ഡോക്ടർ കുടുംബത്തിലേക്ക് സ്‌കോഡ കുഷാഖ്…
October 12, 2021
Test Drive: Tata Punch
October 12, 2021

ഹോണ്ട ജാസിൽ കടമക്കുടിയിലേക്കൊരു മഴയാത്ര

കടമക്കുടിയിൽ ഹോണ്ട ജാസ്‌

കടമക്കുടിയുടേയും ചെറായിയുടേയും മനോഹാരിതയിലൂടെയും ശാന്തതയിലൂടെയും പ്രൗഢസുന്ദരനായ ഹാച്ച്ബായ്ക്കായ ഹോണ്ട ജാസ് ഒഴുകിയിറങ്ങിയപ്പോൾ പ്രകൃതിയും മനുഷ്യനും യന്ത്രവും ഒരേ കാൻവാസിലേക്ക് പകർന്നാടുന്ന പ്രതീതിയാണുണ്ടായത്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

കടമക്കുടിയുടെ പ്രഭാതം തീർത്തും സർറിയലിസ്റ്റിക്കാണ്. മഴമഞ്ഞിനിടയിലൂടെ, നീലാകാശത്തിൽ വെള്ളക്കീറുകൾ തെളിയുമ്പോ ൾ താഴെ നീർകാക്കകൾ നൃത്തം ചെയ്യുന്ന പോസിൽ പാടങ്ങളിലെ കുറ്റികളിൽ നിലയുറപ്പിച്ചിട്ടുണ്ടാകും. ഏകാന്തതയെ പ്രണയിക്കുന്ന ആ പക്ഷികൾ, പരൽമീനു കൾ തത്തിക്കളിച്ച് അടുത്തെത്തുന്നതും നോക്കി അനങ്ങാതെയിരിക്കും. നിരത്തിൽ, പാടങ്ങൾക്കരുകിലുള്ള ചെറുമാടങ്ങളിൽ താമസിക്കുന്നവർ ഉണരുന്ന സമയമാണത്. കുട്ടവഞ്ചിയുമായി നീർച്ചാലിലൂടെ നീങ്ങുന്നവരും ഏതാണ്ട് ആ പക്ഷികൾക്ക് സമാനരാണ്. അതിജീവനത്തിനുള്ള വലകളാണ് അവർ കുട്ടവഞ്ചികളിൽ നിന്നും പുറത്തേക്കെറിയുന്നത്. ദൂരെ നിന്നും, തോടിലൂടെ ചെറുവഞ്ചികൾ തുഴഞ്ഞുപോകുന്നവർ ആ ദൃശ്യത്തിലേക്ക് ഇഴചേരുന്നത് നോക്കിനിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. സംശയമില്ല. വാക്കുകളിലൊതുങ്ങാത്ത വിസ്മയങ്ങളും അനുഭൂതികളുമാണ് ചില പ്രദേശങ്ങൾ സമ്മാനിക്കുന്നത്. ഗ്രാമീണതയുടെ സൗന്ദര്യം പലപ്പോഴും വാക്കുകളിലൊതുക്കാനാകുന്നതല്ല. ഹൃദയഹാരിയായ അനുഭവങ്ങൾ എപ്പോഴും വാക്കുകൾക്കതീതമാണല്ലോ.

കടമക്കുടിയുടെ സ്വച്ഛതയിലേക്കും ശാന്തതയിലേക്കും കൊച്ചിയിലെ വിഷൻ ഹോണ്ടയിൽ നിന്നും ഹോണ്ട ജാസ് സീഎക്സ് സിവിടി ഓട്ടോമാറ്റിക് വേരിയന്റുമായി യാത്ര തിരിക്കുമ്പോൾ പ്രശാന്തമായ ആ അനുഭവം പോലെ തന്നെയുള്ള ഒരന്തരീക്ഷമാണ് ജാസും ഒരുക്കിയത്. പ്ലാറ്റിനം വൈറ്റ് പേൾ നിറമുള്ള ജാസ് നൽകുന്ന യാത്രാനുഭവവും കടമക്കുടിയിൽ നാം അനുഭവിക്കു ന്നവിധമുള്ള ശാന്തമായ ഒരു അനുഭൂതി തന്നെയാണ്. ജാപ്പനീസ് ഡിസൈന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്തിരിക്കുന്ന ആ സുന്ദരൻ ഹാച്ച്ബാക്ക് ആരുടെ ഹൃദയമാണ് കവരാത്തത്? ജാസിന്റെ ആറ് വേരിയന്റുകളിൽ ഏറ്റവും മുന്തിയ വേരിയന്റാണിത്. ഇതിന്റെ 1.2 ലിറ്റർ ഐവിടെക് എഞ്ചിൻ 6000 ആർ പി എമ്മിൽ 89 ബി എച്ച് പി കരുത്തും 4800 ആർ പി എമ്മിൽ 110 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് നൽകുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് സിവിടി ട്രാൻസ്മിഷന്റെ മികവ് സ്മാർട്ട് ഡ്രൈവ് നേരത്തെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളതു മാണല്ലോ.

കൊച്ചിയിലെ വിഷൻ ഹോണ്ടയിൽ നിന്നും മരടിലും തേവരയിലുമുള്ള ചില സുന്ദര പശ്ചാത്തലങ്ങളിൽ ഹോണ്ട ജാസിനെ ഒപ്പിയെടുത്തശേഷം കടമക്കുടിയിലേക്കും അവിടെ നിന്നും ചെറായിലേക്കുമൊക്കെ യാത്ര ചെയ്യാനാണ് ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. ജാസിന്റെ സുഖവും കരുത്തും കഴിവും ഫീച്ചറുകളുമെല്ലാം അനുഭവച്ചറിയുകയെന്ന ഉദ്ദേശ്യലക്ഷ്യമാണ് ഞങ്ങൾക്ക് ഈ യാത്രയിലുള്ളത്. കൊച്ചി നഗരത്തിൽ നിന്നും പറവൂർ റൂട്ടിൽ മരടിൽ നിന്നും യാത്ര ചെയ്ത് വരാപ്പുഴയിലെത്തുന്ന സമയം കൊണ്ട് ജാസിന്റെ പൂർവചരിതം അൽപം പറയാമെന്നു തോന്നുന്നു.
2009-ലാണ് ഇന്ത്യയിൽ ആദ്യമായി ഹോണ്ട ജാസ് എത്തുന്നത്. 2009 മുതൽ 2015 വരെയുള്ള ആറു വർഷം കൊണ്ട് 25,000ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. പ്രൊഫഷണലുകളായ സ്ത്രീകളുടെ ഇഷ്ട വാഹനമെന്ന നിലയിൽ ഹോണ്ട ജാസ് പേരെടുക്കുകയും ചെയ്തു. സവിശേഷമായ സ്‌റ്റൈലിങ്ങും സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സുമെല്ലാം ജാസിനെ അവരുടെ ഇഷ്ട വാഹനപങ്കാളിയാക്കി മാറ്റുകയായിരുന്നു. ജാസിന് മാനുവൽ ട്രാൻസ്മിഷൻ വാഹനം ഉണ്ടെങ്കിലും ഇന്ത്യയിൽ വിറ്റഴിഞ്ഞ ഹോണ്ട ജാസിന്റെ എഴുപതു ശതമാനവും സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സുള്ളതാണെ ന്നത് ഹോണ്ടയുടെ ഈ ട്രാൻസ്മിഷന്റെ മികവ് വ്യക്തമാക്കുന്നതുമാണ്.

കടമക്കുടിയുടെ ശാന്തതയിൽ ഹോണ്ട ജാസ്‌

യൂറോപ്യൻ രാജ്യങ്ങളിൽ ഹോണ്ട ജാസിന്റെ നാലാം തലമുറക്കാരൻ എത്തിയെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഹോണ്ട ജാസിന്റെ മൂന്നാം തലമുറക്കാരൻ തന്നെയാണ് വിപണനത്തിനുള്ളത്. 2015-ൽ ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ഹോണ്ട ജാസിന് ചെറിയ മാറ്റങ്ങളൊക്കെ ഓരോ വർഷവും ഹോണ്ട നടത്തി, അതിന്റെ പുതുമ നിലനിർത്തുന്നതിനായി യത്നിക്കുന്നുണ്ട്. അങ്ങനെ വന്നതാണ് പുതിയ സൺറൂഫും പുതിയ 1.2 ലിറ്റർ 4 സിലിണ്ടർ ഇൻലൈൻ ബി എസ് 6 എഞ്ചിനും. പെട്രോൾ വേരിയന്റുകൾ മാത്രമേ ജാസിന് കഴിഞ്ഞ വർഷം മുതൽ ലഭ്യമാകുന്നുള്ളു.

