Test Ride: Royal Enfield Continental GT 650
August 24, 2021
‘ബിൽറ്റ് ടു ഓർഡർ’ പ്ലാറ്റ്ഫോമുമായി ടിവിഎസ് മോട്ടോർ കമ്പനി
August 31, 2021

Test Ride: Honda CB500 X

ഹോണ്ടയുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കായ സിബി 500 എക്‌സിന്റെ ടെസ്റ്റ് റൈഡ്

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: പ്രപഞ്ച് എം കെ

നമ്മുടെ നാട്ടിലെ മോട്ടോർസൈക്കിൾ വിപണിയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സെഗ്മെന്റുകളും അവയിലെ മോഡലുകളും വന്നുകൊണ്ടിരിക്കുന്നു. രണ്ടു സെഗ്മെന്റുകൾ തമ്മിൽ യോജിച്ച് ക്രോസ്സ് ഓവർ വിഭാഗങ്ങൾ വരെ വിപണിയിലെത്തുന്നു. അങ്ങനെ ആകെ സംഭവബഹുലമായ ഇന്ത്യൻ മോട്ടോർസൈക്കിൾ ലോകത്തേക്ക് ഏറ്റവുമൊടുവിലായി വന്നെത്തിയിരിക്കുന്ന ഒരു മോഡലാണ് ഹോണ്ട സിബി 500 എക്‌സ്. 2014ലാണ് ഈ മോഡൽ ആദ്യമായി അന്താരാഷ്ട്രവിപണിയിലെത്തുന്നത്. അന്ന് ഒരു റോഡ് ബൈക്കിന് അഡ്വഞ്ചർ ഭാവം കൈവന്നതു പോലെയൊരു രൂപമായിരുന്നു ഇവന്. എന്നാൽ 2019ൽ സമൂലമായ മാറ്റങ്ങളോടെ ഹോണ്ടാ ഇവനെ ഒന്നു പരിഷ്‌കരിച്ചു. അങ്ങനെ അടിമുടി മേക്കോവറുമായാണ് സിബി 500എക്‌സ് ഇന്ത്യയിലെത്തുന്നത്.

അഡ്വഞ്ചർ ടൂറർ ആണോ അതോ സ്‌പോർട്ട്‌സ് ടൂറർ ആണോ എന്ന ഒരു ഐഡന്റിറ്റി ക്രൈസിസ് തോന്നുമെങ്കിലും ഹോണ്ട വളരെ വ്യക്തമായി പറയുന്നുണ്ട്, ഇത് ആഫ്രിക്ക ട്വിന്നിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഒരു അഡ്വഞ്ചർ ബൈക്കാണെന്ന്. അതിനെ ശരിവെക്കുന്ന ഘടകങ്ങളും സിബി 500 എക്‌സിൽ ധാരാളമായി കാണാനാവും. എന്തായാലും നമുക്കിവനെ ഒന്നടുത്തു കാണാം.

കാഴ്ച

തലയെടുപ്പുള്ള രൂപം. ഷാർപ്പ് ലുക്കുള്ള ഹെഡ്‌ലാമ്പും അതിനു മുകളിൽ വലിയ ഫ്‌ളൈസ്‌ക്രീനുമൊക്കെയായി അഡ്വഞ്ചർ ഭാവഹാവാദികളോടെയാണ് സിബി 500 എക്‌സിന്റെ വരവ്. കാഴ്ചയിലെ തലപ്പൊക്കം തെല്ലും കുറവല്ല സിബി 500 എക്‌സിന്. ആദ്യമിറങ്ങിയ മോഡലിന് ഇരു വീലുകളും 17 ഇഞ്ചായിരുന്നെങ്കിൽ അപ്‌ഗ്രേഡ് ചെയ്തപ്പോൾ ഹോണ്ട പുതിയ മോഡലിന് മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വീലുകളാണ് നൽകിയത്. 41 എംഎം ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ അപ് സൈഡ് ഡൗൺ ടൈപ്പല്ലെങ്കിലും നല്ല ട്രാവലുള്ള ഫോർക്കുകളാണ്. അതേ സമയം പിന്നിലുള്ളത് പ്രോലിങ്ക് മോണോ ഷോക്ക് സസ്‌പെൻഷനാണ്. രണ്ടിലും അഡ്ജസ്റ്റബ്ൾ സ്പ്രിങ്ങ് പ്രീലോഡ് സംവിധാനമുണ്ട്. 14 സ്‌പോക്കുള്ള അലോയ് വീലാണ് മുന്നിൽ. അതോടൊപ്പമുള്ള 310 എംഎം ഡിസ്‌ക് ബ്രേക്കിനെ നിയന്ത്രിക്കുന്നത് നിസ്സിന്റെ ഡ്യുവൽ പിസ്റ്റൺ കാലിപറാണ്. പിന്നിൽ 240 എംഎം ഡിസ്‌കാണുള്ളത്. വശങ്ങളിലേക്കു വരുമ്പോൾ ഫോർക്കിന്റെ ഉയരം കൊണ്ടു മാത്രമല്ല സിബി500 എക്‌സിന്റെ തലയെടുപ്പെന്ന് മനസ്സിലാവും.

ഹോണ്ടയുടെ ഡയമണ്ട് ട്യൂബ് ഫ്രെയിമിൽ പടുത്തുയർത്തിയ ഡിസൈനാണ് ഇവന്റെ ഉയരത്തിന്റെ പ്രധാനരഹസ്യം. വലിയ ഫ്യുവൽടാങ്ക് ഹൗസിങ്ങിനിരുവശവും എയർ സ്‌കൂപ്പുകൾ കാണാം, അവയ്ക്കുള്ളിൽ റേഡിയേറ്ററും. എഞ്ചിൻ തെല്ലു പിന്നിലേക്ക് മാറിയാണ് സ്ഥിതിചെയ്യുന്നത്. സ്വിങ്ങ് ആമിനോട് കൂടുതൽ അടുത്തു വരുന്ന രീതിയിലാണ് എഞ്ചിൻ പൊസിഷൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ വാഹനത്തിന്റെ മൊത്തം രൂപകല്പനയിലും അതിന്റെ പ്രതിഫലനമുണ്ട്. ട്വിൻ സിലിണ്ടർ എഞ്ചിനിൽ നിന്നും ഇരട്ടക്കുഴലുകലായി ഒഴുകിയെത്തുന്ന എക്‌സോസ്റ്റ് ലൈൻ തെല്ലു മുകളിലേക്കുയർന്ന ട്വിൻ ബാരൽ മെഗഫോണിക് എക്‌സോസ്റ്റ് ക്യാനിസ്റ്ററിനുള്ളിലേക്ക് എത്തിച്ചേരുന്നു. എഞ്ചിൻ കഴിഞ്ഞാൽ പിന്നിലേക്കുള്ള സബ്‌ഫ്രെയിം എറെക്കുറെ അനാവൃതമാണ്. അതിൽ ഇടയ്ക്ക് ക്യാൻഡി റെഡ് നിറവും കാണാം. ടെയ്ൽപീസിന്റെ ഡിസൈൻ ഒരല്പം ബോറായിത്തോന്നി. പടിക്കൽ കൊണ്ട് കലമുടച്ചതുപോലെ ഒരു രൂപം. ഇനി ഒന്നോടിച്ചുനോക്കാം.

റൈഡ്

കയറിയിരുന്നപ്പോൾ തന്നെ ഇവന്റെ സീറ്റിങ്ങ് എനിക്കങ്ങ് ബോധിച്ചു. നല്ല വിരിഞ്ഞ, സുഖപ്രദമായ സീറ്റ്. ഹാൻഡ്ൽബാറാവട്ടെ നീണ്ടുവിരിഞ്ഞ് നല്ല വൈഡായിട്ടങ്ങനെ കിടക്കുവാണ്. സ്വിച്ച്ഗിയറുകൾ ഹോണ്ടയുടെ പുതിയ ഹൈനെസ് പോലെയുള്ള ബൈക്കുകളെ ഓർമ്മിപ്പിക്കുന്ന വിധമുള്ളവയാണ്. ഇൻസ്ട്രുമെന്റേഷൻ വളരെ ലളിതമായ ഒരു എൽസിഡി സ്‌ക്രീനിൽ ഒതുക്കിയിരിക്കുന്നു. ഇതിലാവട്ടെ ടാക്കോ, സ്പീഡോ ഡിസ്‌പ്ലേകൾക്കൊപ്പം ഗിയർ ഇൻഡിക്കേറ്റർ, ഫ്യുവൽ ഗേജ്, ടെമ്പറേച്ചർ ഗേജ് എന്നിങ്ങനെ ഒരുവിധം എല്ലാ റീഡിങ്ങുകൾക്കും പുറമേ ട്രിപ്, ഓഡോമീറ്റർ റീഡിങ്ങും ക്‌ളോക്കും, ഇന്ധനക്ഷമതയുമൊക്കെയുണ്ട്.

ഇനി ഇവനെ ഉണർത്താം. സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ താഴേക്കമർത്തി. സിബി 500 എക്‌സിന്റെ ഇരട്ടച്ചങ്ക് തുടിച്ചുണർന്നു. 471.03 സിസി പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണിത്. 8500 ആർപിഎമ്മിൽ 47 പിഎസ് ആണിവന്റെ കരുത്ത്. 43.2 ന്യൂട്ടൺ മീറ്റർ ടോർക്കും 6500 ആർപിഎമ്മിൽ ഉൽപാദിപ്പിക്കുന്നുണ്ട്. 6 സ്പീഡ് ട്രാൻസ്മിഷനാണ് സിബി 500 എക്‌സിനുള്ളത്.

