Test drive: Tata Tigor EV
September 10, 2021
Test ride: Yamaha FZ-X
September 10, 2021

Test ride: Royal Enfield Classic 350

Royal Enfield Classic 350

റോയൽ എൻഫീൽഡിന്റെ ജനപ്രിയനായകൻ ക്ലാസിക് 350 ഒരു പതിറ്റാണ്ടിനു ശേഷം അടിമുടി മാറ്റങ്ങളുമായി വന്നിരിക്കുകയാണ്.

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

വീട്ടിലൊരാനയുണ്ടെന്നു പറയും പോലെയായിരുന്നു എൻഫീൽഡ് ബുള്ളറ്റുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നത്. ഇന്ത്യൻ ബൈക്കുകളിലെ മുടിചൂടാമന്നനായി അരനൂറ്റാണ്ടിലേറെക്കാലം ബുള്ളറ്റ് തലയുയർത്തിപ്പിടിച്ച് നടന്നിരുന്നു, ദിഗന്തങ്ങൾ നടുങ്ങുമാറ് വെടിപൊട്ടിച്ച് നിരത്തുകളെയും ഹൃദയങ്ങളെയും പ്രകമ്പനം കൊള്ളിച്ചിരുന്നു. പക്ഷേ ഡീകമ്പ്രഷൻ ലിവർ വലിച്ച് ആമ്പിയർ മീറ്റർ നോക്കി ടൈമിങ്ങ് സെറ്റ് ചെയ്തുള്ള കിക്ക് സ്റ്റാർട്ടും, ഇടതുകാലിലെ ബ്രേക്കും, വലതുകാലിലെ ഗിയർ ഷിഫ്റ്ററും ന്യൂട്രൽ ലിവറുമൊക്കെച്ചേർന്ന് സാമാന്യജനത്തിന് അപ്രാപ്യമായ എന്തോ ഒന്നാക്കി ബുള്ളറ്റിനെ തീണ്ടാപ്പാടകലെ നിർത്തിയിരുന്നു. ഉടമകളും ഉപയോക്താക്കളുമായ ഒരു വിഭാഗത്തിന്റെ നിരുൽസാഹപൂർവമുള്ള തള്ളുകഥകൾ കൂടിയായപ്പോൽ തെല്ലൊരു ഭയപ്പാടോടെയല്ലാതെ ഈ വണ്ടിയെ ഒരുവിധമാളുകൾ നോക്കുക കൂടിയില്ലെന്ന അവസ്ഥ വന്നു. ഭയം കലർന്ന ആദരവോടെ ജനങ്ങൾ നോക്കുമെങ്കിലും വിൽപനയിലെ മാന്ദ്യം അത്ര ചെറുതല്ലാത്തൊരു പ്രശ്‌നമായി വളർന്നു വന്നു. അതൊക്കെ പഴംകഥയായി.

