ഒരു ഗ്രേറ്റ് ഇന്ത്യൻ വീട്ടമ്മ!
January 25, 2021
Test Drive: Audi Q2
January 25, 2021

Test Ride: TVS Apache RTR 200 4v

TVS Apache RTR 200 4v

200സിസി വിഭാഗത്തിൽ ഒട്ടേറെ പുതുമകളുമായാണ് പുതിയ ടിവിഎസ് അപാചെ ആർടിആർ വി4 ന്റെ വരവ്. വിശദമായ ടെസ്റ്റ് റൈഡ്….

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

പലപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയൊരു മോട്ടോർസൈക്കിളാണ് ടിവിഎസ് അപാചെ എന്ന് തോന്നിയിട്ടുണ്ട്. ശരിക്കും ഒരു അണ്ടർറേറ്റഡ് പെർഫൊമർ, അല്ലെങ്കിൽ അറിയപ്പെടാതെ പോയ പോരാളി എന്നൊക്കെ വിളിക്കാം. സമീപകാല സ്ഥിതിവിവരക്കണക്കുകൾ നോക്കുമ്പോൾ അത് വളരെ സത്യമാണെന്നും കാണാം. ഇന്ത്യൻ ഇരുചക്രവാഹനവിപണിയിൽ 150 തരംഗം വ്യാപകമായിക്കഴിഞ്ഞ് പിന്നെയും നാലഞ്ചു വർഷം കഴിഞ്ഞാണ് അപാചെയുടെ വരവ്. അതിനു മുമ്പ് ടിവിഎസിന്റെ കൈവശമുണ്ടായിരുന്ന സുസൂക്കി ഫിയറോയെയും, സുസൂക്കി പോയിക്കഴിഞ്ഞപ്പോൾ തനിയെ സൃഷ്ടിച്ച ഫിയെറോ എഫ്എക്‌സും വെച്ചുള്ള കളികൾ ഇതിനു മുമ്പ് ടിവിഎസ് നടത്തിയിരുന്നെങ്കിലും വ്യക്തമായൊരു വിപണിവിഹിതം നേടാൻ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഫിയറോയുടെ എഞ്ചിനെ പരിഷ്‌കരിച്ച്, ഏറെക്കുറെ പുതിയൊരു പ്ലാറ്റ്‌ഫോമിൽ അപാചെ ഐഇ സർജ് എന്ന പേരിൽ ഒരു 150 സിസി മോട്ടോർസൈക്കിളുമായി ടിവിഎസ് കളത്തിലിറങ്ങുന്നത്. വിപണിയാകെ ബജാജ് പൾസർ കയ്യടക്കിയിരിക്കുന്ന കാലം. അതിനിടയിലേക്കാണ് അപാചെ ഒറ്റയ്ക്കിറങ്ങിച്ചെല്ലുന്നത്. ഉയർന്ന പവർ ടു വെയ്റ്റ് റെഷ്യോ ഉള്ളതിനാൽ ഏറ്റവും ആ വിഭാഗത്തിൽ ഏറ്റവും ചടുലമായ മോഡൽ അപാചെയാണെന്നായിരുന്നു ടിവിഎസിന്റെ അവകാശവാദം. മെല്ലെ വിപണിയിൽ അപാചെ ഒരു തരംഗമായിത്തുടങ്ങി. സ്വന്തമായി ഒരിടം നേടാൻ അപാചെക്ക് കഴിഞ്ഞു എന്നതാണ് ശരി.

