Mahindra XUV 500 To Athirappilly
May 25, 2018
TATA Nexon Review-Test Drive
May 25, 2018

Triumph Speedmaster

ട്രയംഫിന്റെ മോഡേൺ ക്‌ളാസ്സിക് ലൈനപ്പിൽ കൗതുകമുണർത്തുന്ന ഒരു മോഡലായ സ്പീഡ്മാസ്റ്ററുമായി ഒരു പ്രഭാത സവാരിക്കു പോയാലോ?

എഴുത്ത്: ജുബിൻ ജേക്കബ്, ഫോട്ടോ: ജോസിൻ ജോർജ്


പഴയകാല മോട്ടോർസൈക്കിളുകൾ സ്റ്റാർട്ടാക്കുന്നതും, ആരെങ്കിലും അവയെ ഓടിക്കുന്നതുമൊക്കെയായ വീഡിയോകൾ യൂട്യൂബിൽ സുലഭമാണ്. ഇത്തരം ക്‌ളാസ്സിക് ബൈക്കുകളുടെ വീഡിയോകളിലൂടെ അങ്ങനെ കടന്നുപോകുമ്പോഴാണ് ഒരു ലോകമഹായുദ്ധകാലത്തെ മോട്ടോർസൈക്കിളിനെ കിട്ടിയത്. ഹെൻഡേഴ്‌സൺ എന്നായിരുന്നു ആ ബൈക്കിന്റെ പേര്. അക്കാലത്തെ ടിപ്പിക്കൽ ഡിസൈനായ കനം കുറഞ്ഞ വീലുകളും, സൈക്കിളിന്റേതു പോലെ പിന്നോട്ടു വളഞ്ഞ ഹാൻഡ്ൽബാറുമൊക്കെ എന്റെ മനസ്സിലെവിടെയോ കിടന്നിരുന്നു.. ഇക്കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു ഹാൻഡ്ൽബാർ കണ്ടതോടെ ഞാൻ ഹെൻഡേഴ്‌സണെ ഓർത്തു തുടങ്ങി, ഓടിച്ചപ്പോൾ ആ ഡിസൈനുള്ള ബൈക്കുകളോടിച്ചിരുന്ന അക്കാലത്തെ മനുഷ്യരോട് കട്ടയ്ക്ക് അസൂയയും തോന്നിത്തുടങ്ങി. ഇനി ഏതാണാ ബൈക്കെന്ന് ചോദിക്ക്.. ഏതാ? അതാണ് ട്രയംഫ് സ്പീഡ്മാസ്റ്റർ. ബോൺവിൽ പ്‌ളാറ്റ്‌ഫോമിൽ ഏറ്റവുമൊടുവിലായി ട്രയംഫ് ഇറക്കിയിരിക്കുന്ന അത്ഭുതമാണിത്. സ്ട്രീറ്റ് ട്വിൻ മുതൽ ത്രക്സ്റ്റണും ബോബറുമൊക്കെ കടന്ന് ഏറ്റവും പുതിയതായി അവതരിച്ചിരിക്കുന്ന സ്പീഡ്മാസ്റ്ററിനെ നമുക്കു പരിചയപ്പെടാം.

