TVS Jupiter 125 launched @Rs. 73,400
October 8, 2021
ഡോക്ടർ കുടുംബത്തിലേക്ക് സ്‌കോഡ കുഷാഖ്…
October 12, 2021

ഹ്യുണ്ടായ് ഐ 20 എൻ ലൈനിൽ, തകർപ്പൻ എക്‌സ്‌ഹോസ്റ്റ് നോട്ടുമായി…..

പുതുവൈപ്പ് ബീച്ചിൽ ഹ്യുണ്ടായ് ഐ20 എൻ ലൈൻ

കടലിരമ്പത്തിനും മഴയിരമ്പത്തിനുമൊപ്പം ജുഗൽബന്ദി തീർത്തുകൊണ്ട് തകർപ്പൻ എക്‌സ്‌ഹോസ്റ്റ് നോട്ടുമായി കൊച്ചി നഗരത്തിലൂടെ ഹ്യുണ്ടായ് ഐ 20 എൻ ലൈൻ നടത്തിയ സഞ്ചാരം യാത്രികരുടെ മാത്രമല്ല കാഴ്ചക്കാരുടെ കൂടി മനസ്സുനിറച്ചു വെന്നതിൽ സംശയമില്ല.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

മഴക്കാലത്ത് ഒരു ദിവസം വെയിലെത്തുമ്പോൾ തോന്നുന്ന ഒരു സംതൃപ്തിയുണ്ടല്ലോ അതുപോലൊന്നാണ് ഒരേ മട്ടിലുള്ള കാറുകൾക്കിടയിൽ വിഭിന്നമായ ചില സവിശേഷതകളുള്ള കാറുകളെത്തുമ്പോൾ നമുക്ക് തോന്നുന്നത്. ന്യൂനമർദ്ദവും ചുഴലിക്കൊടുങ്കാറ്റുമെല്ലാം കേരളക്കരയിൽ ചന്നംപിന്നം മഴയ്ക്കിടയാക്കിയ സമയത്താണ് അപ്രതീക്ഷിതമായി കിട്ടിയ ഒരു വെയിൽദിനത്തിൽ ഞങ്ങളൊരു യാത്ര പദ്ധതിയിട്ടത്. കൊച്ചിയിലെ പോപ്പുലർ ഹ്യുണ്ടായ് യിൽ ഞങ്ങളെക്കാത്ത് യാത്രയ്ക്കായി ഒരു പുതിയ തകർപ്പൻ താരം ഒരുങ്ങിനിൽപ്പുണ്ട്- ഹ്യുണ്ടായ് ഐ 20 എൻ ലൈൻ. നേരത്തെ ഐ 20 എൻ ലൈൻ സ്മാർട്ട് ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്തിരുന്നുവെങ്കിലും നഗരത്തിനകത്തും പുറത്തും വാഹനവുമായി ഒരു യാത്ര നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നതാണ്. മോട്ടോർ സ്‌പോർട്ട് സ്‌റ്റൈലിങ്ങുള്ള ഹ്യുണ്ടായ്‌യുടെ പുതിയ ഐ 20-യുടെ സ്റ്റെബിലിറ്റിയും സസ്‌പെൻഷൻ മികവുമൊക്കെ ശരിക്കും അനുഭവിച്ചറിയാൻ ഇത്തരമൊരു യാത്രയ്ക്കാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ കായൽത്തീരങ്ങളിലൂടെയും കടലോരപ്രദേശങ്ങളിലൂടെയും നഗരത്തിലൂടെയുമൊക്കെയുള്ള ഈ യാത്രയ്ക്ക് തകർപ്പൻ എക്‌സ്‌ഹോസ്റ്റ് നോട്ടുള്ള വാഹനമെത്തുമ്പോൾ എങ്ങനെയാകും അത് യാത്രയുടെ അനുഭവത്തെ മാറ്റിമറിക്കുകയെന്നാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്. തികച്ചും നാഗരികനും മെട്രോസെക്ഷ്വലും കരുത്തനും ഇരുത്തംവന്നവനുമായ പുതിയ ഐ20 എൻ ലൈൻ വേറിട്ട ഈ പശ്ചാത്തലങ്ങളിലൂടെ നീങ്ങുമ്പോൾ അതൊരു മിക്‌സ് ആന്റ് മാച്ച് പോലെയാകും ആർക്കും അനുഭവപ്പെടുകയെന്നുറപ്പ്.