ഏകദേശം ഒരു വ്യാഴവട്ടക്കാലം മുമ്പ് റോയൽ എൻഫീൽഡ് അവരുടെ ലൈനപ് ആകെ പരിഷ്‌കരിച്ചു. അങ്ങനെ വന്ന് അവതരിച്ച മോഡലാണ് ക്ലാസിക്. 350/500 സിസി വകഭേദങ്ങളിൽ ഇറങ്ങിയ ക്ലാസിക്കിന് യുസിഇ എഞ്ചിനായിരുന്നു. ബുള്ളറ്റിൽ മൂന്ന് യൂണിറ്റായി ഇരുന്ന എഞ്ചിനെ ആകമാനം പരിഷ്‌കരിച്ച് ഒറ്റ ബ്‌ളോക്കാക്കിയ ഡിസൈനായിരുന്നു യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിൻ. സാധാരണ ബൈക്കുകളെപ്പോലെ ഇടതുവശത്ത് യൂണിവേഴ്‌സൽ പാറ്റേണോടു കൂടിയ ഗിയർ ഷിഫ്റ്ററും, വലതുകാലിൽ ബ്രേക്കും, മുന്നിൽ ഡിസ്‌ക് ബ്രേക്കുമൊക്കെയായി ക്ലാസിക് സീരീസ് കത്തിക്കയറി. ഉപയോഗത്തിലെ അനായാസത കൂടിയായപ്പോൽ റോയൽ എൻഫീൽഡ് എന്നത് ഒരു ജനപ്രിയ ബ്രാൻഡായി മാറി. എങ്കിലും തലവേദനകൾ റോയൽ എൻഫീൽഡിനെ വിട്ടൊഴിഞ്ഞിരുന്നില്ല. ആദ്യ തലമുറ ക്ലാസിക്കുകളിൽ എഞ്ചിൻ ഓയിൽ ലീക്കായിരുന്നു പ്രധാന പ്രശ്‌നം. അത് ഒരുവിധം പരിഹരിച്ചു വന്നപ്പോഴേക്കും വാഹനത്തിന്റെ വിറയൽ മറ്റൊരു പ്രശ്‌നമായി പൊങ്ങിവന്നു. ഇതൊക്കെയാണെങ്കിലും വിൽപനയിൽ ക്ലാസിക് ഒട്ടും
പിന്നോട്ടു പോയതുമില്ല. പതിനയ്യായിരം യൂണിറ്റിന്റെ ശരാശരി വിൽപനയുമായി ക്ലാസിക് കുതിച്ചുകയറി. പല ഭൂഖണ്ഡങ്ങളിലായി 75 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു, ഒരു വ്യാഴവട്ടക്കാലം കൊണ്ട് മുപ്പതുലക്ഷത്തിലേറെ ക്ലാസിക്കുകളാണ് റോയൽ എൻഫീൽഡ് നിരത്തുകളിലേക്കിറക്കിവിട്ടത്..! 1950കളിലെ ഡിസൈൻ പിന്തുടർന്നതു കൊണ്ട് ഒട്ടേറെ പ്രശ്‌നങ്ങൾ ക്ലാസിക്കിനുണ്ടായിരുന്നു. ഫ്യുവൽ ഗേജ് ഇല്ല, ട്രിപ് മീറ്ററില്ല എന്നു വേണ്ട നേരാം വണ്ണം ഒരു ഹാൻഡ്ൽ ലോക്ക് പോലും ക്ലാസിക് 350ക്കില്ലായിരുന്നു. എന്നാൽ ഈ കുറവുകളെല്ലാം പരിഹരിച്ചുകൊണ്ടാണ് ഇപ്പോൾ ഏറ്റവും പുതിയ ക്ലാസിക് 350 വന്നിരിക്കുന്നത്.

കാഴ്ച

ഷാസിയിലും എഞ്ചിനിലും സമൂലമായ മാറ്റങ്ങളോടെയാണ് വന്നിട്ടുള്ളതെങ്കിലും പഴയ ഡിസൈനിൽ നിന്നും തെല്ലും വ്യതിചലിക്കാതെയാണ് പുതിയ ക്‌ളാസ്സിക്കിന്റെയും നിൽപ്. ക്ലിയർ ലെൻസ് ഹെഡ്‌ലാമ്പും അതിനെ ഉൾക്കൊള്ളുന്ന വലിയ സ്‌കള്ളുമാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ഇൻഡിക്കേറ്ററുകളുടെ വലുപ്പം കുറഞ്ഞിരിക്കുന്നു. മിററുകൾ ക്രോം തിളക്കത്തിൽ കുളിച്ചുനിൽക്കുന്നു. ബലിഷ്ഠങ്ങളായ ഫോർക്കുകൾ, വീതിയേറിയ ഫെൻഡർ. അതിനു താഴെ സ്‌പോക്കുകളാൽ അലംകൃതമായ വയേർഡ് വീലുകൾ, 300 എം.എം ഡിസ്‌ക് ബ്രേക്ക്. എബിഎസിന് ഡ്യുവൽ/സിംഗിൾ ചാനൽ വകഭേദങ്ങളുണ്ട്. വശങ്ങളിലേക്കു വരുമ്പോഴും ക്രോമിയത്തിന്റെ ധാരാളിത്തത്തോടെ തിളങ്ങുന്ന ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്. അത് 13 ലിറ്ററാണെന്ന് റോയൽ എൻഫീൽഡ് പറയുന്നു. റിസർവ് കൂടാതെയുള്ള ശേഷിയാവും ഇത്. നിലവിൽ അഞ്ച് എഡിഷനുകളിലായി പത്തു നിറങ്ങളാണ് പുതിയ ക്ലാസിക് 350ക്കുള്ളത്.

