കോവിഡ് മുടക്കിയ കാർ അവതരണങ്ങൾ
April 29, 2021
ഫോക്‌സ് വാഗൺ ടിറോക്കിൽ ഒരു ഡോക്ടറുടെ യാത്രകൾ
May 4, 2021

താരയുടെ സ്വന്തം താർ…

താര ജോർജ് തന്റെ മഹീന്ദ്ര താർ പെട്രോൾ ഓട്ടോമാറ്റിക്കിൽ

സ്വതന്ത്രചിന്താഗതിക്കാരിയായ താര ജോർജിന് തുണയായിരിക്കുന്നത് പുതിയ മഹീന്ദ്ര താർ പെട്രോൾ ഓട്ടോമാറ്റിക് ആണ്. പതിനാറു വർഷത്തെ എയർഹോസ്റ്റസ് ജീവിതത്തിനുശേഷം സെർട്ടിഫൈഡ് വെൽനെസ് കോച്ചായി പ്രവർത്തിക്കുന്ന അവർ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഡൾട്ട് സേഫ്റ്റിയിലും ചൈൽഡ് സേഫ്റ്റിയിലും 4 സ്റ്റാറുകൾ വീതം നേടിയ താറിൽ ഒരു ഇന്ത്യാപര്യടനമാണ് ലക്ഷ്യമിടുന്നത്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

ഇന്ത്യൻ സിനിമയിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച, കാലത്തിനു മുന്നേ നടന്ന സംവിധായകപ്രതിഭയായിരുന്നു കെ ജി ജോർജ്. സാമൂഹിക മാറ്റത്തിനുള്ള, പുരോഗമനപരമായ ചലനങ്ങൾക്ക് മറ്റേത് സാമൂഹിക പരിഷ്‌കർത്താവിന്റെ പ്രവർത്തനങ്ങളെന്ന പോലെ ജോർജിന്റെ ചലച്ചിത്രങ്ങളും വഴിവച്ചിട്ടുണ്ട്. സ്വന്തം സിനിമയിലെ പുരോഗമനപരമായ നിലപാടുകൾ സ്വന്തം കുടുംബത്തിലേക്കു കൂടി ജോർജ് പകർന്നു നൽകിയെന്നതിന്റെ തെളിവാണ് ജോർജിന്റെ മകൾ താര ജോർജ്. സ്വതന്ത്രചിന്താഗതിക്കാരിയായ താര തനിക്കിഷ്ടപ്പെട്ട തൊഴിലുകൾ ചെയ്തു, ജീവിതത്തിൽ താൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യണമെന്നാഗ്രഹിക്കുന്നു, മോഹിച്ചതെല്ലാം സ്വന്തമാക്കി. അങ്ങനെ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയ സ്വപ്‌ന വാഹനമാണ് മഹീന്ദ്ര താർ. താർ പെട്രോൾ ഓട്ടോമാറ്റിക് മഹീന്ദ്ര ലോഞ്ച് ചെയ്ത നാൾ തന്നെ വാഹനം ബുക്ക് ചെയ്തു അവർ. കരുത്തുറ്റ സ്ത്രീകൾ എപ്പോഴും കരുത്തുറ്റ ഒരു വാഹനം തന്നെയാകുമല്ലോ ആഗ്രഹിക്കുക.

”മോഹങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റുമായാണ് ഞാൻ നടക്കുന്നത്. എയർഹോസ്റ്റസായി പതിനാറു വർഷക്കാലത്തോളം ദുബായിലും ഖത്തറിലും ഞാൻ തൊഴിലെടുത്തു. ഏഴര വർഷത്തോളം ഖത്തർ രാജാവിന്റെ സ്വകാര്യ ജെറ്റിലെ അറ്റൻഡന്റായി. 2019ലാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ സെർട്ടിഫൈഡ് വെൽനെസ് കോച്ചായി പുതിയ തൊഴിൽ ജീവിതത്തിന് തുടക്കമിട്ടിരിക്കുന്നു. സഞ്ചാരം രക്തത്തിലുള്ളതിനാൽ യാത്രകളേയും ഞാൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. ജീവിതത്തിലെ ഓരോ അണുവും അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതിന്റെ ഭാഗമായി തന്നെയാണ് മഹീന്ദ്ര താറും ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്,” താര ജോർജ് തന്റെ ജീവിതത്തിന്റെ ഫിലോസഫിയുടെ കെട്ടഴിക്കുകയാണ്.

ഇംഗ്ലീഷിൽ താർ എന്നെഴുതിയതിനൊപ്പം ഒരു എ കൂടി ചേർത്താൽ താര ആകുമെന്നത് വേറെ കാര്യം. ഒരർത്ഥത്തിൽ എനർജി ലെവലിന്റെ കാര്യത്തിൽ താരയും താറും ഒരേ പോലെ തന്നെയാണ്. പ്രഭാത യോഗയും മെഡിറ്റേഷനുമൊക്കെ കഴിഞ്ഞ് ജീവിതത്തെ പോസിറ്റീവായി ഓരോ ദിവസവും എതിരേൽക്കുന്ന താരയെപ്പോലെ തന്നെയാണ് യാത്രികനിൽ ഓരോ നിമിഷവും സഞ്ചാരത്തിന്റെ ഊഷ്മളത പകരുന്ന മഹീന്ദ്ര താറും. തകർപ്പൻ സ്‌റ്റൈലിങ്ങും തകർപ്പൻ പെർഫോമൻസും ഒരുമിക്കുന്നു ഇരുവരിലും. സ്‌റ്റൈൽ താരയെന്നാണ് താര ജോർജിന്റെ ഇൻസ്റ്റഗ്രാം ഐഡി പോലും! ”കുട്ടിക്കാലത്തു തന്നെ എന്നെ ആകർഷിച്ച ഒരു വാഹനമായിരുന്നു മഹീന്ദ്ര താർ. ചെന്നൈയിൽ ജനിച്ച് ആൺകുട്ടികൾക്കൊപ്പം കളിച്ചുവളർന്നതിനാൽ എനിക്ക് അവരെപ്പോലെ കാറുകളോടും വിമാനങ്ങളോടുമൊക്കെയായിരുന്നു താൽപര്യം. അച്ഛൻ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴാണ് കേരളത്തിലെത്തിയത്. മാക്ടയുടെ പ്രസിഡന്റായപ്പോൾ അച്ഛൻ കൊച്ചിയിലെത്തിയപ്പോൾ ഞങ്ങളും കൊച്ചിയിലെത്തി. കൊച്ചിയിൽ സുഹൃത്തുക്കളായവരും വാഹനഭ്രാന്തന്മാർ തന്നെയായിരുന്നു. പിന്നെ ബംഗലുരുവിൽ ജോലി കിട്ടി പോയപ്പോൾ സൂപ്പർ ബൈക്ക് ഉടമകളായി സുഹൃത്തുക്കൾ. ദുബായി ലേക്ക് തൊഴിലിടം മാറിയതോടെ, സൂപ്പർ കാറുകൾക്കൊപ്പമായി ജീവിതം,” താര ജോർജ് തന്റെ വാഹനപ്രണയം പറയുകയാണ്.

അച്ഛന് അംബാസിഡർ കാറും മാരുതി സ്വിഫ്റ്റുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും താര ഡ്രൈവിങ് പഠിച്ചതും ലൈസൻസ് എടുത്തതും ഖത്തറിൽ വച്ചാണ്. റേഞ്ച്‌റോവർ ഇവോക്ക് ആയിരുന്നു ആദ്യ വാഹനം. 2019ൽ കേരളത്തിലേക്ക് മടങ്ങിയതിനുശേഷമാണ് കേരളത്തിലെ നിരത്തുകളിലൂടെ വാഹനമോടിക്കാൻ പഠിക്കുന്നത്. ഓട്ടോമാറ്റിക് കാറാണ് ഖത്തറിൽ ഓടിച്ചിരുന്നതെന്നതിനാൽ ആദ്യം വാങ്ങിയത് ഒരു പെട്രോൾ ഓട്ടോമാറ്റിക് കാറാണ്. അതിൽ ഇന്ത്യൻ നിരത്തുകളെ നന്നായി പരിചയപ്പെട്ട നേരത്താണ് താറിന്റെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നുവെന്നറിഞ്ഞത്. പിന്നെ തന്റെ സ്വപ്‌നവാഹനം വാങ്ങാൻ തെല്ലും മടിച്ചില്ല താര. ”ലൈഫ് സ്‌റ്റൈൽ വാഹനമെന്ന നിലയ്ക്കു മാത്രമല്ല ഞാൻ താർ വാങ്ങിയിരിക്കുന്നത്. ഓഫ്‌റോഡിങ്ങിനും ഇന്ത്യയൊട്ടുക്കുള്ള സഞ്ചാരത്തിനുമൊക്കെ യായാണ് താർ ഞാൻ സ്വന്തമാക്കിയത്. താറിന്റെ പെട്രോൾ ഹാർഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റായ താർ എൽ എക്‌സ് 4 എസ്ടിആർ ആണ് എന്റെ വാഹനം. നേരത്തെ റേഞ്ച് റോവർ ഇവോക്ക് ആണ് ഉപയോഗിച്ചിരുന്നതെങ്കിലും പെർഫോമൻസിന്റേയും സ്‌റ്റൈലിങ്ങിന്റേയും കാര്യത്തിൽ താർ ഒട്ടും പിന്നിലല്ലെന്നാണ് എന്റെ പക്ഷം. മഹീന്ദ്ര വിസ്മയകരമായ മട്ടിലാണ്പുതിയ താർ രൂപകൽപന ചെയ്തിട്ടുള്ളത്,” താര പറയുന്നു.

1997 സിസിയുള്ള 14 എം സ്റ്റാലിയൺ 150 ടിജിഡിഐ എഞ്ചിൻ 5000 ആർപിഎമ്മിൽ 150 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് നൽകുന്നത്. ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 6 ഗിയറുകളാണുള്ളത്. ആവശ്യമെങ്കിലും മാനുവൽ ഓവർറൈഡുമാകാം. 2450 എംഎം വീൽബെയ്‌സുള്ളതിനാൽ അകത്ത് നല്ല സ്‌പേസുണ്ട്. 4 വീൽ ഡ്രൈവ് വാഹനത്തിന് 226 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ ഏത് ഓഫ്‌റോഡിടവും അടിതട്ടാതെ കീഴടക്കാനുമാകും. ”മികച്ച സസ്‌പെൻഷനാണ് പുതിയ താറിൽ ഞാൻ കണ്ട ഒരു ആകർഷണീയത.

മുന്നിൽ കോയിൽ ഓവർ ഡാമ്പറോടും സ്‌റ്റൈബിലൈസർ ബാറോടും കൂടിയ ഇൻഡിപെൻഡന്റ് ഡബിൾ വിഷ്‌ബോൺ സസ്‌പെൻഷനും പിന്നിൽ കോയിൽ സ്പ്രിങ്ങും സ്‌റ്റൈബിലൈസർ ബാറോടും കൂടിയ മൾട്ടിലിങ്ക് സോളിഡ് റിയർ ആക്‌സിലുമാണ് താറിനുള്ളത്. ദുർഘടപാതയിൽ പോലും വലിയ കുലുക്കമൊന്നും അകത്തേക്ക് അനുഭവപ്പെടില്ല. സൈലന്റ് ആണ് എഞ്ചിൻ. സൈലന്റ് ബീസ്റ്റ് എന്നാണ് ഞാൻ താറിനെ വിളിക്കുന്നതു പോലും,” താരയ്ക്ക് താറിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും താർ ഒന്നാമൻ തന്നെയെന്ന് താര പറയുന്നു. മുന്നിൽ ഡിസ്‌ക്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിട്ടുള്ളത്. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം, രണ്ട് എയർ ബാഗുകൾ എന്നിങ്ങനെ പോകുന്നു സുരക്ഷാ ഫീച്ചറുകൾ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഡൾട്ട് സേഫ്റ്റിയിലും ചൈൽഡ് സേഫ്റ്റിയിലും 4 സ്റ്റാറുകൾ മഹീന്ദ്ര താർ നേടിയത് വാഹനത്തിന്റെ സുരക്ഷിതത്വം എത്രത്തോളമാണെന്നതിന് തെളിവുമാണ്. പ്രത്യേകിച്ചും വാഹന സുരക്ഷയുടെ കാര്യത്തിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുമെന്നതിനാൽ ഈ ക്രാഷ് ടെസ്റ്റ് ഫലം താറിന് നിരവധി വനിതാ ആരാധകരേയും ഉണ്ടാക്കി നൽകിയിട്ടുണ്ട്.

