Test ride: Royal Enfield Classic 350
September 10, 2021
ഒരു കപ്പൽ യാത്ര വിശ്വോത്തരസിനിമ ഉണ്ടാക്കിയ കഥ
September 10, 2021

Test ride: Yamaha FZ-X

Yamaha FZ-X

റെട്രോ ക്ലാസിക് ഗണത്തിലേക്ക് യമഹ അവതരിപ്പിച്ച എഫ്‌സി എക്‌സ് എന്ന മോഡലിനെ നമുക്കൊന്ന് പരിചയപ്പെട്ടാലോ.

എഴുത്ത്: ജുബിൻജേക്കബ് ഫോട്ടോ: ജോസിൻ ജോർജ്

മോട്ടോർസൈക്കിൾ ലോകമാകെ ഒരേയൊരു പനിയുടെ പിന്നാലെയാണ്. അതാണ് റെട്രോപ്പനി. ദേശകാലാന്തരങ്ങളില്ലാതെ നിത്യഹരിതമായ ചില ഡിസൈനുകൾ ഇന്നും ചൂടപ്പം പോലെ വിറ്റഴിയുമെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയിലെ റോയൽ എൻഫീൽഡ് വാഹനങ്ങളുടെ വിൽപന. അതേ ചുവടുപിടിച്ച് വന്ന ഹോണ്ടയ്ക്കും പിഴച്ചില്ല. ഹൈനെസ്സ് കത്തിക്കയറുന്നുണ്ട്.
ഇനി യമഹ എന്താണ് ഈ വിഷയത്തിൽ ചെയ്യുന്നതെന്ന് നമുക്കൊന്നു നോക്കാം. ആർഡി 350യും ആർഎക്‌സ് 100ഉം പോലെയുള്ള ക്ലാസ്സിക് മോട്ടോർസൈക്കിളുകൾ കൊണ്ട് ഇന്ത്യക്കാരുടെ മനസ്സിളക്കിയ യമഹ രണ്ടു വർഷം മുമ്പ് അവരുടെ ലോകോത്തര ക്ലാസിക് മോഡലായ എക്‌സ്എസ്ആർ 155 ഇന്ത്യൻ വിപണിയിലേക്കു കൊണ്ടുവരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതേപ്പറ്റി യമഹ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള എഫ്‌സി മോഡലിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു ക്ലാസിക് വകഭേദം നിരത്തിലിറക്കുകയും ചെയ്തിരിക്കുകയാണ്. എഫ്‌സി എക്‌സ് എന്നാണ് ഈ മോഡലിന്റെ പേര്. എക്‌സ്എസ്ആർ 155 പോലെയുള്ള ഒരു മോഡലിനു പകരക്കാരനാവാൻ എഫ്‌സി എക്‌സിനു കഴിയുമോ? യമഹയിൽ നിന്ന് ഇങ്ങനെയൊരു മോഡലാണോ ഇന്ത്യക്കാർ പ്രതീക്ഷിക്കുന്നത്? എല്ലാത്തിനുമുള്ള ഉത്തരം നമുക്ക് ഉടനെ ലഭിക്കും.