പിന്നീട് രൂപഭാവങ്ങൾ മാറ്റിയും സാങ്കേതികമായി മെച്ചപ്പെടുത്തലുകൾ നടത്തിയും ടിവിഎസ് അപാചെ എന്ന ലൈനപ്പിനെ കെട്ടിപ്പടുത്തുയർത്തി. വിപണിയിൽ വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽ അപാചെ എന്ന മോഡലിനു മാത്രമായി റൈഡർമാർക്കിടയിൽ ഒരു ഫാൻബേസ് രൂപപ്പെട്ടു തുടങ്ങി. റേസ് ട്രാക്കുകളിലും റാലിയിലുമൊക്കെ അപാചെ വിജയം കൊയ്തുതുടങ്ങി. വിപണിയിലെ എതിരാളികളെയൊന്നും അവിടെ കണികാണാനില്ലായിരുന്നു താനും.! ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിലടക്കം നേരിയ മോഡിഫിക്കേഷനോടെ അപാചെകൾ പറന്നു കയറി വിജയം വരിക്കുന്ന കാഴ്ചകൾക്ക് കാലവും ഞാനും സാക്ഷികളായി.ഒടുവിൽ 2017 ഡിസംബറിൽ ബിഎംഡബ്ല്യൂവുമായുള്ള സഹകരണത്തിൽ അപാചെ 310 എന്ന മോഡലും കൂടിയിറക്കിയതോടെ ടിവിഎസ് വേറെ ലെവലാണെന്ന് ജനം പറഞ്ഞും അറിഞ്ഞും തുടങ്ങി. ഈ കോലാഹലത്തിനിടയിലൂടെ കുതിച്ചുപാഞ്ഞു വന്നൊരു മോഡലാണ് അപാചെ ആർടിആർ 200. നാമിപ്പോൾ കാണാൻ പോകുന്നത് ഈ ആർടിആർ 200ന്റെ ഏറ്റവും പുതിയ വേർഷനാണ്. ടിവിഎസ് അപാചെ ആർടിആർ 200 വി4 ന്റെ കാഴ്ചകളിലേക്ക് സ്വാഗതം.#

കാഴ്ച

പേൾ വൈറ്റ്, മാറ്റ് ബ്ലൂ, ഗ്ലോസ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് അപാചെ 200 വി4ന്റെ വരവ്. റേസിങ്ങ് ശൈലിയിലുള്ള ഗ്രാഫിക്‌സാണ് പ്രധാന ആകർഷണമെങ്കിലും തൊലിപ്പുറമേയുള്ള മാറ്റങ്ങളല്ല അപാചെ 200 വി4നുള്ളതെന്ന് നിസ്സംശയം പറയാനാവും. അക്രമോൽസുകമായ മുഖഭാവം പ്രദാനം ചെയ്യുന്ന എൽഇഡി ഹെഡ്‌ലാമ്പ്. അതിനു മുകളിലായി ബൂമറാങ്ങ് ആകൃതിയിൽ ഇണക്കിച്ചേർത്ത ഇരട്ട പൈലറ്റ് ലാമ്പുകൾ. ഹെഡ്‌ലാമ്പ് ഹൗസിങ്ങിലും മുന്നിൽ നിന്ന് കാണാവുന്ന ടാങ്ക് സ്‌കൂപ്പുകളിലുമൊക്കെ ചുവപ്പ് പിൻസ്‌ട്രൈപ്പിങ്ങ് കാണാം. ക്‌ളോ ടൈപ് റിയർവ്യൂ മിററുകൾ സ്‌റ്റൈലിഷും ഏയ്‌റോഡൈനമിക്കുമാണ്. സ്‌പോർട്ടിയായ മുൻഫെൻഡറിനിരുവശവും അഡ്ജസ്റ്റബ്ൾ പ്രീലോഡ് ഫോർക്കുകൾ കാണാം. 10 സ്‌പോക് അലോയ് വീലിൽ 90/9017 49പി ട്യൂബ്‌ലെസ്സ് ടയറും നടുവിലായി 270 എം.എം ഡിസ്‌ക് ബ്രേക്കും കാണാം.

വശങ്ങളിലേക്കു വരുമ്പോൾ ടിവിഎസ് ലോഗോയിലെ കുതിരയെപ്പോലെ കുതിക്കാനൊരുങ്ങുന്ന ഭാവമാണ് അപാചെയ്ക്ക്. റേസിങ്ങ് ആവശ്യങ്ങൾക്ക് രൂപകല്പന ചെയ്ത സ്പ്ലിറ്റ് ക്രാഡ്ൽ സിൻക്രോ സ്റ്റിഫ് ഷാസിയാണിതിനു കാരണം. അടിസ്ഥാനപരമായ സ്‌റ്റൈലിങ്ങിൽ കാര്യമായ മാറ്റമില്ലെങ്കിലും ആകെയൊരു പൊളിച്ചടുക്കൽ നടന്ന ലക്ഷണമുണ്ട്. ശില്പഭംഗിയുള്ള ഫ്യുവൽ ടാങ്ക് തന്നെ ഉദാഹരണം. ഇതിന്റെ മുകൾഭാഗത്തെ ഡിസൈൻ തീർത്തും അസിമ്മെട്രിക് ആണ്. ഫ്യുവൽ ലിഡ് ഒരു വശത്തേക്കു മാറ്റി സ്ഥാപിച്ചിരിക്കുന്നു. ടാങ്കിനടിയിലായി റേസിങ്ങ് ജീനുകളൊളിപ്പിച്ച് ഒ3സി എഞ്ചിനും കറുപ്പണിഞ്ഞിരിക്കുന്നു. എഞ്ചിനെ ഭാഗികമായി പൊതിഞ്ഞുകൊണ്ട് ഒരു ഗാർഡും കാണാം. ഇരട്ട ബാരൽ എക്‌സോസ്റ്റാണ് ഇടക്കാലത്ത് അപാചെയിൽ വന്ന മാറ്റങ്ങളിലൊന്ന്. അത് ഇവിടെയും തുടരുന്നു. ഇരുവശത്തും വെന്റുകളുള്ള പിൻ ഫെൻഡറിലാണ് പില്യൺ സീറ്റ് സ്ഥിതിചെയ്യുന്നത്.

ഇരുവശത്തും ഗ്രാബ് റെയിലുകളും കൂടിയാവുമ്പോൾ ടെയ്ൽഎൻഡ് പൂർത്തിയാവുന്നു. പിന്നിലെ സസ്‌പെൻഷൻ ഒരുക്കിയിരിക്കുന്നത് ഷൊവാ ആണ്. പ്രീമിയം ബൈക്കുകളിൽ മാത്രം കണ്ടിട്ടുള്ള ഷോവായുടെ മോണോഷോക്ക് എങ്ങനെയുണ്ടെന്ന് റൈഡിൽ നമുക്കു നോക്കാം. പിന്നിലെ ടയർ ടിവിഎസ് യൂറോഗ്രിപ്പ് 130/70 ആർ17 എം/സി 62പി ആണ്. വളരെ സ്‌പോർട്ടിയായ പിൻഭാഗത്തിന്റെ ഭംഗി കെടുത്താൻ ഒരു ടയർ ഹഗ്ഗറും സാരീഗാർഡുമുണ്ട്. നമ്മുടെ നാട്ടിലെ വിവരംകെട്ട നിയമങ്ങളുടെ നേർക്കാഴ്ചകൾ..

