Preview: TES Dude Electric bike
August 24, 2021
പൊതുജനം കഴുത!
August 24, 2021

Test ride: TVS iQube

TVS iQube

ഇലക്ട്രിക് ഇരുചക്രവാഹനവിപണിയിൽ ഏറെ കാത്തിരുന്ന ഐക്യൂബ് എന്ന സ്‌കൂട്ടറുമായി എത്തിയിരിക്കുകയാണ് ടിവിഎസ് മോട്ടോഴ്‌സ്. ഐക്യൂബിനെ പരിചയപ്പെടാം.

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

അഞ്ചെട്ടു വർഷം മുമ്പാണ് ഞാനാദ്യമായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നത്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകളുപയോഗിച്ച് അസംബ്ൾ ചെയ്ത വാഹനങ്ങളായിരുന്നു അന്ന് ടെസ്റ്റ് റൈഡിനു കിട്ടിയത്. കാഴ്ചയിൽ വെസ്പയോട് സാമ്യമുള്ള ആ വാഹനങ്ങൾക്ക് തുടക്കത്തിൽ നല്ല കുതിപ്പും, പിന്നീടങ്ങോട്ട് സാമാന്യം നല്ല കിതപ്പുമായിരുന്നു. അതോടെ ഇലക്ട്രിക് എന്നു കേട്ടാൽ എനിക്ക് വെളിച്ചപ്പാടിനെപ്പോലെ തുള്ളലുണ്ടാകുന്ന അവസ്ഥ വരെ സംജാതമായി. ടിവിഎസ് മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നെന്നു കേട്ടപ്പോഴും മിഥുനം സിനിമയിലെ ഇന്നസെന്റിനെപ്പോലെ ഭാവഭേദമില്ലാതെ മസിലും പിടിച്ച് നിന്ന ഞാൻ ഐക്യൂബിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ മെല്ലെ അയഞ്ഞു. കല്യാണം വേണ്ടെന്നു പറഞ്ഞു നിന്നവൻ മാട്രിമോണി സൈറ്റിൽ കൊള്ളാവുന്നൊരു പെണ്ണിനെക്കണ്ടതു പോലെ പെട്ടെന്ന് മനസ്സുമാറി. ടെസ്റ്റിങ്ങ് വാർത്തകളും മറ്റും കേട്ടപ്പോൾ ഒന്നു കാണാൻ മോഹമുണ്ടായി എന്നതാണ് നേര്. എന്തായാലും അപ്രതീക്ഷിതമായി ഒരു പാതിരായ്ക്ക് അവളിങ്ങു വന്നു കേറി, ആര്.. നമ്മുടെ ഐക്യൂബ് തന്നെ… അപ്പൊ നമുക്കവളെയൊന്നു കാണാം.. അടിമുടി.!

കാഴ്ച

സ്‌റ്റൈലിങ്ങിൽ ഐക്യൂബിനെപ്പറ്റി വിരുദ്ധാഭിപ്രായങ്ങളുണ്ടാവാനിടയുണ്ട്. കഴിഞ്ഞകൊല്ലം വൈറലായ വീഡിയോയിലെ പയ്യൻ പറഞ്ഞപോലെ ”ചെലോൽക്ക് ശര്യാവും.. ചെലോൽക്ക് ശര്യാവൂല.. എന്തായാലും ഞമ്മക്ക് ശരിയായി..” തൊണ്ണൂറുകളിലെ ജാപ്പനീസ് സ്‌കൂട്ടറുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈൻ ലാംഗ്വേജാണ് ഐക്യൂബിനെന്ന് ആരോപണങ്ങളുണ്ടായേക്കാം.
പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളിലെ സുന്ദരിയാണിവൾ, ഒരല്പം തടിച്ചൊരു സുന്ദരി.. (സൈസ് സീറോ വന്ത് എനക്ക് അലർജ്ജി..!) ആകെയൊരു നിറം മാത്രമേ ഐക്യൂബിനുള്ളൂ. പേൾ വൈറ്റ് വർണ്ണത്തിൽ മാത്രമാണ് തൽക്കാലം ഐക്യൂബ് ലഭ്യമാവുക. വിശാലമായ ഏപ്രണിലേക്ക് കറുത്ത ക്‌ളാഡിങ്ങ് ഇറങ്ങിവരുന്നതിനു തൊട്ടു താഴെയായി എൽഇഡി ഹെഡ്ലാമ്പടങ്ങിയ ലാമ്പ് ക്‌ളസ്റ്റർ കാണാം.