കാഴ്ച

എക്‌സ്എസ്ആർ 155 എന്ന മോഡൽ ഇന്ത്യയിലേക്ക് എന്തായാലും ഉടനെയെങ്ങും വരില്ലെന്ന സ്ഥിരീകരണത്തിനു പിന്നാലെയാണ് യമഹ എഫ്‌സി എക്‌സിനെ കൂടുതുറന്നു വിട്ടത്. എക്‌സിന്റെ രൂപം കണ്ടതോടെ ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾക്ക് ഒരു കാര്യം മനസ്സിലായി. ഇതാണ് യമഹ ഇന്ത്യക്കാർക്കു വേണ്ടി കൊണ്ടുവരുന്ന എക്‌സ് എസ് ആർ. ആർ15 വി3 അടിസ്ഥാനമാക്കി ഇറങ്ങുമെന്ന് കരുതിയിരുന്ന എക്‌സ്എസ്ആർ 155നു പകരം എഫ്‌സിയെ അടിസ്ഥാനമാക്കി നിർമിക്കുന്ന എഫ്‌സി എക്‌സ്. എന്തായാലും നമുക്ക് ഇവനെയൊന്നു കാണാം. എക്‌സ്എസ്ആർ 155നെ അനുകരിക്കാൻ ഒരു ശ്രമം നടത്തിയതു പോലെയാണ് എഫ്‌സി എക്‌സിന്റെ രൂപം കണ്ടിട്ട് എനിക്കു തോന്നിയത്. ഹെഡ്ലാമ്പിനു ചുറ്റും മൂന്ന് ഡിആർഎല്ലുകൾ, നടുവിൽ എംടി 15ൽ കണ്ട പ്രൊജക്ടർ ലാമ്പ്. സസ്‌പെൻഷനും വീലുമൊക്കെ എഫ്‌സിയിൽ കാണുന്ന തരം തന്നെ. 282 എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിൽ. ഹെഡ്ലൈറ്റിനു മുകളിലായി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉയർന്നു നിൽക്കുന്നു. വശങ്ങളിലേക്കു വരുമ്പോൾ ടാങ്കിനു മുന്നിലായി ലിക്വിഡ് കൂൾഡ് ബൈക്കുകളിലുള്ളതു പോലെ രണ്ട് റേഡിയേറ്റർ ഷ്രൗഡ് കാണാം, പക്ഷേ അത് എഫ്‌സിയിലെ സാബർ ടൂത്ത് സ്‌കൂപ്പ് പോലെ ഒരു കാഴ്ചവസ്തു മാത്രമാണ്, എക്‌സ്എസ്ആറിനെപ്പോലെ റേഡിയേറ്റർ ഇതിനില്ലെന്ന കാര്യം പറയേണ്ടതില്ലല്ലോ. 10 ലിറ്ററാണ് ടാങ്കിന്റെ ശേഷി. എഫ്‌സിയിൽ ഇത് 13 ലിറ്ററുണ്ടായിരുന്നു.

സൈഡ് പാനലുകൾ ക്ലാസിക് ആകണോ മോഡേൺ ആവണോ എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ്. ഇതിനിടയിലൂടെ തലനീട്ടുന്ന ബാരൽ ടൈപ്പ് എക്‌സോസ്റ്റ് കാനിസ്റ്ററിനും കറുപ്പഴകാണുള്ളത്. സൈഡ് പാനൽ പിന്നിട്ട് ഒരു ചെറിയ ത്രികോണാകൃതിയിലുള്ള പാനൽ കൂടി കഴിഞ്ഞാൽ ടെയിൽ ഫെൻഡറില്ല, പകരം പരന്നു വന്ന് മുകളിലേക്കുയരുന്ന സീറ്റും, അതിനടിയിലൂടെ നീളുന്ന, സിമ്പിളായ ഒരു ഗ്രാബ് റെയിലും കാണാം. അതിനു പിന്നിൽ ചെറിയൊരു ടെയിൽ ലാമ്പും. ഉയർന്നു നിൽക്കുന്ന ടെയിൽ പീസിനു താഴെയുള്ള ശൂന്യത മറയ്ക്കാനെന്നോണം ടയറിനു ചുറ്റും പൊതിഞ്ഞുനിൽക്കുന്ന ടയർ ഹഗ്ഗർ. എഫ്‌സിയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ തന്നെ ഒരൽപം കൂടി വീൽബേസ് കൂട്ടി, പുതിയൊരു സബ്‌ഫ്രെയിം കൂടി നൽകിയിരുന്നെങ്കിൽ പിൻഭാഗം കൂടുതൽ സുന്ദരമായേനെ.