കാഴ്ച

ഒരു പക്കാ ക്‌ളാസ്സിക് കസ്റ്റം ബൈക്കിന്റെ എല്ലാ ചേലും ചേരുവയുമൊത്തിണങ്ങിയ രൂപമാണ് റോഡ്മാസ്റ്ററിന്. മുന്നിൽ നിന്നു നോക്കുമ്പോൾ അർദ്ധവൃത്താകൃതിയിലെ ഡിആർഎൽ ഇണക്കിച്ചേർത്ത ചെറിയ ഹെഡ്‌ലാമ്പും സ്‌പോക്ക് വീലിൽ ചുറ്റിയിരിക്കുന്ന തടിച്ച ടയറുമൊക്കെച്ചേർന്ന് ഒരു കുറുകിയ ലക്ഷണം. ചോപ്പ്ഡ് ഓഫ് എന്നു പറയിക്കുന്ന മുൻ ഫെൻഡർ കൂടിയാവുമ്പോൾ ആ തോന്നലിന് അടിവരവീഴും. ബ്രെംബോയുടെ ഇരട്ട ബ്രേക്കുകൾ കാണുമ്പോൾ തന്നെ ഒരു ആത്മവിശ്വാസമാണ്. വശങ്ങളിലേക്കു വരാം. എഞ്ചിനും ടാങ്കും കാണുമ്പോൾ ഇതു ബോൺവിൽ തന്നെയല്ലേ എന്നു തോന്നാം. ആ തോന്നൽ അവിടെ തീരുകയാണ്. 2:2 ആയി ഇരുവശങ്ങളിലേക്കും വഴിപിരിഞ്ഞിരിക്കുന്ന എക്‌സോസ്റ്റ് പൈപ്പുകൾ തികച്ചും ലളിതവും പ്രായോഗികവുമാണ്. ത്രോട്ട്ൽ ബോഡികൾ കാർബറേറ്റർ പോലെ നിർമ്മിച്ച പഴയ ട്രിക്ക് സ്പീഡ്മാസ്റ്ററിലും പ്രയോഗിച്ചിട്ടുണ്ട്. പിന്നിലേക്കു വരും തോറും ഒരു പ്രീ വാർ റിജിഡ് ഫ്രെയിം ബൈക്കിന്റെ ലുക്കാണ് സ്പീഡ്മാസ്റ്ററിനുള്ളത്. പിന്നിലെ സസ്‌പെൻഷൻ നന്നായി ഒളിപ്പിക്കാനും ട്രയംഫിനു കഴിഞ്ഞിട്ടുണ്ട്. സിംഗിൾ സീറ്റാണ് സ്പീഡ്മാസ്റ്ററിനു യോജിക്കുന്ന ഡിസൈൻ. പിന്നിലെ സീറ്റ് ആവശ്യമെങ്കിൽ ഊരി മാറ്റാവുന്നതാണ്. നീളം കുറഞ്ഞ പിൻ ഫെൻഡറും ചെറിയ ടെയ്ൽലാമ്പുമൊക്കെ അരനൂറ്റാണ്ടു മുമ്പുള്ള ബ്രിട്ടീഷ് ബൈക്കുകളെ ഓർമ്മിപ്പിക്കുമ്പോൾ ക്രോമിയം പൂശിയ ഗ്രാബ് റെയിൽ അതിനു പൂർണത വരുത്തുന്നു.