റൈഡ്

കയറിയിരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമുണ്ട് അപാചെയിൽ; അതിന്റെ ഫിറ്റ് ആൻഡ് ഫിനിഷ്.. ഒന്നാന്തരമെന്നേ പറയാനുള്ളൂ. പെയിന്റ് ക്വാളിറ്റിയെപ്പറ്റി പറയേണ്ടതില്ലല്ലോ. മുന്നിലേക്കു നോക്കുമ്പോൾ വളരെ ലളിതമായ ലേ ഔട്ടിൽ കൺട്രോൾസും ഇൻസ്ട്രമെന്റേഷനും കാണാം. ട്രപിസോയ്ഡൽ ആകൃതിയിലുള്ള മോണോക്രോമാറ്റിക് ഡിജിറ്റൽ ഡിസ്‌പ്ലേയുടെ മുകളിലൂടെ ഒരു വര പോലെ ടാക്കോ ഗ്രാഫ് പോകുന്നു. ഇടതു മാറി തെല്ലു താഴെയായി ഫ്യുവൽ ഗേജ്, അതിനു താഴെ ക്‌ളോക്ക് കാണാം. ഒത്ത നടുവിലായി സ്പീഡോമീറ്റർ റീഡിങ്ങ്. അതിനു താഴെയായി വിവിധ മെസേജ്/ഇൻഫോ എന്നിവയ്ക്കുള്ള ഡിസ്‌പ്ലേ സ്‌പേസ് കാണാം. അതിനും വലത്തായി ഗിയർ ഇൻഡിക്കേറ്ററും, വലത്ത് മുകളിലായി ട്രിപ് മീറ്ററുമുണ്ട്. ഡിസ്പ്‌ളേക്ക് താഴെയുള്ള ഭാഗത്തായി വാണിങ്ങ്, ഇൻഡിക്കേഷൻ ലാമ്പുകൾ കാണാം. ഡിസ്‌പ്ലേയ്ക്കിരുവശത്തും മോഡ്, സെറ്റ് സ്വിച്ചുകളും, മുകളിൽ വലതുഭാഗത്തായി റെവ് ലിമിറ്റർ ലൈറ്റുമുണ്ട്. ബ്‌ളൂടുത്ത് കണക്റ്റിവിറ്റിയും ടേൺ ബൈ ടേൺ നാവിഗേഷനുമൊക്കെ ഈ ഡിസ്‌പ്ലേയിൽ നമുക്കു കാണാം.

സ്വിച്ച്ഗിയറുകളിൽ കൂടുതലായുള്ളത് ഇടത്തേ കോംബിനേഷൻ സ്വിച് ക്ലസ്റ്ററിലുള്ള ഒരു ഇൻഫോ ബട്ടണും, വലത്തേ ക്ലസ്റ്ററിൽ എഞ്ചിൻ ഓൺ/ഓഫ് സ്വിച്ചിനു താഴെയുള്ള മോഡ് സ്വിച്ചുമാണ്. എന്താ ഞെട്ടിപ്പോയോ? അപ്പാചെ വെറും വരവല്ല വന്നിരിക്കുന്നത്, ഒരൊന്നൊന്നര വരവാണ്. മൂന്ന് റൈഡിങ്ങ് മോഡുകളാണ് ഇവനുള്ളത്; അർബൻ, സ്‌പോർട്ട്, റെയിൻ എന്നിങ്ങനെയാണ് മൂന്ന് മോഡുകൾ..! ഇനിയിവനെ ഒന്നു പരീക്ഷിക്കാം. ാർട്ട് ചെയ്യാനായി സ്വിച്ചിൽ വിരലമർത്തിയതും അപാചെയുടെ ഹൃദയം തുടിച്ചുണർന്നു. വളരെ റിഫൈൻഡായ എഞ്ചിൻ, ഒരല്പം മുഴക്കമുള്ള എക്‌സോസ്റ്റ് നോട്ട്. 197.75സിസി സിംഗിൾ സിലിൻഡർ, ഫ്യുവൽ ഇൻജെക്റ്റഡ് 4 വാൽവ് എഞ്ചിനാണ് അപാചെയിലുള്ള ഒ3സി എന്ന മോഡൽ. റെസ് ട്യൂൺഡ് ഫ്യുവൽ ഇഞ്ചെക്ഷൻ (ആർടിഎഫ്‌ഐ) എന്ന പേറ്റൻഡഡ് സാങ്കേതികവിദ്യയാണ് ടിവിഎസ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. അർബൻ മോഡാണ് ഡിഫോൾട്ട് ആയി സെറ്റ് ആയിരിക്കുന്നത്. സാമാന്യം നല്ല ലോ എൻഡ് ടോർക്കും പവറുമുള്ള ഈ മോഡ് തന്നെ ധാരാളം, എങ്കിലും ഒരൽപം കരുത്തുകൂടി വേണമെന്നു തോന്നിയാൽ നേരെ സ്‌പോർട്ടിലേക്ക് മാറ്റുക, പിന്നെ 9000 ആർപിഎമ്മിൽ 20.8 പിഎസ് ആണ് ഇവന്റെ കരുത്ത്. ടോർക്കാവട്ടെ 7250 ആർപിഎമ്മിൽ ന്യുട്ടൺ മീറ്ററും. മഴയോ, ചരൽ വീണ റോഡോ ഒക്കെയാണെങ്കിൽ റെയിൻ മോഡിലേക്ക് മാറാം.

