Test ride: Hero Glamour 125 Fi
March 2, 2021
Hyundai NEXO awarded five-star Green NCAP rating
March 2, 2021

Test ride: Honda CB350 RS

ഹൈനെസിന്റെ ചരിത്രവിജയത്തിനു ശേഷവും ഹോണ്ടയുടെ അശ്വമേധം തുടരുകയാണ്.

എഴുത്ത്: ജുബിൻ ജേക്കബ്

ഒട്ടും നിനച്ചിരിക്കാതെ ഇന്ത്യക്കാർക്ക് ഹോണ്ട നൽകിയ ഒരു സമ്മാനമായിരുന്നു ഹൈനെസ്സ് എന്ന സിബി 350. റെട്രോ മോട്ടോർസൈക്കിൾ മാർക്കെറ്റിൽ തങ്ങളുടേതായ ഇടം നേടാൻ ഹോണ്ട നടത്തിയ ഏറ്റവും ബുദ്ധിപൂർവമായ ചുവടുവെയ്പ് എന്നും ഇതിനെ വിശേഷിപ്പിക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പതിമനായിരത്തിലേറെ യൂണിറ്റുകൾ വിറ്റുകൊണ്ടാണ് ഹോണ്ടാ ഈ സെഗ്മെന്റിൽ അവരുടെ മുദ്രപതിപ്പിച്ചത്. 350 മുതൽ 500 വരെ സിസിയുടെ വിപണി എത്ര കണ്ട് വളർച്ച നേടുന്നുണ്ടെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകളിൽ നിന്ന് ഹോണ്ട മനസ്സിലാക്കിയിരിക്കുന്നു എന്നതിനു തെളിവായി ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. സിബി 350 ആർഎസ് എന്ന മോഡലാണ് ഏറ്റവുമൊടുവിലായി ഹോണ്ട ഇന്ത്യയിലിറക്കിയിരിക്കുന്നത്.

സിബി 350 പ്‌ളാറ്റ്‌ഫോമിൽ തന്നെയാണ് സിബി350 ആർഎസും അവതരിപ്പിച്ചിരിക്കുന്നത്. റെട്രോ ശൈലിക്കൊപ്പം അൽപം ആധുനികതയും കൂടി ചേർത്താണ് സിബി 350 ആർഎസിന്റെ വരവ്. സൗന്ദര്യപരമായും സാങ്കേതികമായും മാറ്റങ്ങളോടെയാണ് ഹോണ്ട സിബി 350 ആർഎസ് വരുന്നത്. ഇവ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം.

ഹൈനെസ്സിനെക്കാൾ അൽപം കൂടി അഗ്രസ്സിവായൊരു ശൈലിയാണ് സിബി350 ആർഎസിന്റേത്. നന്നേ നീളം കുറഞ്ഞ മുൻ ഫെൻഡറാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ഹൈനെസ്സിതു പോലെ ക്രോം ഫിനിഷല്ല ഈ ഫെൻഡറിനെന്നതും ശ്രദ്ധേയമാണ്. തീർത്തും മെലിഞ്ഞ ഇൻഡിക്കേറ്ററുകൾ വളരെ സ്‌പോർട്ടിയാണ്. ക്രോം ഫിനിഷുള്ള റിയർവ്യൂ മിററുകൾ. ഫോർക്കിൽ ബൂട്ടുകൾ വന്നിട്ടുണ്ട്. ഹെഡ്‌ലാമ്പിനു ചുറ്റും ഒരു പുതിയ റിങ്ങ് വന്നിട്ടുണ്ട്. വശങ്ങളിലേക്കു വരുമ്പോൾ കൂടുതൽ മാറ്റങ്ങൾ കാണാം. പിൻസ്‌ട്രൈപ്പിങ്ങുള്ള ഡ്യുവൽ ടോൺ ഫ്യുവൽ ടാങ്ക് ഇവന്റെ മൂഡ് തന്നെ ആകെ മാറ്റിമറിക്കുന്നുണ്ട്. സൈഡ് ഫെൻഡറുകൾ അഥവാ ടൂൾ/ഫിൽട്ടർ ബോക്‌സിന്റെ ഡിസൈൻ പാടേ മാറിയിരിക്കുന്നു. സിബി350ആർഎസ് എന്ന മനോഹരമായ ഗ്രാഫിക്‌സും ഇവിടെ കാണാം. എക്‌സോസ്റ്റ് പൈപ്പിനോ കാനിസ്റ്ററിനോ ക്രോം ഫിനിഷില്ല, പകരം മാറ്റ് ബ്‌ളാക്കിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.