റൈഡ്

കാഴ്ച കണ്ടത് മതി.. ഇനി സവാരിയാവാമെന്ന് സ്പീഡ് മാസ്റ്റർ പറയുന്നതു പോലെ തോന്നി. സീറ്റിലേറി.. നല്ല കുഷ്യനിങ്ങും സപ്പോർട്ടുമുള്ള സീറ്റ്. ദീർഘദൂരയാത്രകൾ മടുക്കില്ല. കൺസോളിലേക്കു നോക്കാം. ഒരു സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ഡയൽ. അനലോഗ് സ്പീഡോയാണ് പ്രധാനം. അതിനുള്ളിൽ തന്നെ ചെറിയ വാണിങ്ങ് ലാമ്പുകളുമുണ്ട്. അതിനു താഴെയുള്ള ചെറിയ മോണോക്രൊമാറ്റിക് ഡിസ്‌പ്ലേയിൽ ഡിജിറ്റൽ ടാക്കോമീറ്റർ, ഓഡോമീറ്റർ റീഡിങ്ങുകളും ഫ്യുവൽ ഗേജും ഒട്ടേറെ വിവരങ്ങളുമുണ്ട്. ഹാൻഡ്ൽബാറിൽ പിടിച്ചപ്പോൾ പഴയ ഹെർക്കുലീസ് സൈക്കിളിലിരിക്കുന്ന ഒരു ഫീൽ. സ്റ്റാർട്ടറമർത്തി. ബോൺവിൽ ടി120യിൽ നാം കണ്ട അതേ എൻജിൻ ഇടിനാദം പോലെ മുഴക്കത്തോടെ ഉണർന്നു. ഗിയറിനായി പരതി, കാലു നീട്ടിവെക്കാൻ പാകത്തിനുണ്ടാക്കിയ ഫുട്ട്‌പെഗ് ഒന്നരയടി ദൂരെയാണ്.. ഗിയർ റോഡും ആ വഴിയോളം ചെല്ലുന്നുണ്ട്. ഗിയർ വീണതും സ്പീഡ്മാസ്റ്റർ കുതിക്കാൻ തയ്യാറായി. അസാമാന്യമായ ടോർക്കാണ് മുന്നോട്ടുള്ള കുതിപ്പിൽ അനുഭവപ്പെടുന്നത്. 106 ന്യൂട്ടൺ മീറ്ററാണ് സ്പീഡ്മാസ്റ്ററിന്റെ ടോർക്ക്. അതും 4000 ആർപിഎമ്മിൽ. ബോൺവിൽ ടി120യിലെ അതേ എഞ്ചിനാണെങ്കിലും ത്രക്സ്റ്റൺ, ബോബർ എന്നിവയിലുള്ള തരം ട്യൂണിങ്ങാണ് ട്രയംഫ് സ്പീഡ്മാസ്റ്ററിനു വേണ്ടിയും തെരഞ്ഞെടുത്തത്. അനായാസം വേഗതയാർജ്ജിക്കാൻ പോന്ന പെർഫൊമൻസുള്ള സ്പീഡ്മാസ്റ്ററിന്റെ കരുത്ത് 77പി.എസാണ്. ആറു സ്പീഡ് ഗിയർബോക്‌സിന്റെ മികവും കൂടിയാകുമ്പോൾ ഒരു തടസ്സവുമില്ലാതെ ഒഴുകിപ്പോകുന്ന പ്രതീതിയാവും ഈ സവാരിക്ക്. ഹാൻഡ്‌ലിങ്ങിൽ പോരായ്മകളൊന്നും പറയാനില്ല. ബ്രേക്കിങ്ങ് എബിഎസ് നിയന്ത്രിതമായതു കൊണ്ടാവാം ചില നേരത്ത് ഒരൽപം ബൈറ്റ് കുറവുപോലെ തോന്നി. മുന്നിൽ ബ്രെംബോയുടെ 310എംഎം ഡിസ്‌കുകളാണെങ്കിൽ പിന്നിൽ നിസ്സിൻ 255എംഎം സിംഗിൾ ഡിസ്‌കാണുള്ളത്. സസ്‌പെൻഷനും സുഖകരമായ രീതിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുന്നിലെ സസ്‌പെൻഷൻ 90എംഎം ട്രാവലുള്ള 41 എംഎം കെ.വൈ.ബി ഫോർക്കുകളാണെങ്കിൽ പിന്നിലേത് കെ.വൈബിയുടെ തന്നെ സ്റ്റെപ്ഡ് പ്രീലോഡഡ് അഡ്ജസ്റ്റബ്ൾ 71.3എംഎം ട്രാവലുള്ള ലിങ്കേജ് മോണോഷോക്കാണ്.
മോഡേൺ ക്‌ളാസ്സിക്‌സ് എന്ന ലൈനപ്പിൽ മാണിക്യമാണ് സ്പീഡ്മാസ്റ്റർ എന്നു തന്നെ വേണം പറയാൻ. ഒരേസമയം പഴമയുടെ ദൃശ്യഭംഗിക്കൊപ്പം ആധുനികതയുടെ അലങ്കാരങ്ങൾ കൂടിയായപ്പോൾ തികഞ്ഞൊരു കസ്റ്റം ക്‌ളാസ്സിക് തന്നെയാണ് സ്പീഡ്മാസ്റ്റർ. ബോൺവിൽ സീരീസിന്റെ വിശ്വാസ്യതയും പാരമ്പര്യവും കൂടിയാവുമ്പോൾ പറയേണ്ട കാര്യമില്ലല്ലോ. ചരിത്രത്തിന്റെ ഏടുകളിലേക്ക് ഒരു സവാരി പോകാൻ തോന്നുന്നുണ്ടോ? എങ്കിൽ സ്പീഡ്മാസ്റ്ററിനെയും കൂട്ടിക്കോ.

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *