Test Drive: Audi Q2
January 25, 2021
കേരളത്തിന്റെ സ്വന്തം കാർ കമ്പനിയ്‌ക്കെന്തുപറ്റി?
January 25, 2021

Test Ride: Kawasaki W800

Kawasaki W800

ബ്രിട്ടിഷ് മോട്ടോർസൈക്കിളുകളുടെ തനിമയോടെ ഒരു ജാപ്പനീസ് ബൈക്ക്.. അങ്ങനെയൊരെണ്ണത്തിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വാ…

എഴുത്ത്: ജുബിൻ ജേക്കബ്, ഫോട്ടോ: ജോസിൻ ജോർജ്

കവാസകിയുടെ സ്വതന്ത്രമായ വരവിൽ അവർ ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ചതത്രയും സ്‌പോർട്‌സ് അല്ലെങ്കിൽ സൂപ്പർ സ്‌പോർട്‌സ് ഗണത്തിലുള്ള ബൈക്കുകളാണ്. അതുമല്ലെങ്കിൽ അപൂർവം സ്ട്രീറ്റ്/റോഡ്സ്റ്റർ ബൈക്കുകളും അത്യപൂർവ്വമായി മോട്ടൊക്രോസ് ബൈക്കുകളും. റെട്രോ അല്ലെങ്കിൽ ക്ലാസിക് എന്നൊരു വാക്ക് കവാസകി ഇന്ത്യയുടെ നിഘണ്ടുവിലേ ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ കളി മാറിയെന്ന് മറ്റുള്ളവരെപ്പോലെ കവാസകിയും മനസ്സിലാക്കിയിരിക്കുന്നു. ഇന്ത്യക്കാർക്ക് ക്ലാസിക് രൂപമുള്ള, ഒന്നൂടി പച്ചയ്ക്കു പറഞ്ഞാൽ ബുള്ളറ്റിനെപ്പോലുള്ള ഒരു ബൈക്കാണ് വേണ്ടത്. അതിനായി പുതിയ മോഡലുകൾ ഇന്ത്യയിലേക്കു വരുമെന്ന് കേട്ടിരുന്നു. എന്നാൽ ആദ്യമേ വന്ന കക്ഷി ഞെട്ടിച്ചു. ഒരു ക്ലാസിക്കിനു വേണ്ട എല്ലാ രൂപഭംഗിയോടും കൂടെ ഇന്ത്യൻ നിരത്തിലിറങ്ങിയ കവാസകിയുടെ ഈ അവതാരത്തിന്റെ പേരാണ് ഡബ്ല്യു 800.

ഇവനെപ്പറ്റി പറയുമ്പോൽ ഒരൽപം ചരിത്രം പറയേണ്ടതുണ്ട്. 1960ന്റെ തുടക്കത്തിൽ കവാസകി ഒരു എയർക്രാഫ്റ്റ് കമ്പനിയായിരുന്നു. ജപ്പാനിലെ പേരുകേട്ട ഒരു മോട്ടോർസൈക്കിൾ നിർമ്മാതാവായ മെഗുറോയെ സഹായിച്ചുകൊണ്ടാണ് കവാസകി ഈ രംഗത്തേക്കു കടന്നുവരുന്നത്. മെഗൂറോയാവട്ടെ 1960കളിൽ ബിഎസ്എയുടെ എ7 എന്ന മോഡലിന്റെ ലൈസൻസ് കരസ്ഥമാക്കി അതിനെ അടിസ്ഥാനമാക്കി ഒരു മോട്ടോർസൈക്കിൾ നിർമ്മിച്ചു. ഇതിന് മെഗുറോ കെ
എന്നായിരുന്നു പേര്. 1963ൽ മെഗുറോയെ കവാസകി പൂർണമായും ഏറ്റെടുത്തു. വൈകാതെ കവാസകി മെഗുറോ കൂട്ടുകെട്ടിൽ നിന്നും കവാസകി ഡബ്ല്യു 1 പിറന്നു. ജാപനീസ് ഓട്ടൊമൊട്ടിവ് ടെക്‌നോളജിയുടെ നാഴികക്കല്ലുകളിലൊന്നായാണ് ഈ 650 സിസി ബൈക്കിനെ എസ്.എ.ഇ അഥവാ സൊസൈറ്റി ഒഫ് ഓട്ടൊമൊട്ടിവ് എഞ്ചിനീയേഴ്‌സ് ഇൻ ജപ്പാൻ കണക്കാക്കുന്നത്. എന്തായാലും നമുക്ക് ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരത്തെ പരിചയപ്പെടാം.