ഇവന്റെ എക്‌സോസ്റ്റ് നോട്ട് കേൾക്കുമ്പോൾ ടാറ്റാ എയ്‌സിനെ ഓർമ്മവരുന്നെന്ന് ദോഷൈകദൃക്കുകൾ പറഞ്ഞേക്കാം. പക്ഷേ ഇത്രയും റിഫൈൻഡായ ഒരു എഞ്ചിൻ 500സിസി സെഗ്മെന്റിലുണ്ടാവില്ല എന്നത് മൂന്നരത്തരം. ഇനി പരീക്ഷണങ്ങളാവാം. കൊച്ചിയിലെ ഷോറൂമിൽ നിന്നും പത്തനംതിട്ട ജില്ലയിലെ എന്റെ വീട് വരെ രാത്രിയിലൊരു റൈഡ്. മരടെത്തിയപ്പോഴേക്കും എനിക്കിവനെ ‘ക്ഷ’ പിടിച്ചിരുന്നു. ടാങ്കിൽ പകുതിയോളം പെട്രോളുണ്ടെന്ന് ഗേജിൽ കാണിക്കുന്നു. നടയ്ക്കാവിനടുത്തുള്ളൊരു പമ്പിൽ കയറി അഞ്ഞൂറു രൂപയ്ക്കും കൂടി പെട്രോളടിച്ചു. മുക്കാൽ ടാങ്കിനു മേലെ ഉണ്ട് ഇപ്പോൾ. മൈലേജ് അറിയാനുള്ള ആവറേജ് ഫ്യുവൽ എഫിഷ്യൻസി റീഡിങ്ങ് റീസെറ്റ് ചെയ്തു. പിന്നെയൊരു പൊളിയങ്ങു പൊളിച്ചുതുടങ്ങി. സാമാന്യം നല്ല ആക്‌സിലറേഷനുണ്ട് സിബി 500 എക്‌സിന്. പലപ്പോഴും വേഗത മൂന്നക്കം കടന്ന്, ഗിയർ സിക്‌സ്തിലെത്തി. ഒടുവിൽ ഏറ്റുമാനൂരെത്തിയപ്പോൾ ആവറേജ് റീഡിങ്ങ് നോക്കിയപ്പോൾ ഒരു ലിറ്ററിന് 32 കിമീ മൈലേജ്..!

അഡ്വഞ്ചർ രൂപഭാവങ്ങളുണ്ടെങ്കിലും നല്ലൊരു റോഡ് ബൈക്ക് കൂടിയാണ് സിബി 500 എക്‌സ് എന്ന് നിസ്സംശയം പറയാം. വളരെ ലീനിയറായ പവർ ഡെലിവറി, ലോ എൻഡ് മുതൽ തുടങ്ങുന്ന ഒട്ടും മോശമല്ലാത്ത ടോർക്കിന്റെ ശേഖരം കൂടിയാവുമ്പോൾ ആരും ഇഷ്ടപ്പെട്ടു പോകും ഇവനെ. നേരത്തേ പറഞ്ഞ പവർ ഫിഗറുകൾ കുറവല്ലേ എന്ന് സംശയിക്കുന്നവരുണ്ടാവാം. അവരോട് ഇവനെയൊന്ന് നേരിട്ടനുഭവിക്കാൻ അഭ്യർത്ഥിക്കുന്നു. ഹൈവേകളിലും മോശം റോഡുകളിലും മലമ്പ്രദേശത്തും കാട്ടിലും കുഴിയിലുമൊക്കെ കയറിയിറങ്ങി നാലഞ്ചുനാൾ കഴിഞ്ഞ് ഹോണ്ടയിൽ തിരിച്ചേൽപ്പിക്കാൻ ചെല്ലുമ്പോൾ ഓടിച്ച് കൊതിതീർന്നിരുന്നില്ല. ബാങ്കിങ്ങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സംഗതികളൊന്നും സിബി 500 എക്‌സിലില്ല എന്നത് ഒരു കുറവു തന്നെയാണോ എന്ന് ഇവനെ ഒന്നോടിച്ചുകഴിയുമ്പോൾ തോന്നും. വില മാത്രമാണ് ഹോണ്ടാ സിബി 500 എക്‌സിനെ സംബന്ധിച്ചിടത്തോളം ഒരല്പമെങ്കിലും പ്രശ്‌നമായി പറയാനുള്ളത്. പ്രാദേശികമായി നിർമിച്ച ഘടകങ്ങൾ കൂടി ഉപയോഗിക്കാൻ തുടങ്ങിയാൽ ഹോണ്ടയ്ക്ക് വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവുമെന്ന് കരുതുന്നു…$

Leave a Reply

Your email address will not be published. Required fields are marked *