Preview: Skoda Kushaq
March 24, 2021
Ola Electric ropes in 35-year auto veteran Yongsung Kim to head Global Sales & Distribution
April 7, 2021

Test Ride: Jawa 42 version 2.1

Jawa 42 version 2.1

ജാവാ 42 കൂടുതൽ മെച്ചപ്പെടുത്തലുകളോടെ മറ്റൊരു വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്. ജാവാ 42 വേർഷൻ 2.1 ന്റെ വിശേഷങ്ങളറിയാം.

എഴുത്ത്: ജുബിൻ ജേക്കബ് ചിത്രങ്ങൾ: ജോസിൻ ജോർജ്

2018ൽ ജാവ പുനർജനിച്ചപ്പോൾ പഴയ ജാവയുടെ തനിപ്പകർപ്പായ ക്‌ളാസ്സിക്കിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് ജാവാ 42 ആയിരുന്നു. ക്രോമിയത്തിന്റെ അതിഭാവുകത്വമില്ലാതെ, എന്നാൽ റെട്രോ ഭാവങ്ങൾ നഷ്ടപ്പെടാതെ നിർമ്മിക്കപെട്ട ഒരു ബൈക്ക്. ക്‌ളാസ്സിക്കിനെക്കാൾ വിൽപന നേടിയതും ജാവാ 42 തന്നെയാണ്. പക്ഷേ ഉടമകളുടെ ഭാഗത്തു നിന്നും വന്ന ചില പരാതികൾ ജാവയുടെ സ്വസ്ഥത കെടുത്തി. എഞ്ചിന്റെ ലോ എൻഡ് ടോർക്കിലെ അപര്യാപ്തത മുതൽ ക്രോം പ്‌ളേറ്റഡ് ഭാഗങ്ങളിലെ തുരുമ്പു വരെ പരാതിവിഷയങ്ങളായി. അതോടെ ജാവായിലെ എഞ്ചിനീയർമാരും ഡിസൈനർമാരുമൊക്കെ അഹോരാത്രം പണിയെടുക്കാൻ തുടങ്ങി. ഫലമായി ജാവാ 42വിന് ഒരു പുതിയ അവതാരപ്പിറവി സംഭവിച്ചു. ജാവാ 42 വേർഷൻ 2.1 എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. എന്തൊക്കെയാണ് ജാവാ 2.1നുള്ളതെന്ന് നമുക്കൊന്നു നോക്കാം.

കാഴ്ച

ആകമാനം കറുപ്പിൽ കുളിച്ച് ഓൾ ബ്‌ളാക്ക് തീമിലാണ് 2.1ന്റെ വരവ്. എഞ്ചിനും എക്‌സോസ്റ്റുകളും എന്നുവേണ്ട, സകലതും കറുപ്പണിഞ്ഞിരിക്കുന്നു. വയേർഡ് വീലുകൾക്കു പകരം സ്‌പോക്ക് വീലുകൾ വന്നു. നിറയെ സ്‌പോക്കുകളുള്ള ഈ വീലിന്റെ ഡിസൈൻ വളരെ മിനിമലിസ്റ്റിക്കും അതേപോലെ തന്നെ സ്‌റ്റൈലിഷുമാണ്. പുതിയ മൂന്ന് നിറങ്ങളിലാണ് ജാവാ 42 ന്റെ 2.1 വരുന്നത്. ഓറിയൺ റെഡ്, ഓൾസ്റ്റാർ ബ്‌ളാക്ക്, സിറിയസ് വൈറ്റ് എന്നിങ്ങനെ മൂന്ന് കളറുകൾ. ടാങ്കിന്റെ ഇടതുവശത്തുകൂടി നീളുന്ന സ്‌ട്രൈപ്പും അതിന്റെ തുടർച്ച പിൻ ഫെൻഡറിലും കാണാം. സൈഡ് ഫെൻഡറുകളിൽ മനോഹരമായ, എന്നാൽ ലളിതമായ ഗ്രാഫിക്‌സ്. സീറ്റ് ഹൈറ്റ് 10 മില്ലിമീറ്റർ കൂടിയിട്ടുണ്ട്. സീറ്റിന്റെ രൂപവും ഒരല്പം മാറിയിട്ടുണ്ട്. പാഡിങ്ങ് കുറെക്കൂടി മെച്ചപ്പെട്ടിട്ടുതിനാൽ ദൂരയാത്രകളിൽ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ജാവാ ഉറപ്പുതരുന്നു. സൈഡ് സ്റ്റാൻഡ് പരിഷ്‌കരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കോർണർ ചെയ്യുമ്പോൾ അത്രപെട്ടെന്ന് നിലത്തുരയാൻ ഒന്നും ബാക്കിയുണ്ടാവില്ല.

പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു കാര്യം ബാർ എൻഡ് മിറേഴ്‌സ് ആണ്. ഇതൊരു ആക്‌സസ്സറിയല്ല, സ്റ്റാൻഡേഡ് ഫിറ്റ്‌മെന്റാണെന്ന് കമ്പനി പറയുന്നു. (അത് ഇവിടുത്തെ മോട്ടോർ വാഹനവകുപ്പിലെയും പൊലീസിലെയും ഏമാന്മാരെ പറഞ്ഞു മനസ്സിലാക്കാനുള്ള ആളെ കമ്പനി വിടുമോ എന്നാണറിയേണ്ടത്). സാധാരണ മിറർ വെക്കാനുള്ള സൗകര്യവും ഹാൻഡ്ൽബാറിലെ യോക്കിലുണ്ട്. ആക്‌സസ്സറികൾ വേറെയുണ്ട്. ഹെഡ്‌ലാമ്പിനു മുന്നിൽ മനോഹരമായൊരു ഗ്രിൽ. ടിന്റഡ് ഫ്‌ളൈസ്‌ക്രീൻ, പിന്നിൽ ലഗേജ് റാക്ക് തുടങ്ങിയവയാണ് ഇപ്പോൾ ആക്‌സസ്സറി ലിസ്റ്റിലുള്ളത്. എങ്കിലും വൈകാതെ കൂടുതൽ വിപുലമായ ഒരു ലിസ്റ്റ് തന്നെ വരുമെന്നാണ് അനൗദ്യോഗിക വിവരം.

റൈഡ്

ഇനി ഇവന്റെ എഞ്ചിനിലും റൈഡിങ്ങിലും എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നോക്കാം. യഥാർത്ഥത്തിൽ ഇവിടെയാണ് ജാവാ ഒരു മാറ്റം വരുത്തിയിട്ടുള്ളത്. എക്‌സോസ്റ്റ് പൈപ്പുകളുടെ റൂട്ടിങ്ങിലാണ് ഇത്തവണ പരിഷ്‌കാരം. നേരത്തേ ഇരട്ട പൈപ്പുകൾ സിലിൻഡർ ഹെഡിൽ നിന്നും പിന്നിലേക്ക് പോയിരുന്നത് എഞ്ചിനടിയിലുള്ള അണ്ടർബെല്ലി ക്യാറ്റലിറ്റിക് കൺവെർട്ടറിലെത്തിയ ശേഷം രണ്ടായി പിരിഞ്ഞിട്ടായിരുന്നു. ഈ സംഗമസ്ഥാനം അത്ര പെട്ടെന്ന് കാണാനാവാത്ത രീതിയിൽ ഹീറ്റ്ഗാർഡ് കൊണ്ട് മറച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജാവാ 2.1ൽ ആ വലിയ ക്യാറ്റലിറ്റിക് കൺവെർട്ടർ ഒഴിവാക്കിയെന്ന് മാത്രമല്ല ഇരു പൈപ്പുകളിലും രണ്ട് പ്രത്യേക ക്യാറ്റ്‌കോൺ നൽകുകയും ചെയ്തു. ഇതോടെ എക്‌സോസ്റ്റിന്റെ ഫ്‌ളോ മാറിയെന്നും അതിലൂടെ വാഹനത്തിന്റെ പെർഫൊമൻസ് മാറിയെന്നും ജാവാ അവകാശപ്പെടുന്നു. അതിലെ സത്യാവസ്ഥ എന്താണെന്നറിയാൻ നമുക്കൊന്ന് ഓടിച്ചുനോക്കാം.


കയറിയിരിക്കുമ്പോൾ തന്നെ സീറ്റിൽ വന്നിട്ടുള്ള മാറ്റം മനസ്സിലാവുന്നുണ്ട്. നല്ല പാഡിങ്ങ്. പലകപോലെയുള്ള പഴയ സീറ്റിൽ നിന്നും മോചനം. ഇൻസ്ട്രുമെന്റേഷനിൽ ചെറിയൊരു മാറ്റമുണ്ട്. ഓഡോമീറ്ററിനു പുറമേ ട്രിപ് മീറ്റർ കൂടി വന്നിട്ടുണ്ട്, അത് സ്‌ക്രോൾ ചെയ്യാനും റീസെറ്റ് ചെയ്യാനുമായി വലത്തേ ഹാൻഡ്ൽബാറിൽ സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ചിനരികിൽ ഒരു ബട്ടണും കാണാം.
ഇനി സ്റ്റാർട്ട് ചെയ്യാം. എക്‌സോസ്റ്റിൽ മാറ്റം വന്നിട്ടുണ്ട്. അല്പം പരുക്കനായ ശബ്ദം. ഫസ്റ്റ് ഗിയർ സ്ലോട്ട് ചെയ്ത് നീങ്ങുമ്പോൾ ജാവാ 42നെക്കാൾ അക്രമോൽസുകനായാണ് 2.1 പെരുമാറുന്നത്. ലോ എൻഡ് ടോർക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ആക്‌സിലറേഷനിലും പ്രകടമായ മാറ്റം കാണാം. കരുത്തും ഒരല്പം കൂടിയിട്ടുണ്ട്. 26.51 പിഎസ് എന്നത് 27.33 ആയി ഉയർന്നിട്ടുണ്ട്. അത്ര വലിയൊരു വർദ്ധന എന്നു പറയാനാവില്ലെങ്കിലും എഞ്ചിന്റെ സ്വഭാവത്തിൽ അത് വളരെ പ്രകടമാണ്. നഗരത്തിരക്കുകളിൽ അടിക്കടി ഡൗൺഷിഫ്റ്റിങ്ങ് വേണ്ടിവന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ അത്ര വലിയ പ്രശ്‌നം തോന്നുന്നില്ല.

കോർണർ ചെയ്യുമ്പോൾ സൈഡ് സ്റ്റാൻഡ് താഴെ ഉരയുന്നില്ല എന്നതാണ് ഞാൻ കണ്ട മറ്റൊരു മേന്മ. ഹാൻഡ്‌ലിങ്ങ് മികച്ചതു തന്നെ. എങ്കിലും ബാർ എൻഡ് മിറേഴ്‌സ് പ്രായോഗികമായി നോക്കുമ്പോൾ അത്ര പോരാ എന്നാണെനിക്കു തോന്നിയത്. കാഫേറേസർ ഓടിക്കും പോലെ ടാങ്കിനു മുകളിൽ കമിഴ്ന്നു കിടന്ന് ഓടിക്കുന്നവർക്ക് പ്രയോജനപ്പെടും.
ഉപഭോക്താക്കളുടെ പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച്, അവയ്ക്കനുസൃതമായി വാഹനങ്ങളെ പരിഷ്‌കരിക്കാൻ മനസ്സുകാണിച്ചിട്ടുള്ള ഒരു നിർമ്മാതാക്കളും തോറ്റുപോയ ചരിത്രമില്ല. ജാവയും ആ വഴിയേ തിരിഞ്ഞതിൽ പെരുത്തു സന്തോഷം$

Leave a Reply

Your email address will not be published. Required fields are marked *

shares