ഏറ്റവും വിലകുറഞ്ഞ മോഡലുകൾക്ക് സിംഗിൾ ചാനൽ എബിഎസാണുള്ളത്. റെഡ്ഡിച്ച് ഗ്രേ, റെഡ്ഡിച്ച് സേജ് ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് അവ ലഭ്യമാവുക. അടുത്ത എഡിഷൻ ഹാൽസ്യൺ ആണ്. ഹാൽസ്യൺ ബ്ലാക്ക്, ഹാൽസ്യൺ ഗ്രീൻ എന്നീ നിറങ്ങളാണ് ആ എഡിഷനിലുള്ളത്. അടുത്തത് സിഗ്‌നൽസ് എഡിഷനാണ്. സിഗ്‌നൽസ് മാർഷ് ഗ്രേ, സിഗ്‌നൽസ് ഡെസെർട്ട് സാൻഡ് എന്നീ നിറങ്ങളാണ് അതിലുള്ളത്. അടുത്തത് ഡാർക്ക് എഡിഷനാണ്. ഇതിൽ ഡാർക്ക് സ്റ്റെൽത്ത് ബ്‌ളാക്ക്, ഡാർക്ക് ഗൺമെറ്റൽ ഗ്രേ എന്നീ നിറങ്ങളുണ്ട്. ഏറ്റവുമുയർന്ന എഡിഷൻ ക്രോം ആണ്. ക്രോം റെഡ്, ക്രോം ബ്രോൺസ് എന്നിങ്ങനെ രണ്ടു നിറങ്ങളാണ് ക്രോം എഡിഷനിൽ. ക്രോം എഡിഷനിലെ ഫ്യുവൽ ടാങ്ക് ബാഡ്ജിങ്ങ് ഇന്റർസെപ്റ്ററിൽ കണ്ട അതേ പ്രീമിയം ബാഡ്ജാണ്. എക്‌സോസ്റ്റ് ലൈനിന്റെ ഇടയിലെങ്ങും കാറ്റലിറ്റിക് കൺവെർട്ടറിന്റെ തടസ്സം കാണാനില്ല. അതൊക്കെ റോയൽ എൻഫീൽഡിലെ ഡിസൈനർമാർ വിദഗ്ദ്ധമായി സൈലൻസറിനുള്ളിൽ അടക്കം ചെയ്തിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു മാറ്റം സീറ്റാണ്, എങ്കിലും അതേപ്പറ്റി കയറിയിരുന്നിട്ട് പറയാം. ബ്രേക്ക് ലിവറും ഫുട്ട് റെസ്റ്റുകളുമൊക്കെ അമ്പേ മാറിയിരിക്കുന്നു.
പിന്നിലെ ഫെൻഡറിനു വീതി കൂടിയിട്ടുണ്ട്. ടെയ്ൽ ലാമ്പിന്റെ രൂപവും ഒരൽപം മാറി.

റൈഡ്

നേരത്തേ സ്പ്രിങ്ങ് മൗണ്ടഡായിരുന്ന റൈഡർ സീറ്റിനു പകരം പുതുതായി വന്ന വിശാലമായ, സുഖപ്രദമായ സീറ്റാണ്. പിൻസീറ്റും അതുപോലെ തന്നെ മാറിയിരിക്കുന്നു. നല്ല കാര്യം. ഇനി നടുവേദനയുടെ ശല്യമുണ്ടാവില്ലെന്ന് കരുതാം. കൺസോളിലേക്കു നോക്കുമ്പോൾ സ്പീഡോമീറ്ററിൽ നിന്നും താഴേക്ക് ഒഴുകിവന്നതു പോലെ ഒരു ഡിജിറ്റൽ ഡിസ്‌പ്ലേ ഇതിൽ ഫ്യുവൽ ഗേജും, ഓഡോ, ട്രിപ്മീറ്ററുകളും ക്‌ളോക്കുമുണ്ട്. ഇഗ്‌നീഷ്യൻ സ്വിച്ച് പഴയ സ്ഥാനത്തു തന്നെ, പക്ഷേ ഒപ്പം ഹാൻഡ്ൽ ലോക്കും വന്നിരിക്കുന്നു, മുമ്പ് ആമ്പിയർ മീറ്റർ നിലനിന്നിരുന്ന സ്ഥാനത്ത് പുതിയ ട്രിപ്പർ നാവിഗേഷൻ ഡയൽ. സ്വിച്ച്ഗിയറുകളെല്ലാം നാം മീറ്റിയോറിൽ കണ്ട തരം റോട്ടറി കണ്ട്രോൾ സ്വിച്ചുകളായിരിക്കുന്നു. ക്ലച്ച്, ബ്രേക്ക് ലിവറുകളുടെ കോണ്ടാക്റ്റ് ഏരിയ വീതി കൂട്ടി സൗകര്യപ്രദമാക്കിയിരിക്കുന്നു.