കഥ പറയുന്നതിനിടയിൽ തന്നെ, ജാസുമായി യാത്രികർ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. ഇന്റീരിയറിൽ ടെക്ച്വേഡ് ലെതർ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്ന പ്രീമിയം ഡാഷ്ബോർഡിനെ സ്നേഹിക്കാത്തവർ ആരുമുണ്ടാകില്ല. ബ്ലാക്കും അലുമിനിയം ഫിനിഷുള്ള ഭാഗങ്ങളും ഇടകലർന്നു കിടക്കുകയാണിതിൽ. ഫോട്ടോഗ്രാഫർ അഖിലിന് ജാസിന്റെ കനത്ത രൂപമുള്ള, പ്രൗഢമായ ആ ഡാഷ്‌ബോർഡിനെ സ്‌നേഹിക്കാതിരിക്കാനായില്ല. അല്ലെങ്കിലും ജാസിലേറുന്നവർ ആരായാലും അവർ ആ വാഹനത്തെ അഗാധമായി സ്‌നേഹിക്കാനാരംഭിക്കുമെന്നാ ണ് പൊതുവേ പറയാറുള്ളത്.
കടമക്കുടിയിലേക്കുള്ള ചെറുപാതയിലാണ് ഇപ്പോൾ ജാസ്. രാവിലെ തന്നെ ചെറിയ മഴ പെയ്തതിനാൽ പ്രദേശത്തെല്ലാം തന്നെ വെള്ളക്കെട്ടുണ്ട്. നിരത്ത് പലയിടത്തും മഴ മൂലം തകർന്നിട്ടുണ്ടെങ്കിലും ജാസിന്റെ സസ്‌പെൻഷൻ മികവു മൂലം അകത്തേക്ക് അധികം ആഘാതമൊന്നും തന്നെയെത്തുന്നില്ല. ഒരു കുഷ്യനിൽ ഇരിക്കുന്നപോലെ സുഖപ്രദമായ ഫ്ളോട്ടിങ് സസ്പെൻഷനാണ് നൽകിയിട്ടുള്ളത്. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ മക്ഫേഴ്സൺ സ്ട്രറ്റ് സസ്പെൻഷനും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ടോർഷൻ ബീം ആക്സിലുമാണുള്ളത്.

കടമക്കുടിയിലെന്നപോലെ തന്നെയുള്ള ഒരു പ്രശാന്തതയാണ് ജാസിലുമുള്ളതെന്ന് ഞാൻ ആദ്യമേ പറഞ്ഞുവല്ലോ. അത് വെറുതെ പറഞ്ഞതല്ല. നിശബ്ദമായ ഒരു വാഹനമാണ് ജാസ്. വാഹനം സ്റ്റാർട്ട് ചെയ്തിട്ടാൽപോലും ഒട്ടും തന്നെ ശബ്ദം കേൾക്കുകയേയില്ല. ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലുമൊക്കെ പേരുകേട്ട ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്ഫോമിലാണ് ജാസിന്റെ പ്ലാറ്റ്ഫോം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പഴയ ജാസിൽ നിന്നും ഒരുപാട് മാറ്റങ്ങൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജാസിൽ വരികയും ചെയ്തു. പുതിയ ഹോണ്ട ജാസിൽ എൽ ഇ ഡി ഹെഡ്ലാമ്പും അതിസുന്ദരമായ ഡേടൈം റണ്ണിങ് ലാമ്പുമുണ്ട്. ടേണിങ് ലാമ്പുകളുടെ പൊസിഷനിങ്ങാകട്ടെ മറ്റ് വാഹനങ്ങളിൽ കാണാത്തവിധത്തിലുമാണ്. ഫോഗ് ലാമ്പുകളും പുതിയ ജാസിൽ എൽ ഇ ഡി ആയി മാറിയിരിക്കുന്നു. ആരും നോക്കി നിൽക്കുംവിധമാണ് ജാസിന്റെ ബമ്പർ. സ്റ്റീൽ ഫിനിഷുള്ള മേൽചുണ്ട് കഴിഞ്ഞാൽ ബ്ലാക്ക് ഫിനിഷിലാണ് ഹണികോംബ് ഗ്രില്ലും എയർ ഡാമുമെല്ലാം സജ്ജീകരിച്ചിട്ടുള്ളത്. എയർ ഡാമിനു മുകളിലായി ലോവർ ലിപ്പു കൂടി വന്നതോടെ ജാസിന് പുഞ്ചിരിക്കുന്ന ഒരു മുഖം കൈവന്നിരിക്കുകയും ചെയ്തിരിക്കുന്നു.

മരടിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ

യാത്രികരെ സംബന്ധിച്ചിടത്തോളം നിറയെ സ്ഥലസൗകര്യമുള്ള ഒരു വാഹനമാണ് ജാസ് എന്ന് യാത്ര പുറപ്പെടുംമുമ്പേ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. ചെറിയ ബമ്പറും എഞ്ചിൻ റൂമുള്ള ഹോണ്ട ജാസിൽ വീൽബേസിന്റെ ഭൂരിഭാഗവും ഇന്റീരിയർ സ്പേസ് സമൃദ്ധമാക്കാൻ വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനായുള്ള പാനലും ടച്ച് സ്‌ക്രീനായാണ് ജാസിൽ നൽകിയിരിക്കുന്നത്. വാഹനം ഓഫ് ചെയ്താൽ അതൊരു ബ്ലാക്ക് സ്‌ക്രീനായി മാറുകയും ചെയ്യും. കടമക്കുടിയുടെ ഗ്രാമീണ ദൃശ്യങ്ങൾ മുന്നിൽ തെളിഞ്ഞുതുടങ്ങി. പൊക്കാളിപ്പാടങ്ങൾക്കും ചെമ്മീൻ പാടങ്ങൾക്കുമരികെ നിശ്ചലമായ ജലത്തിൽ നീർകാക്കകളും കൊക്കുകളും തണ്ണീർത്തടങ്ങളിൽ മാത്രം കാണപ്പെടുന്ന പല കിളികളും രാവിലെ തന്നെ എത്തിയിട്ടുണ്ട്. ജലത്തിൽ വയലറ്റ് നിറത്തിൽ പൂത്തുനിൽക്കുന്ന പായലുകൾ പോലും സുന്ദരമായ ഒരു ദൃശ്യമായാണ് നമുക്കനുഭവപ്പെടുക. ജാസിന്റെ ഇന്റീരിയറിലൂടെ ആ ചിത്രം പകർത്താനുള്ള ശ്രമത്തിലാണ് അഖിൽ. ജാസിനകത്ത് വയലറ്റ് പൂക്കൾ വിടർന്നതുപോലെ സുന്ദരമായൊരു ചിത്രം.

പുതുതലമുറയ്ക്കാവശ്യമായ ഫീച്ചറുകളെല്ലാം തന്നെ താങ്ങാനാകുന്ന നിരക്കിലുള്ള ഈ ഹാച്ച്ബായ്ക്കിൽ ഹോണ്ട ഒരുക്കിവച്ചിട്ടുണ്ട്. ഏഴ് ഇഞ്ചിന്റെ ഇൻഫോടെയ്മെന്റ് ടച്ച് സ്‌ക്രീനാണ് ജാസിലുള്ളത്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും അതിലുണ്ട്. യുഎസ്ബി, ഓക്സിലിയറി, ബ്ലൂടൂത്ത് കോംപാറ്റബിലിറ്റി എന്നിവയൊക്കെ തന്നെയും ജാസിലുണ്ട്. സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളുള്ളതിനാൽ അനായാസേന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുമാകും. ശ്രവണമധുരമായ സംഗീതം പൊഴിക്കുന്ന സ്പീക്കറുകളാണ് ജാസിലുള്ളത്. കടമക്കുടിയുടെ നിശ്ശബ്ദ സൗന്ദര്യത്തിലേക്ക് ജാസിൽ നിന്നുള്ള മെലഡി ഒഴുകിയിറങ്ങിയപ്പോൾ പ്രഭാതത്തിന്റെ സൗന്ദര്യം ഏറുന്നതുപോലെ ഞങ്ങൾക്കു തോന്നി.

തേവരയിൽ

കടമക്കുടിയിലെ കാഴ്ചകൾ കണ്ടശേഷം ചെറായിയിലേക്കായിരുന്നു ഞങ്ങളുടെ സഞ്ചാരം. വർഷമിത്ര കഴിഞ്ഞിട്ടും ജാസ് ഇപ്പോഴും കാഴ്ചക്കാരുടെ കണ്ണുടക്കുന്ന സുന്ദരൻ വാഹനമാണെന്ന് യാത്രയിൽ പലയിടത്തും ജാസിനെ പ്രിയതരമായി ഉറ്റുനോക്കുന്നവരുടെ കണ്ണുകളിൽ നിന്നു തന്നെ ഞങ്ങൾ വായിച്ചെടുക്കുന്നുണ്ട്. 16 ഇഞ്ച് അലോയ് വീലുകളാണ് ജാസിനുള്ളത്. വശക്കാഴ്ചയിൽ ആരേയും ആകർഷിക്കുന്നത് ജാസിന്റെ സുന്ദരമായ ബോഡിലൈനുകളാണ്. പിൻഭാഗത്തെ താരം ഗ്ലാസ് ഏരിയയിൽ നിന്നും താഴേയ്ക്ക് ചലിച്ച് ബൂട്ട് ലിഡിന്റെ വശത്തേക്ക് ഇറങ്ങി നിൽക്കുന്ന ടെയ്ൽ ലാമ്പുകളാണെന്ന് പറയാതെ വയ്യ.

നല്ല വിസിബിലിറ്റിയുള്ള വിൻഡോകളാണ് ജാസിനുള്ളത്. കാഴ്ചകൾ കണ്ടുകൊണ്ട് വാഹനമോടിക്കാൻ ഇത്രയും സുന്ദരമായ ഒരു ഹാച്ച്ബായ്ക്ക് വേറെയുണ്ടാകാനില്ല. ചെറായിയിൽ, രക്തേശ്വരി ബീച്ചിലേക്കുള്ള വഴിയിലാണ് ഇപ്പോൾ ജാസ്. കോവിഡ് കാലത്തിന്റെ ഭീതി ഇനിയും അകന്നിട്ടില്ലെന്ന് ബീച്ചിലെ ആൾപെരുമാറ്റമില്ലായ്മ തന്നെ തെളിയിക്കുന്നുണ്ട്. റസ്റ്റോറന്റുകളൊന്നും പഴയതുപോലെ ആ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. രക്തേശ്വരി ബീച്ചിനടുത്തുള്ള പൊക്കാളിപ്പാടങ്ങളിൽ കൃഷി നടക്കുന്നുണ്ട്.

ചെറായിയിലൂടെ ഹോണ്ട ജാസ്‌


ജാസിന്റെ സുരക്ഷാസന്നാഹങ്ങൾ യാത്രികരെ സംബന്ധിച്ചിടത്തോളം എപ്പോഴും സുരക്ഷിതമായ യാത്രയാണ് ഉറപ്പുവരുത്തുന്നത്. ആസിയാൻ എൻക്യാപിൽ സുരക്ഷിതത്വത്തിന് 4 സ്റ്റാർ റേറ്റിങ് നേടിയ വാഹനമാണ് ജാസ്. രണ്ട് എയർ ബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങൾ നൽകിയിട്ടുണ്ട്. ഇതിനു പുറമേ മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസറുകൾ എന്നിവയും നൽകിയിരിക്കുന്നു. അതുകൊണ്ടു തന്നെ ചെറിയ സ്ഥലങ്ങളിൽ പോലും അനായാസമായി തിരിക്കാനും പാർക്ക് ചെയ്യാനുമെല്ലാം ജാസിനാകും. അതേപോലെ നഗരയാത്രകൾക്കും ഹൈവേയിലൂടെയുള്ള യാത്രകൾക്കും ജാസ് ശരിക്കുമൊരു താരമാണെന്നും യാത്രയിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. മിഡ്റേഞ്ചിൽ മികച്ച പെർഫോമൻസ് നൽകുന്ന വാഹനമായതിനാൽ നഗരത്തിൽ ഓടിക്കുക സുഖകരമായ കാര്യമാണ്. പാഡിൽ ഷിഫ്റ്റേഴ്സ് ഉള്ളതിനാൽ ഒരു മാനുവൽ വാഹനത്തിൽ ഗിയർഷിഫ്റ്റ് ചെയ്യുന്നതുപോലൊരു ഹരം സമ്മാനിക്കുന്നുണ്ട്. സ്പോർട്സ് മോഡിലെ പെർഫോമൻസ് തകർപ്പൻ തന്നെ.