റൈഡ്

കയറിയിരുന്നപ്പോൾ സീറ്റിങ്ങിനെപ്പറ്റിയുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് എനിക്കു മനസ്സിലായി. സുഖകരമായ സീറ്റ്. നല്ല അപ്റൈറ്റ് എർഗണോമിക്‌സ്, അഥവാ നിവർന്നിരുന്ന് അനായാസം ഓടിക്കാവുന്ന റൈഡിങ്ങ് പൊസിഷൻ. വലിയ പ്രത്യേകതകളൊന്നുമില്ലാത്ത സ്വിച്ച്ഗിയറുകളും കണ്ട്രോളുകളും. ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ചെറിയൊരു ദീർഘചതുരാകൃതിയിലെ മോണോക്രൊമാറ്റിക് ഡിസ്‌പ്ലേയാണ്. ടാക്കോ, സ്പീഡോ, ഓഡോ, ട്രിപ്, ഫ്യുവൽ റീഡിങ്ങുകൾ കാണാം. ഇൻസ്ട്രുമെന്റ് ക്‌ളസ്റ്ററിനു താഴെയായി ഒരു 12 വോൾട്ട് ചാർജ്ജിങ്ങ് സോക്കറ്റ് കാണാം. യമഹയുടെ വൈ കണക്റ്റ് ബ്‌ളൂടൂത്ത് കണക്റ്റിവിറ്റിയുള്ള മോഡലിന് 12000 രൂപയുടെ വിലക്കൂടുതലുണ്ട്

ഇനി ഇവനെ സ്റ്റാർട്ട് ചെയ്യാം. സ്റ്റാർട്ടാവുമ്പോൾ ഒരൽപം ഉയർന്ന ഐഡ്‌ലിങ്ങിൽ, എഫ്‌സിയെക്കാൾ ഗാംഭീര്യമുള്ള എക്‌സോസ്റ്റ് നോട്ടാണ് എഫ്‌സി എക്‌സിനുള്ളത്. 149 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജെക്റ്റഡ് എഞ്ചിൻ. 7250 ആർപിഎമ്മിൽ 12.4 ബിഎച്ച്പി കരുത്ത്, 13.3 ന്യൂട്ടൺ മീറ്റർ ടോർക്ക്. 150സിസി സെഗ്മെന്റിലെ ഏറ്റവും കുറഞ്ഞ പവർ/ടോർക്ക് ഫിഗറുകളാണിത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്തായാലും ഒന്നോടിച്ചുനോക്കാം. ഫസ്റ്റ് ഗിയർ സ്‌ളോട്ട് ചെയ്ത് നീങ്ങുമ്പോൾ വളരെ സ്മൂത്ത് ആയ പവർ ഡെലിവറിയാണ്. വലിയൊരു പെർഫൊമർ ഒന്നുമല്ലെങ്കിലും വളരെ മാന്യമായ പ്രകടനം.
അഞ്ചു സ്പീഡ് ഗിയർബോക്‌സ് എഫ്‌സിയിലേതു തന്നെ. അഞ്ചാം ഗിയർ കഴിഞ്ഞ് ഒരു ഗിയർ കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. ബ്രേക്കിങ്ങും ഹാൻഡ്‌ലിങ്ങുമൊക്കെ യമഹയുടെ തനത് മുദ്ര പതിഞ്ഞ മികവുള്ളതു തന്നെ. നല്ല എർഗണോമിക്‌സാണ് എഫ്‌സീ എക്‌സിനുള്ളത്.

ആയാസരഹിതമായ റൈഡിങ്ങ് അനുഭവം. അവിടെയും കാണാനാകുന്നത് യമഹയുടെ കുലമഹിമ തന്നെ. ഏതായാലും നൂറു സിസി അല്ലെങ്കിൽ നൂറ്റിയിരുപത്തഞ്ച് സിസി സെഗ്മെന്റിൽ നിന്നും 150 സിസി സെഗ്മെന്റിലേക്ക് ഒരു പ്രൊമോഷനും യമഹയുടെ നിർമാണ നിലവാരവും ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ എഫ്‌സീ എക്‌സ് നിങ്ങൾക്ക് നല്ലൊരു കൂട്ടാളിയാകും എന്നുറപ്പാണ്$

Vehicle Provided By:
Vijay Yamaha
Kochi Ph: 09562511200, 9544911200

Leave a Reply

Your email address will not be published. Required fields are marked *