ഇനി ഒന്നു സ്റ്റാർട്ട് ചെയ്യാം. റോട്ടറി സ്വിച്ച് തിരിഞ്ഞു. ഗാംഭീര്യമുള്ള മുഴക്കത്തോടെ ക്ലാസിക് ഉണർന്നു. മീറ്റിയോറിലെ അതേ എഞ്ചിനാണെങ്കിലും എക്‌സോസ്റ്റ് മാറ്റമുള്ളതു കൊണ്ട് നല്ല ഘനമാർന്ന നോട്ടാണ് ക്ലാസിക്കിന്. ജെ പ്ലാറ്റ്‌ഫോമിനെപ്പറ്റി വിസ്താരഭയത്താൽ പറയുന്നില്ല. ഡ്യുവൽ സ്‌പൈൻ ഫ്രെയിമിൽ ഒരു സ്‌ട്രെസ്ഡ് മെമ്പർ പോലെയാണ് എഞ്ചിൻ മൗണ്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പഴയതിന്റെ പത്തിലൊന്ന് വിറയലില്ല, നല്ല റിഫൈൻമെന്റുമുണ്ട്.

ഫസ്റ്റ് ഗിയറിട്ട് നീങ്ങുമ്പോൾ വളരെ ലീനിയറായ പവർ ഡെലിവറി. ആവശ്യത്തിനു ടോർക്കുമുണ്ട്. അതെ, 6100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 27 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് പുതിയ ക്ലാസിക് 350ക്ക് . ഹ്രസ്വദൂര യാത്രകൾക്കെന്ന പോലെ തന്നെ ദീർഘദൂരയാത്രകൾക്കും ഒരേ പോലെ അനുസൃതമായ തരത്തിൽ ട്യൂൺ ചെയ്തിരിക്കുന്ന എഞ്ചിനാണിതെന്ന് തോന്നിപ്പോകുന്നു. 80 കിലോമീറ്റർ വേഗതയാർജ്ജിക്കുമ്പോഴും ഹാൻഡ്ൽബാറിൽ അനാവശ്യമായ വിറയലുകളില്ല, റിയർവ്യൂ മിററുകളിൽ
കാഴ്ചകൾ മങ്ങുന്നില്ല. അതേ, ഇതൊരു പുതിയ തുടക്കം തന്നെയാണ്. നഗരത്തിരക്കിലും ഹൈവേയിലുമായി നടത്തിയ ടെസ്റ്റ്റൈഡിൽ മനസ്സിലായ മറ്റൊരു കാര്യം കൂടിയുണ്ട്. പുതിയ ക്ലാസിക്കിന്റെ ഹാൻഡ്‌ലിങ്ങും ബ്രേക്കിങ്ങും. രണ്ടും ഒരുപാട് മാറിയിരിക്കുന്നു. ബ്രേക്കിങ്ങിൽ പഴയ ക്ലാസിക്കിനെക്കാൾ വളരെയേറെ പുരോഗമനമുണ്ട് പുതിയ മോഡലിൽ. എന്തായാലും അടിമുടി മാറ്റങ്ങളുമായി വന്നിരിക്കുന്ന പുതുതലമുറ ക്ലാസിക്ക് ഹിറ്റാവുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത്രയ്ക്ക് ആത്മാർഥമായി റോയൽ എൻഫീൽഡ് ഇവനെ അണിയിച്ചൊരുക്കിയിട്ടുണ്ട്$

Vehicle Provided By:
RE Brand Showroom
Kochi, Ph: 8879905658

Leave a Reply

Your email address will not be published. Required fields are marked *