ഡ്രൈവർ സീറ്റ് എട്ടു തരത്തിലും കോപാസഞ്ചർ സീറ്റ് ആറുതരത്തിലും അഡ്ജസ്റ്റ് ചെയ്യ്നാകുന്നതാണ്. ഫാബ്രിക് സീറ്റുകളാണ് നൽകിയിട്ടുള്ളത്. നല്ല സ്ഥലസൗകര്യമുള്ള വാഹനമാണ് ഹോണ്ട ജാസ്. കുടുംബയാത്രയ്ക്കു വേണ്ട എല്ലാ സാമഗ്രികളും തന്നെ 354 ലിറ്ററുള്ള ബൂട്ട് സ്പേസിൽ ഒതുക്കിവയ്ക്കാനാകും. വളരെ താഴ്ന്ന പ്രൊഫൈലാണ് ബൂട്ട് സ്പേസ് എന്നതിനാൽ സാധനങ്ങൾ കയറ്റിവയ്ക്കുന്നതും അനായാസകരമാണ്. അഖിലിന്റെ ഫോട്ടോഗ്രഫി ബാഗും അനുബന്ധ സാമഗ്രികളുമെല്ലാം ജാസിന്റെ ഈ ബൂട്ടിൽ പൂർണമായും ഒതുക്കിവയ്ക്കാനാകുന്നുണ്ട്. ഇതിനു പുറമേ, ഇന്റീരിയറിൽ നൽകിയിരിക്കുന്ന സ്റ്റോറേജ് സ്‌പേസുകളും യാത്രകളിൽ അനുബന്ധ സാമഗ്രികൾ വയ്ക്കാൻ പോന്നതു തന്നെ.

പുതിയ ഹോണ്ട ജാസിലാണ് ഈ സെഗ്മെന്റിൽ ആദ്യമായി കഴിഞ്ഞ വർഷം സൺറൂഫ് എത്തിയത്. പനോരമിക് അല്ലെങ്കിലും ജാസിന്റെ ഇമേജ് വാനോളം ഉയർത്തുന്നതിൽ ആ സൺറൂഫ് ചെറുതല്ലാത്ത പങ്ക് വഹിക്കുകയും ചെയ്തു. കടമക്കുടിയിൽ യാത്ര ചെയ്യുമ്പോൾ സൺറൂഫ് തുറന്നിട്ടായിരുന്നു ഞങ്ങളുടെ സഞ്ചാരം. ഒരു പ്രീമിയം വാഹനത്തിൽ യാത്ര ചെയ്യുന്ന പോലൊരു അനുഭവമാണ് സൺറൂഫുള്ള ജാസ് സമ്മാനിക്കുന്നത്. യാത്രയ്ക്കുശേഷം തിരികെ വിഷൻ ഹോണ്ടയിലേക്ക് എത്തുമ്പോൾ ഞങ്ങളുടെ മനസ്സിൽ ജാസ് സമ്മാനിച്ച അനുഭവങ്ങളാണ്, യാത്രയിലെ ദൃശ്യങ്ങളേക്കാൾ സുന്ദരമായി പതിഞ്ഞുകിടന്നത്. ഏതൊരു അന്തരീക്ഷത്തിലേക്കും അനായാസനെ പറിച്ചുനടാനാകുന്ന, കരുത്തനും ശാന്തനുമായ ഒരു ഗംഭീരവാനെയാണ് ഞങ്ങൾ ജാസിൽ കണ്ടെത്തിയത്. ജാസിനൊപ്പമുള്ള അടുത്ത യാത്ര ഇനി എപ്പോഴാണെന്നാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്$

Vehicle Provided By:
Vision Honda
Kochi
Ph: 94008 84424

Leave a Reply

Your email address will not be published. Required fields are marked *