ഹാൻഡ്‌ലിൽ ഒരു ഡേ ടൈം റണ്ണിങ്ങ് ലാമ്പും കാണാം. താഴേക്കു വരുമ്പോൾ വീതിയേറിയ ഫെൻഡറിനുള്ളിൽ ഡയമണ്ട് കട്ട് അലോയ് വീലുമായി 90/90 ആർ 12 ടയറിനെ കാണാം.
ഒരു വശത്തായി 220 എം.എം ഡീസ്‌ക് ബ്രേക്കും കാണാം. വീലും ടെലെസ്‌കോപ്പിക് ഫോർക്കുമൊക്കെ ജൂപ്പിറ്ററിൽ നിന്ന് കടം കൊണ്ടതാണെന്ന് തോന്നുന്നു. വശങ്ങളിലേക്കു വരുമ്പോഴും വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഡിസൈൻ. സൈഡ് ബോഡിയി
ലെ കുഞ്ഞു വെന്റുകൾ കൗതുകമുണർത്തുന്നു. നീണ്ടുപരന്ന വലിയ സീറ്റിനു താഴെയായി ബോഡിയിൽ ഐക്യൂബ് ഇലക്ട്രിക് എന്നൊക്കെയുള്ള വലിയ മോണോഗ്രാം കാണാം.
സാധാരണ സ്‌കൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി ഇരുവശത്തും ഷോക്ക് അബ്‌സോർബറുകളുണ്ട് ഐക്യൂബിന്. പിൻഭാഗം കാണുമ്പോൾ ഒതുക്കമുള്ള എൽഇഡി ടെയിൽലാമ്പ് ക്‌ളസ്റ്ററാണ് ശ്രദ്ധയിൽപ്പെടുക.

റൈഡ്

കയറിയിരിക്കുന്നതിനു മുമ്പ് സീറ്റിനടിയിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം. ഒരു ഹാഫ് ഹെൽമെറ്റിനെ ഉൾക്കൊള്ളാനുള്ള സ്ഥലവും യുഎസ്ബി പോർട്ടുമുണ്ട് ഐക്യൂബിന്റെ സീറ്റിനടിയിൽ. അത്യാവശ്യം ഉയരമുള്ളവർ പോലും പരാതിപ്പെടാനിടയില്ലാത്ത വിധം ലെഗ് റൂമും ഐക്യൂബിലുണ്ട്. ഹാൻഡ്ലിന്റെ താഴെ ഇടതുഭാഗത്തായി ചാർജ്ജിങ്ങ് പോർട്ട് കാണാം. വലതുവശത്തായി ഇഗ്‌നീഷ്യൻ സ്വിച്ചുമുണ്ട്. സ്വിച്ച് തിരിക്കുമ്പോൾ ഐക്യൂബിന്റെ ടിഎഫ്ടി ഡിസ്പ്‌ളേ തെളിയുന്നു. പാട്ടിനും മേളത്തിനുമൊടുവിൽ ബാറ്ററിയുടെ ചാർജ്ജ് എഹ്റ്റ്‌ളിയുന്നു. ബ്രേക്കും ‘മോഡ്’ ബട്ടണും ഒന്നിച്ചമർത്താനുള്ള നിർദ്ദേശം സ്‌ക്രീനിൽ കാണാം. അപ്പോഴാണ് സ്വിച്ച്ഗിയറുകൾ ശ്രദ്ധിക്കുന്നത്. ഇടതുഭാഗത്ത് പ്രത്യേകിച്ചൊന്നുമില്ലെങ്കിലും വലതുഭാഗത്തെ കോംബിനേഷൻ സ്വിച്ചിൽ ‘മോഡ്’ എന്നൊരു സ്വിച്ച് കാണാം. പിന്നെ ഹസാഡ് വാണിങ്ങും പാർക്ക് ബട്ടണും.