ഇവിടെ നിയന്ത്രിതമായ കരുത്തും ഡ്യുവൽ ചാനൽ എബിഎസും കൂടി ചേർന്ന് സുരക്ഷിതമായ റൈഡ് സമ്മാനിക്കും. ഗിയർഷിഫ്റ്റുകൾ വളരെ അനായാസമാണ്, പക്ഷേ അഞ്ചാം ഗിയർ കഴിഞ്ഞ് ഒരെണ്ണം കൂടി വേണ്ടിയിരുന്നു എന്ന് തോന്നിക്കുന്നുണ്ട്. അടുത്ത അപ്‌ഗ്രേഡീൽ ടിവിഎസ് അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ഈ സെഗ്മെന്റിൽ 5 സ്പീഡ് ട്രാൻസ്മിഷൻ ഒരല്പം കാലഹരണപ്പെട്ടു എന്നു പറയാം. അപാചെയുടെ ഹാൻഡ്‌ലിങ്ങ് എനിക്ക് പണ്ടേ ഇഷ്ടമാണ്. ഫ്രണ്ട് എൻഡ് വളരെ ലൈറ്റായി പെരുമാറുന്ന, പാറീപ്പറക്കുന്ന തരം അനുഭവം. പൾസറിനാണെങ്കിൽ നേരെ തിരിച്ചാണ്, ഒരല്പം സ്റ്റിഫ് ആയി അനുഭവപ്പെടും. ഇതുകൊണ്ടു തന്നെയാണ് അപാചെ റേസ് ട്രാക്കുകളുടെ പ്രിയ ബൈക്കായതും. ഫ്രണ്ട്/റിയർ സസ്‌പെൻഷനെപ്പറ്റി എടുത്തുപറയേണ്ടിയിരിക്കുന്നു. അപാചെയുടെ ഹാൻഡ്‌ലിങ്ങിനെ നിർവചിക്കുന്നതിൽ നല്ലൊരു ഭാഗവും ഈ സസ്‌പെൻഷന്റെ മികവു തന്നെയാണ്. മുന്നിലെ അഡ്ജസ്റ്റബ്ൾ പ്രീലോഡ് നമുക്കു തന്നെ സെറ്റ് ചെയ്യാവുന്നതേയുള്ളൂ, ഒരു ചെറിയ നാണയമുണ്ടെങ്കിൽ പണി നടക്കും..!..

വിപ്ലവകരമായ ഏതാനും മാറ്റങ്ങളുമായാണ് ഇത്തവണ ടിവിഎസ് അപാചെയെ നിരത്തിലിറക്കിയിരിക്കുന്നത്. ഇന്ത്യൻ യുവത്വത്തിന്റെ ഹൃദയത്തുടിപ്പാവാൻ അപാചെയ്ക്ക് കഴിയുമോ? കാത്തിരുന്നു കാണാം$

Leave a Reply

Your email address will not be published. Required fields are marked *

shares