കാഴ്ച

ബ്രിട്ടീഷ് ബ്രാൻഡുകളെപ്പോലും തോൽപ്പിക്കുന്നത്ര ഇംഗ്‌ളീഷ് ലുക്കാണ് കവാസകി ഡബ്ല്യു 800നുള്ള തെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. റൗണ്ട് ഹെഡ്‌ലാമ്പ് എൽഇഡിയാണെന്നതൊഴിച്ചാൽ തീർത്തും ക്ലാസിക്. ഉയർന്നു വിരിഞ്ഞ ഹാൻഡ്ൽബാറിലെ റിയർവ്യൂ മിററുകളും വൃത്താകൃതിയിൽ തന്നെ. ഹെഡ്‌ലാമ്പിനിരുവശവും ചെറിയ ഇൻഡിക്കേറ്ററുകൾ. താഴേക്കു നീളുന്ന ഫോർക്കുകളിലെ റബർ ബൂട്ട് എഴുപതുകളിലെ ബൈക്കുകളുടെ മുൻഭാഗം അനുസ്മരിപ്പിക്കു ന്നു. ഫോർക്കുകൾ വന്നവസാനിക്കുന്നത് 18 ഇഞ്ച് വയേഡ് വീലുകളിലാണ്. മുന്നിൽ 320 എം.എം സിംഗിൾ ഡിസ്‌ക് ആണുള്ളത്. വശങ്ങളിലേക്കു പോകുമ്പോൾ ഉരുണ്ട ഫ്യുവൽ ടാങ്കിലെ ഡബ്ല്യു എന്ന വലിയ എഴുത്ത് ശ്രദ്ധയിൽപ്പെടും. മധ്യഭാഗം അൽപം താഴ്ന്ന് പിൻഭാഗം ഉയർന്ന റിബ്ബ്ഡ് സീറ്റ്. വെർട്ടിക്കൽ ട്വിൻ എഞ്ചിൻ ഓൾ ബ്ലാക്ക് ഫിനിഷിലാണ് ഡ്യുവൽ ക്രാഡിൽ ഫ്രെയിമിലിരിക്കുന്നത്. എഞ്ചിനിൽ നിന്നും പിന്നിലേക്കു നീളുന്ന എക്‌സോസ്റ്റ് പരമ്പരാഗതശൈലിയിൽ പീഷൂട്ടർ പൈപ്പുകളായി അവസാനിക്കുന്നു. നാം ഇത്തരം പൈപ്പുകൾ ആദ്യമായി കണ്ടത് എൻഫീൽഡ് ബുള്ളറ്റിലാവും. എന്നാൽ ഇത് ഒരുകാലത്ത് ബ്രിട്ടീഷ് ബൈക്കുകളുടെ പൊതുവായ സംഗതികളിലൊന്നായിരുന്നു.
കവാസകി വളരെ സത്യസന്ധമായി അത് ഈ ബൈക്കിലേക്കു പകർത്തിയിരിക്കുന്നു എന്നു മാത്രം. സൈഡ് ഫെൻഡറും പിൻ ഫെൻഡറുമൊക്കെ ലോഹനിർമ്മിതമാണ്. ടെയ്ൽലാമ്പും ഇൻഡിക്കേറ്ററുകളുമടങ്ങുന്ന ഭാഗം കണ്ടാൽ ഇവിടെയുള്ള ചില ക്ലാസിക് ബൈക്ക് ഡിസൈനർമാരെ എടുത്ത് കിണറ്റിലിട്ട് മൂടാൻ തോന്നും.

ഇനി സീറ്റിലേക്കൊന്നു കയറിയിരിക്കാം. വളരെ സൗകര്യപ്രദമായ സീറ്റിങ്ങ്. കൺസോളിൽ ഇരട്ട ഇൻസ്ട്രുമെന്റേഷൻ പോഡുകൾ കാണാം. ഒന്നിൽ സ്പീഡോമീറ്ററും അടുത്തതിൽ ടാക്കോമീറ്ററും. ആദ്യത്തെ ഡയലിൽ ഓഡോമീറ്ററിനു വേണ്ടി ഒരു ചെറിയ എൽസിഡി കാണാം. ടാക്കോമീറ്റർ ഡയലിനു താഴെ കുറെയധികം ഇൻഡിക്കേഷൻ/വാണിങ്ങ് ലാമ്പുകളുണ്ട്. ഫ്യുവൽ ഗേജില്ല, പകരം ലോ ഫ്യുവൽ വാണിങ്ങ് മാത്രം. സ്വിച്ച്ഗിയറുകൾ കണ്ടിട്ട് പഴയ സുസുക്കി സമുറായ്, കവാസകി കെബി100 എന്നിവ ഓർമവന്നു. വളരെ ബേസിക് ആയ സ്വിച്ച് ഗിയർ.