”ശിവരാത്രി ദിനത്തിലാണ് ഞാൻ മഹീന്ദ്ര താർ എടുത്തത്. ശിവഭക്തയായതിനാൽ ആദ്യ യാത്ര തന്നെ വൈക്കത്തേയും കടുത്തുരുത്തിയിലേയും ഏറ്റുമാനൂരിലേയും ക്ഷേത്രങ്ങളിലേക്കായിരുന്നു. വാഹനപൂജയൊക്കെ നടത്തി. ക്രിസ്ത്യാനിയാണെങ്കിലും പള്ളിയിൽ പോക്കൊക്കെ കുറവാണ്. എങ്കിലും സെന്റ് ജോർജ് പള്ളിയിലും കൊണ്ടുപോയി വാഹനം വെഞ്ചരിച്ചു,” മഹീന്ദ്ര താറിന് ദൈവസ്‌നേഹം ഉറപ്പുവരുത്തുന്നതിലും താര ശ്രമിച്ചുവെന്ന് സാരം. കെ എൽ 7 സി ഡബ്ല്യു 1117 എന്നാണ് കറുത്ത നിറമുള്ള താരയുടെ താറിന്റെ നമ്പർ. ”ഇനി ഈ താറിൽ കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ആശ്രമത്തിലേക്കും രമണമഹർഷിയുടെ തിരുവണ്ണാമലയിലേക്കും വാരാണാസിയിലേക്കുമൊക്കെയുള്ള ആത്മീയ യാത്രകൾ തുടങ്ങുകയാണ്. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്നുണ്ടെന്നതാണ് സത്യം. മഹീന്ദ്ര താറാണ് യാത്രകളിൽ എന്റെ പങ്കാളി,” താര ജോർജ് പൊട്ടിച്ചിരിയോടെ പറയുന്നു.

ഈ മാസം മഹീന്ദ്രയുടെ ഓഫ്‌റോഡിങ് അക്കാദമിയിൽ രണ്ടു ദിവസം താർ പരിശീലനത്തിനും പോകാൻ താരയ്ക്ക് പരിപാടിയുണ്ട്. മൂന്നു ദിവസം മൂന്നാറിലേക്ക് ഒരു ഓഫ്‌റോഡിങ് ട്രിപ്പും പദ്ധതിയിടുന്നു. ”ഇതിനകം തന്നെ താർ പലയിടത്തും ഞാൻ ഓടിച്ചുനോക്കി അതിന്റെ പെർഫോമൻസ് മനസ്സിലാക്കിയിരുന്നു. 140 കിലോമീറ്ററിലും നല്ല സ്‌റ്റൈബിലിറ്റിയും കംഫർട്ടും നൽകുന്നുണ്ട് താർ. എന്നെ പൂർണമായും തൃപ്തിപ്പെടുത്താൻ താറിനായി,” താര തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല.

മഹീന്ദ്ര വൈകാതെ തന്നെ സ്ത്രീകളായ താർ ഉടമകളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാനൊരുങ്ങുകയാണ്. ആ ഗ്രൂപ്പ് ആരംഭിച്ചിട്ടു വേണം സമാനമനസ്‌കരായ സ്ത്രീകൾക്കൊപ്പം താറിൽ ഓഫ്‌റോഡിങ് യാത്രകൾ പോകാൻ എന്നാണ് താര ജോർജ് മനസ്സിലുറപ്പിച്ചിരിക്കുന്നത്. കരുത്തുറ്റ, ഒരു ഹോട്ട് വാഹനം ഒപ്പമുള്ളപ്പോൾ ജീവിതം ഒരു പുഴ പോലെ ഒഴുകിക്കൊണ്ടിരിക്കും, താര ആഗ്രഹിക്കുന്നതുപോലെ തന്നെ…..$

Leave a Reply

Your email address will not be published. Required fields are marked *

shares