എബിഎസുമുണ്ട്. 37 എം എം ഫോർക്കുകളാണ് 200 ടിയിലുമുള്ളത്. എക്‌സ്പൾസ് 200നെക്കാൾ ട്രാവൽ കുറവാണെന്നു മാത്രം. വീലിനോടു ചേർന്നു നിൽക്കുന്ന മഡ്ഗാഡാണ് 200ടിയിലുള്ളത്.

മുകളിലേക്കു വരുമ്പോൾ ക്രോം ആവരണമുള്ള (ചില ഷേഡുകളിൽ ഇത് ബോഡി കളറാണ്) ഹെഡ്‌ലാമ്പ് കാണാം. ഏതോ വിദേശനിർമിത ബൈക്കിനെ ഓർമ്മിപ്പിക്കും വിധം സ്‌റ്റൈലിഷായ ഹെഡ്‌ലാമ്പിനു കുറുകെ ഹീറോ എന്ന് ആലേഖനം ചെയ്ത ഒരു ബ്രിഡ്ജിങ്ങ് കാണാം. എൽഇഡി ഹെഡ്‌ലാമ്പിനെ ഇരുവശത്തു നിന്നും ഉറപ്പിച്ചു നിർത്തിയിരിക്കുന്ന കാസ്റ്റ് അലോയ് ബ്രാക്കറ്റ് കാണുക, കരുത്തുറ്റ നിർമാണത്തിന്റെ തെളിവുകൂടിയാണത്. ഈ മൗണ്ടിങ്ങിൽ നിന്നാണ് ക്ലിയർ ലെൻസ് ഇൻഡിക്കേറ്ററുകൾ ഇരുവശങ്ങളിലേക്കും നീളുന്നത്. ഇൻസ്ട്രമെന്റ് കൺസോളും മറയൊന്നും കൂടാതെ ഹെഡ്‌ലാമ്പിനു മുകളിലായി നിലകൊള്ളുന്നുണ്ട്.

വശങ്ങളിലേക്കു വരാം. ബോഡി കളർ എന്നത് ഫ്രണ്ട് മഡ്ഗാഡിലും ടാങ്കിലും മാത്രമാണുള്ളതെന്ന് തോന്നുന്നു. എഞ്ചിനു മുന്നിലായുള്ള ഗാർഡ് പ്‌ളാസ്റ്റിക് നിർമ്മിതമാണെന്നത് തെല്ല് നിരാശപ്പെടുത്തി. സൈഡ് ക്ലാഡിങ്ങുകളും പാനൽസും പിന്നിലെ ഫെൻഡറുമെല്ലാം കറുപ്പണിഞ്ഞാണ് നിൽപ്പ്. എക്‌സോസ്റ്റ് പൈപ്പ് സാധാരണ ബൈക്കുകളെപ്പോലെ സ്വിങ്ങ് ആമിനു സമാന്തരമായാണ് നിൽക്കുന്നത്. പിന്നിലെ ഗ്രാബ്‌റെയി ലും ഗ്രിപ്പുകളുമൊക്കെ ലഗേജ് വെക്കാനും കെട്ടാനു മൊക്കെ സഹായകമായ വിധത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. പിന്നിലേക്കു വരുമ്പോൾ 220 എം എം ഡിസ്‌ക് ബ്രേക്കും 130 സെക്ഷൻ ടയറും കാണാം. വീതിയേറിയ ടെയ്ൽ ലാമ്പിനെ പ്രകാശിപ്പിക്കുന്നത് എൽഇഡിയാണ്.


ഇനി റൈഡർ സീറ്റിലേക്ക്. സോഫ്റ്റ് കുഷ്യനുള്ള സീറ്റാണ് 200ടിയുടേത്. വീതിയുള്ള ഹാൻഡ്ൽബാറും ഡയമണ്ട് ആകൃതിയുള്ള റിയർവ്യൂ മിററുകളും. സ്വിച്ച്ഗിയറുകൾ കൊള്ളാം. ഇൻസ്ട്രമെന്റ് കൺസോൾ പൂർണമായും ഡിജിറ്റലാണ്. അതിനു മുകളിലായി വാണിങ്ങ് ലാമ്പുകളും കാണാം. നല്ല വൃത്തിയും വിസിബിലി റ്റിയുമുള്ള ഡിസ്‌പ്ലേ രണ്ടു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതിന്റെ ഇടത്തേഭാഗമാണ് പ്രധാനമായ ഓൺബോർഡ് ഇൻഫർമേഷനെല്ലാം തരുന്നത്. ടാക്കോ, സ്പീഡോമീറ്ററുകൾക്കൊപ്പം തന്നെ ഫ്യുവൽഗേജും താഴെയുള്ള വരിയിലായി ക്‌ളോക്കും ഓഡോ/ട്രിപ് റീഡിങ്ങും കാണാം. ഡിസ്പ്‌ളേയുടെ വലതു ഭാഗം സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷനു വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഇവിടെ ഫോണിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ ടേൺ ബൈ ടേൺ നാവിഗേഷനുമുണ്ട്.

റൈഡ്

സെൽഫ് സ്റ്റാർട്ടിനൊപ്പം കിക്ക് സ്റ്റാർട്ടറും 200ടിയിലുണ്ട്. സ്റ്റാർട്ട് ചെയ്യുമ്പോൾ വളരെ പതിഞ്ഞ സ്വരം മാത്രം. എക്‌സ്ട്രീം 200ൽ നാം കണ്ട അതേ എഞ്ചിനാണ് എക്‌സ്പൾസ് ശ്രേണിയിലും വന്നിരിക്കുന്നത്. 199.6 സിസി സിംഗിൾ സിലിൻഡർ എയർകൂൾഡ്, 2 വാൽവ് എഞ്ചിനാണിത്. എക്‌സ്പൾസ് 200ന് ഫ്യുവൽ ഇൻജെക്ഷനുള്ള വേരിയന്റുമുണ്ടെങ്കിലും 200ടിക്ക് കാർബറേറ്റർ മാത്രമാണുള്ളത്. 18.4 പിഎസാണ് ഇവന്റെ കരുത്ത്. 17.1 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട്. നല്ല റിഫൈൻഡായ ഒരു എഞ്ചിനാണിതെന്ന് എക്‌സ്ട്രീമിന്റെ ടെസ്റ്റ് റൈഡിൽ തന്നെ തെളിയിച്ചതാണ്.
ഞെട്ടിപ്പിക്കുന്ന പെർഫൊമൻസുള്ള ഒരു ബൈക്കല്ലെങ്കിലും ആവശ്യത്തിനു കരുത്തുള്ള, നന്നായി ഹാൻഡ്ൽ ചെയ്യാനാവുന്ന ഒരു വാഹനം തന്നെയാണ് 200ടി. 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനും കട്ടയ്ക്ക് കൂടെ നിൽക്കുന്നുണ്ട്. ഇരു വീലുകളിലും ഡിസ്‌ക് ബ്രേക്കാണെങ്കിലും സിംഗിൾ ചാനൽ എബിഎസാണു ള്ളത്. ഫ്രണ്ട് ബ്രേക്കിന് ഒരൽപം മൃദുസമീപനമാണെന്ന് തോന്നുന്നുണ്ട്.


17 ഇഞ്ച് വീലുകളായതു കൊണ്ട് നല്ല റൈഡ് കംഫർട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ. മുന്നിലെ സസ്‌പെൻഷനും പിന്നിലെ 7 സ്റ്റെപ് അഡ്ജസ്റ്റബ്ൾ മോണോഷോക്കും വളരെ നന്നായി അവരുടെ ജോലി ചെയ്യുന്നുണ്ട്. സീറ്റിനടിയിൽ മൊബൈൽ ഹോൾഡറും ചാർജിങ്ങ് പോർട്ടുമൊക്കെയുണ്ട്. ഫോൺ സുരക്ഷിതമായിരിക്കുകയും ചെയ്യും, ബ്‌ളൂടൂത്ത് കണക്റ്റ് ചെയ്താൽ കോൾ വരുന്നതടക്കമുള്ള വിവരങ്ങൾ നമുക്ക് ഇൻസ്ട്രമെന്റ് കൺസോളിലെ ഡിസ്പ്‌ളേയിൽ കാണുകയും ചെയ്യാം. മിതമായ വിലയ്ക്ക് നല്ലൊരു ബഡ്ജറ്റ് ടൂറർ ബൈക്ക് തന്നെയാണ് എക്‌സ്പൾസ് 200ടി എന്ന കാര്യത്തിൽ സംശയമില്ല. പരാക്രമങ്ങളില്ലാത്ത ഒരു സഞ്ചാരിയാണ് നിങ്ങളെങ്കിൽ എക്‌സ്പൾസ് 200ടി നിങ്ങൾക്കൊരു ദീർഘകാലപങ്കാളി തന്നെയായിരിക്കും തീർച്ച$

Vehicle Provided By:
MS&S Hero, Kochi
Ph: 0484 2344657

Leave a Reply

Your email address will not be published. Required fields are marked *