ഹീറ്റ് ഗാർഡിൽ മാത്രം ക്രോം പ്‌ളേറ്റിങ്ങ് കാണാം. പിന്നിലേക്കു വരും തോറും ഒരു സ്‌ക്രാംബ്‌ളർ ബൈക്കിന്റെ ഭാവഹാവാദികളാണ് ഹോണ്ടാ സിബി 350 ആർഎസിനുള്ളത്. ഹൈനെസ്സിലെ ക്രോം ഫിനിഷുള്ള പിൻ ഫെൻഡർ മാറി, പകരം ബ്‌ളാക്ക് ഫിനിഷുള്ള സ്‌പോർട്ടി ഫെൻഡർ വന്നു. ടെയ്ൽലാമ്പിന്റെ സ്ഥാനം സീറ്റിനടിയിലായി. സീറ്റിന്റെ രൂപത്തിനു മാറ്റം വന്നിട്ടുണ്ട്. ടക്ക് ആൻഡ് റോൾ ശൈലിയിലാണ് ആർഎസിന്റെ സീറ്റ്. സീറ്റിനിരുവശത്തും പുതിയ ഗ്രാബ് റെയിലുകളും കാണാം. എഞ്ചിനടിയിലായി ബ്രഷ്ഡ് അലുമിനിയം ഫിനിഷുള്ള ഒരു സ്‌കിഡ് പ്‌ളേറ്റ് വന്നിട്ടുണ്ട്. ടയറുകൾക്ക് വൈഡ് പാറ്റേൺ ട്രെഡ് വന്നു.

ഈ പറഞ്ഞതൊക്കെ കാഴ്ചയിലെ മാറ്റങ്ങൾ, സാങ്കേതികമായി ആർഎസിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നു ചോദിച്ചാൽ തീർച്ചയായും ഉണ്ട്. സെഗ്മെന്റിലാദ്യമായി അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്‌ളച്ച് കൊണ്ടുവന്നിരിക്കുകയാണ് ഹോണ്ട. ഇതുമൂലം ക്‌ളച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുകയും ഗിയർഷിഫ്റ്റുകൾ അനായാസമാവുകയും ചെയ്യും. സ്ലിപ്പർ ഫങ്ങ്ഷൻ മൂലം ഡൗൺഷിഫ്റ്റിൽ ജെർക്ക് ഉണ്ടാവുകയുമില്ല. ഇതുകൂടാതെ എഞ്ചിനുള്ളിൽ മെയിൻഷാഫ്റ്റിന് ഒരു കോആക്‌സിയൽ ബാലൻസർ കൂടി നൽകിയിട്ടുണ്ട്. ഇതു മൂലം വിറയൽ ഗണ്യമായി കുറയും. എക്‌സോസ്റ്റ് നോട്ടിലും മാറ്റമുണ്ടാവുമെന്ന് ഹോണ്ട പറയുന്നു. നവീകരിച്ച ഇൻസ്ട്രമെന്റേഷനിൽ ഞെട്ടിക്കുന്ന മറ്റൊരു മാറ്റം കൂടി ഹോണ്ട കൊണ്ടുവന്നിട്ടുണ്ട്. ഹോണ്ടാ സെലക്ടബ്ൾ ടോർക്ക് കൺട്രോൾ അഥവാ എച്എസ്ടിസി എന്ന പ്രീമിയം ഫീച്ചറാണ് സാങ്കേതികമായുള്ള മാറ്റങ്ങളിൽ പ്രധാനം.
എക്‌സ്‌ഷോറൂം വില 1,96,000 രൂപ (ഇന്ത്യ മൊത്തം)$

Leave a Reply

Your email address will not be published. Required fields are marked *

shares