റൈഡ്

സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സ് കുറച്ചു പിന്നിലേക്കു പോയതു പോലെ. കുറെക്കാലങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു എഞ്ചിന്റെ ശബ്ദം കേൾക്കുന്നത്. പുതിയ പാരലൽ ട്വിൻ എഞ്ചിനുകളെല്ലാം 270 ഡിഗ്രീ ഫയറിങ്ങിലേക്കു പോയപ്പോൾ കവാസകി ഇപ്പോഴും പഴയ 360 ഡിഗ്രീ ഫയറിങ്ങിലാണ് നിൽക്കുന്നത്. അതായത് രണ്ടു സിലിണ്ടറുകളും കൃത്യമായ ഇടവേളയിലാണ് ഫയർ ചെയ്യുന്നത്. ഈ എഞ്ചിന്റെ വലതുവശത്തെ കാഴ്ചയിൽ ഒരു ചെറിയ പ്രത്യേകത തോന്നിയില്ലേ? സിലിണ്ടറിന്റെ വശത്തുകൂടി ഒരു ദണ്ഡ് പോലെ കാണുന്നതെന്താണെന്ന് തോന്നിയോ? പറയാം.

ഈ എഞ്ചിന് ഓവർഹെഡ് വാൽവുകൾ പ്രവർത്തിപ്പിക്കാൻ പുഷ് റോഡുകളോ, ടൈമിങ്ങ് ചെയിനോ ഒന്നുമില്ല..! പകരം ക്രാങ്ക്ഷാഫ്റ്റിൽ നിന്നും മുകളിലേക്കൊരു ഷാഫ്റ്റ് പോവുകയാണ്. ബെവൽ ഡ്രിവൺ ക്യാംഷാഫ്റ്റാണ് ഇവന്റെ 8 വാൽവുകളെയും പ്രവർത്തിപ്പിക്കുന്നത്. ഫസ്റ്റ് ഗിയർ സ്‌ളോട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോൾ അനുഭവേദ്യ മാകുന്ന സുഖങ്ങൾ പലതാണ്. ഒന്ന്, ഒരു ബ്രിട്ടീഷ് ക്‌ളാസ്സിക്കിന്റെ മധുരമായ എക്‌സോസ്റ്റ് നോട്ട്, രണ്ട് ഒരു ജാപ്പനീസ് ബൈക്കിന്റെ റിഫൈൻമെന്റ്, ഒരു ക്ലാസിക് ബൈക്കിന്റെ റൈഡിങ്ങ് കംഫർട്ട്. അങ്ങനെയങ്ങനെ. ഗിയർഷിഫ്റ്റിങ്ങൊക്കെ കിറുകൃത്യമാണ്. സ്‌ളിപ്പർ ക്‌ളച്ച് വളരെ ഭംഗിയായി ആ ഒരു ജോലി നോക്കുന്നുണ്ട്.

773സിസി വെർട്ടിക്കൽ ട്വിൻ, 4 വാൽവ് പെർ സിലിണ്ടർ ഫ്യുവൽ ഇൻജെക്റ്റഡ് എയർ കൂൾഡ് എഞ്ചിനാണ് കവാസകി ഡബ്ല്യു 800ന്റേത്. 6500 അർപിഎമ്മിൽ 52 പിഎസാണ് കരുത്ത്. 4800 ആർപിഎമ്മിൽ 62.9 ന്യൂട്ടൻ മീറ്റർ ടോർക്കുമുണ്ട്. 5 സ്പീഡ് ട്രാൻസ്മിഷനാണ് ഇവനുള്ളത്. ദൂരയാത്രകൾക്കാണ് ഇവൻ കൂടുതൽ യോജിക്കുക എന്നു തോന്നി. അതിനു കാരണമുണ്ട്. ഇവന്റെ ഹാൻഡ്ൽബാറിന്റെ പൊസിഷൻ ഒരൽപം വ്യത്യസ്തമാണ്. നീണ്ടുവിരിഞ്ഞ് പുറത്തേക്കു പോയിട്ട് ഒരൽപം അകത്തേക്കു വളഞ്ഞ ഡിസൈൻ. ആദ്യം കണ്ടപ്പോൾ ഇതെന്തു കുന്തമെന്ന് തോന്നിയെങ്കിലും ഓടിച്ചുതുടങ്ങിയപ്പോൾ ഉടനെയെങ്ങും ഈ റൈഡ് തീരല്ലേ എന്നായി എന്റെ പ്രാർത്ഥന. അതുകൊണ്ടു തന്നെ കന്യാകുമാരി മുതൽ കശ്മീർ വരെ ഓടിച്ചുപോകാൻ ഏതു ബൈക്ക് വേണമെന്നു ചോദിച്ചാൽ ഞാൻ ആദ്യം ഇവനെ തെരഞ്ഞെടുക്കും, തീർച്ച$

Leave a Reply

Your email address will not be published. Required fields are marked *

shares