ആഡംബര നൗകയായ നെഫർറ്റിറ്റിയ്ക്കു മുന്നിൽ ഹ്യുണ്ടായ് ഐ 20 എൻ ലൈൻ

യാത്രയ്‌ക്കൊരുങ്ങുന്ന പുതിയ ഐ20 എൻ ലൈനിന് ചെറിയൊരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നു. നിലവിലുള്ള ഹ്യുണ്ടായ് ഐ 20-യിൽ നിന്നും എങ്ങനെയൊക്കെയാണ് അത് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും നാഗരിക യുവത്വത്തെ അത് എങ്ങനെയൊക്കെയാണ് കൂടുതലായി തൃപ്തിപ്പെടുത്തുന്നതെന്നും മനസ്സിലാക്കാതെ യാത്രയ്ക്ക് ഒരുങ്ങുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമായിരിക്കുമെന്നതിനാ ലാണ് ഒരു ആമുഖം ആവശ്യമായി വരുന്നത്. ഹ്യുണ്ടായ് തങ്ങളുടെ മോട്ടോർസ്‌പോർട്ട് സ്‌റ്റൈലിങ് ഇന്ത്യയിലെത്തിച്ച ആദ്യ വാഹനമാണ് ഹ്യുണ്ടായ് ഐ 20 എൻ ലൈൻ. മോട്ടോർസ്‌പോർട്ട് മുദ്രകൾ വാഹനത്തിലുണ്ടെന്നതൊഴിച്ചാൽ വാഹനത്തിന്റെ എഞ്ചിനിൽ മാറ്റമൊന്നും ഹ്യുണ്ടായ് വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന വാഹനമായതിനാലാകും ഒരുപക്ഷേ എഞ്ചിനിലെ മാറ്റത്തെപ്പറ്റി ഇപ്പോൾ ഹ്യുണ്ടായ് ചിന്തിക്കാതിരുന്നത്. എന്നാൽ എൻ ലൈൻ വേരിയന്റിന് വാഹനപ്രേമികൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കരുത്തുറ്റ എഞ്ചിനുകളുള്ള മോഡലുകൾ എൻ ലൈൻ ബാഡ്ജിങ്ങോടെ ഹ്യുണ്ടായ് വിപണിയിലെത്തിക്കാനുള്ള സാധ്യതയുണ്ട്. ഹ്യുണ്ടായ്‌യുടെ നിലവിലുള്ള ഐ 20 വേരിയന്റുകൾക്കു പുറമേയാണ് എൻ ലൈൻ ബാഡ്ജിങ്ങോടു കൂടിയ പുതിയ ഐ 20 എത്തിയിരിക്കുന്നത്. ഐഎംടി 1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ വേരിയന്റിലും 1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ ഐഎംടി വേരിയന്റിലുമാണ് എൻ ലൈൻ വേരിയന്റുകൾ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്.