അതു പറഞ്ഞപ്പോഴാ ഒരു കാര്യമോർത്തത്. ഐക്യൂബിന്റെ ഒരു പ്രത്യേകതയാണ് ക്യു പാർക്ക് അസിസ്റ്റ് എന്ന ഫീച്ചർ. അപ്രതീക്ഷിതമായി ചാടിക്കുതിക്കുന്ന കാര്യത്തിൽ കുപ്രസിദ്ധിയുള്ള ഇലക്ട്രിക് വാഹനങ്ങളെ പാർക്ക് ചെയ്യാൻ ഒരല്പം ക്ഷമയും കരുതലും ആവശ്യമാണ്. ക്യൂ പാർക്ക് അസിസ്റ്റിലൂടെ ആ ഉത്തരവാദിത്തം ഐക്യൂബ് ഏറ്റെടുക്കുകയാണ്. പാർക്ക് മോഡിൽ വളരെ നിയന്ത്രിതമായ വേഗതയിൽ മാത്രമേ ഐക്യൂബിന്റെ ത്രോട്ട്ൽ പ്രവർത്തിക്കൂ. അങ്ങനെ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യാം.

ഇനി ഒന്നോടിക്കാം. ഈക്കോ മോഡിൽ മെല്ലെ നീങ്ങിത്തുടങ്ങി. ഇക്കോ മോഡിൽ 50 കിലോമീറ്ററാണ് പരമാവധി വേഗത. ഈ മോഡിലാണെങ്കിൽ ഒരു ഫുൾ ചാർജ്ജിൽ 75 കി.മീ ഓടുമെന്നാണ് ടിവിഎസ് പറയുന്നത്. പവർ മോഡിൽ ഇത് 50 കിലോമീറ്ററായി ചുരുങ്ങിയേക്കാം. എങ്കിലും വേഗതയുടെ കാര്യത്തിൽ 80 കിലോമീറ്റർ വരെ എത്താനാവും.

മൂന്ന് ലിഥിയം അയോൺ ബാറ്ററികളടങ്ങിയതാണ് ഐക്യൂബിന്റെ ഊർജ്ജസ്രോതസ്സ്. ഐപി 67 സർട്ടിഫിക്കേഷനുള്ള ഈ യൂണിറ്റിന് 4.4 കിലോവാട്ട് ശേഷിയുമൂണ്ട്. ഈക്കോ മോഡിലായിട്ടും മടുപ്പില്ലാതെ ഐക്യൂബ് നീങ്ങി. ഈക്കോ മോഡിൽ 50 കിലോമീറ്ററിനു മേലെ പോകാനാവില്ല എന്നുറപ്പായപ്പോൾ ഞാൻ മെല്ലെ മോഡ് മാറ്റി. പവർ മോഡിലെത്തിയതും ഐക്യൂബ് എന്നെയും കൊണ്ട് പാഞ്ഞു. 80 കിലോമീറ്ററാണ് പവർമോഡിൽ പരമാവധി വേഗതയെന്നു പറയുന്നുണ്ടെങ്കിലും മുഴുവൻ പരീക്ഷിക്കാൻ നിന്നില്ല. 75 കിലോമീറ്റർ വേഗതയാർജ്ജിച്ചപ്പോഴേക്കും ബ്രേക്ക് ചെയ്യേണ്ടി വന്നു. ദിവസവും മുപ്പതു കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവർക്ക് രണ്ടു ദിവസത്തിലൊരിക്കൽ ചാർജ്ജ് ചെയ്താൽ മതിയാവുന്ന ഒരു വാഹനമാണ് ഐക്യൂബ് എന്ന് ടിവിഎസ് ഉറപ്പു നൽകുന്നു$

Leave a Reply

Your email address will not be published. Required fields are marked *