ബോൾഗാട്ടി പാലസിൽ

1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷനുള്ള ഹ്യുണ്ടായ് ഐ 20 എൻ ലൈനാണ് സഞ്ചാരത്തിനായി ഞങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത്. പോളാർ വൈറ്റ് നിറമുള്ള, ഐ 20 എൻ ലൈൻ ആദ്യനോട്ടത്തിൽ തന്നെ ഞങ്ങളുടെ മനംകവർന്നു. വെയിൽ ദിനമാണെങ്കിലും ഹ്യുണ്ടായ് ഐ 20 എൻ ലൈനെ ഞങ്ങൾ പുറത്തേക്ക് ആനയിക്കാനിരിക്കേ, ഒരു വാട്ടർ സല്യൂട്ട് പോലെ മഴ പൊഴിഞ്ഞു. മഴത്തുള്ളികളിറ്റു വീഴുന്ന സുഭഗശരീരിയായ ആ വാഹനത്തിനപ്പോൾ ഒരു ഗ്രീക്ക് ദേവന്റെ ഛായയായിരുന്നുവെന്ന് പറഞ്ഞാൽ അത് അധികപ്പറ്റാകില്ല. ആ അഴകളവുകളൊത്ത ശരീരത്തിൽ അണിഞ്ഞ ആടയാഭരണങ്ങളെപ്പോലെയാണ് എൻ ലൈന്റെ ബാഡ്ജിങ്ങും ചുവപ്പ് ഇൻസേർട്ടുകളും ഞങ്ങൾക്കനുഭ വപ്പെട്ടത്. ഐ 20 കാണാനിഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല. അതിൽ എൻ ലൈൻ അടയാളങ്ങൾ കൂടി പ്രത്യക്ഷപ്പെടുമ്പോൾ അത് ഹൃദയഹാരിയായ ഒരു അനുഭവമായി തന്നെ മാറ്റപ്പെടുന്നുമുണ്ട്. ഹ്യുണ്ടായ്‌യുടെ ഡിസൈൻ മികവിനെ പ്രകീർത്തിച്ചുകൊണ്ടാണ് വാഹനത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചത്.

വല്ലാർപാടം ബസലിക്കയ്ക്കു മുന്നിൽ

ഹ്യുണ്ടായ് വാഹനങ്ങളുടെ ആരാധകനായ ഫോട്ടോഗ്രാഫർ അഖിലിനെ ടെസ്റ്റ് ഡ്രൈവ് സമയത്തു തന്നെ ഐ20 എൻ ലൈൻ വശീകരിച്ചതാണ്. ബൈജുവിനൊപ്പം ടെസ്റ്റ് ഡ്രൈവ് ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുതൽ ഐ20 എൻ ലൈന്റെ തകർപ്പൻ പെർഫോമൻസിനെപ്പറ്റിയും സ്മൂത്ത് ഹാൻഡ്‌ലിങ്ങിനെപ്പറ്റിയുമൊക്കെ നിരന്തരം വാചാലനായിരുന്നു അഖിൽ. അതുകൊണ്ട് ഐ 20 എൻ ലൈന്റെ സ്റ്റീയറിങ് വീൽ ആദ്യം അഖിൽ തന്നെ ഏറ്റെടുത്തു.

കൊച്ചി നഗരഹൃദയം ലക്ഷ്യമാക്കിക്കൊണ്ടുള്ള യാത്രയായിരുന്നു പിന്നീട്. നഗരത്തിന്റെ പശ്ചാത്തലത്തിൽ കുറെയേറെ മിഴിവാർന്ന ചിത്രങ്ങൾ പകർത്തുന്നതിനൊ പ്പം തന്നെ നഗരനിരത്തുകളിലൂടെയുള്ള ഐ 20 എൻ ലൈന്റെ പ്രകടനം വിലയിരുത്തുവാൻ കൂടിയായിരുന്നു ഞങ്ങളുടെ യാത്ര. മഴക്കാലമായതിനാൽ നഗരനിരത്തു കൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ചെറിയ മഴ പെയ്താൽ തന്നെയും കൊച്ചിയിലെ നിരത്തുകൾ അതിവേഗം വെള്ളക്കെട്ടിലാകാറുണ്ടെന്നത് സാധാരണയാണെന്നിരിക്കേ, ഐ 20 എൻ ലൈൻ ആ വെള്ളക്കെട്ടുകളിലൂടെയും ഈ യാത്രയിൽ സഞ്ചരിക്കേണ്ടി വരുമെന്ന് ഞങ്ങളുറപ്പിച്ചിരുന്നു. വാഹനത്തിന്റെ വാട്ടർവേഡിങ് ശേഷി തിരിച്ചറിയാനായി ഞങ്ങൾ എളങ്കുന്നപ്പുഴയിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ ഒരു സഞ്ചാരവും പദ്ധതിയിട്ടിരുന്നു.

വാഹനപ്രേമികളെ ത്രസിപ്പിക്കുന്ന ഒരു മുരൾച്ചയോടെയാണ് ഹ്യുണ്ടായ് ഐ 20 എൻ ലൈൻ ഞങ്ങൾക്കായി ഉണർന്നെഴുന്നേറ്റത്. തന്റെ കഴിവും കരുത്തുമൊക്കെ പുറത്തെടുക്കാനുള്ള യാത്രയായിട്ടും ഹ്യുണ്ടായ് ഐ 20 ആദ്യമൊരു പ്രൗഢനായ മര്യാദക്കാരനാ യാണ് നിരത്തിലേക്കിറങ്ങിയത്. ഐ 20 എൻ ലൈന്റെ 998 സിസിയുടെ 3 സിലിണ്ടർ ഇൻലൈൻ ടർബോ പെട്രോൾ എഞ്ചിൻ പതിയെപ്പതിയെ മുരണ്ടു തുടങ്ങി. 6000 ആർപിഎമ്മിൽ 118 ബി എച്ച് പി കരുത്തും 1500- 4000 ആർപിഎമ്മിൽ 172 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന വാഹനമാണ് ഐ 20. എൻ ലൈൻ വേരിയന്റുകളുടെ കാര്യത്തിൽ പവറിൽ ഹ്യുണ്ടായ് മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ചെക്കേഡ് ഫ്‌ളാഗ് ഡിസൈനിലു ള്ള ഗ്രില്ലും ചുവപ്പും കറുപ്പും ഇടകലർന്ന എൻ ലൈൻ ബാഡ്ജിങ്ങും ഇന്റീരിയറിൽ സീറ്റിലും ഡാഷ്‌ബോർഡിലുമൊക്കെയുള്ള എൻ ലൈൻ മുദ്രയിലുള്ള ചുവപ്പിന്റെ കടന്നുകയറ്റവുമെല്ലാം ഹ്യുണ്ടായ് ഐ 20യെ ശരിക്കും സ്‌പോർട്ടിയായി മാറ്റിയിട്ടുണ്ട്.

നഗരത്തിൽ ഓട്ടപ്രദക്ഷിണം വയ്ക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. എഞ്ചിനിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും സസ്‌പെൻഷൻ ഹ്യുണ്ടായ് ഐ 20 എൻ ലൈനിൽ ട്യൂൺ ചെയ്തിട്ടുണ്ടെന്നതായിരുന്നു അത്. സാധാരണ ഐ20-യിൽ നിന്നും തീർത്തും വ്യത്യാസപ്പെടുത്തിയിട്ടുണ്ട് അത്. ഗോശ്രീ പാലത്തിലൂടെ അതിവേഗത്തിൽ വന്ന് പുതുവൈപ്പിലേക്കുള്ള വഴിയിലെ ഹമ്പുകൾ ചാടിക്കയറിയപ്പോൾ അകത്തേക്ക് ചാട്ടത്തിന്റെ ആഘാതമൊന്നും അധികമെത്തിയില്ലെന്നതു തന്നെ അതിന്റെ തെളിവ്. മുന്നിൽ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിൽ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമാണ് ഐ 20-യിൽ നൽകപ്പെട്ടിട്ടുള്ളത്. ഗ്യാസ് ടൈപ്പ് സസ്‌പെൻഷൻ ഷോക്ക് അബ്‌സോർബറാണ് എൻ ലൈനിന്റെ സവിശേഷത. ഇതിനു പുറമേ, ഐ 20-യിൽ നിന്നും വ്യത്യസ്തമായി മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകളും ഐ 20 എൻ ലൈനിൽ ഹ്യുണ്ടായ് നൽകിയിരിക്കുന്നു. സാമാന്യം നല്ല വേഗതയിലായിരുന്നു പുതുവൈപ്പിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരമെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പാതയിൽ പോലും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വാഹനം സ്റ്റെബിലിറ്റി കൈവിടാതെ തന്നെ നിലകൊണ്ടത് ഞങ്ങളെ തെല്ലൊന്ന് വിസ്മയിപ്പിക്കുകയും ചെയ്തു. പുതുവൈപ്പിൽ നിന്നും എളങ്കുന്നപ്പുഴയിലേക്ക് ചെമ്മീൻ പാടങ്ങൾക്കും പൊക്കാളിപ്പാടങ്ങൾക്കുമിടയിലൂടെ നീങ്ങുന്ന സുന്ദരമായ ഒരു പാതയുണ്ട്. കുമ്പളങ്ങിയിലും കടമക്കുടിയിലുമൊക്കെ കാണുംപോലുള്ള സുന്ദരമായ ഗ്രാമ്യദൃശ്യങ്ങളുടെ ഒരു ആവർത്തനം പോലെ നമുക്കത് അനുഭവപ്പെടും. ചെറിയ പൊട്ടിപ്പൊളിഞ്ഞ പാതയാണ്. പക്ഷേ ഐ 20 എൻ ലൈനിനകത്തേക്ക് പാതയുടെ ദുർഘടസ്ഥിതിയൊന്നും കടന്നുവരുന്നേയില്ല.

37 ലിറ്ററിന്റെ പെട്രോൾ ടാങ്ക് പകുതിയോളം നിറച്ച ശേഷമാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്. പക്ഷേ നഗരത്തിലൂടെയുള്ള ഞങ്ങളുടെ ഇന്നത്തെ യാത്രയ്ക്ക് ഇതിൽ പാതി പോലും വേണ്ടിവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഐ 20 പോലെ തന്നെ, ഐ 20 എൻ ലൈനും കീശ കാലിയാക്കാതെ സഞ്ചരിക്കാനാകുന്ന വാഹനമാണ്. ലിറ്ററിന് 20.25 കിലോമീറ്ററാണ് ഹ്യുണ്ടായ് ഐ 20 എൻ ലൈന് വാഗ്ദാനം ചെയ്യുന്ന മൈലേജ്. നഗര യുവാക്കളെ സംബന്ധിച്ചിടത്തോളം മോട്ടോർ സ്‌പോർട്ട് സ്‌റ്റൈലിങ്ങുള്ള ഇത്തരമൊരു വാഹനത്തിന് മികച്ച മൈലേജ് കൂടി ലഭിച്ചാൽ ആനന്ദലബ്ധിക്കിനിയെ ന്തു വേണമെന്ന മട്ടിലാകും ചിന്ത.

പുതുവൈപ്പ് ബീച്ചിലേക്കുള്ള വഴി പലയിടത്തും പാത വളരെ മോശപ്പെട്ട അവസ്ഥയിലാണ്. പക്ഷേ ദുർഘട പാതകളിൽ പോലും അടിതട്ടാതെ സഞ്ചരിക്കുവാൻ ഹ്യുണ്ടായ് ഐ 20 എൻ ലൈന് സാധിക്കുന്നുണ്ട്. 170 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. യാത്ര കംഫർട്ടബിൾ ആക്കുന്ന മറ്റൊരു ഘടകം വാഹനത്തിനകത്തെ സ്‌പേസ് ആണല്ലോ. 2580 എംഎം വീൽബേസുള്ള വാഹനമായതിനാൽ ഐ20-യിലെ യാത്ര സുഖകരമാണെന്ന കാര്യത്തിൽ തർക്കമില്ല. ബീച്ച് മണലിൽ പുതയാതെ മുന്നോട്ടു നീങ്ങാനുള്ള ഐ 20 എൻ ലൈന്റെ ശേഷിയും ഞങ്ങളെ അമ്പരപ്പിച്ചുവെന്ന് പറയാതെ വയ്യ. ബീച്ചിലെ ഒറ്റമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം വേണമെന്ന മോഹമാണ് മടിച്ചുമടിച്ചാണെങ്കിലും ഐ 20 എൻ ലൈനെ കടൽമണലിലേക്കിറക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ടയറുകൾ മണ്ണിൽ പുതഞ്ഞുപോകാതെ, അവധാനതയോടെയായിരുന്നു ഐ 20-യുടെ പോക്ക്.

നഗരത്തിനകത്തും പുറത്തും ഐ 20 എൻ ലൈൻ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ടെന്ന് അവരുടെ വിസ്മയകരമായ നോട്ടങ്ങളിൽ നിന്നു തന്നെ ബോധ്യപ്പെടും. ചാത്യാത്ത് റോഡിൽ വാഹനം നഗര പശ്ചാത്തലത്തിലുള്ള ചില ചിത്രങ്ങൾക്കായി നിർത്തിയപ്പോൾ പലർക്കും എന്താണ് എൻ ലൈൻ എന്നറിയണം. മോട്ടോർസ്‌പോർട്ട് സ്‌റ്റൈലിങ്ങുള്ള വാഹനമാണെന്ന് മറുപടി നൽകിയപ്പോൾ എൻ ലൈനിലെ എൻ എന്താണെന്നായി ചോദ്യം. തെക്കൻ കൊറിയയിൽ ഹ്യുണ്ടായ്‌യുടെ ആർ ആന്റ് ഡി ഡിവിഷൻ സ്ഥിതി ചെയ്യുന്ന നമ്യാങ് എന്ന സ്ഥലത്തിന്റെ ചുരുക്ക രൂപമാണ് എൻ എന്നും ഇതിന് അതല്ലാതെ വേറെ മാനങ്ങളൊന്നുമില്ലെന്നും വിശദീകരിച്ചപ്പോൾ ചിലർക്ക് പുഞ്ചിരി.

സ്‌പോർട്ടി ലുക്ക് നൽകുന്ന ചുവന്ന ഇൻസേർട്ടുകളും തകർപ്പൻ എക്‌സ്‌ഹോസ്റ്റ് നോട്ടുമാണ് എൻ ലൈനിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പറയാതെ വയ്യ. വാഹനമോടിക്കുമ്പോഴുണ്ടാകുന്ന ഇരമ്പുന്ന ആ ശബ്ദം നിരത്തു യാത്രക്കാരുടെ ശ്രദ്ധ മുഴുവനും വാഹനത്തിലേക്ക് തിരിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ചെക്കേഡ് ഫ്‌ളാഗ് ഗ്രില്ലും ഗ്രില്ലിലെ എൻ ലൈൻ ബാഡ്ജിങ്ങും ഫോഗ് ലാമ്പിന്റെ പുതിയ ഹൗസിങ് ഡിസൈനും ബമ്പറിലെ എയർഡാമിലെ ചുവന്ന ഇൻസേർട്ടും വശക്കാഴ്ചയിൽ എൻ ലൈനിലെ സുന്ദരമാക്കുന്ന അലോയ് വീലുകളുടെ ഡിസൈനും സ്‌പോർട്ടി ബ്ലാക്ക് സൈഡ് വ്യൂ മിററുകളും റണ്ണിങ് ബോർഡിനു മുകളിലായി കറുപ്പിന്റേയും ചുവപ്പിന്റേയും ഇൻസേർട്ടുകളും പിൻഭാഗത്തെ ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പും എൻ ലൈനെ തികച്ചും സ്‌പോർട്ടിയാക്കി മാറ്റുന്നുണ്ട്. വെറുതെയല്ല, കൊച്ചിക്കാരുടെ കണ്ണുകൾ യാത്രയിലുടനീളം ഐ 20 എൻ ലൈനിൽ ഉടക്കിക്കൊണ്ടിരുന്നത്. വാഹനത്തിലുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു അനുഭവം തന്നെയായിരുന്നു അത്. കാഴ്ചക്കാരുടെ മനസ്സു കീഴടക്കാൻ പോന്ന വാഹനം തന്നെയാണ് ഐ 20 എൻ ലൈൻ എന്ന കാര്യത്തിൽ അല്ലെങ്കിലും ആർക്കാണ് സംശയം? ആരാകിലെന്ത് മിഴിയുള്ളവർ നോക്കിനിൽക്കുമെന്നുറപ്പ്!

മഴയും വെയിലും ഒളിച്ചുകഴിക്കുന്ന മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തിൽ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ പോളാർ വൈറ്റ് നിറമുള്ള ഞങ്ങളുടെ വാഹനത്തിന് വല്ലാത്തൊരു വശ്യത അൽപം കൂടിയോ എന്നു സംശയം. വേഗമെടുക്കുമ്പോൾ വാഹനത്തിനുണ്ടാ കുന്ന മാറ്റവും ഞങ്ങൾ യാത്രയിൽ ശരിക്കും അനുഭവി ച്ചറിഞ്ഞു. കണ്ടെയ്‌നർ നിരത്തിലൂടെയുള്ള കുതിച്ചുപായലിലായിരുന്നു അത് ശരിക്കുമനുഭവിച്ചത്. വാഹനത്തിന്റെ സ്റ്റെബിലിറ്റി വർധിച്ചിട്ടുണ്ടെന്നതിനു പുറമേ, സ്റ്റീയറിങ്ങിന്റെ കൃത്യതയും പൊന്നാരിമംഗലം ടോൾ കഴിഞ്ഞുള്ള പാതയിൽ ശരിക്കും അനുഭവിച്ചറിയാനാ കുന്നുണ്ട്. വാഹനം വേഗമെടുക്കുമ്പോൾ എഞ്ചിൻ ഹെവിയാകുന്നതുപോലൊരു ഫീൽ ലഭിക്കുന്നുമുണ്ട്.

സുരക്ഷിതത്വത്തിന് ഹ്യുണ്ടായ് ഐ 20 എൻ ലൈൻ ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ നിരത്തുകളിൽ അൽപം വേഗമെടുക്കുന്നതിൽ ഭയക്കാനൊ ന്നുമില്ല. രാവിലെ ആയതിനാൽ നഗരനിരത്തുകൾ വിജനമായതിനാൽ വേഗത്തിൽ സഞ്ചരിക്കുന്നതൊരു രസവുമാണ്. പ്രത്യേകിച്ചും ഇരമ്പുന്ന എക്‌സ്‌ഹോസ്റ്റ് നോട്ട്, തുറന്നിട്ട സൺറൂഫിലൂടെ ഞങ്ങൾക്ക് കേൾക്കാനാ കുമെന്നതിനാൽ. ഞങ്ങൾ സഞ്ചരിക്കുന്ന 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ ഐ 20-യിൽ ആറ് എയർ ബാഗുകളാണ് നൽകിയിട്ടുള്ളത്. ഡ്രൈവർക്കും കോപാസഞ്ചർക്കുമുള്ള എയർബാഗുകൾക്കു പുറമേ, സൈഡ് എയർബാഗുകളും കർട്ടൻ എയർബാഗുകളുമാണുള്ളത്. ഇതിനു പുറമേ, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ, മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്‌സ് ക്യാമറ ഡ്രൈവർ റിയർവ്യൂ മോണിട്ടർ തുടങ്ങിയ സന്നാഹങ്ങളെല്ലാമുണ്ട് ഐ 20 എൻ ലൈനിൽ.

നല്ല സ്‌പോർട്ടിയായ സ്റ്റീയറിങ് വീലാണ് ഐ20 എൻ ലൈനിന്റേത്. അനായാസമായ ഡ്രൈവിങ് സാധ്യമാക്കുന്നതിലും ഡ്രൈവിങ് സീറ്റിലുള്ളവർക്ക് സവിശേഷമായ ഒരു ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നവിധമാണ് അതിന്റെ രൂപകൽപന. ഏതൊരു വാഹനത്തിന്റേയും സ്വഭാവം കുറച്ചൊക്കെ ഡ്രൈവ് ചെയ്യുന്നവരിലേക്കും പകർത്തപ്പെടുമെന്ന് പൊതുവേ പറയാറുണ്ട്. ഐ 20 എൻ ലൈൻ അത്തരമൊരു അനുഭവം അതിന്റെ തീവ്രതയിൽ തന്നെ സാധ്യമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. പിൻഭാഗത്ത് എസി വെന്റുകളും ആംറെസ്റ്റും നൽകിയിട്ടുള്ളതിനാൽ പിൻസീറ്റിലെ യാത്രയും വളരെ കംഫർട്ടിബിൾ ആണ്.

ഇടയ്ക്ക് വെയിലിനെ മാറ്റിനിർത്തിക്കൊണ്ട് മഴ പെയ്തു. സുഖകരമായ ഒരനുഭവമാണത്. മഴയത്ത് മെലഡി കേട്ടുകൊണ്ട് സഞ്ചരിക്കുന്നതിനേക്കാൾ മികച്ച മറ്റൊരു അനുഭവം മറ്റെന്തുണ്ടാകാനാണ്? എൻ 8 വേരിയന്റിൽ 10.25 ഇഞ്ചിന്റെ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് നാവിഗേഷൻ സംവിധാനവും എൻ 6-ൽ 8 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനുമാണ് ഐ 20 എൻ ലൈനിൽ ഹ്യുണ്ടായ് നൽകിയിട്ടുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ബോസിന്റെ പ്രീമിയം 7 സ്പീക്കർ സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, ബ്ലൂലിങ്ക്, ഓവർ ദ എയർ മാപ്പ് തുടങ്ങി സാങ്കേതികസംവിധാനങ്ങളുടെ കലവറ തന്നെയാണ് ഐ20 എൻ ലൈൻ. കണ്ടെയ്‌നർ ടെർമിനൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ മഴയുടെ ഇരമ്പവും ഐ 20 എൻ ലൈനിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടും വാഹനത്തിനുള്ളിലെ സംഗീതവും ചേർന്ന് ശരിക്കുമൊരു ജുഗൽബന്ദിയൊരുക്കപ്പെട്ടതായിപ്പോലും ഞങ്ങൾക്ക് തോന്നി.

സന്ധ്യ മയങ്ങിയതോടെ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തെളിഞ്ഞു. രാത്രികാലങ്ങളിൽ വെൽകം ഫങ്ഷനോടു കൂടിയ പഡിൽ ലാമ്പുകളും പ്രവർത്തിക്കുമെന്നതാണ് ഐ 20 എൻ ലൈന്റെ സവിശേഷത. യാത്രയിൽ ഒരു കാര്യം ഞങ്ങൾക്ക് തർക്കരഹിതമാംവിധം ബോധ്യപ്പെട്ടു. പുതിയകാല നഗരയുവത്വത്തിനായി ഹ്യുണ്ടായ് അറിഞ്ഞു രൂപകൽപന ചെയ്ത വാഹനമാണ് ഐ 20 എൻ ലൈൻ! വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം എൻ ലൈന്റെ ആ എക്‌സ്‌ഹോസ്റ്റ് അവരുടെ മനസ്സു കുളിർപ്പിക്കുന്ന സംഗീതമായി മാറുമെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാവില്ല. ഹ്യുണ്ടായ്‌യുടെ പുതിയ എൻ ലൈൻ മോഡലുകളുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്….$

Vehicle Provided By:
Popular Hyundai
Kochi
Ph: 9995820667

Leave a Reply

Your email address will not be published. Required fields are marked *